#ദിനസരികള് 291


||ബിനാലെ||


മലയാളം വാരിക വിശേഷിപ്പിക്കുന്നതുപോലെ ബിനാലെ കേരളത്തിന്റെ സാംസ്കാരിക അഭിമാനം തന്നെയാണ്.കലയുടെ ലോകോത്തരമായ ആധുനികവിതാനങ്ങളെ മലയാളികളുടെ മണ്ണിലേക്കെത്തിക്കുക എന്ന അഭിനന്ദനീയമായ ദൌത്യമാണ് ബിനാലെയുടെ സംഘാടകര്‍‌ ചെയ്യുന്നത്. അതുകൊണ്ടുതന്നെ അസാധാരണമായ ആവിഷ്കാരങ്ങളാല്‍ ആസ്വാദനശേഷിയുടെ പരമാവധി ആവശ്യപ്പെടുനന ബിനാലെ , ഓരോ തവണ കണ്ടിറങ്ങുമ്പോഴും അത്ഭുതങ്ങള്‍ മാത്രമാണ് അവശേഷിക്കുക. ആസ്വാദനശേഷിയുടെ കാര്യത്തില്‍ തന്നെ ഇനിയും എന്തൊക്കെ ലോകങ്ങളെയാണ് അറിയാനും കീഴടക്കാനുമുള്ളത് എന്ന ആ അത്ഭുതത്തോടെയാണ് അടുത്ത ബിനാലെക്കുവേണ്ടി കാത്തിരിക്കുക.മലയാളിയെ കലയുടെ വിസ്മയകരമായ അധിത്യകകളിലേക്ക് ആവാഹിച്ചുയര്‍ത്തുന്ന , അതുവഴി കേരളത്തിന് ലോകകലാഭൂപടത്തില്‍ അനിഷേധ്യമായ സ്ഥാനം ലഭ്യമാക്കുന്ന ബിനാലെ മുടക്കം കൂടാതെ നടത്തുകയെന്നത് ഓരോ കേരളീയന്റേയും ഉത്തരവാദിത്തവും കടമയുമാണെന്ന് ഞാന്‍ വിചാരിക്കുന്നു.

ഇത്തരത്തിലുള്ള ബിനാലെക്കുറിച്ച്, അതിന്റെ സാമ്പത്തിക നടത്തിപ്പിലെ സുതാര്യതയെക്കുറിച്ച് ഈ ലക്കം മലയാളം വാരികയില്‍ പി എസ് റംഷാദ് എഴുതിയ കൊച്ചി മുസിരിസ് ബിനാലെ – സാമ്പത്തിക ഇടപാടുകള്‍ സുതാര്യമോ ? എന്ന പേരിലുള്ള ഒരു അന്വേഷണാത്മക റിപ്പോര്‍ട്ടുണ്ട്. പ്രസ്തുത റിപ്പോര്‍ട്ടില്‍ നേരിട്ടൊരു അഴിമതി ആരോപണം താനുന്നയിക്കുന്നില്ലെന്ന് ലേഖകന്‍ അവകാശപ്പെടുന്നുണ്ടെങ്കിലും സുതാര്യതയില്ല എന്ന കൃത്യമായ ഒരു അഭീവീക്ഷണം ബിനാലെയെക്കുറിച്ച് നടത്തുക വഴി , ആ സുതാര്യതയില്ലായ്മക്കുമപ്പുറം ആസൂരിയമായ ചിലതെല്ലാം നടക്കുന്നുണ്ട് എന്ന് പറയാതെ പറഞ്ഞുവെക്കുന്നു.ബിനാലെയുമായും പ്രസ്തുത ട്രസ്റ്റുമായും ബന്ധപ്പെട്ട ചിലരെയെല്ലാം ലേഖകന്‍ ബന്ധപ്പെട്ടുവെന്നും അവരാരും തന്നെ അവിടെ ഒരു കുഴപ്പവുമില്ല എന്നു പറഞ്ഞിട്ടില്ലെന്നും കൂടി സൂചിപ്പിക്കുമ്പോള്‍ ബിനാലെ ട്രസ്റ്റും നടത്തിപ്പുകാരും അഴിമതി കരിനിഴലിലേക്കു ചെന്നു പതിക്കുന്നു.

