#ദിനസരികള്‍ 297
|| ഒറ്റകള്‍ || പാതിരാത്തീവണ്ടിതന്‍ താളവും തണുപ്പുമെന്‍ പ്രാണനെ താരാട്ടാറ്റി താലോലിച്ചുറക്കുമ്പോള്‍ പെയ്തുവീഴുന്നു കിനാ വിറങ്ങും തീരങ്ങളില്‍ പേയുകള്‍ ! സ്വപ്നം, ജ്വര സന്തപ്തം ഭയാകുലം. അഗ്നിവീണയില്‍ കോര്‍ത്ത രാഗങ്ങള്‍ വര്‍ഷിച്ചപോല്‍ ചുട്ടുനീറുന്നു മന,സ്സേ തേതോ വിഭ്രാന്തിയാല്‍. കോര്‍ത്തകൈയ്യഴിയാതെ യെത്രയോ ദുരം താണ്ടി യിത്രയും വന്നു നമ്മളി ന്നു നാം രണ്ടാകുമ്പോള്‍ നേര്‍ത്തു പോകുന്നൂ പൂര്‍വ്വ ജന്മജന്മാര്‍ജ്ജിത ഭാഗ്യങ്ങള്‍ ! നമുക്കുനാ മൊറ്റയാകുകയല്ലോ. ഒറ്റ ! നിന്നില്‍നിന്നെന്നെ കീറിമാറ്റുമീ വേള ക്കിത്രയുമെളുപ്പമാം പേരു നാം നല്കി – ഒറ്റ ! ഒറ്റതാനല്ലീ നീയും ഞാനു മല്ലെങ്കി,ലൊന്നാണെ ന്ന ഭാവനയല്ലേ മൌഢ്യം , നേരറിയുകില്‍ ? ഇക്കാലമിതുവരെ യൊന്നായി നാം കെട്ടി യതൊക്കെയുമൊറ്റക്കൊറ്റ ക്കങ്ങനെ പുലരട്ടെ ! എത്തി നാം വഴിവക്കില്‍ നിനക്കു പോകാമിനി യിത്തിരിനേരം ഞാനീ ത്തണുപ്പില്‍ ശയിക്കട്ടെ !