#ദിനസരികള്‍ 1144 ഫ്രോയിഡ് വരുന്നു – 2



          ഡോക്ടര്‍ ജോസഫ് തോമസ് വളരെ ലളിതമായി ഫ്രോയിഡിന്റെ ചില സിദ്ധാന്തങ്ങളെ വിശദമാക്കുന്നുണ്ട്. ഫ്രോയിഡിനെ മനസ്സിലാക്കാന്‍ ഈ ആശയങ്ങളെ മനസ്സിലാക്കുന്നത് വളരെ നന്നായിരിക്കും.
1.               എസ്കേപിസം അഥവാ മോചനോപായം യാഥാര്‍ത്ഥ്യങ്ങളെ നേരിടാനാകാതെ ഒട്ടകപ്പക്ഷിയെപ്പോലെ തല മണ്ണില്‍ പുഴ്ത്തി രക്ഷപ്പെട്ടെന്ന് സ്വയം ആശ്വസിക്കുന്നു. പ്രശ്നങ്ങളില്‍ നിന്നുമുള്ള ഈ ഒളിച്ചോട്ടം രക്ഷപ്പെടാനുള്ള ഉപാധിയായിട്ടു കാണുന്നു.
2.               ഫാന്റസി അഥവാ മനോരഥയാത്ര മലര്‍‍പ്പൊടിക്കാരന്റെ സ്വപ്നം എന്നു പറഞ്ഞാല്‍ നമുക്കത് എളുപ്പം മനസ്സിലാകും.
3.               റേഷണലൈസേഷന്‍ അഥവാ ന്യായീകരണം കിട്ടാത്ത മുന്തിരങ്ങ എന്നു കേള്‍ക്കുമ്പോള്‍ തന്നെ നമുക്ക് കാര്യം മനസ്സിലാകും. മുന്തിരിങ്ങ കിട്ടാതാകുമ്പോള്‍ നാം എന്തൊക്കെ ന്യായീകരണങ്ങളാണ് നടത്തുക എന്നൊന്ന് ഓര്‍ത്തു നോക്കൂ. നാളിതുവരെ പ്രേമിച്ച പെണ്‍കുട്ടി മറ്റൊരാളെ വിവാഹം കഴിച്ചു പോകുമ്പോള്‍ നിരാശനായ കാമുകന്‍ അവളില്‍ കണ്ടെത്താത്ത കുറ്റങ്ങളുണ്ടാകുമോ?
4.               പ്രൊജക്ഷന്‍ അഥവാ ആത്മപ്രതിബിംബനം ഞാനാണ് രാജാവ് എന്ന് ഒരിക്കലെങ്കിലും ചിന്തിക്കാത്തവരുണ്ടാകുമോ? സ്വയം സ്ഥാപിച്ചെടുക്കാനുള്ള ഈ വ്യഗ്രത മാര്‍ക്കു കുറഞ്ഞ കുട്ടി അധ്യാപകനെ കുറ്റം പറയുമ്പോള്‍ പ്രകടമാക്കുന്നു. അധ്യാപകന്റെ കുഴപ്പംകൊണ്ടാണ് തനിക്ക് മാര്‍ക്കു കുറഞ്ഞത് എന്നാണ് വാദം.
5.               റിപ്രഷന്‍ അഥവാ അമര്‍ത്തി വെയ്ക്കല്‍ - വളരെ പ്രധാനപ്പെട്ടതും രസകരവുമായ ഒരാശയമാണിത്.ഫ്രോയിഡിനെ സംബന്ധിച്ച് റിപ്രെഷന് വലിയ പ്രസക്തിയുണ്ട്.മനസ്സില്‍ അടിച്ചമര്‍ത്തി വെയ്ക്കുന്ന മോഹങ്ങള്‍ സ്വപ്നം , സംസാരത്തില്‍ വന്നുപോകുന്ന പിശകുകള്‍ , അവ്യക്തമായ അപരാധ ബോധം, അരക്ഷിതാവസ്ഥ എന്നിങ്ങനെയുള്ളവയെല്ലാം അടക്കിവെച്ചവയുടെ പൊട്ടിപ്പുറപ്പെടലുകളാണ്.
6.               റിയാക്ഷന്‍ ഫോര്‍‌‍മേഷന്‍‌ അഥവാ പ്രതിപ്രവര്‍ത്തനനിര്‍മ്മാണം അവിഹിത ബന്ധങ്ങളില്‍ രസിക്കുന്ന ഒരാള്‍ പറയുക തനിക്ക് തന്റെ ഭാര്യയോട് നല്ല സ്നേഹമുണ്ടെന്നാണ്. ചിലപ്പോള്‍ ഈ ലോകത്ത് താനേറ്റവും കൂടുതല്‍ സ്നേഹിക്കുന്നത് ഭാര്യയെയാണെന്നു പോലും പറയും.  അവിഹിത ബന്ധം ഉയര്‍ത്തി വിട്ട അപരാധബോധത്തില്‍ നിന്ന് ആശ്വാസം ലഭിക്കാന്‍ മനസ്സു തൊടുത്തു വിടുന്ന വിദ്യയാണ് ഈ അമിതപ്രേമം.അതായത് സാത്താന്‍ വേദമോതുന്നതുപോലെ എന്ന് ചുരുക്കിയെഴുതാം. ഉള്ളില്‍ മുഴുവന്‍ കള്ളത്തരം നിറഞ്ഞിരിക്കുന്നവന്‍ സുവിശേഷം പ്രസംഗിക്കുന്നതുപോലെയാണിത്.
7.               അണ്‍ഡുയിംഗ് അഥവാ നിഷ്ഫലീകരിക്കല്‍ - പ്രതിരോധ തന്ത്രങ്ങളില്‍ (Defence mechanism ) പശ്ചാത്താപത്തിന്റെ ഫലമായി രൂപംകൊള്ളുന്ന ഒന്നാണിത്. സ്വയം ശിക്ഷയേറ്റു വാങ്ങുക എന്നതാണ് രീതി. തെറ്റിനു മാപ്പു ചോദിക്കുക , പശ്ചാത്തപിക്കുക, നിരാഹാരവ്രതമെടുക്കുക, ശിക്ഷയനുഭവിക്കു എന്നതെല്ലാം മാര്‍ഗ്ഗങ്ങളാണ്.
8.               റിഗ്രഷന്‍ അഥവാ മടങ്ങിപ്പോക്ക് പ്രശ്നങ്ങളെ നേരിടാന്‍ പലര്‍ക്കും പല രീതികളാണ്. ചിലര്‍ അത്തരം സന്ദര്‍ഭങ്ങളെ നേരിടാന്‍ പൊതുവേ ദുര്‍‌ബലരായിരിക്കും. കുഞ്ഞുന്നാളുകളില്‍ നാം വിഷമ സന്ദര്‍ഭങ്ങളെ കരഞ്ഞും ഒച്ചവെച്ചും ദേഷ്യം പിടിച്ചുമൊക്കെ നേരിടാറുള്ള ഓര്‍മ്മയില്‍ ചിലര്‍‌ വലുതയാലും പ്രശ്നങ്ങളെ നേരിടേണ്ടിവരുമ്പോള്‍ ഒരു മടങ്ങിപ്പോക്ക് നടത്തും. ചെറുപ്പത്തില്‍ അത്തരം വാശികളില്‍ വിജയിച്ച ഓര്‍മ്മയിലാണ് ഈ ശ്രമം. റിഗ്രഷന്‍ എന്ന ആശയം വളരെ പ്രധാനപ്പെട്ട ഒന്നാണ്. സ്കിസോഫ്രേനിയ രോഗികളില്‍ ചിലപ്പോള്‍ ഇത്തരമൊരു വിഗതി കണ്ടെത്തിയേക്കാം.
9.               താദാത്മീകരണം അഥവാ ഐഡന്റിഫിക്കേഷന്‍ - താന്‍ നെഹ്രുവാണെന്നും ദൈവമാണെന്നും മറ്റും ചിത്തരോഗികളുണ്ട്. നെഹ്രുവിനോടോ ദൈവത്തോടോ അനന്യഭാവം നേടുന്നതു മൂലം തങ്ങളുടെ അപകര്‍ഷതാ ബോധവും ബലഹീനതയും നീങ്ങിക്കിട്ടുന്നു.
10.           ഉദാത്തീകരണം അഥവാ സബ്ലിമേഷന്‍ - സമൂഹം അംഗീകരിക്കുന്ന ഉന്നതമൂല്യമൂല്യങ്ങളെന്ന് കരുതുന്നവയിലേക്ക് കേന്ദ്രീകരിക്കുക. അവിവാഹിതയുടെ മാതൃത്വവാസന നഴ്സറി സ്കൂള്‍ നടത്തിയും സാമൂഹ്യസേവനം നടത്തിയും തൃപ്തിയടയുന്നു.അക്രമ വാസനയുള്ളവര്‍ക്ക് രാജ്യസേവനത്തിനായി യുദ്ധം ചെയ്യാം.ഇങ്ങനെ ഉദാത്തീകരണത്തിന് പല മുഖങ്ങളുണ്ട്.
11.           സിംപതിസം അഥവാ സഹതാപ വാഞ്ച പൊതുവേ കാണുന്ന ഒന്ന്.  താനൊരു ദുരിതക്കയത്തിലാണെന്നും അതുകൊണ്ടാണ് ജീവിതത്തില്‍ വിജയിക്കാന്‍ കഴിയാതെ പോകുന്നതെന്നും പറഞ്ഞുകൊണ്ട് സഹതാപം നേടിയെടുക്കാന്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കും. ഈ മെകാനിസത്തിന് ഒരുപാട് വിവക്ഷകളുണ്ട്.
ഫ്രോയഡിന്റെ ചില പ്രധാനപ്പെട്ട ആശയങ്ങളെയാണ് നാം പരിചയപ്പെട്ടത്.ഓരോന്നും അതിവിശാലമായ പഠനം അര്‍ഹിക്കുന്ന മേഖലയാണ്. ഈ കുറിപ്പില്‍ ഒരു സൂചിപ്പാടു തീര്‍ക്കാന്‍ ശ്രമിച്ചു വെന്ന് മാത്രം.
(തുടരും )      

© മനോജ് പട്ടേട്ട് || 5 June 2020, 7.30 AM ||










Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം