Saturday, July 1, 2017

#ദിനസരികള്‍ 80


രണ്ടുമാസം മുന്നേ ഞാനോടിച്ചുകൊണ്ടിരുന്ന വാഹനം ഒരു അപകടത്തില്‍‌പ്പെട്ടു.മറ്റൊരു വണ്ടിയുമായി കൂട്ടിയിടിച്ചുണ്ടായ ആ അപകടത്തില്‍ കാര്യമായ പരിക്ക് ഇരുകൂട്ടര്‍ക്കും പറ്റിയില്ല.ഇടിയുടെ ഫലമായി രണ്ടുവണ്ടികളും ഓവുചാലിലേക്ക് വീണു. ഡോറു തുറന്ന് വണ്ടിയില്‍ നിന്നും പുറത്തിറങ്ങി തൊട്ടപ്പുറത്ത് വീണുകിടക്കുന്ന മറ്റേവണ്ടിക്കാരുടെ സമീപത്തേക്ക് എത്തുമ്പോഴേക്കും ഫോണിലേക്ക് ഓപ്പണ്‍ ന്യൂസര്‍ എന്ന വാര്‍ത്താധിഷ്ടിത ഓണ്‍‌ലൈന്‍ ഗ്രൂപ്പില്‍ നിന്ന് എന്തു പറ്റിയെടാ എന്ന് ചോദിച്ച് സജയന്റെ വിളിയെത്തി. എന്നെ അക്ഷരാര്‍ത്ഥത്തില്‍ വിസ്മയിപ്പിച്ച ഒരു ഫോണ്‍‌കോളായിരുന്നു അത്. അപകടം നടന്ന് ഏതാനും നിമിഷങ്ങള്‍ മാത്രമേ ആയിട്ടുണ്ടായിരുന്നുള്ളു. ആരേയും വിളിച്ചറിയിക്കാനുള്ള സമയം കിട്ടിയിരുന്നില്ല. എന്തു പറ്റി എന്ന് ഞാന്‍തന്നെ ആലോചിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആ സമയത്ത് എത്തിയ  സജയന്റെ വിളി എന്നില്‍ അമ്പരപ്പുണ്ടാക്കാതെ തരമില്ലല്ലോ.
            വയനാട് ജില്ല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഓപ്പണ്‍ ന്യൂസര്‍ എന്ന ഓണ്‍‌ലൈന്‍ കൂട്ടായ്മ ആദ്യമായി രൂപീകരിക്കപ്പെട്ടത് വാട്ട്സാപ്പ് രംഗത്താണ്.പിന്നീട് ഫേസ്ബുക്കിലും വെബ് സൈറ്റിലുമൊക്കെയായി പ്രവര്‍ത്തനം വ്യാപിപ്പിച്ച ഓപ്പണ്‍ ന്യൂസര്‍ , ഇപ്പോള്‍ ആപ്പിലേക്കും എത്തിച്ചേര്‍ന്നിരിക്കുന്നു. വിവിധ ഗ്രൂപ്പുകളിലായി ഏകദേശം അയ്യായിരത്തോളം ആളുകള്‍ ഓപ്പണ്‍ ന്യൂസറിനുണ്ട്. അത് പ്രത്യക്ഷ ഉപയോക്താക്കളുടെ  കണക്കാണ്. പരോക്ഷമായി ന്യൂസറിനെ ആശ്രയിക്കുന്നവരുടെ എണ്ണം പതിനായിരക്കണക്കിനാണ്. ഗ്രൂപ്പിലെ അംഗങ്ങളെത്തന്നെ റിപ്പോര്‍ട്ടര്‍മാരാക്കുകയും അവരിലൂടെ നാടിന്റെ നാനാഭാഗത്തും നടക്കുന്ന സംഭവങ്ങളെ ഗ്രൂപ്പ് അഡ്മിനിലേക്ക് എത്തിക്കുകയും ആ സംഭവങ്ങളില്‍ ജനങ്ങള്‍ അറിയേണ്ടവയെ വാര്‍‌ത്തകളാക്കി വിതരണം നടത്തുകയും ചെയ്യുന്നു എന്നുള്ളതാണ് ഓപ്പണ്‍ന്യൂസറിന്റെ പ്രവര്‍ത്തനരീതി. വാര്‍ത്തകളെ വളച്ചൊടിക്കാതെയും കൃത്യതയോടെയും ജനങ്ങളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞതിന്റെ ഫലമായി ജനങ്ങളുടെയിടയില്‍ വിശ്വാസ്യത ആര്‍ജ്ജിക്കാന്‍ കുറഞ്ഞ കാലം കൊണ്ട് ഓപ്പണ്‍ ന്യൂസറിനായി എന്നത് ഈ ഗ്രൂപ്പിന്റെ അമരക്കാനായ കെ എസ് സജയന് അഭിമാനിക്കാന്‍ വകയുള്ള കാര്യമാണ്.
            ഓപ്പണ്‍ ന്യൂസര്‍ അനുകരണീയമായ ഒരു മാതൃകയാണ്.  മാധ്യമങ്ങളുടെ കുത്തകവത്കരണമുണ്ടാക്കുന്ന പക്ഷപാതിത്തം വാര്‍ത്താപ്രക്ഷേപണത്തിന്റെ ചേരിചേരാനയത്തെ പ്രതികൂലമായി ബാധിച്ചുകൊണ്ടിരിക്കുന്ന മുതലാളിത്തത്തിന്റെ വര്‍ത്തമാനകാലത്ത് ഓപ്പണ്‍ ന്യൂസര്‍ പോലെയുള്ള ജനകീയ കൂട്ടായ്മകള്‍ ഉയര്‍ത്തുന്ന ബദല്‍ സാധ്യതകള്‍ നിഷ്പക്ഷമായ വാര്‍ത്തകള്‍ക്ക് വേണ്ടി കാത്തിരിക്കുന്നവരെ തൃപ്തിപ്പെടുത്തുകതന്നെ ചെയ്യും.
           
           
           
           
Friday, June 30, 2017

#ദിനസരികള്‍ 79


Through the long years
I sought peace,
I found ecstasy, I found anguish,
I found madness,
I found loneliness,
I found the solitary pain
that gnaws the heart,
But peace I did not find.
Now, old & near my end,
I have known you,
And, knowing you,
I have found both ecstasy & peace,
I know rest,
After so many lonely years.
I know what life & love may be.
Now, if I sleep,
I shall sleep fulfilled.
            ബര്‍ട്രന്റ് റസ്സല്‍ , തന്റെ ആത്മകഥ ഈഡിത്തിന് സമര്‍പ്പിച്ചുകൊണ്ട് എഴുതിയതാണ് ഈ വരികള്‍. നിത്യ ചൈതന്യ യതി റസ്സല്‍ എന്തിനുവേണ്ടി ജീവിച്ചു എന്ന ലേഖനത്തില്‍ ഈ സമര്‍പ്പണം മലയാളീകരിച്ചു ചേര്‍ത്തത് ചുവടെ
            ദീര്‍ഘമായ അനേകം സംവത്സരങ്ങള്‍കൂടി
ഞാന്‍ ശാന്തി അന്വേഷിച്ചു.
എനിക്ക് ഹര്‍‌ഷോന്മാദമുണ്ടായി
ഞാന്‍ ദുഖവിവശനായി
ഉന്മാദത്തെ ഞാന്‍ മുഖത്തോടു
മുഖം കാണുകയുണ്ടായി
ഏകാന്തത എന്നെ ചകിതനാക്കിയിട്ടുണ്ട്
ക്രൂരമായ നിരാകരണത്തിന്റെ വേദന
എന്റെ ഹൃദയത്തെ കാര്‍ന്നു തിന്നിട്ടുണ്ട്
എന്നാല്‍ ശാന്തി മാത്രം എനിക്കു ലഭിച്ചില്ല
ഇപ്പോള്‍ വൃദ്ധനായി
അന്ത്യത്തോട് ഞാനടുത്തിരിക്കുന്നു
അപ്പോഴാണ് നിന്നെ അറിയുവാനിടയായത്
നിന്നെ അറിഞ്ഞതോടെ
എനിക്ക് സന്തോഷവും ശാന്തിയും
ലഭിച്ചിരിക്കുന്നു
ഇപ്പോള്‍ വിശ്രമമെന്തെന്ന് ഞാനറിയുന്നു
ഏകാകികയായി കഴിഞ്ഞ വര്‍ഷങ്ങളനവധി
ഒരു പക്ഷേ ജീവനും സ്നഹവും എന്തെന്ന്
ഞാനറിഞ്ഞെന്ന് പറയാം
ഇനിയും ഞാനുറങ്ങിയാല്‍
അത് കൃതകൃത്യന്റെ ഉറക്കമായിരിക്കും
            ഞാന്‍ എന്നും സ്നേഹം തേടി അലയുന്നവനായിരുന്നു.എന്തുകൊണ്ടെന്നാല്‍ സ്നേഹം സാക്ഷാത്കരിക്കുമ്പോഴെല്ലാം ഒരുവനെ അത് ആനന്ദഭരിതനാക്കുന്നു.ഏതാനും മണിക്കൂറുകള്‍ മാത്രമേ സ്നേഹംകൊണ്ട് ആനന്ദാനുഭൂതി ഉണ്ടാവുകയുള്ളുവെങ്കിലും അതിനുവേണ്ടി ജീവിതത്തിന്റെ ശേഷിക്കുന്ന ഭാഗം മുഴുവന്‍ പരിത്യജിക്കുവാന്‍ പോലും ഞാന്‍ എന്നും തയ്യാറായിരുന്നു.സ്നേഹത്തെ സ്നേഹത്തെ തേടുവാനുള്ള വേറൊരു കാരണം അതു നല്കുന്ന സഖിത്വമാണ്.ഏകാന്തതയില്‍നിന്നും അത് മോചനം നല്കുന്നു.അന്തരാത്മാവില്‍ കുടുങ്ങിപ്പോകുന്ന ബോധത്തോടെ ഒരുവന്‍ ജീവന്റെ അതിരോളമെത്തി തനിക്ക് ആരുമില്ലെന്ന ബോധ്യത്തോടെ നിര്‍ജ്ജീവമായ ശൂന്യതയുടെ ആഴത്തിലേക്ക് നോക്കി നില്‍‌നില്ക്കേണ്ടി വരുമെങ്കില്‍ അതിനെക്കാള്‍ ഭയാനകമായി ഒരുവന് എന്താണുള്ളത് ?  സ്നേഹത്തെ തേടുവാന്‍ ഇനിയൊരു കാരണം കൂടി ഞാന്‍ പറയട്ടെ.സ്വര്‍ഗ്ഗാനുഭൂതി പോലെ എന്തോ ഒന്ന് കവികളും വിശുദ്ധന്മാരും പ്രേമസായൂജ്യത്തിലുള്ളതായി സങ്കല്പിക്കുന്നില്ലേ ? അത് എന്ത് എന്നറിയുവാന്‍ ഞാനും ആഗ്രഹിക്കുന്നു.അപ്രകാരമുള്ള ഒരു ഗൂഡാനുഭവം നല്കിയേക്കാവുന്ന ആനന്ദാനുഭവം മനുഷ്യന് പ്രാപ്യമാണോ എന്ന് എനിക്ക് നിശ്ചയമില്ലെങ്കിലും ഞാന്‍ അതിനെ കാംക്ഷിക്കുന്നുണ്ടായിരുന്നു റസ്സലിന്റെ വാക്കുകളാണ്.വിശ്വമാകെ വ്യാപിച്ചു നിന്ന മഹാപ്രതാപിയായ ചിന്തകന്റെ വാക്കുകള്‍. മനുഷ്യന് ജീവിക്കുവാനുള്ള ത്വര നല്കുന്നതില്‍ സ്നേഹം എന്ന വികാരത്തിന് അതുല്യമായ പങ്കാളിത്തമുണ്ട്.സ്നേഹത്തിന്റെ അഭാവം മനുഷ്യനെ പൈശിചികനാക്കുന്നു. സമൂഹത്തിന്റെ കെട്ടുറപ്പിനെപ്പോലും ബാധിക്കുന്നു അതുകൊണ്ടാണ് നമ്മുടെ ആശാന്‍ , സ്നേഹം താൻ ജീവിതം ശ്രീമൻ- സ്നേഹ വ്യാഹതി തന്നെ മരണം എന്ന് പാടിയത്.

