Saturday, August 19, 2017

#ദിനസരികള്‍ 129


നാവുകളരിഞ്ഞ് കെട്ടിത്തൂക്കിയിടപ്പെട്ട ഇരുണ്ട കാലത്തെക്കുറിച്ച് സച്ചിദാനന്ദന്‍ നാവുമരം എന്നൊരു കവിത എഴുതിയിട്ടുണ്ട്. പാടാനും പറയാനും വിലക്കുകളുണ്ടായിരുന്ന അക്കാലത്തെ അടയാളപ്പെടുത്തിയത് അടിയന്തിരാവസ്ഥ എന്ന പേരിലായിരുന്നു. ഒരമ്മയും മകനും ആസേതുഹിമാചലം , തങ്ങളുടെ അധികാരത്തെ ഊട്ടിയുറപ്പിക്കാന്‍ വ്യഗ്രതപ്പെട്ടപ്പോള്‍ പ്രതിഷേധങ്ങളുടേയും പ്രതിരോധങ്ങളുടേയും രൂപത്തില്‍ നമ്മുടെ സാംസ്കാരിക ലോകം ജനാധിപത്യത്തിനുവേണ്ടി കോട്ടകള്‍ കെട്ടി.അടക്കിഭരണം അനുവദിക്കില്ല എന്ന നിലപാടിന് പകരം ജീവന്‍ പോലും ബലികഴിക്കേണ്ടി വന്ന സന്ദര്‍ഭങ്ങളുണ്ടായി. പരാജയപ്പെടാന്‍ ജനാധിപത്യത്തിന്റെ നേരവകാശികളായ സാംസ്കാരിനായകന്മാര്‍ക്ക് മനസ്സുണ്ടായിരുന്നില്ല.നാവടക്കാനും അടങ്ങാത്തവയെ അരിഞ്ഞെടുക്കാനുമുള്ള കല്പനകളെ അവര്‍ വെല്ലുവിളിച്ചു. നോക്കുക.
നാട്ടമ്മ നല്ല തേവി
നാവെല്ലാമരിഞ്ഞ നാളില്‍
നാവിലൊന്നു മുളപൊട്ടി
നാളുതോറും നീണ്ടു വന്നു
നാറാണക്കല്ലില്‍ നിന്നും
നാരായ വേരു പൊട്ടി നാടിന്റെ നട്ടെല്ലായി നാവു മരം മുളച്ചത് അങ്ങനെയായിരുന്നു.അറുത്തെടുക്കാന്‍ ശ്രമിക്കവേ ആയിരം നാവിലകളുമായി മരം പൂര്‍വ്വാധികം ശക്തിനേടുകയും നല്ല തേവിയെ വെല്ലുവിളിക്കുകയും ചെയ്തു. അടിയന്തിരാവസ്ഥക്കെതിരെ നിലപാടുകൊണ്ടവരുടെ അവസ്ഥ പ്രതിരോധങ്ങളെ പ്രതിനിധാനം ചെയ്ത ആ നാവുമരത്തെപ്പോലെയായിരുന്നു.വെട്ടിയിട്ടിട്ടും അവര്‍ക്കു നാവു മുളച്ചുകൊണ്ടേയിരുന്നു. അത് ചിരിക്കാനും ചിന്തിക്കാനും പറയാനും എഴുതാനുമുള്ള സ്വാതന്ത്യത്തിന് വേണ്ടിയായിരുന്നു. വൈലോപ്പിള്ളി എഴുതി.
പശുവും കിടാവും ഹാ പണ്ടേ താന്‍ നമുക്കിഷ്ടം
പശു കുത്തൂന്നു പക്ഷേ പാലീമ്പും പൈക്കുട്ടനോ
ഒരു വര്‍ഷത്തിനുള്ളിലോരാതെ വളര്‍ന്നുങ്കാല്‍
ചുര മാന്തി നേര്‍ക്കുന്നു ചുവപ്പു കാണും ദിക്കില്‍ - അടിയന്തിരാവസ്ഥയുടെ വക്താക്കളും പ്രയോക്താക്കളുമായിരുന്ന കക്ഷിക്ക് ചുവപ്പിനോടുള്ള വെറുപ്പു സൂചിപ്പിച്ചുകൊണ്ട് വൈലോപ്പിള്ളി കുറച്ചൂകൂടി വസ്തുനിഷ്ടമായി സാഹചര്യത്തെ വിലയിരുത്തുന്നു.ഒരു മണിക്കൂറുനേരം യുക്തിയുക്തം ശക്തിയായ പ്രസംഗിച്ചതിനുശേഷം വാര്‍ത്താലേഖകനോട് എങ്ങനെയുണ്ടെന്റെ പ്രസംഗം എന്നു ചോദിച്ചപ്പോള്‍ താങ്കള്‍ പ്രസംഗിച്ചുവോ എന്ന് തിരിച്ചുചോദിക്കുന്ന ലേഖകനെക്കുറിച്ച് വൈലോപ്പിള്ളി പറയുന്നുണ്ട്.

            അടിയന്തിരാവസ്ഥയെ നാടൊന്നടങ്കം എതിര്‍ത്തുനിന്നു.സാംസ്കാരികലോകം അതിനെ മുന്നോട്ടു നയിച്ചു. സംശയമില്ല.പക്ഷേ അടിയന്തിരാവസ്ഥയെക്കാള്‍ ഭീതിദമായ സമകാലികഫാസിസ്റ്റ് വാഴ്ചകള്‍‌ക്കെതിരെ ഫലപ്രദമായ ഒരു പ്രതിരോധമാകുവാന്‍ നമുക്ക് കഴിയാത്തതെന്ത് ? ജനതയുടെ അഭിമാനബോധത്തിനുമുകളില്‍ സാംസ്കാരിധാരണകള്‍ക്കുമുകളില്‍ നവോത്ഥാനമൂല്യങ്ങള്‍ക്കുമുകളില്‍ ചരിത്രസത്യങ്ങള്‍ക്കുമുകളില്‍ കാളികൂളികള്‍ ആര്‍ത്തട്ടഹസിക്കുമ്പോളും നാം മിണ്ടാതിരിക്കുന്നതെന്ത് ? ഈ ദശാസന്ധിയിലെ നമ്മുടെ മൌനം അക്രമികള്‍ക്കുള്ള ഒത്താശയായി നാളെ വരുന്ന തലമുറ വിലയിരുത്തുകയും ജനാധിപത്യത്തെ ഒറ്റിക്കൊടുത്തവരുട കള്ളികളിലേക്ക് നമ്മെ മാറ്റി നിറുത്തുകയും ചെയ്യും.

