#ദിനസരികള്‍ 922 “വാളയാര്‍ കേസ് “- പ്രതികള്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം
അവരെ നാം വാളയാര്‍ പെണ്‍കുട്ടികളെന്നാണ് വിളിക്കുന്നത്. ഒമ്പതും പതിനൊന്നും വയസ്സുള്ള രണ്ടു കുരുന്നുകള്‍. അവര്‍ കൊല്ലപ്പെട്ട കേസില്‍ പോലീസ് അറസ്റ്റു ചെയ്ത പ്രതികളെ പോക്സോ കോടതി നിരപരാധികളെന്നു കണ്ട് ഇന്നലെ നിരുപാധികം വിട്ടയച്ചിരിക്കുന്നുവെന്ന വാര്‍ത്ത ഒരു ഞെട്ടലോടെയാണ് നാം കേട്ടത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും കുട്ടികളുടെ അച്ഛനും അമ്മയും നാട്ടുകാരുമൊക്കെ കൊലപാതകമെന്ന് ഉറപ്പിച്ചു പറയുന്ന കേസില്‍ നിന്നും പ്രതികള്‍ രക്ഷപ്പെട്ടു പോയതെങ്ങനെ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ നമുക്ക് ബാധ്യതയുണ്ട്. യഥാര്‍ത്ഥ പ്രതികളെയല്ല അറസ്റ്റു ചെയ്തതെങ്കില്‍ അതു ചെയ്തവരെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതുവരെ കേരളത്തിന് മനസാക്ഷിക്കു മുന്നില്‍ ആര്‍ത്തലച്ചു പെയ്തുകൊണ്ടിരിക്കുന്ന രണ്ടു പെണ്‍കുഞ്ഞുങ്ങളുടെ വിലാപത്തിന് ശമനമുണ്ടാകുകയില്ല. 2017 ജനുവരി മാര്‍ച്ച് മാസങ്ങളിലാണ് കേസിന് ആസ്പദമായ സംഭവങ്ങള്‍ നടക്കുന്നത്. പതിനൊന്നു വയസ്സുകാരി ജനുവരിയിലും ഒമ്പതു വയസ്സുകാരി മാര്‍ച്ച...