            സ്നേഹിക്കപ്പെടാന്‍ ആഗ്രഹിക്കാത്തവരായി ആരുണ്ട് ? പക്ഷേ സ്നേഹിക്കപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ സ്നേഹം പകര്‍ന്നുകൊടുക്കാനും തയ്യാറാകണമെന്നുമാത്രം.

Thursday, June 29, 2017

#ദിനസരികള്‍ 78


ആദ്യം തന്നെ പറയട്ടെ ഞാന്‍ മദ്യപാനത്തിന് എതിരല്ല. പക്ഷേ സ്വന്തം ശരീരസ്ഥിതിയും സാമ്പത്തിക സ്ഥിതിയും പരിഗണിക്കാതെ തികഞ്ഞ മദ്യപാനികളാകുന്നവരോട് യോജിക്കാന്‍ വയ്യ. കടം മേടിച്ചും സ്വന്തക്കാരുടെ ആഭരണങ്ങ‍ള്‍ പണയം വെച്ചും കുടിക്കുന്നവരെ എനിക്ക് നേരിട്ടറിയാം. എന്തിനധികം സ്വന്തം കുഞ്ഞിന് നോട്ടുബുക്ക് വാങ്ങാന്‍ വെച്ച പണംപോലും മദ്യംവാങ്ങിക്കാന്‍ വിനിയോഗിച്ച ആളുകളുമുണ്ട്. അത്തരക്കാര്‍ അവരുടെ കുടുംബത്തിന്റേയും നാടിന്റേയും ശാപമാണ്.ആവര്‍ത്തിക്കട്ടെ , ഒരിക്കലും മദ്യപാനം മോശമാണെന്നല്ല ഞാന്‍ പറയുന്നത് , കുടിയോടുകുടി മോശമാണെന്നാണ്.
            മാതൃഭൂമി പ്രസിദ്ധീകരിച്ച മനോരോഗങ്ങളെ മനസ്സിലാക്കാം എന്ന പുസ്തകത്തില്‍ മദ്യത്തോടുള്ള അടിമത്തം തിരിച്ചറിയാനുള്ള വഴികള്‍ കൊടുത്തിരിക്കുന്നു.1.മദ്യപിക്കാനുള്ള അതിയായ ആഗ്രഹം 2.സ്വന്തം നിലക്ക് അളവ് കുറക്കാനോ നിര്‍ത്താനോ കഴിയാത്ത അവസ്ഥ.3 മദ്യം കിട്ടാത്തപ്പോള്‍ ശാരീരികവും മാനസികവുമായുണ്ടാകുന്ന അസ്വസ്ഥകള്‍ 4. എത്ര കഴിച്ചാലും ഫിറ്റാകുന്നില്ല എന്ന തോന്നല്‍ 5.മദ്യം കൊണ്ടുള്ള ദോഷഫലങ്ങള്‍ കണ്ടുതുടങ്ങിയാലും മദ്യപാനം തുടരല്‍ . ഇതൊക്കെ പൊതുവായ ചില അവസ്ഥാ വിശേഷങ്ങളാണ്.കാരണം എന്തുതന്നെയായാലും മദ്യപിക്കുക എന്നതു മാത്രം ലക്ഷ്യമാകുന്നതാണ് മിക്കവരുടേയും രീതി. അതായത് സുഹൃത്തിന് ആക്സിഡന്റ് പറ്റി എന്നു കേട്ടാന്‍ സങ്കടം മാറ്റാനും മദ്യം , എന്നാല്‍ കേട്ടത് തെറ്റാണെന്ന് വന്നാലുണ്ടാകുന്ന സന്തോഷം ആഘോഷിക്കാനും മദ്യം എന്നതാണ് കണക്ക്.
            മദ്യപരുടെ ശാരീരികവും മാനസികവുമായ പ്രശ്നങ്ങള്‍ നിരവധിയാണ്.ആമാശയത്തേയും കുടലിനേയും കരളിനേയുമൊക്കെ ബാധിക്കുന്നതാണ് മദ്യപാനം എന്ന കാര്യം ഏതു കൊച്ചു കുടിയനും അറിയാവുന്നതാണ്. എന്നാല്‍ പലരും തെറ്റിദ്ധരിച്ചിരിക്കുന്നത് മദ്യപാനം ലൈംഗികശേഷി കൂട്ടുമെന്നാണ്. സത്യത്തില്‍ കുറക്കുകയാണ് ചെയ്യുക.സ്ഥിരമദ്യപാനം നാഡി ഞരമ്പുകള്‍ക്ക് ബലക്ഷയം ഉണ്ടാക്കുന്നുണ്ട്.  കൂടാതെ  സോറിയാസിസും മറ്റു ത്വഗ് രോഗങ്ങളും വര്‍ദ്ധിപ്പിക്കുന്നുവെന്നും ടി പുസ്തകം പറയുന്നു. പുസ്തകത്തില്‍ നിന്ന് തുടര്‍ച്ചയായി മദ്യപിക്കുന്നവരില്‍ തലച്ചോറിന്റെ വലുപ്പം കുറയുന്നതോടൊപ്പം ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമുള്ള കഴിവും കുറയുന്നു.നാഡിഞരമ്പുകള്‍ക്ക് സംഭവിക്കുന്ന കേടുപാടുകള്‍ കാരണം കൈകാലുകളില്‍ വിട്ടുമാറാത്ത വേദനയും പുകച്ചിലുമുണ്ടാകും.
            ചെയ്യേണ്ട കാര്യങ്ങള്‍ പിന്നത്തേക്ക് മാറ്റിവെക്കുക എന്നത് ഇവരുടെ ഒരു ശീലമാണ്.എന്നിട്ട് അത് ചെയ്യാന്‍ കഴിയാത്തതിന് മറ്റുകാരണങ്ങള്‍ കണ്ടെത്തുകയും മറ്റുള്ളവരുടെ തലയില്‍ ചാര്‍ത്തിക്കൊടുക്കുകയും ചെയ്യുക എന്നത് മദ്യപരുടെ ഒരു സ്ഥിരം വിനോദമാണ്. തങ്ങളുടെ വീഴ്ചകള്‍ക്ക് മറ്റുള്ളവരാണ് കാരണം എന്നാണ് ഇവര്‍ ചിന്തിക്കുന്നത്.ചെറുപ്പകാലത്ത് മദ്യാസക്തി പിടിപെട്ടവരുണ്ടെങ്കില്‍ ഒരു നാല്പതു നാല്പത്തഞ്ചു വയസ്സാകുമ്പോഴേക്കും അവരുടെ ശാരീരികാവസ്ഥ അതി ദയനീയമായിട്ടുണ്ടാകും. എന്നാലും തങ്ങള്‍ക്കെന്തെങ്കിലും കുഴപ്പമുണ്ടെന്ന് സമ്മതിക്കില്ലെന്ന് മാത്രവുമല്ല , ഒന്നുമില്ലെന്ന് നമ്മെ അഭിനയിച്ചു ബോധിപ്പിക്കുക കൂടി ചെയ്യും ചിലര്‍.മറ്റു രോഗങ്ങളെപ്പോലെ മദ്യാസക്തിയും ഒരു രോഗമാണെന്നും അതിന് ചികിത്സ വേണ്ടതാണെന്നുമുള്ള ധാരണയില്‍ വേണം നാം അവരെ സമീപിക്കാന്‍.

