Saturday, May 13, 2017

#ദിനസരികള്‍ 31


ഗുരു നിത്യചൈതന്യ യതി. ശ്രീനാരായണന്റെ സര്‍വ്വസമാശ്ലേഷിയായ ദര്‍ശനങ്ങള്‍ക്ക് സ്നേഹത്തിന്റെ നാരായംകൊണ്ട് ഭാഷ്യംചമച്ച സന്യാസി. മാനവികത എന്നത് പ്രസംഗപീഠങ്ങളിലെ വാചാടോപങ്ങള്‍ കൊണ്ട് അഭിനയിക്കപ്പെടേണ്ട ഒന്നല്ലെന്നും , ജീവിതത്തിലെ സര്‍വ്വ മുഹൂര്‍ത്തങ്ങളിലും വിളക്കിച്ചേര്‍‌ക്കേണ്ട ഒന്നാണെന്നും അദ്ദേഹം നിരന്തരം ഓര്‍മിപ്പിച്ചു.
            ഒന്നായ മാനവര്‍‍‌ക്കൊറ്റനീതി
            ഈ മണ്ണു നമ്മുടെ ആകെ ഭൂമി
            ഒന്നായ് പണിയെടുത്തുണ്ണണം നാം
            എല്ലാരുമെല്ലാര്‍ക്കുമോമനകള്‍ - എന്നായിരുന്നു അദ്ദേഹത്തിന്റെ ദര്‍ശനം. ഒരു യഥാര്‍‌ത്ഥ ശ്രീനാരായണീയന് അവനവന് എന്ന ചിന്തയില്ലെന്നും അപരന്റെ സുഖമാണ് തന്റേയും സുഖം എന്നും ചിന്തിക്കാതിരിക്കാനാവില്ല എന്ന് ഗുരു ലോകത്തെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടേയിരുന്നു. എഴുത്തും വാക്കും ചിന്തയും എല്ലാം മാനവികതയില്‍ ഊന്നി നില്ക്കുന്നതാകണം എന്ന് സഹചാരികളെ അദ്ദേഹം നിരന്തരം പഠിപ്പിച്ചു.ജാതി മത സങ്കുചിതത്ത്വങ്ങള്‍ ഉണ്ടാക്കിയെടുക്കുന്ന അസ്വാരസ്യങ്ങളില്‍‌പ്പെട്ട് ഉഴന്ന് മനുഷ്യജീവിതത്തിന്റെ മഹനീയതയെ മറക്കുന്നവരോട് അദ്ദേഹത്തിന് സഹതാപമായിരുന്നു.
            നവംബർ 2, 1923 ന് ജനിച്ച അദ്ദേഹം മെട്രിക്കുലേഷനു ശേഷം ഇന്ത്യയൊട്ടാകെ അലഞ്ഞു നടന്നു. ആ അലച്ചില്‍ യാന്ത്രികമായ ഒരു സന്യാസ ജീവിതത്തിന്റെ ചട്ടക്കൂടുകളില്‍ നിന്ന് അദ്ദേഹത്തെ മുക്തനാക്കി. ഇന്ത്യയുടെ ജീവിതങ്ങളുടെ നേര്‍ക്കാഴ്ച തേടിയ അദ്ദേഹം ചെന്നെത്തിയത് ഗാന്ധിജിയിലേക്കാണ്. എന്നെന്നേക്കുമായി തന്റെ ജീവിതം മാറ്റി മറിച്ച സംഭവമായിട്ടാണ് ഗാന്ധിയുമായുള്ള സമാഗമത്തെ നിത്യ വിലയിരുത്തുന്നത്. സത്യത്തിന് ഒരു മുഖമല്ല , വിവിധങ്ങളായ മുഖങ്ങളുണ്ടെന്ന് നിത്യ ചൈതന്യ യതിയെ പഠിപ്പിച്ചത് ഗാന്ധിജിയുമായുള്ള സംഭാഷണങ്ങളായിരുന്നു.ജീവിതകാലം മുഴുവനും സത്യത്തിന്റെ വിഭിന്നമായ മുഖങ്ങളെക്കുറിച്ച് നിത്യചൈതന്യയതി നമ്മെ ഓര്‍മപ്പെടുത്തിക്കൊണ്ടിരുന്നു.
            നാരായണദര്‍ശനങ്ങളിലേക്ക് കൈപിടിച്ചു നടത്തിയ നടരാജ ഗുരുവുമായുള്ള ഗുരുശിഷ്യ ബന്ധത്തിന്റെ കഥകള്‍ അദ്ദേഹത്തിന്റെ ഗുരുവും ശിഷ്യനും എന്ന പുസ്തകത്തില്‍ വായിക്കാം.ഗുരുശിഷ്യ ബന്ധത്തിന്റെ ഊഷ്മളത വെളിപ്പെടുത്തുന്നവയാണ് നടരാജഗുരുമൊത്തുള്ള അദ്ദേഹത്തിന്റെ ജീവിതം. അതിര്‍ത്തികളില്ലാത്ത വിശ്വപൌരനിലേക്കുള്ള യതിയുടെ പരിണാമത്തിന് തുടക്കം കുറിച്ചത് നടരാജഗുരുവുമൊത്തുള്ള ജീവിതമായിരുന്നു.
            സ്കൂള്‍ കാലഘട്ടത്തില്‍ സന്യാസത്തോടുള്ള ആകര്‍ഷണം തലക്കു പിടിച്ച് അലഞ്ഞു നടന്നിരുന്ന ഒരു ഘട്ടത്തിലാണ് ഞാന്‍ ഗുരുവിന് ഒരു കത്തെഴുതുന്നത്.കൃത്യമായി എത്തിച്ചേര്‍ന്ന അദ്ദേഹത്തിന്റെ മറുപടി അന്ന് എന്നെ എത്രയോ അദ്ഭുതപ്പെടുത്തി. താനുമായി ബന്ധപ്പെടുന്ന ആരിലും യതിയുടേതായ എന്തെങ്കിലും ഒന്ന് അവശേഷിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.അതുകൊണ്ടുതന്നെയാണ് പ്രായഭേദമെന്യേ യതിയിലേക്ക് ആരാധകവൃന്ദം ഒഴുകിയെത്തിയത്.
 ഒരു രാജ്യത്തിന്റെ അതിര്‍ത്തികളില്‍ അദ്ദേഹത്തിന്റെ ചിന്തയേയോ ജീവിതത്തേയോ നമുക്ക് ബന്ധിച്ചിടാന്‍ കഴിയാത്ത തരത്തില്‍ വളര്‍ന്ന വിശ്വപൌരനായിരുന്നു നിത്യചൈതന്യയതി.1999 മേയ് 14 അന്തരിച്ച ഗുരുവിന്റെ ആത്മകഥയുടെ അവസാനഭാഗം പകര്‍ത്തി ഞാന്‍ ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ :- ജനനം മുതല്‍ എന്നോടൊപ്പമുള്ള ശരീരമെന്ന ഈ നല്ല കൂട്ടുകാരനെ ഇനിയും ഞാന്‍ പീഢിപ്പിക്കരുതല്ലോ.ചിറകൊതുക്കാന്‍ നേരമായി.എല്ലാം തീര്‍ന്നല്ലേ തീരു.മാന്യമായി അന്തസ്സോടെ ഭംഗിയായി അവസാനിപ്പിക്കേണ്ടത് എന്റെ കൂടി ഉത്തരവാദിത്തമാണ്
നന്ദി പ്രഭോ നന്ദി


