#ദിനസരികള്‍ 1142 സ്വപ്നത്തെക്കുറിച്ച് പാവ്‌ലോവ് .



           
പാവ്‌ലോവിന്റെ പഠനങ്ങളെക്കുറിച്ചാണ് അധ്യായം മൂന്ന് ചര്‍ച്ച ചെയ്യുന്നത്.  ഇവാന്‍ പെട്രോവിച്ച് പാവ്‌ലോവ് 1849 ല്‍ റഷ്യയിലാണ് ജനിക്കുന്നത്. റഷ്യയില്‍ നിന്നും ആദ്യം നോബല്‍ നേടുന്നത് പാവ്‌ലോവായിരുന്നു.ചെറുപ്പത്തില്‍ ദൈവശാസ്ത്രത്തില്‍ ആകൃഷ്ടനായ അദ്ദേഹം പുരോഹിതനാകുന്നതിനു വേണ്ടി സെമിനാരിയില്‍ ചേര്‍ന്നുവെങ്കിലും അവിടെ തുടര്‍ന്നില്ല. 1904 ല്‍ നോബല്‍ സമ്മാനം നേടിയ വിഖ്യാതനായ ആ ശരീരശാസ്ത്രജ്ഞന്‍ 1936 സോവിയറ്റ് റഷ്യയില്‍ അന്തരിച്ചു.

            പാവ്‌ലോവ് കണ്ടെത്തിയ കണ്ടീഷനിംഗ് റിഫ്ലക്സ് എന്ന പ്രതിഭാസം ഏറെ വിഖ്യാതമാണ്. ഒരു നായയുടെ മുന്നില്‍ മണിയടിച്ചതിനു ശേഷം ഭക്ഷണം കൊണ്ടു വെയ്ക്കുക. ഭക്ഷണം കാണുമ്പോള്‍ നായയുടെ വായില്‍ സ്വഭാവികമായും ഉമിനീര്‍ ഉണ്ടാകും. ഇങ്ങനെ തുടര്‍ച്ചയായി ചെയ്തുകൊണ്ടിരുന്നാല്‍‌ മണിയടിക്കുമ്പോള്‍ തന്നെ നായയുടെ വായില്‍ ഉമിനീര്‍ നിറയുന്നതായി കാണാം. അതായത് ഭക്ഷണം വെയ്ക്കുന്നതിനു മുമ്പേ മണിയടി കേള്‍‌ക്കുമ്പോള്‍ തന്നെ നായയുടെ വായില്‍ സ്രവം നിറയുന്നുവെന്നര്‍ത്ഥം.കണ്ടിഷനിംഗ് റിഫ്ലക്ട് എന്ന് വിഖ്യാതമായ പേരില്‍ വിഖ്യാതമായ ഈ കണ്ടെത്തല്‍ ബിഹേവിയര്‍ മനശാസ്ത്രത്തില്‍  ഏറെ പ്രസിദ്ധമാണ്.