             ദീര്‍ഘകാലമായി എന്നോട് മദ്യപാനത്തില്‍ നിന്ന് രക്ഷപ്പെടണം രക്ഷപ്പെടണം എന്ന് ആവര്‍ത്തിച്ച് പറയുന്ന എന്റെ ഒരു സുഹൃത്തിന് ഈ കുറിപ്പ് സമര്‍പ്പിക്കട്ടെ.

Wednesday, June 28, 2017

#ദിനസരികള്‍ 77


            സഖാവ് കാനം രാജേന്ദ്രന് സി പി ഐ എമ്മിനെതിരെ പറയാന്‍ നൂറു നാവാണ്.മറ്റു വിഷയങ്ങളില്‍ അദ്ദേഹത്തിനോ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കോ നിലപാടില്ലെങ്കിലും സി പി ഐ എമ്മിനെതിരെ പറയാന്‍ കിട്ടുന്ന ഒരവസരവും കാനം ഈടാക്കാതിരിക്കില്ല. ഇടതുപക്ഷമെന്നോ ഭരണകക്ഷിയെന്നോ ഉള്ള ചിന്ത ഇല്ലാതെ നിര്‍ദ്ദാക്ഷിണ്യം അദ്ദേഹം നിലപാട് പ്രഖ്യാപിച്ചുകളയും.ഇക്കാര്യത്തിന് ചരിത്രത്തില്‍ എത്രയോ ഉദാഹരണങ്ങളുണ്ട്! പ്രതിപക്ഷകക്ഷികളെക്കാള്‍ ആത്മാര്‍ത്ഥതയോടെ ഇടതുപക്ഷത്തെ ശക്തിപ്പെടുത്താനുള്ള അദ്ദേഹത്തിന്റെ പ്രയത്നങ്ങള്‍ കാണുമ്പോള്‍ കണ്ണുനിറയാതിരിക്കുന്നവര്‍ കമ്യൂണിസ്റ്റ് ബോധമില്ലാത്തവരാണെന്നു കൂടി ഞാന്‍ പറയും.ചെമ്പനോട എന്നൊരു വില്ലേജ് ഉണ്ടെന്ന് കാനം അറിയാത്തത്  നന്നായി. റവന്യു വകുപ്പ് ഏതെങ്കിലും സിപി ഐ എം മന്ത്രിമാരിലായിരുന്നുവെങ്കില്‍ കാണാമായിരുന്നു പൂരം.
            പക്ഷേ എത്ര പുലിയായിട്ടെന്താ കാര്യം.സ്വന്തം പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിക്കുപോലും സംസ്ഥാനസെക്രട്ടറിയെ ഭയമില്ലെന്നു വന്നാല്‍ അതില്‍പ്പരം മാനക്കേടുണ്ടോ ? ശൌര്യത്താല്‍ വിജൃംഭിച്ചു നില്ക്കുന്ന പുലിയുടെ മീശയില്‍ ഊഞ്ഞാലാടാന്‍ ധൈര്യമുള്ളവര്‍ കൂടെത്തന്നെയുണ്ടെങ്കില്‍പ്പിന്നെ നാട്ടിലിറങ്ങി നടക്കുന്നതെങ്ങനെ ? എന്നാല്‍ അതു സംഭവിച്ചു. തങ്ങള്‍ ഒറ്റക്ക് വിപ്ലവം നടത്തിക്കോളാമെന്ന് പ്രഖ്യാപിച്ച് ഏറ്റെടുത്ത ഇടുക്കി വിഷയത്തിലാണ് കാനത്തിന്റെ നിലപാടുകളെ തള്ളി അവിടത്തെ സി പി ഐ ജില്ലാസെക്രട്ടറി കെ ശിവരാമന്‍ അടക്കമുള്ളവര്‍ രംഗത്തു വന്നത്. കേരളം ഭരിക്കുന്നത് സിപിഎം ഒറ്റക്കല്ലെന്നും അവര്‍ ഒറ്റക്കു വിചാരിച്ചാല്‍ ഒന്നും നടക്കില്ലെന്നുമൊക്കെ പ്രഖ്യാപിച്ച കാനം മൈക്കിലെ പിടി വിട്ടതേയുള്ളു അപ്പോഴേക്കും സ്വന്തം പാര്‍ട്ടിയില്‍ നിന്നുതന്നെ കണക്കിനുകിട്ടി.
            വിഷയം ഒന്നടുത്തു പരിശോധിക്കുന്നത് നന്നായിരിക്കും. മൂന്നാറില്‍ നിലനില്ക്കുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജൂലൈ ഒന്നാംതീയതി മുഖ്യമന്ത്രി സര്‍വ്വകക്ഷി യോഗം വിളിക്കാന്‍ തീരുമാനിച്ചു.ആ നാട്ടിലെ പൊതുപ്രവര്‍ത്തകരെക്കൂടി പങ്കെടുപ്പിച്ചുകൊണ്ടുള്ള പ്രസ്തുത യോഗത്തിനെതിരെ കാനം രംഗത്തുവന്നു.യോഗം ബഹിഷ്കരിക്കുമെന്നും റവന്യു മന്ത്രി പങ്കെടുക്കില്ലെന്നും കാനും വ്യക്തമാക്കി.എന്നു മാത്രമല്ല മുഖ്യമന്ത്രിക്ക് സര്‍വ്വകക്ഷിയുടെ പ്രതിനിധിസംഘം നല്കിയ നിവേദനത്തില്‍ ഒപ്പിട്ടതിന് സി എ കുര്യനും കിട്ടി ശകാരം. കാനം സഖാവ് ഇങ്ങനെയൊക്കെ ഉറഞ്ഞു തുള്ളിക്കൊണ്ടിരിക്കുമ്പോഴാണ് ഇതൊന്നും കൂസാതെ ഇടുക്കിയിലെ സി പി ഐ സെക്രട്ടറി ശിവരാമന്‍‌ സഖാവ് സര്‍വ്വ കക്ഷികളുടെ കൂടെ മുഖ്യമന്ത്രിയെ കണ്ട് ഇടുക്കിയിലെ വിഷയങ്ങളില്‍ ഇടപെടണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം കൊടുക്കുന്നത്. എന്നു വെച്ചാല്‍ കാനം രാജേന്ദ്രന്‍ പറയുന്നതുവേറെ ഇടുക്കിയിലെ പാര്‍ട്ടി പറയുന്നതുവേറെ. സംസ്ഥാനസെക്രട്ടറി പറയുന്നത് സ്വന്തം പാര്‍ട്ടിയുടെ ജില്ലാസെക്രട്ടറി പോലും അവഗണിക്കുകയാണെങ്കില്‍പ്പിന്നെ ആരു പരിഗണിക്കാന്‍ ? എന്നു മാത്രവുമല്ല , കാനം എഴുന്നള്ളിച്ചുകൊണ്ടു നടക്കുന്ന റവന്യുമന്ത്രിയെ സി പി ഐ ജില്ലാഘടകത്തിന് വിശ്വാസവുമില്ല എന്നല്ലേ സൂചന ?  അതുകൊണ്ട് കാനം ഒന്നിരുന്ന് ആലോചിക്കുന്നത് നല്ലതാണ്.

            മീശ വിറപ്പിച്ചു നാട്ടിലിറങ്ങുന്നവന്‍ വീട്ടിലെത്തിയാല്‍ കട്ടിലിന്റെ കാല്ക്കലാണ് കിടപ്പ് എന്നര്‍ത്ഥം വരുന്ന ഒരു പഴഞ്ചൊല്ലുണ്ടായിരുന്നല്ലോ. മറന്നുപോയി.കഷ്ടം.

Tuesday, June 27, 2017

#ദിനസരികള്‍ 76


നിങ്ങള്‍ പ്രാര്‍ത്ഥിക്കാറില്ലേ ? എന്താണ് നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്നത് ? ലോകമാകെ സുഖം ഭവിക്കട്ടെ എന്നോ ? എനിക്കില്ലെങ്കിലും സാരമില്ല എന്റെ അയല്‍വാസികള്‍ക്ക് നല്കണമേ എന്നോ ? ഇത്തരത്തിലുള്ള , എനിക്കെന്നും എന്റേതെന്നും ഭാവമില്ലാത്ത പ്രാര്‍ത്ഥനകളാണ് നിങ്ങള്‍ നടത്തുന്നതെങ്കില്‍ നിങ്ങളൊരു പരമവിശുദ്ധനായിരിക്കണം. മാതാപിതാക്കളും മറ്റുമുതിര്‍ന്നവരും കൂടി മനസ്സില്‍ ദൈവഭയത്തിന്റെ വിത്ത് പാകിമുളപ്പിച്ചെടുക്കുന്ന ബാല്യകാലത്തുള്ള ഉവ്വാവ് വരുത്തല്ലേ ദൈവമേ എന്നതില്‍ തുടങ്ങി  പരീക്ഷ പാസ്സാക്കി പത്താംക്ലാസ് ജയിപ്പിക്കണേ ദൈവമേ എന്നു വരെയുള്ള എണ്ണമറ്റ പ്രാര്‍ത്ഥനകളില്‍ എനിക്കൊരിക്കലും മറ്റൊരാള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ കഴിഞ്ഞിട്ടേയില്ല. പട്ടിണിയുടെ കുട്ടിക്കാലത്ത് സ്കൂള്‍ വിട്ടു വീട്ടില്‍‌ച്ചെന്നാല്‍ കഴിക്കാനെന്തെങ്കിലും ഉണ്ടാവണേ എന്ന പ്രാര്‍ത്ഥനക്കായിരുന്നു ആവര്‍ത്തനസ്വഭാവം കൂടുതലുണ്ടായിരുന്നത്. ആ പ്രാര്‍ത്ഥനകളുടെ ഫലം മിക്കദിവസങ്ങളിലും ചക്കയായും മാങ്ങയായും കാച്ചിലായും കപ്പയായുമൊക്കെ രൂപം പൂണ്ട് സ്കൂളില്‍ നിന്ന് നാലുകിലോമീറ്ററോളം നടന്നെത്തുന്ന എനിക്കായി കാത്തിരുന്നു. അതായിരുന്നു എന്റെ മനസ്സില്‍ ഓര്‍മയുള്ള ഫലമുണ്ടായിട്ടുള്ള ആദ്യപ്രാര്‍ത്ഥന.അതിനെ പ്രാര്‍ത്ഥന എന്ന് വിളിക്കാമോയെന്ന് പറയാനാവില്ല. ഒരാഗ്രഹമെന്നു പറയാം. എന്റെ കുട്ടിക്കാലങ്ങളില്‍ അത്തരത്തിലുള്ള ആഗ്രഹങ്ങളുടെ അഥവാ പ്രാര്‍ത്ഥനകളുടെ  ധാരാളിത്തമുണ്ടായിരുന്നു. ഇല്ലായ്മയായിരുന്നു അത്തരം ആഗ്രഹങ്ങള്‍ക്ക് കാരണമായിരുന്നത്.
പിന്നീട് ദൈവമെന്ന മിഥ്യസങ്കല്പത്തിന്റെ സ്വപ്നരഥങ്ങളിലേറി സമയം പാഴാക്കാന്‍ എനിക്ക് താല്പര്യമുണ്ടായിരുന്നില്ല.ഏകദേശം പത്താംക്ലാസോടുകൂടി ദൈവം തെക്കോട്ടും ഞാന്‍ വടക്കോട്ടുമാണ് നടന്നത്. പക്ഷേ ദൈവമെന്ന കാല്പനികന്‍ മനുഷ്യനിലുണ്ടാക്കിയെടുത്ത സ്വാധീനങ്ങളെ പരിപൂര്‍ണമായും കുടഞ്ഞുകളയാന്‍ കഴിയും എന്ന് അവകാശപ്പെടുന്നത് അസ്ഥാനത്തായിരിക്കും. അത്രമാത്രം ആഴത്തില്‍ ദൈവമെന്ന ചെകുത്താന്‍ മനുഷ്യകുലത്തിന്റെ മുകളില്‍ രക്ഷപ്പെടാന്‍ അസാധ്യമായ വിധത്തില്‍ പിടിമുറുക്കിക്കഴിഞ്ഞു.
                        മുലയുണ്ണുമൊരുണ്ണിയേകിടും
                        പരമാനന്ദമറിഞ്ഞ ഒരമ്മയും
                        അവനോട് കിനാവിലെങ്കിലും
                        പറയില്ലാ ജഗദീശനിന്ദനം - എന്നത് സാര്‍വ്വലൌകികമായ ഒരു സത്യമാണ്.പക്ഷേ എന്റെ മനസ്സില്‍ ദൈവനിഷേധം നിറച്ചത് ഇടമറുകോ കോവൂരോ ആയിരുന്നില്ല എന്നതാണ് വസ്തത. അത് സ്വാമി വിവേകാനന്ദനും ശങ്കരാചാര്യരും ശ്രീനാരായണഗുരുവും ഗുരു നിത്യചൈതന്യയതിയുമൊക്കെയായിരുന്നു. ചെറുപ്പത്തില്‍ തോന്നിയ സന്യാസം എന്ന സൂക്കേടിന്റെ ഫലമായി നടത്തിയ ആത്മീയാന്വേഷണങ്ങള്‍ എന്നെക്കൊണ്ടെത്തിച്ചത് കടുത്ത ദൈവനിഷേധത്തിലേക്കായിരുന്നു. തികഞ്ഞ ഭൌതികവാദികള്‍ അഥവാ യുക്തിവാദികള്‍ പറയുന്നതുപോലെ വെറുതെ ദൈവം ഇല്ല എന്ന പറച്ചിലായിരുന്നില്ല അത്. ദൈവം ഇല്ല എന്നത് എനിക്കൊരു വിശ്വാസമാണ്. അങ്ങനെ ഉറപ്പിച്ചു പറയാന്‍ എനിക്ക് കഴിഞ്ഞത് അദ്വൈതദര്‍ശനത്തിന്റെ സഹായത്തോടെയായിരുന്നു എന്നു കൂടി അറിയുമ്പോഴാണ് വൈപരീത്യത്തിന്റെ കൌതുകം വ്യക്തമാകുന്നത്.

അപ്പോള്‍ പറഞ്ഞുവന്നത് , പ്രാര്‍ത്ഥനകള്‍ നമ്മുടെ ആഗ്രഹങ്ങള്‍ മാത്രമാണ്. നേരെപോയി ആഗ്രഹം സാധിച്ചെടുക്കാനുള്ള പരിമിതി കൊണ്ട് നാം ദൈവത്തെക്കൂടി കൂട്ടുപിടിക്കുന്നു.ദൈവം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചക്കവീണ് മുയലു ചത്താല്‍ ദൈവം സഹായിച്ചുവെന്നും ഇല്ലെങ്കില്‍ ദൈവം കൈവിട്ടു എന്നും നാം ന്യായീകരിക്കും , ഇയ്യോബിനെപ്പോലെ. അത് നമ്മുടെ ദൌര്‍ബല്യമാണ് . ആ ദൌര്‍ബല്യത്തിലാണ് ദൈവം സിംഹാസനമിട്ടിരിക്കുന്നത്. നിങ്ങളിലെ ദൌര്‍ബല്യത്തെ തള്ളിപ്പുറത്താക്കാന്‍ കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ദൈവത്തില്‍ നിന്നും രക്ഷപ്പെടാം. അല്ലെങ്കില്‍ ഇല്ലാത്ത ദൈവത്തിനു വേണ്ടി ജീവിതകാലം മുഴുവന്‍ ചോരയൊഴുക്കാം.ഏതു വേണമെന്ന് നിശ്ചയിക്കുന്നത് നിങ്ങളിലെ ത്യാജ്യഗ്രാഹ്യബുദ്ധിയുടെ ഏറ്റക്കുറച്ചില്‍ അനുസരിച്ചായിരിക്കും.

Monday, June 26, 2017

#ദിനസരികള്‍ 75


അമ്മ സൈറയില്‍ നിന്ന് കിട്ടിയ 1500 രൂപയുമായി വസ്ത്രം വാങ്ങാന്‍ ഡല്‍ഹിയിലേക്ക് തിരിച്ച ജുനൈദ് ഖാന്‍ എന്ന പതിനഞ്ചുവയസ്സുകാരന്‍ അസ്വാട്ടി റയില്‍‌സ്റ്റേഷനില്‍ ഒരു സംഘം ഹിന്ദുതീവ്രവാദികളുടെ ആക്രമണത്തില്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടു.അവനൊരു മുസ്ലിമായിപ്പോയി എന്ന ഒറ്റ കാരണത്താലാണ് കൊല്ലപ്പെട്ടത്. അവന്റെ സഹോദരങ്ങള്‍ക്കും ഗുരുതരമായ പരിക്കേറ്റ് ചികിത്സയിലാണ്.
            ഒറ്റപ്പെട്ട വാര്‍ത്തയൊന്നുമല്ല.വീട്ടില്‍ ആട്ടിറച്ചി സൂക്ഷിച്ചതിന് ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലക്ക് എന്ന മുസ്ലിമിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കിക്കൊണ്ടുപോയി തല്ലിക്കൊന്നത് നാം മറന്നിട്ടില്ലല്ലോ.അത്താഴം കഴിച്ച് കുടുംബത്തോടൊപ്പം ഉറങ്ങാന്‍ തയ്യാറെടുക്കുകയായിരുന്ന അഖ്‌ലക്കിനെ തല്ലിക്കൊല്ലാന്‍ ഭ്രാന്തിളകിയ ജനക്കൂട്ടത്തിന് മടിയേതുമുണ്ടായിരുന്നില്ല.കാരണം അയാളൊരു മുസ്ലീമാണല്ലോ
            പെഹ്‌ലൂഖാന്‍. രാജസ്ഥാനില്‍ നിന്ന് ഹരിയാനയിലേക്ക് കന്നുകാലികളെ കടത്തുന്നു എന്നാക്ഷേപിച്ചുകൊണ്ട് സംഘപരിവാരം അടിച്ചുകൊന്ന മറ്റൊരു മുസ്ലിം മത വിശ്വാസി.ജുനൈദിന്റെ ഹരിയാനയിലെ ജയ്സിങ്ങ്പൂര്‍ നിവാസി തന്നെയായ പെഹ്‌ലൂഖാന്‍ ചെയ്ത കുറ്റം ആട്ടിറച്ചി കഴിച്ചു എന്നതായിരുന്നു.
            പശുമോഷ്ടാക്കളെന്ന് ആരോപിച്ച് മൂന്നുപേരെ പശ്ചിമബംഗാളില്‍ തല്ലിക്കൊന്നു.മുഹമ്മദ് നസീറുല്‍ , മുഹമ്മദ് സമീറുദ്ദീന്‍ , നസീര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.എല്ലാവരും മുപ്പതിനോടടുത്ത പ്രായമുള്ളവര്‍.എല്ലാവരും പശുരാഷ്ട്രീയത്തിന്റെ ഇരകള്‍.
            എണ്ണിപ്പറയാന്‍ തുടങ്ങിയാല്‍ ഇനിയുമുണ്ട്. മുസ്ലിമായിപ്പോയി എന്ന ഒറ്റക്കാരണമല്ലാതെ കൊല്ലപ്പെടാന്‍  മറ്റൊന്നുംതന്നെ ആവശ്യമില്ലാത്ത സാഹചര്യത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നത്. പൊളിറ്റിക്കല്‍ ഹിന്ദുത്വയുടെ അജണ്ടകള്‍ വളരെ കൃത്യമായ ആസൂത്രണങ്ങളിലൂടെ നടപ്പിലാക്കപ്പെട്ടു കൊണ്ടിരിക്കുന്നു. ഉണ്ടാക്കപ്പെടുന്ന സംഘര്‍ഷങ്ങളുടെ ഉദ്ദേശം വര്‍ഗ്ഗീയധ്രൂവീകരണങ്ങള്‍ മാത്രമാകുന്നു.

ജനങ്ങള്‍ പരസ്പരം കൂടുതല്‍ കൂടുതല്‍ അകന്നുകൊണ്ടിരിക്കുന്നു. പരസ്പരം സ്നേഹവും ബഹുമാനവും ഉണ്ടാക്കിയെടുക്കേണ്ടതിനു പകരം വിദ്വേഷം വിതക്കുന്ന പ്രവണത വര്‍ദ്ധിച്ചു വരുന്നു. ജനങ്ങള്‍ വിഘടിച്ചുതന്നെ നില്ക്കണം എന്ന് ആഗ്രഹിക്കുന്നവരില്‍ നരേന്ദ്രമോഡിയും സര്‍ക്കാറും ഒന്നാമതാണ് എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. പ്രണബ് മുഖര്‍ജിയുടെ ഇഫ്താര്‍ വിരുന്നില്‍ നിന്ന് വിട്ടു നിന്നതോടെ , ഇന്ത്യയിലെ മുസ്ലിംവിഭാഗത്തോട് സമരസപ്പെട്ടുപോകാന്‍ ഞങ്ങള്‍ തയ്യാറല്ല എന്ന സന്ദേശമാണ് പ്രധാനമന്ത്രിയും കൂട്ടരും നല്കുന്നത്. തടയേണ്ടതിനു പകരം  ഇന്ത്യയുടെ പ്രധാനമന്ത്രി തന്നെ പ്രകോപനത്തിന് ആക്കം കൂട്ടുമ്പോള്‍ നാമിനി ആരിലാണ് പ്രതീക്ഷ അര്‍പ്പിക്കുക?