Friday, May 12, 2017

#ദിനസരികള്‍ 30


മുത്ത്വലാഖ് അതിനീചമായ വിവാഹമോചനരീതിയാണെന്ന് സുപ്രിംകോടതി. There are school of thoughts (which) say that triple talaq is legal, but it is the worst and not desirable form for dissolution of marriages among Muslims എന്നാണ് അഞ്ചംഗങ്ങളുള്ള സുപ്രിം കോടതിയുടെ ഭരണഘടനാ ബഞ്ച് അഭിപ്രായപ്പെട്ടത്. ഏപക്ഷീയവും സ്ത്രീവിരുദ്ധവുമായ പ്രസ്തുത നടപടിക്ക് വിശ്വാസത്തിന്റെ പരിവേഷം ആശാസ്യമല്ല എന്ന പൊതുവായ കാഴ്ചപ്പാടാണ് കോടതിയില്‍ ഉയര്‍ന്നുകേട്ടത്. മതവിശ്വാസത്തില്‍ അധിഷ്ഠിതമാണെന്ന് പലരാലും വ്യാഖ്യാനിക്കപ്പെട്ട മുത്ത്വലാഖിന് അങ്ങനെയൊരു പരിവേഷത്തിന്റെ സാധുത അനുവദിച്ചു കൊടുക്കാന്‍ വിശ്വാസപരമായിത്തന്നെ കഴിയുന്നതല്ലെന്ന് വിലയിരുത്തിയ കോടതി , പാകിസ്താന്‍ , ഇന്തോനേഷ്യ , അഫ്ഗാനിസ്ഥാന്‍ , മൊറോക്കോ , സൌദി അറേബ്യ എന്നീ മുസ്ലീംരാജ്യങ്ങളില്‍ മുത്ത്വലാഖ് നിരോധിച്ചിട്ടുണ്ടെന്നും കണ്ടെത്തി.
മതകാര്യങ്ങളില്‍ തലയിടുകയല്ല മറിച്ച് , മതത്തെ സഹായിക്കുന്നതിനാണ് കോടതി ശ്രമിക്കുന്നത് എന്ന് മുതിര്‍ന്ന അഭിഭാഷകനും മുന്‍ മന്ത്രിയുമായ സാല്‍മന്‍ ഖുര്‍ഷിദിനോട് പറഞ്ഞ കോടതി , ഇസ്ലാം വിരുദ്ധവും പാപവുമായ ഒരു കാര്യത്തിന് മതത്തില്‍ ഇടംകൊടുക്കണമെന്ന് ശഠിക്കുന്നത് മതത്തെ കളങ്കപ്പെടുത്തുന്നതിന് സമമാണെന്നും നിരീക്ഷിച്ചു.മതനിയമങ്ങള്‍ അംഗീകരിക്കുന്നില്ലെങ്കില്‍ മനുഷ്യനുണ്ടാക്കിയ നിയമം മൂലം അവക്ക് സാധുത നല്കാനാവുമോ എന്നും കോടതി ചോദിച്ചു.
            ഭരണഘടന അനുശാസിക്കുന്ന തുല്യതക്കുള്ള അവകാശത്തെ നിഷേധിക്കുകയാണ് മുത്ത്വലാഖ് ചെയ്യുന്നത്. മതങ്ങളുടെ ഇടപെടലുകളെ ഭരണഘടനാദത്തമായ മൌലികാവകാശങ്ങളുടെ വെളിച്ചത്തില്‍ നന്നായി പരിശോധിക്കേണ്ടതാണ്. ഇപ്പോള്‍ നില നില്ക്കുന്ന സ്ഥാപനങ്ങളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി മൌലികാവകാശങ്ങളില്‍ വെള്ളം ചേര്‍ക്കുന്നത് അനുവദിക്കാനാവില്ല, ജനാധിപത്യമാണെന്ന് നാം അവകാശപ്പെടുന്ന ഇന്ത്യയുടെ അന്തരീക്ഷത്തില്‍ പ്രത്യേകിച്ചും. അതുകൊണ്ട് ഭരണഘടനയാണ് നമ്മെ നയിക്കേണ്ടതെന്നും  മതനിയമങ്ങളല്ല എന്നുമുള്ള അവബോധമുണ്ടാക്കിയെടുക്കാന്‍ കഴിയണം

