#ദിനസരികള്‍ 562
സ്വാമി സന്ദീപാനന്ദ ഗിരിക്കെതിരെയുള്ള ആക്രമണം കേരളത്തിന്റെ മതേതര മനസ്സിനെ ഭയപ്പെടുത്തിക്കൊണ്ട് നിശബ്ദമാക്കാനുള്ള ഒരു ഗൂഢാലോചനയുടെ ഭാഗമാണെന്ന് മനസ്സിലാക്കാന്‍ കൂടുതല്‍ ആലോചനകളൊന്നും വേണ്ട. സംഘപരിവാരത്തിന്റെ കൃത്യമായ അജണ്ട ഈ ആക്രമണത്തിനു പുറകിലുണ്ട്.ഇത്തരത്തില്‍ തങ്ങള്‍ക്കെതിരെയുയരുന്ന ഒരു ശബ്ദത്തേയും അംഗീകരിക്കില്ല എന്ന അസഹിഷ്ണുതക്ക് മറുപടി പറയേണ്ടത് സന്ദീപാനന്ദ ഗിരി എന്ന വ്യക്തിയല്ല , മറിച്ച് മതേതരത്വത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും പരമപ്രാധാന്യമുണ്ടെന്ന് ഭാവിക്കുന്ന പൊതുസമൂഹമാണ്. പറയേണ്ട മറുപടി , ഹിന്ദുവെന്നാല്‍ സംഘിയല്ല, സംഘി ഹിന്ദുവുമല്ല എന്നുമാണ്.
കാലം ഇരുണ്ടതാണെന്നു ഭയന്ന് മാളത്തിലൊളിച്ചിരിക്കുന്നവരുടെ കൂട്ടത്തില്‍ ചേരുകയെന്നത് എളുപ്പമാണ്.മരിക്കുന്നതുവരെ ഇരുട്ടിലെ തണുപ്പില്‍ മയക്കംകൊള്ളാം. എന്നാല്‍ കടുത്ത വേനലിലും വഴിവെട്ടുന്നവന്റെ കൂടെ വിയര്‍പ്പൊഴുക്കുകയെന്നതാണ് ഇക്കാലത്തിന്റെ വെല്ലുവിളി. ജാതിമതസംഘനകളുടെ മുദ്രാവാക്യം പേറുന്ന അസുരക്കൂട്ടം , എല്ലാ വെളിച്ചങ്ങളേയും തല്ലിക്കെടുത്തിക്കൊണ്ട് വേദികളിലേക്ക് ചീറിയടുക്കുമ്പോള്‍ വേണ്ടത് ഓരോരുത്തരും പ്രകാശത്തിന്റെ ഗോപുരങ്ങളാകുകയാണ്.പ്രത്യക്ഷമായിത്തന്നെ അതി കഴിയാത്തവര്‍ വിഘ്നം സൃഷ്ടിച്ചുകൊണ്ട് മാര്‍ഗ്ഗമധ്യേ വിലങ്ങനെ കിടക്കാതിരിക്കുക എന്ന സാമാന്യമര്യാദയെങ്കിലും കാത്തുപോരേണ്ടതുണ്ട്.
പൊളിറ്റിക്കല്‍ ഹിന്ദുത്വ അതിന്റെ സര്‍വ്വശേഷിയും കേരളത്തിന്റെ മണ്ണില്‍ പ്രയോഗിക്കുകയാണ്.ഏതേതു സാധ്യതകളേയും തങ്ങളുടെ ആവനാഴിയിലെ അസ്ത്രമാക്കി പരിവര്‍ത്തിപ്പിച്ചെടുക്കാന്‍ കഴിയുമോയെന്ന ഗാഢമായ ആലോചനയിലാണ് അവരുടെ ബുദ്ധികേന്ദ്രങ്ങള്‍. അത്തരമൊരു അവസരത്തില്‍ വീണുകിട്ടിയ സാധ്യതയാണ് ശബരിമലയിലെ സ്ത്രീപ്രവേശന ഉത്തരവ്. ആ ഉത്തരവിന്റെ ഏതു ഭാഗത്തോട് സര്‍ക്കാര്‍ ചേര്‍ന്നു നിന്നാലും എതിര്‍ഭാഗത്തു നിലയുറപ്പിക്കുകയെന്നതായിരുന്നു അവരുടെ തന്ത്രം. അതുകൊണ്ടാണ് സംഘപരിവാരത്തിന്റെ കാമ്പായ ആറെസ്സസ്സിന്റെ നിലപാട് ശബരിമല വിധി വന്നതിനെത്തുടര്‍ന്ന് മാറി മറിഞ്ഞത്.ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കുകയെന്നത് മതത്തിനോടുള്ള വിധേയത്വത്തിന്റെ പേരിലും പുലര്‍ത്തിപ്പോരുന്ന രാഷ്ടീയ താല്പര്യങ്ങളുടെ പേരിലും നാം മറന്നുപോകുന്നു.
ഈ സാഹചര്യത്തിലാണ് വഴിവെളിച്ചങ്ങളായി നിലകൊള്ളുന്നവര്‍ക്കെതിരെയുള്ള അക്രമങ്ങളെ നാം വിലയിരുത്തേണ്ടത്. തങ്ങള്‍ക്കു മുന്നോട്ടു വെക്കാന്‍ ഒരു കഴമ്പുള്ള ആശയവുമില്ല എന്ന് മറ്റാര്‍ക്കും അറിയില്ലെങ്കിലും സംഘപരിവാരത്തിന് നന്നായി അറിയാം. തങ്ങള്‍ പറയുന്നതല്ല ശരിയായ ഹിന്ദു ചിന്തയെന്നും മറ്റാരേയുംകാള്‍ അവര്‍ക്കറിയാം.മതസംരക്ഷണമല്ല , രാഷ്ട്രീയമായി അധികാരം പിടിച്ചെടുക്കുകയാണ് തങ്ങളുടെ അജണ്ടയെന്നും അവര്‍ക്കറിയാം. അതുകൊണ്ട് ഉള്ളുറപ്പുള്ള ശബ്ദങ്ങളെ അവര്‍ ഭയപ്പെടുന്നു, ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു. ഇത്തരം ഘനതിമിരങ്ങള്‍ക്കുമുന്നില്‍ തലകുനിക്കേണ്ടതാണോ നവോത്ഥാന കേരളം എന്ന ചോദ്യമാണ് സ്വാമി സന്ദീപാനന്ദ ഗിരിയുടെ നേര്‍ക്കുയര്‍ന്ന ആക്രമണം ചോദിക്കുന്നത്. ഉത്തരം പറയാന്‍ നാം , കേരള ജനത കടപ്പെട്ടിരിക്കുന്നു.
Comments