#ദിനസരികള്‍ 129
നാവുകളരിഞ്ഞ് കെട്ടിത്തൂക്കിയിടപ്പെട്ട
ഇരുണ്ട കാലത്തെക്കുറിച്ച് സച്ചിദാനന്ദന്‍ നാവുമരം എന്നൊരു കവിത എഴുതിയിട്ടുണ്ട്.
പാടാനും പറയാനും വിലക്കുകളുണ്ടായിരുന്ന അക്കാലത്തെ അടയാളപ്പെടുത്തിയത്
അടിയന്തിരാവസ്ഥ എന്ന പേരിലായിരുന്നു. ഒരമ്മയും മകനും ആസേതുഹിമാചലം , തങ്ങളുടെ
അധികാരത്തെ ഊട്ടിയുറപ്പിക്കാന്‍ വ്യഗ്രതപ്പെട്ടപ്പോള്‍ പ്രതിഷേധങ്ങളുടേയും
പ്രതിരോധങ്ങളുടേയും രൂപത്തില്‍ നമ്മുടെ സാംസ്കാരിക ലോകം ജനാധിപത്യത്തിനുവേണ്ടി
കോട്ടകള്‍ കെട്ടി.അടക്കിഭരണം അനുവദിക്കില്ല എന്ന നിലപാടിന് പകരം ജീവന്‍ പോലും
ബലികഴിക്കേണ്ടി വന്ന സന്ദര്‍ഭങ്ങളുണ്ടായി. പരാജയപ്പെടാന്‍ ജനാധിപത്യത്തിന്റെ
നേരവകാശികളായ സാംസ്കാരിനായകന്മാര്‍ക്ക് മനസ്സുണ്ടായിരുന്നില്ല.നാവടക്കാനും
അടങ്ങാത്തവയെ അരിഞ്ഞെടുക്കാനുമുള്ള കല്പനകളെ അവര്‍ വെല്ലുവിളിച്ചു. നോക്കുക.
നാട്ടമ്മ നല്ല തേവി
നാവെല്ലാമരിഞ്ഞ നാളില്‍
നാവിലൊന്നു മുളപൊട്ടി
നാളുതോറും നീണ്ടു വന്നു
നാറാണക്കല്ലില്‍ നിന്നും
നാരായ വേരു പൊട്ടി –
നാടിന്റെ നട്ടെല്ലായി നാവു മരം മുളച്ചത് അങ്ങനെയായിരുന്നു.അറുത്തെടുക്കാന്‍
ശ്രമിക്കവേ ആയിരം നാവിലകളുമായി മരം പൂര്‍വ്വാധികം ശക്തിനേടുകയും നല്ല തേവിയെ
വെല്ലുവിളിക്കുകയും ചെയ്തു. അടിയന്തിരാവസ്ഥക്കെതിരെ നിലപാടുകൊണ്ടവരുടെ അവസ്ഥ പ്രതിരോധങ്ങളെ
പ്രതിനിധാനം ചെയ്ത ആ നാവുമരത്തെപ്പോലെയായിരുന്നു.വെട്ടിയിട്ടിട്ടും അവര്‍ക്കു നാവു
മുളച്ചുകൊണ്ടേയിരുന്നു. അത് ചിരിക്കാനും ചിന്തിക്കാനും പറയാനും എഴുതാനുമുള്ള
സ്വാതന്ത്യത്തിന് വേണ്ടിയായിരുന്നു. വൈലോപ്പിള്ളി എഴുതി.
പശുവും കിടാവും ഹാ പണ്ടേ
താന്‍ നമുക്കിഷ്ടം
പശു കുത്തൂന്നു പക്ഷേ
പാലീമ്പും പൈക്കുട്ടനോ
ഒരു വര്‍ഷത്തിനുള്ളിലോരാതെ
വളര്‍ന്നുങ്കാല്‍
ചുര മാന്തി നേര്‍ക്കുന്നു
ചുവപ്പു കാണും ദിക്കില്‍ - അടിയന്തിരാവസ്ഥയുടെ വക്താക്കളും
പ്രയോക്താക്കളുമായിരുന്ന കക്ഷിക്ക് ചുവപ്പിനോടുള്ള വെറുപ്പു സൂചിപ്പിച്ചുകൊണ്ട്
വൈലോപ്പിള്ളി കുറച്ചൂകൂടി വസ്തുനിഷ്ടമായി സാഹചര്യത്തെ വിലയിരുത്തുന്നു.ഒരു
മണിക്കൂറുനേരം യുക്തിയുക്തം ശക്തിയായ പ്രസംഗിച്ചതിനുശേഷം വാര്‍ത്താലേഖകനോട്
എങ്ങനെയുണ്ടെന്റെ പ്രസംഗം എന്നു ചോദിച്ചപ്പോള്‍ താങ്കള്‍ പ്രസംഗിച്ചുവോ എന്ന്
തിരിച്ചുചോദിക്കുന്ന ലേഖകനെക്കുറിച്ച് വൈലോപ്പിള്ളി പറയുന്നുണ്ട്.
അടിയന്തിരാവസ്ഥയെ നാടൊന്നടങ്കം എതിര്‍ത്തുനിന്നു.സാംസ്കാരികലോകം
അതിനെ മുന്നോട്ടു നയിച്ചു. സംശയമില്ല.പക്ഷേ അടിയന്തിരാവസ്ഥയെക്കാള്‍ ഭീതിദമായ
സമകാലികഫാസിസ്റ്റ് വാഴ്ചകള്‍ക്കെതിരെ ഫലപ്രദമായ ഒരു പ്രതിരോധമാകുവാന്‍ നമുക്ക്
കഴിയാത്തതെന്ത് ? ജനതയുടെ
അഭിമാനബോധത്തിനുമുകളില്‍ സാംസ്കാരിധാരണകള്‍ക്കുമുകളില്‍ നവോത്ഥാനമൂല്യങ്ങള്‍ക്കുമുകളില്‍
ചരിത്രസത്യങ്ങള്‍ക്കുമുകളില്‍ കാളികൂളികള്‍ ആര്‍ത്തട്ടഹസിക്കുമ്പോളും നാം
മിണ്ടാതിരിക്കുന്നതെന്ത് ?
ഈ ദശാസന്ധിയിലെ നമ്മുടെ മൌനം അക്രമികള്‍ക്കുള്ള ഒത്താശയായി
നാളെ വരുന്ന തലമുറ വിലയിരുത്തുകയും ജനാധിപത്യത്തെ ഒറ്റിക്കൊടുത്തവരുട
കള്ളികളിലേക്ക് നമ്മെ മാറ്റി നിറുത്തുകയും ചെയ്യും.
Comments