ഒരു പിടി നല്ല നിരീക്ഷണങ്ങള്‍‌കൊണ്ടും നിഗമനങ്ങള്‍‌കൊണ്ടും ശ്രദ്ധേയമായ കോടതി നടപടികള്‍ ഒരു തരത്തിലും മതത്തിന്റേതായ ചട്ടക്കൂടുകളിലേക്ക് എത്തിനോക്കാനോ ഇടപെടാനോ ശ്രമിക്കാതിരുന്നത് വിവാദങ്ങളെ ഒഴിവാക്കുവാനുള്ള ബോധപൂര്‍വ്വമായ നീക്കത്തിന്റെ ഫലമാണ്. സ്ത്രീ വിരുദ്ധവും ഏകപക്ഷീയവുമായ വിവാഹമോചനങ്ങളുടെ ഈ കാലത്ത് കാലഹരണപ്പെട്ട ആചാരങ്ങളെ തെറ്റായി വ്യാഖ്യാനിച്ച് , മതത്തിന്റെ പിന്തുണ നേടിയെടുക്കുന്ന കുബുദ്ധികളെ , മുതലെടുപ്പിന് അനുവദിക്കാതെ അകറ്റി നിറുത്തുവാന്‍ ഇത്തരം ഇടപെടലുകള്‍ സഹായമാകുമെങ്കില്‍ അതുതന്നെയല്ലേ ജനാധിപത്യത്തിന്റെ ധന്യത

Thursday, May 11, 2017

#ദിനസരികള്‍ 29


കൊല്ലാം പക്ഷേ തോല്പിക്കാനാവില്ലഎന്ന് ഏണസ്റ്റ് ഹെമിംഗ് വേ. നോബല്‍ സമ്മാനം നേടിയ കിഴവനും കടലും എന്ന നോവലില്‍ നിന്നും ഉദ്ധരിക്കപ്പെട്ടിട്ടുള്ള ഈ വരികള്‍ ഒരു മുദ്രാവാക്യസദൃശം ജനകീയമായിരിക്കുന്നു.മനുഷ്യന്റെ അടങ്ങാത്ത ഇച്ഛാശക്തിയുടെ അധൃഷ്യതയെ ഇത്രയും ഭംഗിയായി ആവിഷ്കരിക്കുന്ന മറ്റൊരു പ്രയോഗം ദുര്‍ലഭമത്രേ ! അതുകൊണ്ടുതന്നെയാണ് കേവലം നൂറിനു താഴെ മാത്രം പേജുകളുള്ള ഒരു കൃതിക്ക് നോബല്‍ സമ്മാനം കൈവന്നത്. ജീവിതത്തിന്റെ ഇരുണ്ട മുഖങ്ങളില്‍ നോക്കി പുഞ്ചിരിക്കുവാനും അവയെ വെല്ലുവിളിക്കുവാനും നാം ശീലമാക്കണമെന്ന് ഈ നോവല്‍ ഉദ്ഘോഷിക്കുന്നു.
                        ഹാ വിജിഗീഷു മൃത്യുവിന്നാമോ
                        ജീവിതത്തിന്‍ കൊടിപ്പടം താഴ്ത്തുവാന്‍ - എന്ന് നമ്മുടെ  വൈലോപ്പിള്ളി ചോദിക്കുന്നത് ഇതേ അര്‍ത്ഥത്തില്‍ തന്നെയാണ്. കേവലമായ ശരീരത്തിന്റെ പതനമല്ല , അതിനുമപ്പുറം നാം താലോലിക്കുന്ന തത്വസംഹിതകളു ടെ , വിശ്വാസപ്രമാണങ്ങളുടെ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കലാണ്  ജീവിതമെന്നും അതില്‍ വീഴ്ച സംഭവിക്കുന്നതിനെയാണ് മരണം എന്നു വിളിക്കുന്നതെന്നും നാം മനസ്സിലാക്കണം. വെറുമൊരു ജീവിതം എന്നു പറയുന്നത് ഭൌതികമായ തൃഷ്ണകളുടെ ഒരു പ്രയാണവും അപ്പം കൊണ്ടു ജീവിക്കുന്നവന്റെ കുതിപ്പുകളും കിതപ്പുകളും മാത്രമാണ്. അതിനുമപ്പുറം ജീവിതത്തെ ജീവിതവ്യമാക്കുന്നത് ,  മേല്‍പ്പറഞ്ഞ മൂല്യങ്ങളെക്കൂടി ജീവിതത്തോട് ചേര്‍ത്ത് വിളക്കിച്ചേര്‍ക്കുമ്പോഴാണ്. ആ മൂല്യങ്ങളെ കീഴടക്കാനോ തച്ചുതകര്‍ക്കാനോ കഴിയില്ല എന്നാണ് ഹെമിംഗ് വേ, സാന്തിയാഗോ എന്ന തന്റെ കിഴവനായ നായകനെക്കൊണ്ട് പറയിപ്പിക്കുന്നത്.       
            ഇത്രയും പറയാന്‍ കാരണം മൂല്യങ്ങള്‍ക്കു വേണ്ടി ജീവിക്കുകയും മൂല്യങ്ങള്‍ക്കുവേണ്ടി മരിക്കുകയും ചെയ്യുക എന്നത് ഇന്നത്തെ കാലത്ത് കളിയാക്കിച്ചിരിക്കുവാനും ആക്ഷേപിക്കപ്പെടുവാനും കാരണമാകുന്നു എന്ന നിരാശയാണ്. ശരിയും തെറ്റും വിവേചിച്ചറിയുവാന്‍ കഴിയാതെ വന്നാല്‍ അക്കാര്യം നാലാളുകള്‍ കാണ്‍‌കേ പരസ്യമായി ചെയ്തേക്കണം എന്നാണ് ജവഹര്‍ലാല്‍ , വിശ്വചരിത്രാവലോകനത്തില്‍ തന്റെ മകളായ ഇന്ദിരാഗണ്ഡിക്ക് നല്കുന്ന ഉപദേശം ( അത് അവര്‍ പാലിച്ചുവോ എന്ന കാര്യം മറ്റൊരു തര്‍ക്ക വിഷയമാണ്). ഒളിച്ചു ചെയ്യുക എന്നതൊരു സ്വഭാവസവിശേഷതയായി മാറിയ വര്‍ത്തമാനകാലങ്ങളില്‍ നെഹ്റുവിന്റെ ഉപദേശത്തിന് പത്തരമാറ്റാണ് തിളക്കം.
           
           Wednesday, May 10, 2017

#ദിനസരികള്‍ 28            മരുന്നു വിപണികളിലെ പകല്‍‌ക്കൊള്ളകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ ദിനംപ്രതി നാം ധാരാളം കേട്ടുകൊണ്ടിരിക്കുന്നു. മരുന്നിന്റെ ഗുണനിലവാരക്കുറവും വിപണിയില്‍ വ്യാജമരുന്നുകളുടെ വിളയാട്ടവും എക്കാലത്തേയുംകാള്‍ വർദ്ധിച്ചിരിക്കുന്നുവെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ജീവന്‍ രക്ഷാ മരുന്നുകള്‍ക്ക് തോന്നിയവിധം കമ്പനികള്‍ വില വര്‍ദ്ധിപ്പിക്കുന്നു. ഏകദേശം എഴുന്നൂറോളം മരുന്നുകളുടെ ചേരുവകകളാണ് ജീവന്‍‌ രക്ഷാ മരുന്നുകളുടെ ലിസ്റ്റില്‍ പെടുത്തിയിരിക്കുന്നതെങ്കിലും , ചേരുവകളില്‍ നേരിയ മാറ്റങ്ങള്‍ വരുത്തി വന്‍കിട കമ്പനിക്കാര്‍ ബ്രാന്‍ഡ് ചെയ്ത് വലിയ വിലക്ക് വില്പന നടത്തുന്നു. ദൈനന്ദിന ജീവിതോപാധികള്‍ക്കുപോലും ബുദ്ധിമുട്ടനുഭവിക്കുന്ന, സാധാരണക്കാരായ ആളുകള്‍ രോഗികള്‍ കൂടിയാകുമ്പോള്‍ ഉണ്ടാകുന്ന ദയനീയത മനസ്സിലാക്കണം. ആ ദനയനീയതയെയാണ് കുത്തകമരുന്നു കമ്പനിക്കാര്‍ കൊള്ളയടിക്കുന്നത്.
            വ്യാജമരുന്നുകള്‍ നമ്മുടെ വിപണികളില്‍ സമൃദ്ധമായി ലഭിക്കുന്നു. തമിഴ്നാട്ടിലും മറ്റും ഏതു ബ്രാന്‍ഡ് പേരിലും മരുന്ന് തയ്യാറാക്കിത്തരുന്ന കമ്പനികള്‍ തന്നെയുണ്ട്.നമ്മുടെ മുഖ്യമന്ത്രിയുടെ പേരിലും ആരോഗ്യമന്ത്രിയുടെ പേരിലുമൊക്കെ മരുന്നുകള്‍ നല്കാമെന്ന് പറയുന്ന കമ്പനി ഉടമയുടെ വീഡിയോ മീഡിയ റിപ്പോര്‍ട്ട് ചെയ്തത് ഞെട്ടലോടെയാണ് നാം കണ്ടത്. അനുപേക്ഷണീയമായ മരുന്നുകള്‍ക്ക് വ്യാജനിറക്കി ലാഭം കൊയ്യുന്ന വ്യാജന്മാരെ കണ്ടെത്തി നിയമത്തിന് മുമ്പില്‍ കൊണ്ടുവരേണ്ടത് നാളെയുടെ നിലനില്പിന് അത്യാവശ്യമാണ്. വിലകുറഞ്ഞ സാധനങ്ങള്‍ ഉപയോഗിച്ചു ( കപ്പപ്പൊടിയൊക്കെ ഉപയോഗിക്കാറുണ്ടത്രേ ! ) നിര്‍മിച്ചെടുക്കുന്ന ഗുളികകളെ ലേബലൊട്ടിച്ച് വിലകൂടിയ മരുന്നുകളാക്കിയെടുക്കുകയാണ് ഇവര്‍ ചെയ്യുന്നത്. വ്യാജമരുന്നു വിപണനത്തില്‍ ചൈനക്കാരാണ്  വിദേശരാജ്യങ്ങളില്‍ വെച്ച് മുമ്പിലെന്ന് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. കൊളസ്ട്രോളിനും ഷുഗറിനുമൊക്കെ ചൈനീസ് വ്യാജന്മാര്‍ ലഭ്യമാണ്.ഇന്ത്യയില്‍ നടക്കുന്ന മരുന്നു വ്യാപാരത്തിന്റെ 20 ശതമാനം മുതല്‍ 30 ശതമാനം വരെ വ്യാജന്മാരാണെന്ന മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ നാം അകപ്പെട്ടിരിക്കുന്ന വിപത്തിന്റെ ആഴം അതി ഗൌരവമുള്ള പരിശോധനക്ക് വിധേയമാക്കേണ്ടതാണ്.
എല്ലാ പ്രമുഖ മരുന്നു കമ്പനികളുടേയും വ്യാജന്മാര്‍ വിപണിയില്‍ ലഭ്യമാണ്.ശക്തമായ നിയമസംവിധാനങ്ങള്‍ നിലനല്ക്കുന്നുവെന്ന് നാം അവകാശപ്പെടുന്ന ഒരു രാജ്യത്താണ് ഇത് നടക്കുന്നത് എന്നോര്‍ക്കണം. ചില അവിശുദ്ധ കൂട്ടുകെട്ടുകളുടെ സഹായത്തോടെയാണ് ഈ കൊടിയ അനീതി ഇവിടെ നടമാടുന്നത് എന്നത് വസ്തുതയാണ്. ആ കൂട്ടുകെട്ടില്‍ മരുന്നു വ്യാപാരികളുണ്ടാകാം. ഡോക്ടര്‍മാരുണ്ടാകാം. കമ്പനി ഏജന്റുകളുണ്ടാകാം.രാഷ്ട്രീയക്കാരുണ്ടാകാം.എല്ലാ തുറയിലും ഈ വ്യാജന്മാരെ സഹായിക്കുന്നവരുണ്ടാകാം.സമൂഹത്തിലെ മാന്യന്മാരായ ഈ ദേഹങ്ങള്‍ പക്ഷേ , കുടിക്കുന്നത് സാധാരണക്കാരന്റെ കണ്ണുനീരാണ്.
മരുന്നു കഴിക്കുന്നവരില്‍ മുപ്പത്തിയഞ്ചു ശതമാനത്തോളം മറ്റു രോഗങ്ങളുടെ പിടിയിലാകുന്നു എന്നാണ്             ഇന്ത്യന്‍ ഫാര്‍മസി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. ബി.സുരേഷ് പറയുന്നത്.രോഗത്തിന് വേണ്ടി മരുന്നു കഴിക്കുന്നവര്‍ മറ്റു രോഗങ്ങളുടെ തടവറയിലേക്ക് എത്തിപ്പെടുന്നു എന്ന വാര്‍ത്ത മനസാക്ഷിയെ തൊട്ടുണര്‍ത്തുന്നതാണ്.
ഇനിയെങ്കിലും അധികാരികള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം. മരുന്നു വിപണിയെ രക്ഷിച്ചെടുക്കുവാന്‍ ആവശ്യമായ ഇടപെടലുകളുണ്ടാകണം. അനാവശ്യമായി മരുന്നുകളെഴുതി കമ്പനിയില്‍ നിന്ന് ദമ്പടി കൈപ്പറ്റുന്ന ഡോക്ടര്‍മാര്‍ പിടിക്കപ്പെടണം. വ്യാജമരുന്നുകള്‍ വിതരണം ചെയ്യുന്ന ഏജന്റുമാര്‍ പിടിക്കപ്പെടണം. അത് വിറ്റ് ലാഭമുണ്ടാക്കുന്ന വ്യാപാരികള്‍ പിടിക്കപ്പെടണം. ആ കൊള്ളയടിക്ക് കൂട്ടുനില്ക്കുന്നവര്‍ ജനങ്ങളുടെ മുമ്പില്‍ തുറന്നു കാട്ടപ്പെടണം.


