#ദിനസരികള്‍ 74
“ശങ്കരക്കുറുപ്പ്
വിമര്‍ശിക്കപ്പെടുന്നു”
എന്ന കൃതിയിലൂടെ സുകുമാര്‍ അഴീക്കോട് ഉണ്ടാക്കിയെടുത്ത പ്രശംസനീയമായ മാതൃക
പിന്തുടരാന്‍ മലയാളഭാഷയില്‍ അധികമാരും ഉണ്ടായില്ല എന്നത് വസ്തുതയാണ്.
ശ്രമിച്ചവരാകട്ടെ ക്ഷിപ്രകോപികളായ മാതുലന്മാരെപ്പോലെ ഉറഞ്ഞുതുള്ളിയ ലറിമറിഞ്ഞു
എന്നല്ലാതെ കൃതിയെ വിളക്കത്തുവെച്ചു
പഠിക്കുവാനും കാര്യകാരണസഹിതം നേട്ടകോട്ടങ്ങളെ സ്ഥാപിച്ചെടുക്കുവാനും
കഴിവുള്ളവരായിരുന്നില്ല.ഇക്കാര്യത്തില്‍ മലയാളത്തിലെ സമകാലികനിരൂപണ രംഗത്തുള്ള ഒരാളെ
ഉദാഹരിക്കുവാനാണെങ്കില്‍ ബാലചന്ദ്രന്‍ വടക്കേടത്ത് എന്ന പേരുതന്നെ ധാരാളമാണ്. മണ്ഡനവിമര്‍ശനത്തിന്റെ
വൈഷമ്യമില്ലാത്ത നേര്‍വഴികളല്ല ഖണ്ഡനവിമര്‍ശനത്തിന് ഊടും പാവുമിടുന്നത്. “താന്താങ്ങളുന്നയിക്കുന്ന
അഭിപ്രായങ്ങള്‍ക്കുപോല്‍ബലകങ്ങളായ ന്യായങ്ങള്‍ അപ്പപ്പോള്‍ പറഞ്ഞുവെച്ചും “
തന്റെ ആശയങ്ങളെ സ്ഥാപിച്ചെടുത്തും ഓരോ വരിയിലൂടേയും കടന്നു പോകുന്ന വിമര്‍ശകന്റെ
യാത്ര സമതലങ്ങളിലൂടെയുള്ള സായാഹ്നസവാരിയല്ല , ഇടശ്ശേരി പറഞ്ഞതുപോലെ ,
നിമ്നോന്നതങ്ങളിലൂടെയുള്ള തേരുരുട്ടലാണെന്ന് ഈ കൃതി നമ്മെ പഠിപ്പിക്കുന്നു.
ജോസഫ്
മുണ്ടശ്ശേരി , ഈ പുസ്തകത്തെക്കുറിച്ചുള്ള ഒരു ലേഖനം അവസാനിപ്പിക്കുന്നത്
ഇങ്ങനെയാണ് “ഈ
പുസ്തകം മലയാള കവിതയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വളരെ പ്രയോജനം ചെയ്യുന്ന
ഒന്നാണ്.ശ്രീ ശങ്കരക്കുറുപ്പിന്റെ കൃതികളെക്കുറിച്ച് എഴുതിയതാണെന്നോ എഴുതിയത് ശ്രീ
സുകുമാര്‍ അഴീക്കോടാണെന്നോ മനസ്സില്‍ വെക്കാതെ വായിക്കാന്‍ തയ്യാറുള്ളവര്‍ക്ക്
പ്രത്യേകിച്ചും” കര്‍ത്താവിനല്ല
, കൃതിക്കാണ് പ്രാമാണ്യമെന്ന് വ്യക്തമായി പറയുന്ന ഈ വരികള്‍ പുസ്തകം ഇറങ്ങിയ
കാലത്തെ കോലാഹലം കൂടി മനസ്സില്‍ കണ്ടുകൊണ്ടായിരിക്കും മുണ്ടശ്ശേരി
കുറിച്ചത്.നാല്പതുകൊല്ലക്കാലം കാവ്യസേവനം നടത്തി പേരെടുത്ത ഒരു കവി അടിമുടി
അനുകരണക്കാരനാണെന്ന് സ്ഥാപിച്ചെടുക്കുന്നതിന് സുകുമാര്‍ അഴീക്കോട് ഒഴുക്കിയ വിയര്‍പ്പിന്
കണക്കില്ലെങ്കിലും നാണയങ്ങള്‍ ഏതുകാലത്തും പരിശോധനക്ക് വിധേയമാക്കേണ്ടവയും കള്ളക്കമ്മട്ടങ്ങളിലടിച്ചവയെ
തിരിച്ചറിയുകയും വേണ്ടതാണല്ലോ.അത്തരമൊരു കമ്മട്ടത്തിലാണ് ജി ശങ്കരക്കുറുപ്പിന്റെ
പല കവിതകളും അടിച്ചിറക്കിയിരിക്കുന്നതെന്ന് ഉദാഹരണസഹിതം അഴീക്കോട്
തെളിയിക്കുന്നുണ്ട്.
പിന്നീട്
, വിമര്‍ശനത്രയത്തിന് അഴീക്കോടുതന്നെ എഴുതിയ അവതാരികയില്‍ “ഞാന്‍
പറയുന്ന കാര്യങ്ങള്‍ ഞാന്‍ ആഴത്തില്‍ മനസ്സിലാക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് എന്റെ
എതിരാളികള്‍ പോലും സമ്മതിക്കുമെന്ന് “ അവകാശപ്പടുന്നത് ശരിതന്നെ എന്ന്
സമ്മതിക്കാതെ നിവര്‍ത്തിയില്ലെന്ന് ഈ പുസ്തകത്തിലൂടെ കടന്നു പോകുന്നവര്‍ക്ക്
മനസ്സിലാകും.അത്രക്കും അടുക്കടുക്കായി ആലോചിച്ചുറപ്പിച്ച് അരക്കിട്ട് കെട്ടിയുയര്‍ത്തിയ
ഒരു വിമര്‍ശനസൌധം മലയാളഭാഷയില്‍ വേറെയില്ലതന്നെ. ഇക്കാലത്തും അത്തരമൊരു വിമര്‍ശകപ്രതിഭയെ
ആവശ്യമുണ്ടെന്ന് കള്ളക്കമ്മട്ടത്തിലടിച്ചിറക്കുന്ന നമ്മുടെ കൃതികള്‍
സാക്ഷ്യപ്പെടുത്തുന്നു.
Comments