#ദിനസരികള് 670
അതിര്‍ത്തിയിലെ സ്ഫോടനത്തില്‍ ശകലങ്ങളായി ചിതറിത്തെറിച്ച യുവാവായ പട്ടാളക്കാരന്റെ അച്ഛന്‍ വിറയ്ക്കുന്ന ചുണ്ടുകൾ കടിച്ചമര്‍ത്തി ഇപ്രകാരം പറയുന്നു “എന്റെ രാജ്യത്തിനു വേണ്ടിയാണ് അവന്‍ മരിച്ചത്. അവനെക്കുറിച്ച് എനിക്ക് അഭിമാനമാണ്. എനിക്ക് ഇനിയുള്ള ഒരു മകനേയും ഈ നാടിനു വേണ്ടി അതിന്റെ സുരക്ഷിതത്വത്തിനു വേണ്ടി ബലി കൊടുക്കുവാന്‍ സന്തോഷമേയുള്ളു.” മരിച്ചു വീണ പട്ടാളക്കാരന്റെ അച്ഛന്‍, അമ്മ, സഹോദരങ്ങള്‍, ഭാര്യ – എല്ലാവരും ആവര്‍ത്തിക്കുന്നു, ആ ബലിയില്‍ തങ്ങള്‍ തൃപ്തരാണെന്ന്. നാടിനു വേണ്ടി, ഈ നാടിന്റെ സുരക്ഷിതത്വത്തിനും സമാധാനത്തിനും മരിച്ചു വീണ അവന്റെ ഗതിയില്‍ തങ്ങള്‍ തൃപ്തരാണെന്ന്. പാവങ്ങള്‍. ആരെയൊക്കെയോ എന്തൊക്കെയോ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങള്‍. എന്തൊരു യാന്ത്രികതയാണ് അവരുടെ വാക്കുകളില്‍? ചാവി കൊടുത്തു വിട്ട പാവകളെപ്പോലെ ഒരേ സ്വരത്തില്‍ ഒരേ താളത്തില്‍ അവര്‍ ഒരേ പല്ലവി ആവര്‍ത്തിക്കുന്നു. മകന്റെ, സഹോദരന്റെ, അച്ഛന്റെ, ഭര്‍ത്താവിന്റെ മരണത്തില്‍ വേദന തോന്നുന്നില്ലെന്ന്. എന്നാലോ? എനിക്കു വേദനിക്കുന്നു. മനുഷ്യനെപ്പോലെ വേദനിക്കുന്നു. മരിച്ചു വീണവന്റെ സ്വപ്നങ്ങളെക്കുറിച്ചോര്‍ത്തു, അവന്റെ വരവിനായി കാ...