#ദിനസരികൾ 296
“ആദിവാസികള്‍ക്ക് ബാഹ്യലോകത്തെക്കുറിച്ചുള്ള അജ്ഞതക്ക് സമമായുള്ളത്
ബാഹ്യലോകത്തിന് ആദിവാസികളെക്കുറിച്ചുള്ള അജ്ഞത മാത്രമാണ്.പക്ഷേ നാം അവരുടെ
അജ്ഞതയെക്കുറിച്ച് ഫലിതം പറയുകയും നമ്മുടെ അജ്ഞത ഭൂഷണമായി കരുതുകയും ചെയ്യുന്നു.” എന്നാണ് വയനാട്ടിലെ അടിയ സമുദായത്തിന്റെ
ജീവിതം അവതരിപ്പിച്ചുകൊണ്ട് കെ പാനൂര്‍ പറയുന്നത്.ഇപ്പോഴും ഇതുതന്നെയാണ് നമ്മുടെ
അവസ്ഥ.ആദിവാസികള്‍ എങ്ങനെ ജീവിക്കുന്നുവെന്നോ അവര്‍ക്ക് ബാഹ്യലോകത്തെക്കുറിച്ച്
എന്തൊക്കെ ധാരണകളുണ്ടെന്നോ ഇന്നും നമുക്ക് അറിയില്ല. അവരുടെ ക്ഷേമൈശ്വര്യങ്ങള്‍ക്കുവേണ്ടിയുള്ള
നമ്മുടെ കാട്ടിക്കൂട്ടലുകള്‍ അവരെ എത്രമാത്രം സഹായിക്കുന്നുവെന്നും നമുക്കറിയില്ല
എങ്കിലും ഒരു വഴിപാടുപോലെ നാം അവരെ സഹായിച്ചുകൊണ്ടേയിരിക്കുന്നു.
വയനാട്ടിലേക്ക്
കുടിയേറി പാര്‍ക്കാന്‍ വന്നവര്‍ പതുക്കെ വയനാടിന്റെ അധികാരികളായി. മണ്ണും വെള്ളവും
മലയും വയലും കാടുമൊക്കെ അവരുടെ അധീനതയിലായി.അവര്‍ക്കുവേണ്ടി സദാസമയും
പെടാപ്പാടുപെടുന്നവരായി തദ്ദേശീയര്‍ മാറി. രണ്ടടക്കയും നാലുകഷണം പുകയിലയും കൊണ്ട്
ആദിവാസികളുടെ സ്ഥാവരങ്ങളെ വന്നു കയറിയവര്‍ കൈപ്പിടിയിലാക്കി.പിന്നീട് അവരുടെ
കനിവുകൊണ്ട് പാടവരമ്പുകളിലും തൊഴിലിടങ്ങളും കുടിലുകള്‍ കെട്ടിമറച്ച് ,
സമയാസമയങ്ങളില്‍ അവര്‍ക്കുവേണ്ടി പണിയെടുക്കുന്ന ഒരു വര്‍ഗ്ഗമായി ആദിവാസികളെ
മാറ്റി.ചക്കയും മാങ്ങയും കൈമാറുന്നതുപോലെ തങ്ങളുടെ കീഴിലുള്ള അടിയനേയും പണിയനേയും
ജന്മിമാര്‍ വെച്ചുമാറി.നേരം പുലര്‍ന്നാല്‍ ഇരുളണയുംവരെ പാടത്തു പണിയെടുക്കുക
എന്നത് അലിഖിത നിയമമായിരുന്നു. അതിനിടയില്‍ ഉച്ചക്കഞ്ഞിക്കു കിട്ടുന്ന കുറച്ചു
സമയം. പച്ചനെല്ലായിരുന്നു ഉച്ചക്കഞ്ഞിയുണ്ടാക്കാന്‍ തമ്പുരാക്കന്മാര്‍ അനുവദിച്ചു
നല്കുക. അതു കുത്തി അരിയാക്കി കഞ്ഞിവെച്ച് മക്കളോടൊപ്പം കുടിച്ചിട്ടുവേണം വീണ്ടും
പാടത്തേക്കിറങ്ങാന്‍. സമയം താമസിച്ചാല്‍ ജന്മിത്തമ്പുരാന്റെ കാവല്‍ക്കാര്‍ പുറം
പൊളിക്കും.ഈ ജീവിതാവസ്ഥയില്‍ നിന്ന് ഇന്നുകാണുന്ന മാറ്റത്തിലേക്ക് എത്തിച്ചേരാന്‍
എത്രയോ കാലങ്ങളെടുത്തു!
ജന്മിമാരുടെ
ചൂഷണങ്ങളെ നമുക്കു മനസ്സിലാക്കാം.എന്നാല്‍ അവരുടെയിടയില്‍ത്തന്നെയുള്ളവര്‍
തമ്പൂരാക്കന്മാരുടെ പ്രീതിയ്ക്കുവേണ്ടിയും സ്വന്തം സുഖസൌകര്യങ്ങള്‍ക്കു വേണ്ടിയും നാട്ടുമൂപ്പന്മാര്‍
നടത്തുന്ന ചൂഷണങ്ങള്‍ക്ക് അറുതിയില്ലാത്തതാണ്. അടിയരുടെ ദൈനന്ദിനജീവിതത്തിന്റെ
നിയമങ്ങളുടെ കാവല്‍ക്കാരന്‍ നാട്ടുമൂപ്പനാണ്.അയാളുടെ വാക്കുകള്‍ക്കും തീരുമാനങ്ങള്‍ക്കും
എതിരഭിപ്രായങ്ങളില്ല.കാരണം അവരുടെ ദൈവങ്ങളുമായി നേരിട്ടു സമ്പര്‍ക്കം പുലര്‍ത്തുന്നയാളാണ്
നാട്ടുമൂപ്പന്‍. അയാള്‍ പറയുന്നതും ചെയ്യുന്നതും ദൈവത്തിന്റെ വാക്കുകളും
ഇഷ്ടങ്ങളുമാണ്.അയാളാകട്ടെ തന്റെ അടുത്തേക്ക് വിവിധ ആവശ്യങ്ങളുമായെത്തുന്നവരെ
ഇഷ്ടാനുസരണം ചൂഷണം ചെയ്തു.പണിയെടുത്തു മിച്ചം വെക്കുന്ന ഇത്തിരികളെ – എന്നു വെച്ചാല്‍ അധികമൊന്നുമില്ല , ഒരു
ചെമ്പുവളയോ , ഇത്തിരി ഉണക്കലരിയോ , നാലു കരിവളയോയൊക്കെയാകാം – കൈവശപ്പെടുത്താനുള്ള ഒരവസരമായിട്ടാണ് തന്നെ
സമീപിക്കുന്നവരെ ഇദ്ദേഹം കാണുന്നത്.രോഗങ്ങള്‍ക്ക് മരുന്നു കഴിക്കണമോ എന്നുപോലും
നിശ്ചയിക്കുന്നത് ഇത്തരം മൂപ്പന്മാരാണ്. അവര്‍ തുള്ളി ദൈവേച്ഛ പറയും . മരുന്നു
കഴിക്കണ്ട എന്നാണെങ്കില്‍ സ്വാഭാവികമായി മാറുന്ന കാലം വരെ യാതൊരു മരുന്നും
കഴിക്കാന്‍ പാടില്ല.അല്ലെങ്കില്‍ ഭീമമായ തുക മുടിക്കി പ്രായശ്ചിത്തം ചെയ്യണം.
അനാചാരങ്ങളുടെ
ചില കഥകള്‍ പാനൂര്‍ പറയുന്നുണ്ട്. അതിലൊന്ന് നോക്കുക “ ഭാര്യ മരിച്ചാല്‍ ഒരടിയന്‍ പിറ്റേദിവസം തന്നെ തല
മൊട്ടയടിക്കണം.പിന്നെ ഒരു കൊല്ലത്തേക്ക് കുളിക്കാന്‍ പാടില്ല. മുണ്ടും കുപ്പായവും
മാറ്റാന്‍ പാടില്ല.മത്സ്യമാംസങ്ങള്‍ കഴിക്കാന്‍ പാടില്ല. ആളുകള്‍ കൂടുന്നേടത്തു
പോകാന്‍ പാടില്ല.എന്തിന് ഉള്ളുതുറന്ന് ഒന്ന് ചിരിക്കാന്‍ പോലും പാടില്ല.ഒരു
കൊല്ലക്കാലം ഉപ്പും കാന്താരിമുളകും മാത്രമുപയോഗിച്ച് ചോറു തിന്നണം.വാഴയിലയല്ലാതെ
മറ്റു പാത്രങ്ങള്‍ ഉപയോഗിക്കരുത്. ഇങ്ങനെയെല്ലാമായാല്‍ കുറച്ചുമാസങ്ങള്‍കൊണ്ട് ആള്‍
എങ്ങനെയെല്ലാം മാറിപ്പോകുമെന്ന് ഊഹിക്കാവുന്നതേയുള്ളു.പതിവുപോലെ അയാള്‍
പണിക്കുപോകുന്നുണ്ടാകും.ചെളി പിടിച്ച് കട്ടപിടിച്ച മുണ്ട് ഒരു
മരവുരിപോലെയാകും.വിയര്‍പ്പ് ഒട്ടിപ്പിടിച്ച ദേഹം ചെറിയ ഒരുപ്പുപാടമായിട്ടുണ്ടാകും.” അസുഖം വന്നാല്‍ ചികിത്സിക്കാനോ ദൈവങ്ങളെ വിളിക്കാനോ അവരുടെ സഹായം
തേടാനോ പാടില്ല.നരകിച്ചുള്ള ഈ ജീവിതം ഒരു വര്‍ഷക്കാലം തുടരണം.അതിനിടയില്‍
മരിക്കുകയാണെങ്കില്‍ രക്ഷപ്പെട്ടു എന്നതുതന്നെയാണ് എല്ലാവരും പറയുക.
ലൈംഗിക
ചൂഷണത്തിന്റെ കഥകള്‍ എത്രയോ ഉണ്ട്. ഉന്നതരായ ജാതിയില്‍ പെട്ടവര്‍ക്ക് അത്തരം
ആവശ്യങ്ങള്‍ക്കു വേണ്ടി ഇവരെ ഉപയോഗിക്കുന്നതില്‍ അയിത്തമോ മറ്റു ആചാരങ്ങളോ
തടസ്സമാകുന്നില്ല.അങ്ങനെയുണ്ടാകുന്ന കുട്ടികളുടെ ഉത്തരവാദിത്തം അമ്മക്കുമാത്രമാണ്.
അച്ഛന്റെപേരു പറയാനോ മറ്റു അവകാശാധികാരങ്ങള്‍ സ്ഥാപിക്കാനോ ഇവര്‍ക്ക്
അധികാരമില്ലായിരുന്നു.ഇതൊക്കെ സ്വാതന്ത്ര്യാനന്തര കാലഘട്ടങ്ങളിലും നിലനിന്ന്
ഇക്കഴിഞ്ഞ കുറച്ചുകാലം വരെ തുടര്‍ന്നു വന്നിരുന്ന ഒന്നാണെന്ന കാര്യം
വിസ്മരിക്കരുത്.ആചാരത്തിന്റേയും വിശ്വാസത്തിന്റേയും പേരില്‍ ഇപ്പോഴും നിരവധി
ചൂഷണങ്ങള്‍ നിലനില്ക്കുന്നുണ്ട്.
Comments