#ദിനസരികള് 437 - നൂറു ദിവസം നൂറു പുസ്തകം – പത്താം ദിവസം.
|| വായനക്കാരാ നിങ്ങള്‍ ജീവിച്ചിരിക്കുന്നോ ? – എം കൃഷ്ണന്‍ നായര്‍ || എം കൃഷ്ണന്‍ നായര്‍. ചൊടിപ്പിച്ചുണര്‍ത്തിയ വിമര്‍ശകന്‍. മലയാളികളുടെ ഭാവുകത്വങ്ങളെ ഘടാകാശത്തില്‍ നിന്നും വിശ്വസാഹിത്യത്തിന്റെ മഹാകാശത്തിലേക്ക് പറിച്ചു നട്ടവരില്‍ പ്രധാനി. എഴുത്തിലേക്കു് ചുവടുറപ്പിച്ചവര്‍ക്കും നിലകിട്ടി എന്നു കരുതിപ്പോന്നവര്‍ക്കും ഒരു പോലെ പേടിസ്വപ്നം. മലയാളത്തില്‍ അദ്ദേഹം എഴുതിയിരുന്ന സാഹിത്യവാരഫലത്തില്‍ മണ്ഡനമായാലും ഖണ്ഡനമായാലും പേരുവന്നാല്‍ മതി എന്നു കരുതി നമ്മുടെ സാഹിത്യരംഗത്തെ എഴുത്താണി ആദ്യമായി തൊട്ടവരും കുലഗുരുക്കന്മാരും തൊഴുതുനിന്നു.വിശ്വസാഹിത്യത്തിലെ പല പേരുകളും അദ്ദഹത്തിലൂടെയാണ് മലയാളികള്‍ കണ്ടെത്തിയത്. ലോകസാഹിത്യത്തിന്റെ വിശാലമായ ചാണക്കല്ലില്‍ വെച്ച് മലയാളിയുടെ എഴുത്തിനെ ഉരച്ചുനോക്കി അദ്ദേഹം മാറ്റു നിശ്ചയിച്ചപ്പോള്‍ ചില വിഗ്രഹങ്ങളുടയുകയും പുതിയ ചിലത് ഉരുവം കൊള്ളുകയും ചെയ്തു.ഒരു കഥയെ അവതരിപ്പിച്ചുകൊണ്ട് അദ്ദേഹം എഴുതുന്നു ” ........ എന്നാല്‍ അദ്ദേഹത്തിന്റെ കഥകള്‍ പരിണാമരമണീയങ്ങളായി ഞാന്‍ കണ്ടിട്ടില്ല.മുമ...