Friday, August 18, 2017

#ദിനസരികള്‍ 128

#ദിനസരികള്‍ 128
എന്തിനാണ് ഒരാള്‍ എഴുതുന്നത് ? ഏറ്റവും സാധാരണമായ അര്‍ത്ഥത്തില്‍ ഒരാശയത്തെ വിനിമയം ചെയ്യുന്നതിനാണ് എഴുത്തിനെ , അഥവാ ഭാഷയുടേതായിട്ടുള്ള മുഴുവന്‍ പ്രയോഗരൂപങ്ങളേയും നാം ഉപയോഗിക്കുന്നത്. ഭാഷയെ എത്രമാത്രം സങ്കീര്‍ണമാക്കിയാലും ആശയവിനിമയം ചെയ്യുക എന്നതിനപ്പുറം മറ്റൊരു ലക്ഷ്യത്തേയും ഉന്നം വെക്കുക വയ്യ.കടത്തുകാരനെ കൂവി വിളിക്കുന്ന  യാത്രികനും ജ്ഞാനപീഠത്തിലിരുന്ന സാഹിത്യസല്ലാപം ചെയ്യുന്ന എഴുത്തുകാരനും ചെയ്യുന്നത് ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഒരാശയത്തെ പ്രചരിപ്പിക്കുക തന്നെയാണ്. ( കൂവുന്നതിന് ഭാഷ വേണോ എന്ന് പുരികം ചുളിക്കുന്നവരെ കാണാതിരിക്കുന്നില്ല.കൂവല്‍ വെറും ഒച്ച അഥവാ ശബ്ദമുണ്ടാക്കല്‍ മാത്രമാണെങ്കിലും ഭാഷയുടെ അഴകളവുകളുടെ പരിധിയില്‍ വരുന്നില്ലെങ്കിലും ആശയത്തെ വിനിമയം ചെയ്യുന്നു എന്ന ഉദ്ദേശത്തെ നടപ്പിലാക്കുന്നു എന്നുളളതുകൊണ്ടാണ് കൂട്ടുപിടിച്ചത്. സാഹിത്യം സമം കൂവല്‍ എന്ന് ചിന്തിക്കുന്നില്ല )
സ്നേഹഭാജനതയാർന്ന ഹൃത്തിതിൽ
ദേഹമിങ്ങനെ വെടിഞ്ഞു പാറ്റപോൽ
മോഹമാർന്നു പരമാം മഹസ്സഹോ
മോഹനാംഗി തഴുകിക്കഴിഞ്ഞവൾ എന്ന് വായിക്കുമ്പോഴും
അരിയുണ്ടെന്നാലങ്ങേര്‍ അന്തരിക്കുകില്ലല്ലോ എന്ന് വായിക്കുമ്പോഴും കാര്യം ഒന്നേയുള്ളു ആളു മരിച്ചിരിക്കുന്നു. ( ഭാഷയില്‍ തൊങ്ങലുകള്‍ കെട്ടിയും അലുക്കുകള്‍ തൂക്കിയും മരണത്തെ എത്രമാത്രം അനുവാചകനെ അനുഭവിപ്പിക്കാന്‍ കഴിയുന്നു എന്നതിന്റെ കണക്കും കാര്യവും വേറെയാണ്.അത് ഭാവനയുടെ ഏറ്റക്കുറച്ചിലുകളെ അടിസ്ഥാനപ്പെടുത്തിയുള്ളതായതിനാല്‍ ഇവിടെ ചര്‍ച്ച ചെയ്യുന്നുമില്ല. ) മരിച്ചിരിക്കുന്നു എന്ന ആശയത്തെ വിനിമയം ചെയ്യുന്നതിനോടൊപ്പം കവി ഉപയോഗിച്ചിരിക്കുന്ന ഭാഷാപരമായ മറ്റു ധാരാളിത്തങ്ങളെ ഓരോന്നായി വെട്ടിക്കളയുക. നിങ്ങള്‍ എത്തിച്ചേരുക മരണത്തിലേക്കായിരിക്കും. അനുവാചകനെ തങ്ങള്‍ക്കിഷ്ടമുള്ളിടത്തേക്ക് കൈപ്പിടിച്ചു കൂട്ടിക്കൊണ്ടു പോകാന്‍ കഴിയുക എന്നതാണ് ഒരു എഴുത്തുകാരന് വേണ്ട പ്രഥമവും പ്രധാനവുമായ യോഗ്യത.അതിനായി ഉപയോഗിക്കേണ്ട ഭാഷയേത് എന്നത് അവന്റെ ഭാവനാശക്തിയുമായി ബന്ധപ്പെട്ടിരിക്കുന്നു. മുള്ളുമുരട് മൂര്‍ഖന്‍ പാമ്പും കല്ലുകരടു കാഞ്ഞിരക്കുറ്റിയും മുതല്‍ ശില്പിതന്ത്രം എത്തിനോക്കിയിട്ടില്ലാത്ത വൃത്തമാണെന്നോ ചതുരമാണെന്നോ പറയാന്‍ കഴിയാത്ത കുടില്‍ക്കകം പോലും നിര്‍മിച്ചെടുക്കാന്‍ കവിക്കു കഴിയുമെങ്കിലും അതാതുകള്‍ വിനിമയം ചെയ്യുന്നത് എന്താണെന്ന് പിന്‍പറ്റുന്നവര്‍ക്ക് മനസ്സിലാകണം.

            പറഞ്ഞു വരുന്നത് ഇത്രയേയുളളു. കവി പറയുന്നതെന്താണെന്ന് വായനക്കാരന് മനസ്സിലാകണം.അങ്ങനെ മനസ്സിലാകണമെങ്കില്‍ കവിമനസ്സില്‍ കലങ്ങാത്ത , തെളിമയാര്‍ന്ന ആശയങ്ങളുടെ ഒരു പ്രപഞ്ചമുണ്ടാകണം.കലങ്ങിയ കിണറ്റില്‍ നിന്നെടുക്കുന്ന വെള്ളവും കലങ്ങിയിട്ടുണ്ടാകുമെന്നതുപോലെ തന്നെ തെളിച്ചമില്ലാത്ത മനസ്സില്‍ നിന്നാണ് കവി കവിത കണ്ടെത്തുന്നതെങ്കില്‍ സംവേദനശേഷിയില്ലാത്ത ഒന്നായി അതുമാറും. (ആ തെളിച്ചമില്ലായ്മയാണ് കവിത ദുര്‍ഗ്രഹമാകാനുള്ള കാരണം.) അങ്ങനെയായാല്‍ ഭാഷയുടെ അടിസ്ഥാന സ്വഭാവമായ ആശയവിനിമയത്തിന് അത് അപര്യാപ്തമാകുകയും കവി പരാജയപ്പെടുകയും ചെയ്യും.സമകാലിക കവികള്‍ അനുഭവിക്കുന്ന പ്രധാനപ്രശ്നം ഇതുതന്നെയാണ്.ഒന്നും പറയാനില്ലാതിരിക്കുകയും എന്നാല്‍ എന്തെങ്കിലും പറയേണ്ടിവരുകയും ചെയ്യുന്നതല്ലേ ദുരന്തം ?

Thursday, August 17, 2017

#ദിനസരികള്‍ 127


എനിക്ക് ബര്‍ണാഡ് ഷായുടെ ഫലിതങ്ങള്‍  ഇഷ്ടമാണ്. സാമ്പ്രദായിക രീതിയില്‍ പറഞ്ഞാല്‍ കുറിക്കു കൊള്ളുന്ന ചിന്തിപ്പിക്കുന്ന ചിരിപ്പിക്കുന്ന പ്രയോഗങ്ങള്‍ ധാരാളം ഷാ നടത്തിയിട്ടുണ്ട്. 1856 ല്‍ ജനിച്ച് 1950 ല്‍ മരിച്ച ഷാ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നേടിയ എഴുതിയ എഴുത്തുകാരനാണ്. ഒരിക്കല്‍ ഒരു നാടകം കണ്ടുകൊണ്ടിരിക്കേ ഷാ ഉറക്കം പിടിച്ചു. നാടകശേഷം അഭിപ്രായം ചോദിക്കാനെത്തിയ നാടകകൃത്തിനോട് താങ്കള്‍ക്കുള്ള മറുപടിയാണ് എന്റെ ഉറക്കം എന്നാണ് പറഞ്ഞത് . കേവലമായ ഫലിതത്തിന്റെ അതിര്‍ത്തികളെ ഭേദിക്കുന്നില്ലേ ഷായുടെ മറുപടി ? ഇത് തമാശയാണോ അതോ എഴുത്തുകാര്‍ സദാ മനസ്സില്‍ സൂക്ഷിക്കേണ്ട മുന്നറിയിപ്പാണോ എന്നൊക്കെ സ്വയം നിശ്ചയിക്കുക. നമ്മെ ഉണര്‍ത്താനാവാത്ത , അലോസരപ്പെടുത്താത്ത , അനുഭവിപ്പിക്കാത്തവയെയൊക്കെ അവഗണിക്കുക തന്നെ വേണം എന്ന ഷായുടെ അഭിപ്രായത്തോട് എനിക്ക് യോജിപ്പുണ്ട്
            ഷായുടേതായി ഗീതാലയം ഗീതാകൃഷ്ണന്‍ വിശ്വപ്രസിദ്ധ ഫലിതങ്ങള്‍ എന്ന തന്റെ പുസ്തകത്തില്‍ കുറിച്ചിരിക്കുന്നവയില്‍ ചിലത് ചുവടേ ചേര്‍ക്കുന്നു. ഫലിതമായി കാണുന്നവര്‍ക്ക് അങ്ങനെ , അതിനപ്പുറം പോകേണ്ടവര്‍ക്ക് അങ്ങനെ.ഏതായാലും ഷായുടെ പ്രതികരണങ്ങള്‍ കുറിക്കു കൊള്ളുന്നവതന്നെയാണ്.ഷായും ചെസ്റ്റേര്‍ട്ടണും തങ്ങളുടെ ബാഹ്യമായ രൂപത്തെക്കുറിച്ച് തര്‍ക്കം നടക്കുകയായിരുന്നു. ഷാ മെലിഞ്ഞതും ചെസ്റ്റേര്‍ട്ടണ്‍ തടിച്ചു കുറുകിയതുമായിരുന്നു.തര്‍ക്കത്തിനിടെ ചെസ്റ്റേര്‍ട്ടണ്‍ ഷായോടു പറഞ്ഞു ഷാ നിങ്ങളെ കണ്ടാല്‍ ഇംഗ്ലണ്ടില്‍ കൊടുംക്ഷാമമാണെന്ന് ലോകം തെറ്റിദ്ധരിക്കും.” “നിങ്ങളെ കാണുമ്പോഴാകട്ടെ ആരെയാണതിന് കുറ്റപ്പെടുത്തേണ്ടതെന്നും അവര്‍ക്കു മനസ്സിലാകുംഷാ തിരിച്ചടിച്ചു. അടിയുറച്ച ഒരു ഐറിഷുകാരനായിട്ടും എന്താണ് റോമന്‍ കത്തോലിക്കനാവാത്തതെന്ന് ഒരാള്‍ ഷായോട് ചോദിച്ചു. ചര്‍ച്ച് ഓഫ് റോമിന് രണ്ടു പോപ്പുമാരെ ഉള്‍‌ക്കൊള്ളാനുള്ള ശക്തിയില്ല എന്നായിരുന്നു ഷായുടെ മറുപടി.ഞാനോര്‍ത്തു താങ്കള്‍ക്ക് പൂക്കള്‍ വളരെ ഇഷ്ടമാണെന്ന്. പക്ഷേ ഇവിടെ പൂക്കളൊന്നു കാണുന്നില്ലല്ലോഷായെ കാണാനെത്തിയ ഒരു മാന്യന്റെ ചോദ്യത്തിന് പൂക്കളെ എനിക്കിഷ്ടമാണ്. അതുപോലെ കുഞ്ഞുങ്ങളേയും എനിക്കിഷ്ടമാണ്. എന്നുവെച്ച് കുഞ്ഞുങ്ങളുടെ തലനുള്ളി ഞാന്‍ പാത്രങ്ങളിലിട്ടു വെക്കാറില്ല ഷാ മറുപടി പറഞ്ഞു. തിരുത്തുന്നതിന് വേണ്ടി ഒരു പുതിയ എഴുത്തുകാരന്‍ തന്റെ ഒരു കൃതി ഷായെ ഏല്പിച്ചു. തീര്‍‌ന്നോ? “ പിന്നീട് കണ്ടപ്പോള്‍ അയാള്‍ ഷായോട് അന്വേഷിച്ചു.തീര്‍ന്നു തീര്‍ന്നു.. എന്റെ പെന്‍സില്‍ ഷാ പ്രതിവചിച്ചു.

            ഷാ വചനങ്ങള്‍ ജീവിതത്തിന്റെ ഭിത്തികളില്‍ ചില്ലിട്ടു വെക്കേണ്ടവയാണ്. അടുത്തറിഞ്ഞാല്‍ ഇരുതലമൂര്‍ച്ചയുള്ള , ലക്ഷ്യവേധിയായ ആ പ്രയോഗങ്ങളില്‍ പലതും നമുക്ക് പ്രിയപ്പെട്ടവയാകും

Wednesday, August 16, 2017

#ദിനസരികള്‍ 126


ബാലചന്ദ്രന്‍ ചുള്ളിക്കാട് വിമര്‍ശിക്കപ്പെടുന്നു എന്ന ലേഖനത്തിലൂടെ സജയ് കെ വി ഒരു വിഗ്രഹത്തെ ഉടക്കാന്‍ ശ്രമിക്കുകയാണ്. മലയാളികളെ തീക്ഷ്ണഭാഷയുടെ അമ്ലം രുചിപ്പിച്ച ബാലചന്ദ്രന്‍ ചുള്ളിക്കാടാണ് ആ വിഗ്രഹം.ചുള്ളിക്കാട് പ്രസരിപ്പിക്കുന്ന സ്തോഭജന്യമായ വൈകാരിക അന്തരീക്ഷത്തില്‍ നിന്ന് മാറി നിന്നുകൊണ്ട് ആ കവിത എന്താണെന്ന് ഒരു വിമര്‍ശകന്റെ ത്യാജ്യഗ്രാഹ്യബുദ്ധിയോടെ വിലയിരുത്തുകയാണ് സജയ് ചെയ്യുന്നത്. ആരാധകരുടെ നെഞ്ചില്‍ ചവിട്ടിനിന്നുകൊണ്ട് വിമര്‍ശകന്‍ , കവിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് , കവിയുടെ കൃതികളെക്കൊണ്ടുന്നെ സാക്ഷ്യം പറയിപ്പിക്കുന്ന കാഴ്ച നമുക്ക് ഈ ലേഖനത്തില്‍ കണ്ടെത്താന്‍ കഴിയും.അനേകം നിഷ്കളങ്കമായ ചെറുപ്പങ്ങള്‍ ആരാധിച്ചു വഷളാക്കിയ കവിയുടെ വിഗ്രഹത്തിന് കളിമണ്‍ പാദങ്ങളാണുണ്ടായിരുന്നതെന്ന് വ്യസനപൂര്‍വ്വം തിരിച്ചറിയുകയാണ്. കുതിരയായി നടിച്ചു നടന്നത് വാസ്തവത്തില്‍ ഒരു കഴുതയായിരുന്നു എന്നും.എന്ന് ആക്ഷേപിക്കുന്ന വിമര്‍ശകന്റെ വാക്കുകള്‍ , പക്ഷേ കവിയുടെ ആരാധകര്‍ക്ക് കര്‍ണശൂലങ്ങളായി മാറിയേക്കാം.
            അത്യുക്തിയുടെ അരങ്ങാണ് ബാലചന്ദ്രന്റെ കവിത എന്നാണ് ലേഖകന്റെ ആക്ഷേപം. ആലിംഗനത്തെ വൈദ്യുതാലിംഗനമായും ശൈത്യത്തെ ശവശൈത്യമായും വിസ്കിയെ കടുവിസ്കിയായും വാറ്റു ചാരായത്തെ നരകതീര്‍ത്ഥമായും പരിണമിപ്പിച്ചെടുക്കുമ്പോള്‍ കവി , അറിഞ്ഞോ  അറിയാതെയോ അത്യുക്തിയുടെ വക്താവാകുകയാണ് ചെയ്യുന്നതെന്ന് സജയ് ആക്ഷേപിക്കുന്നു.സ്തോഭസഷ്ടിയെ മുന്‍നിര്‍ത്തി രചന നടത്തുന്ന ചുള്ളിക്കാടിന്റെ കവിത പക്ഷേ സ്തോഭം സൃഷ്ടിക്കുന്നത് കലാനിലയങ്ങളും ചില ഹൊറര്‍ സിനിമകളും മറ്റും ചെയ്യുന്ന പോലെയാണെന്ന പരിഹാസത്തിന് ഉപോത്ബലകമായ വാദമുഖങ്ങള്‍ ലേഖകന്‍ നിരത്തുന്നുണ്ട്.

            ചോരണത്തോളമെത്തുന്ന അനുകരണപ്രവണതയും കവിയില്‍ ആരോപിക്കപ്പെടുന്നുണ്ട്.ആശാനും പിയും ചങ്ങമ്പുഴയും ഇടപ്പള്ളിയും എഴുത്തച്ഛനും സച്ചിദാനന്ദനുമടക്കം ഒരു നിര മലയാളം കവികളുടേയും നെരൂദയടക്കമുള്ള ഇംഗ്ലീഷ് കവികളുടേയും സമര്‍ത്ഥമായ ഒരു കലര്‍പ്പാണ് ബാലചന്ദ്രനെന്ന് ഈ ലേഖനം സൂചിപ്പിക്കുന്നു.മരണം രോഗം രതി എന്നീ വീര്യമേറിയ മൂക്കൂട്ടുകൊണ്ടു നിര്‍മിച്ചെടുത്തതാണ് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിത എന്ന് വിമര്‍ശകന്‍ നിഷേധിക്കാനാവാത്ത വിധത്തില്‍ ഉദാഹരണങ്ങള്‍ നിരത്തി പറയുമ്പോള്‍ മനസ്സിലിട്ടു ആരാധിച്ച് കൊണ്ടു നടന്നിരുന്ന ആ തിരുരൂപം വെറും നിഴലായിരുന്നെന്നോ എന്ന സംശയം അനുവാചകനില്‍ ഒരു നിമിഷനേരത്തേക്കെങ്കിലും ഒരു ഉണ്ടാക്കാന്‍ ഈ ലേഖനത്തിന് കഴിഞ്ഞുവെങ്കില്‍ ഒരു വിമര്‍ശകനെന്ന നിലയില്‍ സജയ് കെവി വിജയിച്ചിരിക്കുന്നുവെന്നുവേണം പറയാന്‍. അവസാനമായി പറഞ്ഞത് ശരിയാണെങ്കിലും തെറ്റാണെങ്കിലും ഉത്തമാംഗം മുതല്‍ ഉള്ളംകാലുവരെ തഴുകിത്തലോടുന്ന സമകാലിക മലയാള നിരൂപണ സഹകരണസംഘത്തില്‍ അംഗത്വമെടുക്കാത്തവര്‍ ഇനിയുമുണ്ടെന്ന സന്തോഷം കൂടി ഇവിടെ പങ്കുവെക്കട്ടെ.

Tuesday, August 15, 2017

#ദിനസരികള്‍ 125

ഡി വൈ എഫ് ഐ ഒരു പ്രതീക്ഷയാണ്. വരുംകാലത്തേക്കുള്ള നന്മകള്‍ ഡി വൈ എഫ് ഐയുടെ തണലില്‍ അണിനിരക്കുന്ന യുവസഹസ്രങ്ങളിലൂടെ നടപ്പിലാക്കാന്‍ കഴിയും എന്ന പ്രതീക്ഷ. ജാതിമതാദികളുടെ പേക്കൂത്തുകള്‍ കളങ്കപ്പെടുത്തുന്ന വര്‍ത്തമാനകാലസാഹചര്യങ്ങളെ മുറിച്ചു കടക്കുന്നതിനും വിദ്വേഷപ്രചാരകരുടെ കുപ്രചരണങ്ങളില്‍ വീണുപോകാതെ ഒരു ജനതയുടെ കാവലാളാകുന്നതിനും ഈ യുവാക്കള്‍ക്ക് കഴിയുമെന്ന പ്രതീക്ഷ. നാളെ വിടരേണ്ടതും തണല്‍ വിരിക്കേണ്ടതുമായ പൂമരങ്ങളാണ് ഈ യുവാക്കളെന്ന പ്രതീക്ഷ.  ആ പ്രതീക്ഷയെ സാര്‍ത്ഥകമാക്കുന്നതായിരുന്നു ഓഗസ്റ്റ് പതിനഞ്ചിന് ഡി വൈ എഫ് ഐ നടത്തിയ പ്രതിരോധ സംഗമം.
            പങ്കാളിത്തം കൊണ്ടും ഉന്നയിച്ച മുദ്രാവാക്യത്തിന്റെ അര്‍ത്ഥവ്യാപ്തികൊണ്ടും സവിശേഷമായ ശ്രദ്ധ പിടിച്ചു പറ്റിയ പ്രകടനമായിരുന്നു മാനന്തവാടിയിലെ ഗാന്ധിപാര്‍ക്കില്‍ ഡി വൈ എഫ് ഐയുടെ സഖാക്കള്‍ നടത്തിയത്. ഭാവനാ സമ്പന്നവും അച്ചടക്കത്തോടെ നടത്തിയതുമായ പ്രസ്തുത പരിപാടി , ഇക്കാലത്ത് മതനിരപേക്ഷതയെ സംരക്ഷിക്കുവാന്‍ ആരുണ്ട് എന്ന ചോദ്യത്തിന്  ഉത്തരമായി.ഇരുണ്ട കാലത്തിലേക്ക് സമുഹത്തെ നയിക്കുന്ന എല്ലാവിധ ദുഷ്ടശക്തികള്‍ക്കുമെതിരെ പോരാടുവാനും പ്രതിരോധം തീര്‍ക്കുവാനും ഞങ്ങള്‍ എന്നും പോരാട്ടമുഖങ്ങളുടെ മുന്നണിയിലുണ്ടായിരിക്കും എന്ന വിശ്വസനീയമായ പ്രഖ്യാപനമാണ് ഈ സംഗമത്തിലൂടെ ഡി വൈ എഫ് ഐ നടത്തിയത്.
            പ്രതിരോധ സംഗമം ഉദ്ഘാടനം സ്വരാജ് തീര്‍ത്തത് വ്യക്തവും കൃത്യവുമായ ഒരു വാങ്മയശില്പം തന്നെയായിരുന്നു.സമകാലിക ഇന്ത്യയെ ഭീതിയുടെ നിഴലില്‍ നിറുത്തി തങ്ങളുടെ മതാധിഷ്ഠിത അജണ്ടകളെ അടിച്ചേല്പിക്കുന്ന മരണവ്യാപാരികളയായ ഫാസിസ്റ്റ് സഖ്യം ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ നല്കിയ സംഭാവനകള്‍ വട്ടപ്പൂജ്യമായിരുന്നുവെന്നും വൈദേശികാധിപത്യത്തോടു സമരപ്പെട്ടുകൊണ്ട് മാപ്പെഴുതിക്കൊടുത്തും വിട്ടുവീഴ്ചകള്‍ ചെയ്തും പുലര്‍ന്നു പോന്ന ഒരു സംഘമായിരുന്നു അക്കാലത്തെന്നും സ്വരാജ് പറഞ്ഞു.നമ്മുടെ ത്രിവര്‍ണ പതാകയേയും ദേശീയ ഗാനത്തേയും മാറ്റി കാവിക്കൊടിയും വന്ദേമാതരവും കൊണ്ടു വരണമെന്നായിരുന്നു ആറെസ്സെസ്സിന്റെ അക്കാലത്തെ നിലപാട്. അങ്ങനെയുള്ളവര്‍ ഇന്ന് ഈ ദേശീയ ചിഹ്നങ്ങളെ തങ്ങളുടേതുമാത്രമായി ചിത്രീകരിച്ച് ചരിത്രത്തെ ദുര്‍വ്യാഖ്യാനം ചെയ്യാന്‍ ശ്രമിക്കുന്നത് അക്ഷന്തവ്യമായ അപരാധമാണ്.

            തങ്ങളെ വിമര്‍ശിക്കുന്നതില്‍‌ ഒട്ടും അസഹിഷ്ണുത ഇല്ലെന്നും എന്നാല്‍ ആറെസ്സസ്സിന്റെ പ്രചണ്ഡമായ വര്‍ഗീയ പ്രചാരണങ്ങള്‍ക്ക് ചട്ടുകമായി മാധ്യമങ്ങള്‍ മാറുന്നത് ജനാധിപത്യ ഇന്ത്യയെ അപകടപ്പെടുത്തുമെന്നും സ്വരാജ് പറഞ്ഞു.ഫാസിസ്റ്റ് ശക്തികളുടെ വ്യാജപ്രചാരണങ്ങള്‍ക്ക് വഴിപ്പെട്ടുകൊണ്ടു ഡി വൈ എഫ് ഐക്കെതിരേയും മറ്റു പുരോഗമനപ്രസ്ഥാനങ്ങള്‍‌‌ക്കെതിരേയും അടിസ്ഥാന രഹിതമായ ആരോപണങ്ങളുന്നയിച്ച് തങ്ങളുടെ വീര്യം തകര്‍ക്കാമെന്ന ധാരണ അവസാനിപ്പിക്കണം. മുഹമ്മദ് അഖ്‌ലക്കിന്റെ ദുര്‍ഗ്ഗതി ഡി വൈ എഫ് ഐ അവിടെ ഉണ്ടായിരുന്നെങ്കില്‍ സംഭവിക്കില്ലായിരുന്നു.അത് മാധ്യമങ്ങള്‍ തിരിച്ചറിയണമെന്നും ഇന്നത്തെ പ്രചാരത്തിന് വേണ്ടി തങ്ങള്‍‌ക്കെതിരെ നുണകള്‍ എഴുതിപ്പിടിപ്പിച്ച് അനാവശ്യമായി പ്രതിക്കൂട്ടിലാക്കി സംഘപരിവാരത്തെ സഹായിച്ചാല്‍ , അത് ജനാധിപത്യത്തിന് തുരങ്കം വെക്കുന്നതായിപ്പോകും.ഡി വൈ എഫ് ഐയും പുരോഗമനപ്രസ്ഥാനങ്ങളും ഇവിടെ ഇല്ലാതാകണമെന്നാണ് ഫാസിസ്റ്റുകള്‍ ആഗ്രഹിക്കുന്നത്. അതിനെ മാധ്യമങ്ങള്‍ സഹായിക്കുന്നത് സമൂഹത്തിന് ഗുണം ചെയ്യില്ല എന്ന സ്വരാജിന്റെ താക്കീത് ജനാധിപത്യ മതേതരവിശ്വാസികളുടെ കൂടി നിലപാടാണ്. അതുകൊണ്ട് ഡി വൈ എഫ് ഐ നടത്തിയ പ്രതിരോധ സംഗമത്തിന്റെ അന്തസ്സത്ത നമ്മുടെ സമൂഹം ഉള്‍‌ക്കൊള്ളാനും മാനവിക മൂല്യങ്ങളെ മുറുകെപ്പിടിക്കാനും തയ്യാറാകണം  എന്ന ആവശ്യത്തിന് എന്നത്തെക്കാളും പ്രസക്തിയും പ്രാധാന്യവുമുണ്ടെന്ന് പൊതുസമൂഹം തിരിച്ചറിയണം.

Monday, August 14, 2017

#ദിനസരികള്‍ 124


സ്വാതന്ത്ര്യദിനാശംസകള്‍. അധിനിവേശത്തിന്റെ നൂറ്റാണ്ടുകളിലൂടെ കടന്നുപോന്ന ഭാരതീയ ജനത തങ്ങളെ അമര്‍ത്തിപ്പിടിച്ചും അടക്കിഭരിച്ചും ഭരണം കൈയ്യാളിയ വിദേശികളുടെ നീരാളിപ്പിടുത്തത്തില്‍ നിന്ന് വിടുതല്‍ നേടിയതിനുപിന്നില്‍ അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ സ്വജീവന്‍ പോലും ബലി കഴിച്ച് ഭാരതത്തിന്റെ തെരുവീഥികളെ തങ്ങളുടെ ഹൃദ്രക്തം കൊണ്ട് ചുവപ്പിച്ച ഒരു ജനസഞ്ചയത്തിന്റെ ത്യാഗനിര്‍ഭരമായ പ്രവര്‍ത്തനങ്ങളാണെന്ന തിരിച്ചറിവ് നമ്മെ ആവേശപ്പെടുത്തുന്നില്ലെങ്കില്‍ അവര്‍ ഉയര്‍ത്തിപ്പിടിച്ച മൂല്യബോധങ്ങളെ യാന്ത്രികമായെങ്കിലും ആവിഷ്കരിക്കുവാനും പിന്‍പറ്റുവാനും ശ്രമിക്കുന്നില്ലെങ്കില്‍  ചരിത്രത്തിലെ ഏറ്റവും നന്ദി കെട്ട ഒരു ജനതയായി നാം വിലയിരുത്തപ്പെടുമെന്നതിനാല്‍ , വൈദേശികാധിപത്യത്തിനെതിരെ ഉയര്‍ന്ന ദുര്‍ബലവും എന്നാല്‍ മഹത്തരവുമായ ആദ്യപ്രതികരണം മുതല്‍ ഒരു ജനത ഒറ്റക്കെട്ടായി , ഒരു ശരീരവും ഒരു മനസ്സുമായി,സ്വാതന്ത്ര്യം തങ്ങളുടെ ജന്മാവകാശമാണെന്ന് പ്രഖ്യാപിച്ചുകൊണ്ടു പ്രചണ്ഡമായ ഒരു മുന്നേറ്റമായി പരിണമിച്ച് ചെങ്കോട്ടയില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തിയ അസുലഭ നിമിഷം വരെ തങ്ങളുടേതായിട്ടുള്ള എല്ലാത്തിനേയും ത്യജിച്ച , സ്വാര്‍ത്ഥ ബുദ്ധി തൊട്ടുതീണ്ടിയിട്ടില്ലാത്ത ഓരോ സ്വാതന്ത്ര്യസമര സേനാനികള്‍ക്കും വേണ്ടി , നാം പരസ്പരം ആശംസകളെങ്കിലും കൈമാറാതിരിക്കുന്നതെങ്ങനെ ?
ചോരമണക്കുന്ന വീരേതിഹാസങ്ങളുടെ ചൂടും ചൂരുമടങ്ങാത്ത , ഇപ്പോഴും , ഈ എഴുപതിയൊന്നാം സ്വാതന്ത്ര്യ ദിനത്തിലും ത്രസിപ്പിക്കുന്ന കഥകളിലൂടെ നമുക്ക് വീര്യം പകരുന്ന ധീരയോദ്ധാക്കളുടെ പിന്തലമുറയാണ് തങ്ങളെന്ന്  അഹങ്കാരത്തോടെ ഊറ്റം കൊള്ളുന്ന നമുക്ക് , സ്വാതന്ത്ര്യസമരത്തിന് വേണ്ടി ത്യാഗം ചെയ്തവര്‍ ഉയര്‍ത്തിപ്പിടിച്ച എന്തു മൂല്യമാണ് ഇപ്പോഴും നാം പിന്തുടരുന്നതായി ലോകത്തിന് കാണിച്ചു കൊടുക്കാനുള്ളത് ? അടുത്ത തലമുറയിലേക്ക് കൈമാറാനുള്ളത് ? നമ്മുടെ രാജ്യം മതത്തിന്റേയും ജാതിയുടേയും പേരില്‍ തുണ്ടം തുണ്ടമായി വെട്ടി നുറുക്കപ്പെട്ടിരിക്കുന്നു. വിവേചനങ്ങളുടെ വേലിയേറ്റത്തില്‍ മനുഷ്യന്‍ കള്ളികളിലേക്ക് ചുരുക്കപ്പെട്ടിരിക്കുന്നു.സവര്‍ണനും അവര്‍ണനും തമ്മിലുള്ള അന്തരം വര്‍‌ദ്ധിച്ചിരിക്കുന്നു. ആരൊക്കെയോ  വരക്കുന്ന കളങ്ങളിലേക്ക് നമ്മൂടെ സ്വാതന്ത്ര്യത്തിന്റെ അതിര്‍ത്തികള്‍ ചുരുക്കപ്പെട്ടിരിക്കുന്നു.ആ വട്ടം വിശാലമായ സ്വാതന്ത്ര്യമാണെന്ന് നാം നമ്മെത്തന്നെ അഭിനയിച്ച് വിശ്വസിപ്പിക്കുന്നു. നാം എന്തു തിന്നണമെന്നും എന്തുടുക്കണമെന്നും എന്തു പറയണമെന്നുമൊക്കെയുള്ള വാറോലകള്‍ രാഷ്ട്രീയാധികാരികളില്‍ നിന്നെന്ന പോലെ മതാധികാരികളില്‍ നിന്നും പുറപ്പെടുന്നു. രണ്ടു കൂട്ടരും ചേര്‍ന്ന് പ്രതികരിക്കാത്ത മുഖമില്ലാത്ത ഒരു  ജനതയായി നമ്മെ മാറ്റിയെടുക്കുന്നു. ഒരു ജനത എന്ന നിലയില്‍ നാം പരാജയപ്പെട്ടിരിക്കുന്നു. വര്‍ത്തമാനകാല പരിതസ്ഥിതി സ്വതന്ത്രമായി നമ്മെ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നത് വസ്തുതയായിരിക്കേ ഞാന്‍ നിങ്ങള്‍ക്കും നിങ്ങളെനിക്കും സ്വാതന്ത്ര്യദിനാശംസകള്‍ നേരുന്നതെങ്ങനെ ?

Sunday, August 13, 2017

#ദിനസരികള്‍ 123


പൈങ്കിളി എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ജനപ്രിയസാഹിത്യത്തില്‍ പി അയ്യനേത്തിനുള്ള സ്ഥാനം ആര്‍ക്കും അവഗണിക്കുക വയ്യ. ജനപ്രിയതയില്‍ ഒട്ടും പിന്നിലല്ലാത്ത അദ്ദേഹം മരിച്ചപ്പോള്‍ തകഴിക്കോ , ഉറൂബിനോ , പൊറ്റക്കാട്ടിനോ ,ബഷീറിനോ, ചെറുകാടിനോ കിട്ടിയ മാധ്യമശ്രദ്ധ എന്തുകൊണ്ട് കിട്ടിയില്ല എന്ന ചോദ്യം ഉന്നയിച്ചുകൊണ്ടാണ് പി ഗോവിന്ദപ്പിള്ള സാംസ്കാരിക ഭൌതികവാദവും പൈങ്കിളിയുടെ ശാപമോക്ഷവും എന്ന ലേഖനം തുടങ്ങുന്നത്.ജനപ്രിയ സാഹിത്യത്തോട് നമ്മുടെ വരേണ്യ നിരൂപകന്മാര്‍ക്ക് മതിപ്പു കുറവായതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് പി ജി ആക്ഷേപിക്കുന്നു.കാരണം അത്തരം കൃതികള്‍ക്ക് സാഹിത്യമൂല്യം തുലോം കുറവാണെന്ന സങ്കല്പമാണ് നിരൂപകര്‍ക്ക് ഉള്ളത്.എന്തുകൊണ്ടാണ് നിരൂപകര്‍ ഇങ്ങനെ ചിന്തിക്കുന്നത് ?
            റെയ്മണ്ട് വില്യംസിന്റെ സാംസ്കാരിക ഭൌതികവാദം ( Cultural Materialism ) ഈ ചോദ്യത്തിനുള്ള ഉത്തരമാണ് കണ്ടെത്താന്‍ ശ്രമിക്കുന്നത്. സമൂഹത്തെ രണ്ടോ മൂന്നോ തരത്തില്‍ വിഭജിച്ചിരിക്കുന്ന സംസ്കാരങ്ങളുടെ സമന്വയമായിട്ടാണ് നോക്കിക്കാണേണ്ടത്.അവയില്‍ ഒന്നാമത്തേത് , വരേണ്യ അഥവാ മേലാള സംസ്കാരമെന്നും രണ്ടാമത്തേത് അടിയാള അഥവാ കീഴാള സംസ്കാരമെന്നും തിരിച്ചിരിക്കുന്നു. ഇവ രണ്ടിനുമിടയില്‍ ഒരു ഇടനില അഥവാ മധ്യവര്‍ഗ്ഗ സംസ്കാരം കൂടി ഉരുത്തിരിഞ്ഞു വരുന്നു. ജനപ്രിയസാഹിത്യത്തെ കീഴാളസംസ്കാരത്തിന്റെ ഉത്പന്നമായിട്ടാണ് മേലാളര്‍ കാണുന്നത്. കീഴാളരുടേതായി സങ്കല്പിക്കപ്പെട്ടുപോരുന്ന എന്തിനേയും അനഭിജാത(?)മായി കാണാനും വിലയിരുത്തുവാനുമാണല്ലോ മേലാളസംസ്കാരം എപ്പോഴും ശ്രമിക്കാറുള്ളത്. അത്തരം വിലയിരുത്തലുകളുടെ ഭാഗമായിട്ട് ജനപ്രിയസാഹിത്യത്തിന് വരേണ്യസാഹിത്യത്തെ അപേക്ഷിച്ച് അപകര്‍ഷതയുണ്ട് എന്ന ധാരണ പരത്താന്‍ മേലാളവര്‍ഗ്ഗത്തിന് കഴിയുന്നു.അത് അവര്‍ക്ക് എളുപ്പവുമാണ്. കാരണം അധികാരവും ആള്‍ബലവുമൊക്കെ എല്ലാക്കാലത്തും മേലാളരോടൊപ്പമാണല്ലോ.
            സാംസ്കാരിഭൌതികവാദം മുന്നോട്ടു വെക്കുന്ന ആശയമണ്ഡലങ്ങള്‍ അതിസൂക്ഷ്മമായി മനസ്സിലാക്കപ്പെടേണ്ട ഒന്നാണ്. അധികാരവും അധികാരമില്ലായ്മയും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ എല്ലാക്കാലത്തും നിലനിന്നിരുന്ന സമൂഹങ്ങളിലെ ആവിഷ്കരണോപാധികള്‍ , അധികാരികളുമായി ചേര്‍ന്നു നില്ക്കുന്നതിനാണ് താല്പര്യപ്പെടുന്നത് എന്ന കാര്യം സ്പഷ്ടമാണ്.ഈ താല്പര്യത്തോട് ഇടയുകയും ഏറ്റുമുട്ടുകയും ചെയ്യുന്നതാണ് നിര്‍മാണാത്മകമായ എല്ലാ മുന്നേറ്റങ്ങളുടേയും കാരണം.അതുകൊണ്ട് സാംസ്കാരികധാരയില്‍ മേലാളന്മാര്‍ക്ക് മാത്രമല്ല , കീഴാളന്മാര്‍ക്കും മധ്യവര്‍ത്തികള്‍ക്കും തുല്യപ്രാധാന്യമുണ്ട് എന്നു വേണം ഒരാധുനിക സമൂഹം വിലയിരുത്താന്‍. വരേണ്യസാഹിത്യത്തിന് ഇല്ലാത്ത ഒരു കോട്ടവും ജനപ്രിയസാഹിത്യത്തിനുമില്ല എന്ന തിരിച്ചറിവ് നമുക്കുണ്ടാകണം.
            ജാതിയുമായോ വര്‍ഗ്ഗങ്ങളുമായോ മാത്രം ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണ് സാംസ്കാരിഭൌതികവാദം  എന്ന് ധരിക്കരുത്.അത് വ്യക്തിയുടെ ഉള്ളിലെ വൈരുധ്യങ്ങളെപ്പോലും വിലയിരുത്തുന്നു.ഒരു ചെറിയ കുറിപ്പില്‍ അത് വിശദീകരിക്കുക അസാധ്യമാണ്. പക്ഷേ , ആര്‍ത്തവത്തോടുള്ള പ്രതിലോമകരമായ സമീപനം രണ്ടു സംസ്കാരങ്ങളുടെ ഏറ്റുമുട്ടലാണെന്ന് പറയുമ്പോള്‍ കുറച്ചൊന്ന് വ്യക്തമാകുമെന്ന് പ്രതീക്ഷിക്കട്ടെ.