ഇത്രയും വലിയ ഒരു സംരംഭം അഴിമതിവിമുക്തമായിരിക്കേണ്ടത് അത്യാവശ്യം തന്നെയാണ്. ഒരു തരത്തിലുള്ള സാമ്പത്തികമായ ആക്ഷേപങ്ങളും ഉന്നയിക്കപ്പെടാന്‍ ഇടവരരുത് എന്ന നിര്‍ബന്ധം എല്ലാവര്‍ക്കുമുണ്ടാകണം. എന്നാല്‍ ആദ്യബിനാലെയോടൊപ്പംതന്നെ ഉയര്‍ന്നു വന്ന എതിരഭിപ്രായങ്ങളില്‍ സാമ്പത്തികവിനിമയങ്ങളെക്കുറിച്ചും ചിലര്‍ ആക്ഷേപമുന്നയിച്ചിരുന്നു.ആ ആക്ഷേപം വര്‍ദ്ധിച്ചുവന്നു എന്നത് ഖേദകരം തന്നെയാണ്. ബിനാലെ ട്രസ്റ്റ് സാധ്യതയുള്ളിടങ്ങളില്‍ നിന്ന് പണം ശേഖരിച്ചിട്ടുണ്ട്.അതോടൊപ്പം സര്‍ക്കാറും കോടിക്കണക്കിനു രൂപ നടത്തിപ്പിനായി നല്കിയിട്ടുണ്ട് , നല്കുന്നുമുണ്ട്. (ഏകദേശം ഇരുപതുകോടിയിലേറെ എന്ന് ലേഖകന്‍ ) സര്‍ക്കാര്‍ നല്കുന്നത് അത്തഴപ്പട്ടിണിക്കാരായ കേരളത്തിലെ ഭൂരിപക്ഷംവരുന്ന ജനതതികളുടെ ക്ഷേമൈശ്വര്യങ്ങള്‍ക്കുവേണ്ടി ചെലവഴിക്കേണ്ട തുകയില്‍നിന്നൊരു ഭാഗമാണെന്ന ബോധ്യം എല്ലാവര്‍ക്കുമുണ്ടാകേണ്ടതും , ആ തുകയെങ്കിലും കൃത്യമായ ഓഡിറ്റിംഗിന് വിധേയമാക്കുകയെങ്കിലും ചെയ്യേണ്ടതാണ്.

ബിനാലെ ട്രസ്റ്റ് ഒരു സൊസൈറ്റിയായി പരിവര്‍ത്തിപ്പിക്കുകയും സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കുകയും വേണമെന്ന് ആവശ്യപ്പെടുന്നവരുണ്ട്. അവരുടെ ഉദ്ദേശശുദ്ധി അംഗീകരിക്കേണ്ടതുതന്നെയാണ്. പക്ഷേ അധികാരത്തില്‍ ഇടതുവലതുകക്ഷികള്‍ മാറി മാറി വരുന്ന ഒരു രാഷ്ട്രീയാന്തരീക്ഷമാണ് കേരളത്തിലുള്ളത്. തന്താങ്ങളുടേതായ രാഷ്ട്രീയത്തേയും താല്പര്യങ്ങളേയും തിരുകിക്കയറ്റാനുള്ള ഒരിടമായി ബിനാലെയെ മാറ്റിയെടുക്കുക എന്ന ദുരുദ്ദേശപരമായ സമീപനമുണ്ടാകുവാനുള്ള സാധ്യത ധാരാളമുണ്ട്.അത് ഇപ്പോഴുള്ള ലോകോത്തരമായ നടത്തിപ്പുരീതികളെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ടുതന്നെ സാമ്പത്തികവിനിമയങ്ങളിലെ നിഷ്പക്ഷനായ ഒരു നിരീക്ഷണാധികാരി എന്നതിനപ്പുറം യാതൊരു അവകാശാധികാരങ്ങളും സര്‍ക്കാറിന് ബിനാലെ ട്രസ്റ്റിലുണ്ടാകരുത്. അതേസമയം അഴിമതിയും കെടുകാര്യസ്ഥതയുമില്ലാത്ത ഒരു നടത്തിപ്പുണ്ടാകണമെന്ന ജനങ്ങളുടെ ആവശ്യത്തിന് പിന്‍ബലമാകുന്നതരത്തില്‍ സൂതാര്യവും സത്യസന്ധവുമായ ഇടപെടലുകള്‍ ബിനാലെ ട്രസ്റ്റിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം ട്രസ്റ്റിലെ അംഗങ്ങള്‍ ഏറ്റെടുക്കുകതന്നെ വേണം.

ഉയരുന്ന ആക്ഷേപങ്ങള്‍ ബിനാലെയുടെ നടത്തിപ്പിനെക്കുറിച്ച് ഒരു വീണ്ടുവിചാരമുണ്ടാക്കുകയും തിരുത്തേണ്ടത് തിരുത്തുവാന്‍ സഹായിക്കുകയും ചെയ്യുന്നുവെങ്കില്‍ അത് നല്ലതുതന്നെയാണ്. എന്നാല്‍ ആ ആക്ഷേപങ്ങള്‍ തിരുത്തല്‍ ശക്തിയായി പ്രവര്‍ത്തിക്കേണ്ടതിനു പകരം നശീകരണസ്വഭാവം പ്രകടിപ്പിച്ചുകൊണ്ട് ബിനാലെയെത്തന്നെ ബാധിക്കുന്ന തരത്തിലാകുന്നുവെങ്കില്‍ അതിനെ പ്രതിരോധിക്കുന്നിതിനു വേണ്ടി സാംസ്കാരികകേരളം മുന്നിട്ടിറങ്ങേണ്ടിവരും. അപ്പോള്‍ ചില വ്യക്തികളോ സ്ഥാപനങ്ങളോ അനധികൃതമായി നേടിയെടുത്തുവെന്ന് പറയപ്പെടുന്ന കോടികളല്ല ( അങ്ങനെ സംഭവിച്ചുവെന്നല്ല , ഉദാഹരണംമാത്രം ) ബിനാലെയാണ് വലുത് എന്ന പ്രഖ്യാപനമുയരുകതന്നെ വേണം.


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം