#ദിനസരികള് 292
||ദിനസരികളുടെ അവസാനം..||
സുനില്‍ പി ഇളയിടത്തിന്റെ മഹാഭാരതപഠനം ഒന്നിനേയും നോവിച്ചുപോകാതെ , പാര്‍ശ്വങ്ങളെ ഒരു പൂവുകൊണ്ട് തഴുകുന്ന പോലെയുള്ള സുഖകരമായ ഒരനുഭൂതിയായി മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പുരോഗമിക്കുന്നു. ഗാന്ധിജിയുടെ ഗീതയിലേക്ക് ചെന്നുചേരണമെന്ന ഉദ്ബോധനത്തിലേക്ക് എത്തിനില്ക്കുന്ന പരമ്പര, ഭാരതീയമായ ശൃംഗങ്ങളെ മികച്ച രീതിയില്‍ അഭിവാദ്യം ചെയ്യാന്‍ ബദ്ധശ്രദ്ധമാണ്. യാതൊന്നിനേയും മുറിവേല്പിക്കാതെ സാംസ്കാരിക വിമര്‍ശനങ്ങള്‍ ഇക്കാലത്ത് കടന്നുപോകുകയെന്നത് അസാധ്യമാണ്. പക്ഷേ ആ അസാധ്യതയെ സുനില്‍ പി ഇളയിടം തന്റെ ഗുരുവായ പരമ്പരയിലൂടെ ആവിഷ്കരിക്കുന്നതില്‍ വിജയിച്ചിരിക്കുന്നു.ഭാരതീയമായ നിലപാടുതറകളെ നിരന്തരം ഉദ്ഗാനം ചെയ്യുന്ന ഇത്തരത്തിലുള്ള സാര്‍ത്ഥകമായ ഇടപെടലുകള്‍ അദ്ദേഹത്തെ അനുധാവനം ചെയ്തുപോരുന്നവരെ ഇരുത്തിച്ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നു.ഇരുളിനെ കീറിമുറിച്ചുകൊണ്ട് ഉയര്‍ന്നു നില്ക്കുന്ന മഹാപ്രകാശമായി അദ്ദേഹത്തിന്റെ എഴുത്തുകള്‍ പരിണമിക്കുന്നു , വഴി കാട്ടിയാകുന്നു.
എന്നാല്‍ കടകവിരുദ്ധമായ ഒരു ആശയത്തെയാണ് കാരവാന്‍ പത്രാധിപര്‍ വിനോജ് കെ ജോസ് മുന്നോട്ടു വെക്കുന്നത്.സിംഹാസനങ്ങളില്‍ ജീര്‍ണത കിരീടം വെച്ച് ഭാരതം ഭരിക്കുന്ന സമകാലികമായ ദശാസന്ധികളില്‍ ഇടപെടുക എന്നു പറഞ്ഞാല്‍ മുറിവുണ്ടാക്കുക എന്നു തന്നെയാണ് അര്‍ത്ഥമെന്ന് ഇദ്ദേഹത്തിനറിയാം. ഒരു തരത്തിലും യോജിക്കാനാകാത ആശയസംവിധാനങ്ങളോട് സമരം ചെയ്യേണ്ടത് മുദ്രാവാക്യങ്ങളെ മയപ്പെടുത്തി താരാട്ടുപാട്ടിന്റെ ഈണത്തിലേക്കെത്തിച്ചുകൊണ്ടല്ലെന്നും ഉശിരോടെ , കൂടുതര്‍ ഉശിരോടെ ഉച്ചത്തില്‍ അലറി വിളിച്ചുകൊണ്ടാവണമെന്നും വിനോദ് വിശ്വസിക്കുന്നു.അതുകൊണ്ടാണ് , ജസ്റ്റീസ് ലോയയുടെ വധം ഇന്ത്യ ചര്‍ച്ച ചെയ്യണമെന്ന് അദ്ദേഹം ആഗ്രഹിച്ചത്.മാസങ്ങളോളം നീണ്ട അന്വേഷണങ്ങള്‍ക്കു ശേഷം ആ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിനുശേഷം ഇന്ത്യയുടെ നീതിന്യായ സംവിധാനങ്ങളിലുണ്ടായ പൊട്ടിത്തെറികള്‍ നാം നേരിട്ടു കണ്ടതാണ്.വേണമായിരുന്നുവെങ്കില്‍ നാലു ജസ്റ്റീസുമാര്‍ക്കും സുഖകരവും സംഘര്‍ഷരഹിതവുമായ മൌനങ്ങളെ അഭയം പ്രാപിക്കാമായിരുന്നു. പക്ഷേ , രാജ്യം ഇരുളിലേക്കാണ് കൂപ്പൂകുത്തുന്നത് എന്നുറക്കെ വിളിച്ചു പറയുവാനുള്ള ധാര്‍മികത , നീതിബോധം , ദേശസ്നേഹം അവരില്‍ അവശേഷിച്ചിരുന്നു. നല്ലത്. തലോടുന്ന മസൃണതയെക്കാള്‍ തല്ലുന്ന പരുക്കന്‍ പ്രകൃതങ്ങളെ നാം സ്നേഹിച്ചുതുടങ്ങേണ്ടിയിരിക്കുന്നു.
മതി. ഇനി ഒന്നുമെഴുതാനില്ല.അപ്പുറത്തെ മുറിയില്‍ എന്റെ കുഞ്ഞ് എന്നെ തേടുന്നുണ്ട്. പതുപതുത്ത മുഖം കാലിലുരസി പൂച്ചകള്‍ എന്നെ ഇക്കിളിപ്പെടുത്തുന്നുണ്ട്.അടുക്കളയില്‍ നിന്ന് പ്രാതലിനുവേണ്ടി ഭാര്യ തയ്യാറാക്കുന്ന വിഭവങ്ങളുടെ സുഖകരമായ മണം എന്റെ ഇന്ദ്രിയങ്ങളെ രസിപ്പിക്കുന്നുണ്ട്.കൈയ്യെത്തും ദൂരത്ത് ഞാന്‍ വെച്ചിരിക്കുന്ന എന്റെ വയലിനില്‍ എന്റെ കൂട്ടുകാര്‍ക്കുവേണ്ടി പ്രതീക്ഷാനിര്‍ഭരമായ പ്രണയസമാപ്തികളെക്കുറിച്ചൊരു മധുരഗാനം ആലപിക്കേണ്ടതുണ്ട്. അതിനിടയില്‍ എവിടെനിന്നാണ് എല്ലാം നശിപ്പിക്കാന്‍ ഈ വിനോദ് ജോസ് കയറി വന്നത്? ഇത്തരം നാശങ്ങളെ പിടിച്ചു പുറത്താക്കാന്‍ ഇനിയുമിവിടെയാരുമില്ലേ? ആരെങ്കിലും വരൂ. ഇയ്യാളെ പുറത്താക്കൂ. ഞാനെന്റെ മഹാഭാരതപഠനപരമ്പരകളിലേക്ക് മടങ്ങട്ടെ.
Comments