#ദിനസരികള് 665
ശ്രീനാരായണ ഗുരു, സത്യമെന്താണെന്ന് മനസ്സിലാക്കാന്‍ കഴിയാത്ത സന്ന്യാസ വേഷധാരിയെ കപടയതി എന്നാണ് ആത്മോപദേശ ശതകത്തില്‍ വിശേഷിപ്പിക്കുന്നത്. പ്രസ്തുത കൃതിയിലെ പതിനാലാമത്തെ ശ്ലോകം പറയുന്നതു കേള്‍ക്കുക.
ത്രിഭുവനസീമ കടന്നു തിങ്ങിവിങ്ങും
ത്രിപുടി മുടിഞ്ഞു തെളിഞ്ഞിടുന്ന ദീപം
കപടയതിയ്ക്കു കരസ്ഥമാകുവീലെ-
ന്നുപനിഷദുക്തിരഹസ്യമോർത്തിടേണം.
ത്രിപുടി മുടിഞ്ഞു തെളിഞ്ഞിടുന്ന ദീപം
കപടയതിയ്ക്കു കരസ്ഥമാകുവീലെ-
ന്നുപനിഷദുക്തിരഹസ്യമോർത്തിടേണം.
1903 ല്‍ ഗുരു സ്ഥാപിച്ച ശ്രീനാരായണ ധര്‍മ പരിപാലന യോഗം ഇത്തരം കപടയതിമാരുടെ കേന്ദ്രമായി മാറിയിരിക്കുന്നുവെന്ന വസ്തുത ശ്രീനാരായണന്റെ ജീവിതത്തേയും ചിന്തകളേയും പിന്‍പറ്റുന്ന ഏതൊരാളേയും വേദനിപ്പിക്കേണ്ടതാണ്. ഈ വ്യതിചലനം വളരെ നേരത്തെത്തന്നെ മനസ്സിലാക്കിയിരുന്ന ഡോക്ടര്‍ പല്പു, ഗുരുവിന്റെ പിന്മുറക്കാരായി അഭിനയിച്ചിരുന്ന കാപട്യക്കാരെ പെരുച്ചാഴികള്‍ എന്നാണ് വിളിച്ചത് എത്ര അര്‍ത്ഥവത്തായിരിക്കുന്നുവെന്ന് നാം, കേരള ജനത നേരിട്ടു കാണുകയാണ്.
ഗുരു ഈ പ്രസ്ഥാനത്തെ ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ എഴുതിത്തള്ളിയതാണ്. അദ്ദേഹത്തിന്റേതായ ഒന്നിന്റേയും പിന്തുടര്‍ച്ചക്കാരായി ഇക്കൂട്ടരെ അദ്ദേഹം പരിഗണിച്ചിരുന്നില്ല :-“യോഗത്തിന്റെ നിശ്ചയങ്ങളെ നാം പാസ്സാക്കുന്നതുകൊണ്ടും, യോഗത്തിന്റെ ആനുകൂല്യങ്ങളൊന്നും നമ്മെ സംബന്ധിക്കുന്ന കാര്യങ്ങളില്‍ ഇല്ലാത്തതുകൊണ്ടും യോഗത്തിന് ജാത്യാഭിമാനം വര്‍ദ്ധിച്ചുവരുന്നതുകൊണ്ടും മുമ്പൊക്കെ മനസ്സില്‍ നിന്നും വിട്ടിരുന്നതുപോലെ ഇപ്പോള്‍ വാക്കില്‍ നിന്നും യോഗത്തെ വിട്ടിരിക്കുന്നു”വെന്ന് ഗുരുതന്നെ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും നാം എസ് എന്‍ ഡി പി മഠത്തിന് ഗുരുവിന്റെപോലും ഇഷ്ടങ്ങള്‍ക്കു വിരുദ്ധമായി സവിശേഷമായ ഒരു പദവി അനുവദിച്ചുകൊടുത്തിട്ടുണ്ട്.
എന്നാല്‍ ആ അംഗീകാരം മഠത്തിലുള്ളവര്‍ അര്‍ഹിക്കുന്നില്ലെന്ന് അക്കൂട്ടര്‍ കൂടെക്കൂടെ തെളിയിച്ചുകൊണ്ടേയിരിക്കുന്നു.
ബി ജെ പിയുടെ വര്‍ഗ്ഗീയ രാഷ്ട്രീയത്തിന് ഐക്യപ്പെടുക എന്നു പറഞ്ഞാല്‍ ശ്രീനാരായണനെ വ്യക്തമായും നിഷേധിക്കുക എന്നുതന്നെയാണ് അര്‍ത്ഥം. ഗുരു എന്താണോ തന്റെ ജീവിതം കൊണ്ട് പഠിപ്പിച്ചത് അതിന് നേര്‍വിപരീതമായ ആശയങ്ങളെയാണ് ബി ജെ പിയും കൂട്ടരും പ്രതിനിധാനം ചെയ്യുന്നതെന്ന് മഠത്തിലുള്ളവര്‍ക്ക് അറിയായ്കയല്ല. എന്നിട്ടും സവര്‍ണതയേയും ജാതീയതയേയും കേന്ദ്ര ആശയമായി സ്വീകരിച്ചു പ്രവര്‍ത്തിക്കുന്ന ആറെസ്സെസ്സിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘപരിവാരത്തിനെ പരവതാനി വിരിച്ച് സ്വീകരിക്കുമ്പോള്‍ ഒരു കാലത്ത് ഏതേതു മൂല്യങ്ങള്‍ക്കു വേണ്ടിയാണോ ശ്രീനാരായണന്‍ പ്രവര്‍ത്തിച്ചത് അതേ മൂല്യങ്ങളെത്തന്നെയാണ് നിഷേധിച്ച് പടിക്കു പുറത്താക്കുന്നത്.
മനുഷ്യന് അവന്റെ ജീവിതത്തിന് മറ്റെന്തിനെക്കാളും പ്രാധാന്യം നല്കിയ ഗുരു, ജാതീയവും മതപരവുമായ എല്ലാ വിതാനങ്ങളുടേയും സങ്കുചിതമായ വലയങ്ങള്‍ക്ക് അപ്പുറത്തേക്ക് അവനെ ഉയര്‍ത്തി നിറുത്തി. ആ ഗുരുവിനെയാണ് ശിവഗിരി മഠത്തിന്റെ സന്ന്യാസിമാരെന്നവകാശപ്പെടുന്നവര്‍ മതവര്‍ഗ്ഗീയവാദികളുടെ തൊഴുത്തില്‍ കൊണ്ടുപോയി കെട്ടാന്‍ ശ്രമിക്കുന്നത്. ഗുരുവിനെ മനസ്സിലാക്കി പിന്തുടരുന്നവര്‍ ഇനിയും അവശേഷിക്കുന്നുണ്ടെങ്കില്‍ ഈ കപടയതിമാരെ ശിവഗിരിമഠത്തിനു പുറത്താക്കുവാനുള്ള വഴികളാണ് തേടേണ്ടത്.
Comments