Sunday, June 25, 2017

#ദിനസരികള്‍ 74


ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു എന്ന കൃതിയിലൂടെ സുകുമാര്‍ അഴീക്കോട് ഉണ്ടാക്കിയെടുത്ത പ്രശംസനീയമായ മാതൃക പിന്തുടരാന്‍ മലയാളഭാഷയില്‍ അധികമാരും ഉണ്ടായില്ല എന്നത് വസ്തുതയാണ്. ശ്രമിച്ചവരാകട്ടെ ക്ഷിപ്രകോപികളായ മാതുലന്മാരെപ്പോലെ ഉറഞ്ഞുതുള്ളിയ ലറിമറിഞ്ഞു എന്നല്ലാതെ  കൃതിയെ വിളക്കത്തുവെച്ചു പഠിക്കുവാനും കാര്യകാരണസഹിതം നേട്ടകോട്ടങ്ങളെ സ്ഥാപിച്ചെടുക്കുവാനും കഴിവുള്ളവരായിരുന്നില്ല.ഇക്കാര്യത്തില്‍ മലയാളത്തിലെ  സമകാലികനിരൂപണ രംഗത്തുള്ള ഒരാളെ ഉദാഹരിക്കുവാനാണെങ്കില്‍ ബാലചന്ദ്രന്‍ വടക്കേടത്ത് എന്ന പേരുതന്നെ ധാരാളമാണ്. മണ്ഡനവിമര്‍ശനത്തിന്റെ വൈഷമ്യമില്ലാത്ത നേര്‍വഴികളല്ല ഖണ്ഡനവിമര്‍ശനത്തിന് ഊടും പാവുമിടുന്നത്. താന്താങ്ങളുന്നയിക്കുന്ന അഭിപ്രായങ്ങള്‍ക്കുപോല്‍ബലകങ്ങളായ ന്യായങ്ങള്‍ അപ്പപ്പോള്‍ പറഞ്ഞുവെച്ചും തന്റെ ആശയങ്ങളെ സ്ഥാപിച്ചെടുത്തും ഓരോ വരിയിലൂടേയും കടന്നു പോകുന്ന വിമര്‍ശകന്റെ യാത്ര സമതലങ്ങളിലൂടെയുള്ള സായാഹ്നസവാരിയല്ല , ഇടശ്ശേരി പറഞ്ഞതുപോലെ , നിമ്നോന്നതങ്ങളിലൂടെയുള്ള തേരുരുട്ടലാണെന്ന് ഈ കൃതി നമ്മെ പഠിപ്പിക്കുന്നു.
ജോസഫ് മുണ്ടശ്ശേരി , ഈ പുസ്തകത്തെക്കുറിച്ചുള്ള ഒരു ലേഖനം അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ് ഈ പുസ്തകം മലയാള കവിതയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വളരെ പ്രയോജനം ചെയ്യുന്ന ഒന്നാണ്.ശ്രീ ശങ്കരക്കുറുപ്പിന്റെ കൃതികളെക്കുറിച്ച് എഴുതിയതാണെന്നോ എഴുതിയത് ശ്രീ സുകുമാര്‍ അഴീക്കോടാണെന്നോ മനസ്സില്‍ വെക്കാതെ വായിക്കാന്‍ തയ്യാറുള്ളവര്‍ക്ക് പ്രത്യേകിച്ചുംകര്‍ത്താവിനല്ല , കൃതിക്കാണ് പ്രാമാണ്യമെന്ന് വ്യക്തമായി പറയുന്ന ഈ വരികള്‍ പുസ്തകം ഇറങ്ങിയ കാലത്തെ കോലാഹലം കൂടി മനസ്സില്‍ കണ്ടുകൊണ്ടായിരിക്കും മുണ്ടശ്ശേരി കുറിച്ചത്.നാല്പതുകൊല്ലക്കാലം കാവ്യസേവനം നടത്തി പേരെടുത്ത ഒരു കവി അടിമുടി അനുകരണക്കാരനാണെന്ന് സ്ഥാപിച്ചെടുക്കുന്നതിന് സുകുമാര്‍ അഴീക്കോട് ഒഴുക്കിയ വിയര്‍പ്പിന് കണക്കില്ലെങ്കിലും നാണയങ്ങള്‍ ഏതുകാലത്തും പരിശോധനക്ക് വിധേയമാക്കേണ്ടവയും കള്ളക്കമ്മട്ടങ്ങളിലടിച്ചവയെ തിരിച്ചറിയുകയും വേണ്ടതാണല്ലോ.അത്തരമൊരു കമ്മട്ടത്തിലാണ് ജി ശങ്കരക്കുറുപ്പിന്റെ പല കവിതകളും അടിച്ചിറക്കിയിരിക്കുന്നതെന്ന് ഉദാഹരണസഹിതം അഴീക്കോട് തെളിയിക്കുന്നുണ്ട്.
പിന്നീട് , വിമര്‍ശനത്രയത്തിന് അഴീക്കോടുതന്നെ എഴുതിയ അവതാരികയില്‍ ഞാന്‍ പറയുന്ന കാര്യങ്ങള്‍ ഞാന്‍ ആഴത്തില്‍ മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് എന്റെ എതിരാളികള്‍ പോലും സമ്മതിക്കുമെന്ന് അവകാശപ്പടുന്നത് ശരിതന്നെ എന്ന് സമ്മതിക്കാതെ നിവര്‍ത്തിയില്ലെന്ന് ഈ പുസ്തകത്തിലൂടെ കടന്നു പോകുന്നവര്‍ക്ക് മനസ്സിലാകും.അത്രക്കും അടുക്കടുക്കായി ആലോചിച്ചുറപ്പിച്ച് അരക്കിട്ട് കെട്ടിയുയര്‍ത്തിയ ഒരു വിമര്‍ശനസൌധം മലയാളഭാഷയില്‍ വേറെയില്ലതന്നെ. ഇക്കാലത്തും അത്തരമൊരു വിമര്‍ശകപ്രതിഭയെ ആവശ്യമുണ്ടെന്ന് കള്ളക്കമ്മട്ടത്തിലടിച്ചിറക്കുന്ന നമ്മുടെ കൃതികള്‍ സാക്ഷ്യപ്പെടുത്തുന്നു.