#ദിനസരികള് 557
ഇനി എഴുന്നള്ളിവരേണ്ടത് കുറത്തിയാണ്.മലഞ്ചൂരല് മലയിലെ കുറത്തി.കാരിരുമ്പിന്റെ കരുത്തും കരളുറപ്പുമുള്ള കുറത്തി. വേട്ടനായ്ക്കളുടെ പല്ലുകൊണ്ട് വിണ്ടുകീറിയ നെഞ്ചില് നിന്നും നിണം ചുരത്തുന്ന കുറത്തി.കാടിളക്കിമറിച്ച് ഈറ പറിച്ചെറിഞ്ഞ് മദിച്ചു വരുന്ന മത്തഗജത്തെപ്പോല് അവള് പുറപ്പെട്ടുവരണം. അധികാരത്തിന്റെ വെള്ളിക്കോലുമായി കനകസിംഹാസനങ്ങളില് അരുളിമരുവുന്ന കരനാഥന്മാരുടെ തിരുനെറ്റിയിലേക്ക് ഉന്നംവെച്ച് ചോദ്യശരങ്ങളെയ്യണം. ദിഗന്തങ്ങളെ ഞെട്ടിവിറപ്പിച്ചുകൊണ്ട് ആ മുനകള് വെള്ളികെട്ടിയ അധികാരഗര്വ്വിന്റെ മസ്തകങ്ങളെ തച്ചുടക്കണം. ഇതൊരു പ്രതികാരം കൂടിയാണ്.കാലം കാത്തുവെച്ച പ്രതികാരം.തങ്ങള്ക്ക് സ്വന്തമായിരുന്നതെല്ലാം കവര്‍ന്നെടുത്ത് ഇരുട്ടിലേക്ക് ആട്ടിപ്പായിക്കപ്പെട്ട ഒരു നിസ്വജനതയുടെ പ്രതികാരം.
നിങ്ങളെന്റെ കറുത്ത മക്കളെ ചുട്ടുതിന്നുന്നോ?
നിങ്ങളവരുടെ കുഴിമാടം കുളം തോണ്ടുന്നോ?
നിങ്ങളവരുടെ നിറഞ്ഞ കണ്ണുകള് ചുഴന്നെടുക്കുന്നോ?
നിങ്ങളോര്ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന് !
മറന്നുപോയവരെ ഓര്മിപ്പിക്കുക എന്ന ചരിത്രപരമായ ദൌത്യത്തിന് ഇനിയും വൈകിക്കൂടാ. കാടിളക്കിമറിച്ചുകൊണ്ട് ഒരു കുറത്തിയുണര്ന്നെഴുന്നേറ്റു വന്നേ പറ്റൂ.അവള് ആട്ടക്കളത്തിലെ ഉയര്ത്തിക്കെട്ടിയ വേദിയിലേക്ക് ചെന്നുകയറിയേ പറ്റൂ.ആവര്ത്തിച്ചാവര്ത്തിച്ച് നിങ്ങളോര്ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന് എന്ന് ഓര്‌മ്മപ്പെടുത്തിയേ പറ്റൂ. കാരണം ഈ കാവുതീണ്ടല് ബോധപൂര്വ്വം മറവിയിലേക്ക് തള്ളിവിടപ്പെട്ടവരെ വീണ്ടെടുക്കുവാനുള്ള ശ്രമം കൂടിയാകുന്നു.
അതുകൊണ്ട് നാമ ഓര്മ്മപ്പെടുത്തുക, അല്ല ഓര്മ്മപ്പെടുത്തിക്കൊണ്ടേയിരിക്കുക :-
കാട്ടുവള്ളിക്കിഴങ്ങുമാന്തി
ചുട്ടുതന്നില്ലേ-ഞങ്ങള്
കാട്ടുചോലത്തെളിനീര്
പകര്ന്നുതന്നില്ലേ-പിന്നെ
പൂത്ത മാമര ചോട്ടില് നിങ്ങള്
കാറ്റു കൊണ്ടു മയങ്ങിയപ്പോള്
കണ്ണുചിമ്മാതവിടെ ഞങ്ങള്
കാവല് നിന്നില്ലെ
കാട്ടുപോത്ത് കരടി, കടുവ
നേര്ക്കു വന്നപ്പോള്-ഞങ്ങള്
കൂര്ത്ത കല്ലുകളോങ്ങി നിങ്ങളെ
കാത്തുകൊണ്ടില്ലെ - പുലിയുടെ
കൂത്തപല്ലില് ഞങ്ങളന്ന്
കോര്ത്തുപോയില്ലെ-വീണ്ടും
പല്ലടര്ത്തി വില്ലുമായി
കുതിച്ചു വന്നില്ലേ.നിങ്ങളോര്ക്കുന്നോ?
നദിയരിച്ച് കാടെരിച്ച് കടലരിച്ച്
കനകമെന്നും കാഴ്ച തന്നില്ലേ ഞങ്ങള്
മരമരിച്ച് പൂവരിച്ച് തേനരിച്ച്
കാഴ്ച വച്ചില്ലെ-നിങ്ങള്
മധു കുടിച്ച് മത്തരായി
കൂത്തടിച്ചില്ലെ-ഞങ്ങള്
മദിച്ച കൊമ്പനെ മെരുക്കി
നായ്‌ക്കളെ മെരുക്കി, പൈക്കളെ
കറന്നുപാലു നിറച്ചു തന്നില്ലെ-ഞങ്ങള്
മരം മുറിച്ച് പുല്ല് മേഞ്ഞ്
തട്ടൊരുക്കി തളമൊരുക്കി
കൂര തന്നില്ലേ-പിന്നെ
മലയൊരുക്കി ച്ചെളി കലക്കി
മുള വിതച്ച് പതമൊരുക്കി
മൂട നിറയെപ്പൊലിച്ചു തന്നില്ലെ-കതിരിന്
കാളകെട്ടിക്കാട്ടു ദൈവക്കൂത്തരങ്ങില്
തിറയെടുത്തില്ലേ,
അന്നു നമ്മളടുത്തുനിന്നവ
രൊന്നു നമ്മളെന്നോര്ത്തു രാപ്പകല്
ഉഴവുചാലുകള് കീറി ഞങ്ങള്
കൊഴുമുനയ്ക്കലുറങ്ങി ഞങ്ങള്
തളര്ന്ന ഞങ്ങളെ വലയിലാക്കി
അടിമയാക്കി മുതുകുപൊളിച്ചു
ഞങ്ങടെ ബുദ്ധി മന്ദിച്ചു-നിങ്ങള്
ഭരണമായ് പണ്ടാരമായ് പ്പല
ജനപദങ്ങള് പുരിപുരങ്ങള്
പുതിയ നീതികള് നീതി പാലകര്
കഴുമരങ്ങള് , ചാട്ടവാറുകള്
കല്ത്തുറുങ്കുകള് കോട്ടകൊത്തള-
മാനതേരുകളാലവട്ടം
അശ്വമേധ ജയങ്ങളോരോ-
ദിഗ്‌ജയങ്ങള്-മുടിഞ്ഞ
ഞങ്ങള് അടിയിലെന്നും
ഒന്നുമറിയാതുടമ നിങ്ങള്-
ക്കായി ജീവന് ബലികൊടുത്തില്ലെ
പ്രാണന് പതിരു പോലെ
പറന്നു പാറിച്ചിതറി വീണില്ലേ?
Comments