            സ്വപ്നങ്ങള്‍ നാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ഫലമായിട്ടാണുണ്ടാകുന്നതെന്ന് പാവ്‌ലോവ് ചിന്തിച്ചു. എപ്പോഴോ തലച്ചോറില്‍ പതിഞ്ഞ ഓര്‍മ്മകളുടെ അസാധാരണവും അപ്രതീക്ഷിതവുമായ തിരിച്ചുവരവാണ് സ്വപ്നമെന്ന് അദ്ദേഹം ചിന്തിച്ചു. " സിരാ വിജ്ഞാനീയം ഇന്നും അപക്വമായ ഒരു ശാസ്ത്രമാണ്.അല്പം ലഘൂകരിച്ച് പറഞ്ഞാല്‍ മാനസിക വ്യാപാരങ്ങളെ സംബന്ധിച്ചിടത്തോളം തലച്ചോറ് രണ്ടു തലത്തില്‍ പ്രവര്‍ത്തിക്കുന്നു. മുകള്‍ത്തട്ടില്‍ സെറിബ്രല്‍ കോര്‍ട്ടക്സും കീഴ്ത്തലത്തില്‍ സബ് കോര്‍ട്ടിക്കല്‍ ഗാങ്ഗ്ലിയോണും. യുക്തിയുക്തമായ ചിന്തകളും സൂക്ഷ്മങ്ങളായ ആശയവത്കരണവും ഉന്നതതലത്തില്‍ നടക്കുന്നു. നാം കാണുന്ന കാര്യങ്ങള്‍ ഭൂതകാലാനുഭവങ്ങളുടെ വെളിച്ചത്തില്‍ വിലയിരുത്തുക , അവയെ യാഥാര്‍ത്ഥ്യങ്ങളുമായി ബന്ധപ്പെടുത്തുക, എന്നിവയും സെറിബ്രല്‍ കോര്‍ട്ടക്സിന്റെ പ്രവര്‍ത്തനങ്ങളാണ്. മനുഷ്യനിലാണ് ഈ കഴിവുകള്‍ ഏറ്റവും അധികം വികസിച്ചിരിക്കുന്നത്. അധസ്ഥലത്തിന്റെ നില അല്പം വ്യത്യസ്തമാണ്. പരിണാമച്ചങ്ങലയുടെ താഴത്തെ പടിയിലാണ് ഇതിന്റെ കിടപ്പ്. സ്ഥൂല രൂപങ്ങളാണ് അതിന്റെ നാണയം. ഒരു ഉദാഹരണം പറയാം. മുറ്റത്തെ മുലയ്ക്ക് മണമില്ല എന്നൊരു ചൊല്ലുണ്ടല്ലോ.ഇതു കേള്‍ക്കുമ്പോള്‍ നാം മനസ്സിലാക്കുന്നത് പരിചിത വസ്തുവിന്റെ മൂല്യം പരിഗണിക്കപ്പെടുന്നില്ല എന്നാണ്.ഇങ്ങനെ വ്യാഖ്യാനിച്ചെടുക്കുക എന്നത് സെറിബ്രല്‍ കോര്‍ട്ടക്സിന്റെ പ്രവര്‍ത്തനമത്രേ !. ഈ പഴഞ്ചൊല്ല് അധസ്ഥലത്തില്‍ കാണുമ്പോള്‍ ഇതിന്റെ രൂപം അപ്പാടെ മാറുന്നു.അപ്പോള്‍ മുറ്റത്ത് ഒരു മുല്ലവള്ളി നില്ക്കുന്നതായും അതിന്റെ പൂക്കള്‍ സുഗന്ധമില്ലാത്തവയായും നാം കാണും. വസ്തുക്കളെ അവയുടെ നഗ്നമായ രൂപത്തില്‍ പഞ്ചേന്ദ്രിയങ്ങളില്‍ പതിക്കുന്ന അതേ രൂപത്തില്‍ അധസ്ഥലം മനസ്സിലാക്കുന്നു."

            അര്‍ദ്ധനിദ്രാവസ്ഥകളില്‍ തലച്ചോറിന്റെ ഉന്നതതലം മന്ദീഭവിക്കുമെങ്കിലും അധസ്ഥലം ഉണര്‍ന്നു തന്നെയിരിക്കും.യുക്തിബോധമില്ലാത്ത അവസ്ഥയായിരിക്കും അപ്പോള്‍ സംജാതമാകുക. സാധാരണ ജീവിതത്തില്‍ നാം കാണുന്ന പലതിനേയും അധസ്ഥലം അവഗണിച്ചുവെന്ന് വന്നേക്കാം. അപ്പോള്‍ മുറ്റത്തെ മുല്ലയില്‍ പൂക്കളുണ്ടെങ്കിലും അവയ്ക്കൊന്നും മണമില്ലെന്ന് ചിന്തിച്ചു പോയേക്കാം. മനസ്സിനെ മയക്കുന്ന ഗന്ധമില്ലാത്തതിനാല്‍ അവയെ വലിച്ചെറിഞ്ഞുവെന്നും വരാം.എന്നാല്‍ ഉണര്‍ന്ന ശേഷം നാം ഈ സ്വപ്നത്തെക്കുറിച്ച് ഓര്‍ക്കുകയാണെങ്കിലും അതൊരു അസംബന്ധമായി അനുഭവപ്പെടും. ഇങ്ങനെയും യുക്തിയോ അടുക്കോ ചിട്ടയോ ഒന്നുംതന്നെ സ്വപ്നലോകത്ത് അനുഭവപ്പെടാന്‍ സാധ്യതയില്ല എന്ന പാവ്‌ലോവ് ചിന്തിക്കുന്നു.
(തുടരും )      

© മനോജ് പട്ടേട്ട് || 3 June 2020, 4.30 PM ||


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1