#ദിനസരികള് 432- നൂറു ദിവസം നൂറു പുസ്തകം – അഞ്ചാം ദിവസം.‌




||ബര്‍ട്രന്റ് റസ്സല്‍ വി.ബാബുസേനന്‍ ||
           
            ഖസാക്കിന്റെ ഇതിഹാസം പ്രസിദ്ധീകരിച്ച കാലം.അന്നൊരിക്കല്‍ തന്റെ വലതു കൈയ്യില്‍ പിടിമുറുക്കിയ ഒരാരാധകനോട് ഒ.വി. വിജയന്‍ വേദനയുണ്ട് അമര്‍ത്തരുത് എന്നു പറഞ്ഞു. അപ്പോള്‍ ഇനി നിങ്ങള്‍ ഈ കൈകള്‍ വെട്ടിക്കളഞ്ഞുകൊള്ളൂ.ഇതുകൊണ്ടു ചെയ്യാനുള്ള ഏറ്റവും മഹത്തായ കാര്യം ചെയ്തു കഴിഞ്ഞു എന്നായിരുന്നുവത്രേ ആരാധകന്റെ മറുപടി.ബര്‍ട്രന്റ് റസ്സലിന്റെ ജീവചരിത്രം എഴുതിയ വി ബാബുസേനനെ എന്നെങ്കിലും നേരിട്ടു കാണുകയാണെങ്കില്‍ അദ്ദേഹത്തിന്റെ കൈകളില്‍ കടന്നു പിടിച്ചുകൊണ്ട് ഇതേരീതിയില്‍ത്തന്നെ ഞാന്‍ സംസാരിക്കുംബര്‍ട്രന്റ് റസ്സല്‍ എന്ന ജീവിചരിത്ര പുസ്തകമെഴുതിയ നിങ്ങള്‍ നിങ്ങളുടെ രണ്ടുകൈകളും വെട്ടിക്കളഞ്ഞുകൊള്ളൂ. ആ കൈകള്‍ കൊണ്ട് ചെയ്യാനുള്ളത് ചെയ്തുകഴിഞ്ഞുവെന്ന്.കേവലം ഒരു പുസ്തകത്തെ വെറുതെ പുകഴ്ത്തിപ്പറയുന്നതല്ല മറിച്ച്, അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ മലയാളത്തിലുണ്ടായിട്ടുള്ള ജീവചരിത്രഗ്രന്ഥങ്ങളുടെ കൂട്ടത്തില്‍ ഒട്ടും പിന്നിലല്ലാത്ത ഒരു സ്ഥാനം ഈ പുസ്തകത്തിനും ലഭിക്കുമെന്ന കാര്യത്തില്‍ എനിക്കു സംശയമൊന്നുമില്ല.ബര്‍ട്രന്റ് റസ്സല്‍ എന്ന മഹാമനീഷിയുടെ ആത്മാവിനെതൊട്ടു നില്ക്കുന്ന ഒന്നാണ് ഈ പുസ്തമെന്ന് ഇതിലൂടെ കടന്നുപോകുന്ന ഏതൊരാളും സമ്മതിരിക്കാതിരിക്കുകയില്ല.
            ആയിരത്തിയെണ്ണൂറ്റി എഴുപത്തിരണ്ട് മെയ് പതിനെട്ടിന് ജനിച്ച ബര്‍ട്രന്റ് ആര്‍തര്‍ വില്യം റസ്സല്‍ ആയിരത്തിതൊള്ളായിരത്തിയെഴുപത് ഫെബ്രുവരി രണ്ടാംതീയതിയാണ് മരിക്കുന്നത്.അജ്ഞേയവാദിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന റസ്സലിന്റെ വ്യക്തിപരമായ വിശ്വാസങ്ങളെന്തുതന്നെയായാലും അദ്ദേഹം ഒരു വിശ്വപൌരനായിരുന്നു എന്ന് സംശയലേശമെന്യേ നമുക്ക് പറയാം.ഈ പുസ്തകത്തിലെ ലോകശാന്ത്യര്‍ത്ഥം ഘട്ടം ഒന്ന് രണ്ട് മൂന്ന് എന്നീ അധ്യായങ്ങളില്‍ ലോകജനതയുടെ ക്ഷേമത്തിനുവേണ്ടി നിലകൊള്ളുന്ന റസ്സലിനെ നമുക്കു കാണാം.പ്രധാനമന്ത്രി മാക്‍മില്ലനെക്കുറിച്ചുള്ള ഒച്ചപ്പാടുണ്ടാക്കിയ ഒരു പരാമര്‍ശത്തില്‍ അണ്വായുധമുക്തമായ ഒരു ലോകത്തെ സ്വപ്നം കാണുന്ന റസ്സലിനെ നമുക്ക് കാണാം എല്ലാ യഹുദന്മാരേയും കൊല്ലണമെന്ന് ഹിറ്റ്ലര്‍ നിശ്ചയിച്ചപ്പോള്‍ അയാള്‍ ഒരു വില്ലനാണെന്ന് നമ്മളെല്ലാവരും പറഞ്ഞു.പക്ഷേ കെന്നഡിയും മാക്‍മില്ലനും യഹൂദന്മാരെ മാത്രമല്ല ശേഷിച്ച നമ്മെയെല്ലാം കൊല്ലണമെന്ന് നിശ്ചയിച്ചിരിക്കുന്നു.അതുകൊണ്ട് അവര്‍ രണ്ടുപേരും ഹിറ്റ്ലറെക്കാളും ഭയങ്കരന്മാരാണ്.കൂട്ടത്തോടെ ആളുകളെ കൊന്നൊടുക്കുന്ന ആയുധങ്ങള്‍ നിര്‍മിക്കണമെന്ന ആശയം തന്നെ അത്യന്തം നിന്ദ്യമാണ്.അത് ഉള്‍‌ക്കൊള്ളാന്‍ മനുഷ്യത്വത്തിന്റെ ഒരു സ്ഫുലിംഗമെങ്കിലും ഉളളിലുള്ള ഒരാള്‍ക്കും സാധ്യമല്ലതന്നെഹിറ്റ്ലറെക്കാള്‍ ക്രൂരന്മാര്‍ എന്ന പ്രയോഗത്തോട് നമുക്ക് വിപ്രതിപത്തി തോന്നിയേക്കാമെങ്കിലും ആത്യന്തികമായി മനുഷ്യസ്നേഹത്തിലും ലോകസമധാനത്തിലും വിശ്വസിക്കുന്ന അതിനുവേണ്ടി ഏത് അധികാരസ്ഥാനത്തേയും വെല്ലുവിളിക്കുന്ന ഒരു മനുഷ്യനെ നാം കാണാതിരുന്നുകൂട.
            ക്യൂബന്‍ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ ഇടപെടലുകള്‍ വിഖ്യാതമാണല്ലോ. ലോകശാന്ത്യര്‍ത്ഥം ഘട്ടം മൂന്ന് എന്ന അധ്യായത്തില്‍‌ ഇക്കാര്യങ്ങള്‍ വസ്തുതാപരമായി വിശദീകരിക്കുന്നുണ്ട്.തങ്ങളുടെ ഇഷ്ടപ്രകാരം നില്ക്കന്ന രാഷ്ട്രമല്ല ക്യൂബ എന്ന തിരിച്ചറിവ് അമേരിക്കന്‍ പ്രസിഡന്റ് കെന്നഡിയെ പ്രകോപിതനാക്കുകയും ബാറ്റിസ്റ്റയെ നിഷ്കാസനം ചെയ്തുകൊണ്ട് അധികാരത്തില്‍ വന്ന ക്യൂബയിലെ ഫിഡല്‍ കാസ്ട്രോയുടെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് ഗവണ്‍‌മെന്റ് അമേരിക്കയുടെ മനസ്സില്‍ അസ്വസ്ഥതയുണ്ടാക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഒരു ലോകമഹായുദ്ധത്തിന്റെ സാധ്യതയൊരുക്കിക്കൊണ്ട് അമേരിക്കയും സോവിയറ്റു യൂണിയനും മുഖാമുഖം വന്നത്.യുദ്ധമെന്നുറപ്പിച്ച ഒരു ഘട്ടത്തോളമെത്തിയ പ്രസ്തുതപ്രതിസന്ധിയെ തരണം ചെയ്യാന്‍ റസ്സല്‍ നടത്തിയ ശ്രമങ്ങള്‍ ശ്ലാഘനീയമാണ്.നിരന്തരം അമേരിക്കയുടേയും സോവിയറ്റിന്റേയും നേതൃത്വവുമായി ബന്ധപ്പെടുകയും ലോകമനസ്സാക്ഷിയെ ക്യൂബന്‍ പ്രതിസന്ധി പരിഹരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധ്യപ്പെടുത്തുകയും ചെയ്ത അദ്ദേഹം,ആ വാര്‍‌ദ്ധക്യത്തിലും പ്രതിസന്ധി അവസാനിച്ചതിനു ശേഷമേ വിശ്രമിച്ചുള്ളു.ക്യൂബയിലേക്ക് റഷ്യ കപ്പലുകളയക്കുന്നില്ല എന്ന തീരുമാനമെടുത്തതോടെയാണ് ക്യൂബന്‍ ക്രൈസിസിന് അയവുണ്ടായത്.ഈ തീരുമാനത്തില്‍ സോവിയറ്റ് യൂണിയന്റെ പ്രസിഡന്റായിരുന്ന ക്രൂഷ്ചേവിനെ റസ്സല്‍ മുക്തകണ്ഠം പ്രശംസിക്കുകയുണ്ടായി. തികഞ്ഞ കമ്യൂണിസ്റ്റ് വിരുദ്ധനായിരുന്ന റസ്സലിനെ മാധ്യമങ്ങളും അമേരിക്കയും കൂടി കമ്യൂണിസ്റ്റുകാരനാക്കുന്നതാണ് പിന്നീട് നാം കണ്ടതെന്നത് ഇതിനോടൊപ്പം കൂട്ടിവായിക്കേണ്ട വലിയ തമാശയാണ്.
            ലെനിനുമായി അഭിമുഖം നടത്താനുള്ള ഒരു അവസരം റസ്സലിനു ലഭിക്കുന്നുണ്ട്.ആ സമയത്ത് , മുതലാളിത്ത രാജ്യങ്ങളുമായി സോവിയറ്റു റഷ്യ വ്യാപാരബന്ധം തുടങ്ങുന്ന കാലത്ത് മുതലാളിത്ത വ്യവസ്ഥിതിയുടെ സ്വാധീനം കമ്യൂണിസ്റ്റു വ്യവസ്ഥിതിയുടെ കെട്ടുറപ്പിനെ ബാധിക്കുകയില്ലേ എന്നൊരു സംശയം ഉന്നയിച്ചു.രണ്ടുകൊല്ലം മുമ്പുവരെ ലോകത്തിന്റെ ശത്രുതയെ അതിജീവിക്കാന്‍ കഴിയുമെന്ന് താനോ തന്റെ സഹപ്രവര്‍ത്തകരോ കരുതിയതല്ല.മുതലാളിത്ത രാജ്യങ്ങള്‍ തമ്മിലുള്ള അസൂയയും അവരുടെ വിഭിന്നങ്ങളായ താല്പര്യങ്ങളും തങ്ങളുടെ പ്രചാരണത്തിന്റെ ശക്തിയുമാണ് ഞങ്ങളെ ഇവിടെവരെയെത്തിച്ചത്.ചോദ്യകര്‍ത്താവിന്റെ സംശയം അതുകൊണ്ട് അസ്ഥാനത്താണ്.ലെനിനെക്കുറിച്ച് അദ്ദേഹത്തിന്റെ അഭിപ്രായം കൂടി നോക്കുക - അദ്ദേഹം ആരാണെന്നറിയാതെയാണ് ഞാന്‍ അദ്ദേഹത്തെ കണ്ടിരുന്നതെങ്കില്‍ അദ്ദേഹം ഒരു മഹാപുരുഷനാണെന്ന് എനിക്കു തോന്നുകയേയില്ലായിരുന്നു.അഭിപ്രായത്തില്‍ കടുംപിടുത്തക്കാരനായ ഇടുങ്ങിയ തരത്തില്‍ യാഥാസ്തിതികനായ ഒരു മനുഷ്യനെയാണ് ഞാന്‍ കണ്ടത്.അദ്ദേഹത്തിന് കരുത്തു പകരുന്നത് സത്യസന്ധതയും ധൈര്യവും മാര്‍ക്സിയന്‍ തത്ത്വസംഹിതയിലുള്ള അചഞ്ചലമായ വിശ്വാസവുമാണെന്നാണ് എനിക്കു തോന്നുന്നത്( പേജ് 160 )
            ഞാന്‍ അവസാനിപ്പിക്കട്ടെ!ഒരു പാടുരസകരമായ സംഭവവികാസങ്ങളെ അണിനിരത്തിക്കൊണ്ടാണ് വി ബാബുസേനന്‍ ഈ പുസ്തകം പൂര്‍ത്തിയാക്കിയിട്ടുള്ളത്. ശിഷ്യനും പ്രസിദ്ധ തത്വചിന്തകനുമായ വിറ്റ്ഗെന്‍സ്റ്റീനുമായുള്ള റസ്സലിന്റെ ഇടപെടലുകള്‍ വായനക്കാരെ രസിപ്പിക്കുകതന്നെ ചെയ്യും.  മഹാനായ ഒരു മനുഷ്യനെ അടുത്തറിയാനുതകുന്ന തരത്തിലുള്ള ഒന്നാകാന്‍ ഈ ജീവചരിത്രത്തിന് കഴിഞ്ഞുവെന്നതുതന്നെ രചയിതാവിന് ചാരിതാര്‍ത്ഥ്യമുണ്ടാക്കുന്ന കാര്യമാണ്.പ്രസ്തുതഗ്രന്ഥം വായിക്കുന്നതിനുള്ള പ്രേരണയുണ്ടാക്കാന്‍ ഈ കുറിപ്പിനു കഴിഞ്ഞുവെങ്കില്‍ എന്ന് ഞാനും അതിയായി ആഗ്രഹിച്ചുപോകുന്നു.

പ്രസാധകര്‍- എഴുത്തുകാരന്‍ , വില 200 രൂപ, ഒന്നാം പതിപ്പ് സെപ്റ്റംബര്‍ 2002


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം