#ദിനസരികള്‍ 1146
നാം ഇതുവരെ പരിചയപ്പെട്ടവരില്‍ നിന്നും യുങ്ങിലേക്ക് എത്തുമ്പോഴേക്കും തുറന്ന ഒരു വെളിമ്പ്രദേശത്തു നിന്ന് ഇടുങ്ങിയതും നിഗൂഢതകള്‍ പേറുന്നതുമായ ഒരു ഗുഹയിലേക്ക് ചെന്നെത്തിയ പ്രതീതിയാണുണ്ടാകുക. കാരണം ഫ്രോയിഡും കൂട്ടരും തികച്ചും ഭൌതികതയില്‍ ഊന്നി നിന്നുകൊണ്ടാണ് മാനസിക പ്രശ്നങ്ങളെ സമീപിച്ചത്.അവിടെ ആത്മീയമായ ഒന്നിനേയും ഇടപെടാന്‍ അനുവദിച്ചിരുന്നില്ല. യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്തതിനെയൊക്കെ ഫ്രോയിഡ് തിരസ്കരിച്ചു.എന്നാല്‍ യൂങ്ങാകട്ടെ സാംസ്കാരികവും ഭൌതികേതരവുമായ ചിലതിനെയെല്ലാം വലിയ പ്രാധാന്യത്തോടെ പരിഗണിച്ചു. യുങ്ങിനെ പഠിക്കാനെടുക്കുന്ന ഒരാള്‍ക്ക് മിത്തും യാഥാര്‍ത്ഥ്യവുമെല്ലാം കൂടിക്കുഴഞ്ഞ ഒരന്തരീക്ഷത്തെയാകും അനുഭവപ്പെടുക. അതുകൊണ്ടുതന്നെ നിഗൂഢമായ ഒരു ലോകത്തിന്റെ പ്രതിനിധിയെയാണ് നമ്മള്‍ സമീപിക്കുന്നത് എന്നും തോന്നിപ്പോകുന്നത് സ്വഭാവികമാണ്. സി ജി യുങ്ങ് , കാള്‍ ഗുസ്താവ് യുങ്ങ് ജനിച്ചത് 1875 ജൂലായ് 26 ന് സ്വിറ്റ്സര്‍ലണ്ടിലെ കെസ്വില്‍ എന്ന ചെറുഗ്രാമത്തിലാണ്...