Tuesday, May 9, 2017

#ദിനസരികള്‍ 27


സംഗീതമപി സാഹിത്യം സരസ്വത്യാ സ്തനദ്വയം , ഏകമാപാദ മധുരം അന്യഥാ ലോചനാമൃതം എന്ന തര്‍ക്കമില്ലാത്ത ഒരു പ്രശസ്തി, സംഗീതത്തിനും സാഹിത്യത്തിനും നാം പതിച്ചു കൊടുത്തിട്ടുണ്ടല്ലോ. ആലോചനാമൃതത്വവും ആപാദമധുരിമയും എത്രമാത്രം പരസ്പരം കലര്‍ന്നിരിക്കുന്നു എന്നൊരു സംശയം മാത്രമേ അവശേഷിക്കുന്നുള്ളു. പലപ്പോഴും പരസ്പരം അതിലംഘിക്കുന്ന തരത്തില്‍‌ മേല്‍പ്രത്യേകതകള്‍ കാണപ്പെടുന്നുമുണ്ട് എന്നതാണ് വസ്തുത. അതുകൊണ്ട് സരസ്വതിയുടെ ഈ കുചകംഭങ്ങള്‍ രണ്ടും എനിക്ക് പ്രിയം തന്നെ. പക്ഷേ ഒന്നുകൂടി ഊന്നിച്ചോദിച്ചാല്‍ കൂടുതലിഷ്ടം സംഗീതത്തിനോടാണെന്ന് തുറന്നുസമ്മതിക്കേണ്ടിവരും എന്ന് ഞാന്‍ ഭയപ്പെടുന്നു !
            സാഹിത്യവും സംഗീതവും ജീവിതത്തിന്റെ സമസ്തമേഖലകളേയും ആവിഷ്കരിക്കുവാനുള്ള ശ്രമങ്ങളാണല്ലോ . ഇരുകൂട്ടര്‍ക്കും വിശാലമായ കൈവഴികളുണ്ട്. മിനിക്കഥ മുതല്‍ ബൃഹദാഖ്യാനങ്ങള്‍ വരെ ഒരു വശത്തും മൂളല്‍ മുതല്‍ സങ്കീര്‍ണമായ സിംഫണികള്‍ വരെ മറുവശത്തുമായി നേര്‍ക്കുനേര്‍ നില്ക്കുമ്പോള്‍ ഞാന്‍ ഏതു വശത്താണെന്ന അങ്കലാപ്പില്‍ പെട്ടുപോകുന്നത് സ്വാഭാവികം  മാത്രമാണ്. അതുകൊണ്ട് അത്ര വിശാലമായ അര്‍ത്ഥത്തില്‍ കണ്ടുകൊണ്ടല്ല സംഗീതത്തോടുള്ള പ്രണയം സ്പഷ്ടമാക്കുന്നത് എന്നു മാത്രവുമല്ല , ഒന്ന് ഒന്നിനെക്കാള്‍ നന്ന് എന്ന് വിവക്ഷിക്കുന്നുമില്ല.
            മൂളല്‍ മുതല്‍ സിംഫണിവരെ എന്ന് പറഞ്ഞുപോയെങ്കിലും സംഗീതത്തിന്റെ അത്ര വിശാലമായ മേഖലകളുമായി , സാഹിത്യത്തിന്റെ എന്ന പോലെത്തന്നെ , എനിക്ക് ബന്ധമില്ല.വിഭിന്നങ്ങളായ ആ മഹാസഞ്ചയങ്ങളിലെ ഒരു വിഭാഗം മാത്രമായ കര്‍ണാട്ടിക് സംഗീതത്തോടാണ് എനിക്ക് ഏറെ മമത ഉള്ളത്. അതില്‍ത്തന്നെ ചില വാഗ്ഗേയകാരന്മാരോട് , ചില കൃതികളോട് പ്രസ്പഷ്ടമായ പക്ഷപാതമുണ്ട് എന്ന് തുറന്നു സമ്മതിക്കാതെ വയ്യ. രുചിഭേദങ്ങളുണ്ടെങ്കിലും പൊതുവായി കര്‍ണാടക സംഗീതം എനിക്ക് അഭയമാകുന്നു

            

Monday, May 8, 2017

#ദിനസരികള്‍ 26


വൈലോപ്പിള്ളി. ഗന്ധങ്ങളുടെ കവിയെന്ന് എം എന്‍ വിജയന്‍. കാവ്യലോകത്തെ ബലിഷ്ഠഹസ്തമെന്ന് കുട്ടികൃഷ്ണമാരാര്‍ . ഗതാനുഗതി കത്വത്തിന്റെ മടുപ്പില്‍ നിന്ന് ജീവിതത്തിന്റെ നവനവോല്ലേഖങ്ങളിലേക്ക് മലയാളകവിതയ മാറ്റി പ്രതിഷ്ഠിച്ചയാള്‍ എന്ന് കൈനിക്കര . എല്ലുറപ്പു ള്ള കവിത എന്ന് ഇനിയും ചിലര്‍. നിലത്തുറപ്പിച്ച കാലടികളില്‍ സ്വയം നിവര്‍ന്നുനിന്ന ഈ കവിക്ക് അമിതവര്‍ണങ്ങള്‍ കളമെഴുതിയ നിറസമൃദ്ധിയല്ലായിരുന്നു ജീവിതം. മറിച്ച്
“ എന്തു വിശുദ്ധിക്കുമീ മണ്ണില്‍ ചാലിച്ചേ
സ്വന്തമായുള്ള നിറം തെളിയൂ
…………………………………………………
എന്തു നൈര്‍‌മല്യവും ഇച്ചളിക്കൂട്ടിലേ
സ്വന്തമായുള്ള വളര്‍ച്ച നേടൂ ” എന്നായിരുന്നു കവി വിശ്വസിച്ചിരുന്നത്. ചായം പൂശിയ ചുണ്ടുകളുടെ വലിച്ചുനീട്ടലുകളെ പുഞ്ചിരി എന്ന് വിളിക്കുവാന്‍ കഴിയുകയില്ലെന്നും അതിനു പിന്നില്‍ അനാശാസ്യമായ ഒരു കാപട്യമുണ്ടെന്നും അദ്ദേഹം ലോകത്തോട് വിളിച്ചു പറഞ്ഞത് .
“പുഞ്ചിരി ഹാ കുലീനമാം കള്ളം
നെഞ്ചു കേറി ഞാന്‍‌ നേരിനെ കാട്ടാം”
അതുകൊണ്ടുതന്നെയാണ് മണ്ണിനൊപ്പം ചേര്‍ന്ന് മണ്ണിനെ ശുദ്ധീകരിക്കുന്ന കാക്ക മറ്റേതു പറവയെക്കാളും കവിക്ക് പ്രിയങ്കരമായത്. ഒരു ഘട്ടത്തില്‍ കവി, ഈ പക്ഷപാതിത്വം
“പാടിക്കളിക്കട്ടെ നാലുകെട്ടില്‍
മാടത്ത, തത്ത , കുയില്‍ , പിറാക്കള്‍‌
ഉള്‍പ്രിയ, മെങ്കിലും ഗേഹലക്ഷ്മി
ക്കെപ്പോഴും കാക്കയോടെന്നു ഞായം “ എന്ന് വ്യക്തമായി ഉദ്ഘോഷിക്കുന്നുമുണ്ട്.മണ്ണിനോടുള്ള പ്രണയം മണ്ണില്‍ പണിയെടുക്കുകയും സ്വന്തം വിയര്‍പ്പുകൊണ്ട് മണ്ണില്‍ ഉപ്പുചേര്‍ക്കുകയും ചെയ്യുന്നവരോടുള്ള പ്രണയം കൂടിയാണ്. ആ പ്രണയത്തിന്റെ ഫലമാണ് വരണ്ടുകിടക്കുന്ന പുഞ്ചപ്പാടത്ത് വെള്ളം തേകുന്ന മിഥുനങ്ങളെ പടയാളികള്‍ എന്ന് വിശേഷിപ്പിക്കുവാന്‍ വൈലോപ്പിള്ളിയെ പ്രേരിപ്പിച്ചത്. വൈലോപ്പിള്ളിയുടെ പടയാളികള്‍ എന്ന കവിത നോക്കുക. ഛത്രപതികളുടെ അധികാരാതിര്‍ത്തികളുടെ സംരക്ഷകരും ധ്വജവാഹകരുമായ കിങ്കരന്മാരെക്കാള്‍ എന്തുകൊണ്ടും കവിക്ക് പ്രിയം ഈ പടയാളികളോടാകുന്നതിന് പിന്നില്‍ മണ്ണിനോട് ഒട്ടി നില്ക്കുവാനുള്ള താല്പര്യമാണ് പ്രതിഫലിക്കുന്നത്. വരള്‍ച്ച വരട്ടിയ മണ്ണിനെ തേവി നനക്കുന്ന മണ്ണിന്റെ ഈ പടയാളികളാണ് ഒരു നാടിന്റെ നട്ടെല്ല് എന്ന ധാരണ , വരേണ്യമായ ഏതു തൊഴില്‍രൂപങ്ങള്‍ക്കും മുകളിലാണ് എന്ന് സധൈര്യം പ്രഖ്യാപിക്കുകയാണ് വൈലോപ്പിള്ളി പടയാളികള്‍ എന്ന കവിതയിലൂടെ ചെയ്യുന്നത്. ഇത് തിരിച്ചറിഞ്ഞ് നെഞ്ചേറ്റുവാന്‍ ഇനിയാര് എന്ന് വൈലോപ്പിള്ളിയെപ്പോലെ നമ്മളും ചോദിക്കുക.

ആരാണു വീറോടു പോരാടുമീ രണ്ടു
പോരാളിമാര്‍കളെപ്പാടിപ്പുകഴ്ത്തുവാന്‍?

Sunday, May 7, 2017

#ദിനസരികള്‍ 25


ഗാന്ധി ഇര്‍വിന്‍ കരാര്‍ പ്രകാരം വട്ടമേശ സമ്മേളനത്തിനായി ഗാന്ധിജി ഇംഗ്ലണ്ടിലേക്ക് പോയെങ്കിലും‍ ചര്‍ച്ച പരാജയപ്പെട്ടതോടെ തിരിച്ച് ഇന്ത്യയിലേക്ക് വന്ന അദ്ദേഹത്തെ ബോംബെയില്‍ വച്ചുതന്നെ ബ്രിട്ടീഷ് സര്‍ക്കാര്‍ അറസ്റ്റുചെയ്തു. ഈ അറസ്റ്റിനെതിരെ ഇന്ത്യയിലുടനീളം പ്രതിഷേധപ്രളയങ്ങള്‍ നടന്നു.ആ പ്രതിഷേധത്തിന്റെ ജ്വാലകള്‍ ഇങ്ങ് കേരളക്കരയോളം നീണ്ടു.കണ്ണൂരിലെ വിളക്കുംതറയില്‍ പോലീസിന്റെ നിരോധനാജ്ഞ ലംഘിച്ച് ഒരു കൂട്ടം സമരവള   ണ്ടിയര്‍മാര്‍ പ്രതിഷേധയോഗം നടത്തി അറസ്റ്റു വരിച്ചു. അന്നു രാത്രി പോലീസ് ലോക്കപ്പിലിട്ട് വളണ്ടിയര്‍മാരെ ക്രൂരമായി മര്‍ദ്ദിച്ചു. പിറ്റേദിവസം മജിസ്ട്രേറ്റിന്റെ മുമ്പില്‍ ഹാജരാക്കിയ അവരിലൊരാളോട് ജഡ്ജി പേരു ചോദിച്ചു പലതവണ ആവര്‍ത്തു ചോദിച്ചെങ്കിലും ജഡ്ജിയുടെ ചോദ്യങ്ങളോട് പ്രതികരിക്കുവാന്‍ അവര്‍ വിസമ്മതിച്ചു. അവസാനം ഈ കുറ്റത്തിന്റെ ശിക്ഷയോടൊപ്പം കോടതി യലക്ഷ്യക്കുറ്റം കൂടി ചാര്‍ത്തപ്പെടും എന്ന് ജഡ്ജി ഭീഷണിപ്പെടുത്തുന്ന ഘട്ടംപോലുമുണ്ടായി.പേരെന്ത് എന്ന് ആവര്‍ത്തിച്ചു ചോദിച്ച ജഡ്ജിയോട് ഭാരതീയന്‍ എന്ന് അവരിലൊരാള്‍ മറുപടി പറഞ്ഞു. അതുകേട്ട് ക്ഷോഭിച്ച ജഡ്ജി താനും ഭാരതീയനാണെന്ന് പറഞ്ഞു. എന്നാല്‍ നിങ്ങള്‍ പരദേശികള്‍ക്കുവേണ്ടി വിടുപണി ചെയ്യുന്ന വെറും കൂലിക്കാരനാണ്. ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്ന ധീരന്മാരാണ് ഭാരതീയര്‍ എന്നാണ്  കോടതിമുറിയെയാകെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് ആ വളണ്ടിയര്‍മാരില്‍ ഒരാള്‍ പ്രതികരിച്ചത്. സ്വാതന്ത്ര്യ സമരചരിത്രത്തിന്റെ താളുകളില്‍ കനകരേഖകളാല്‍ ആലേഖനം ചെയ്യപ്പെട്ട ആ മുഹൂര്‍ത്തം വി എം വിഷ്ണു നമ്പീശന്‍ എന്ന പ്രതിഷേധക്കാരനെ വിഷ്ണുഭാരതീയന്‍ എന്ന സ്വാതന്ത്ര്യസമരസേനാനിയാക്കിമാറ്റി ഇന്ത്യന്‍ സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിന് നല്കി. കെ എന്‍ വി കൃഷ്ണന്‍ നമ്പ്യാര്‍ രചിച്ച വിഷ്ണുഭാരതീയന്‍ എന്ന പുസ്തകം സ്വാതന്ത്ര്യസമരത്തിനും കര്‍ഷകമുന്നേറ്റത്തിനും ചെറുതല്ലാത്ത സംഭാവനകള്‍ നല്കിയ വിഷ്ണുഭാരതീയന്റെ ജീവിതകഥ പ്രതിപാദിക്കുന്നു. 1892 സെപ്തംബര്‍ ആറിന് ജനിച്ച വിഷ്ണു ഭാരതീയന്‍ 1981 മെയ് പതിനാലാം തീയതി മരിക്കുന്നതുവരെ അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ ഒരു നിസ്വാര്‍ത്ഥകര്‍മിയായിരുന്നു. അക്കാലത്തെ ഏതൊരു സ്വാതന്ത്ര്യസമര സേനാനിയെപ്പോലെയും ഗാന്ധിയും അഹിംസയും തന്റെ ജീവിതവ്രതമായി അദ്ദേഹവും സ്വീകരിച്ചു.
            ഇപ്പോള്‍ വിഷ്ണുഭാരതീയനെ ഓര്‍മിക്കുവാന്‍ സവിശേഷ കാരണമൊന്നുമില്ല. അനുസ്മരണദിനങ്ങളിലെ ഔപചാരികതയില്‍ മാത്രം സ്മരണ പുതുക്കുന്ന ശീലമുള്ള നമുക്ക് കേരളത്തെ കേരളമാക്കിയവരുടെ പേരുകള്‍ ഇടക്കിടക്ക് ഇങ്ങന ഓര്‍മിക്കുന്ന ശീലമുണ്ടാകണം. ആ ശീലമുണ്ടാകാത്തതുകൊണ്ടാണ് ഏതൊക്കെ ചതുപ്പുകള്‍ താണ്ടിയാണ് നാമിവിടെയെത്തിയതെന്നു മറന്നുപോകുന്നത്.