#ദിനസരികള്‍ 922 “വാളയാര്‍ കേസ് “- പ്രതികള്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം



            അവരെ നാം വാളയാര്‍ പെണ്‍കുട്ടികളെന്നാണ് വിളിക്കുന്നത്. ഒമ്പതും പതിനൊന്നും വയസ്സുള്ള രണ്ടു കുരുന്നുകള്‍. അവര്‍ കൊല്ലപ്പെട്ട കേസില്‍ പോലീസ് അറസ്റ്റു ചെയ്ത പ്രതികളെ പോക്സോ കോടതി നിരപരാധികളെന്നു കണ്ട് ഇന്നലെ നിരുപാധികം വിട്ടയച്ചിരിക്കുന്നുവെന്ന വാര്‍ത്ത ഒരു ഞെട്ടലോടെയാണ് നാം കേട്ടത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും കുട്ടികളുടെ അച്ഛനും അമ്മയും നാട്ടുകാരുമൊക്കെ കൊലപാതകമെന്ന് ഉറപ്പിച്ചു പറയുന്ന കേസില്‍ നിന്നും പ്രതികള്‍ രക്ഷപ്പെട്ടു പോയതെങ്ങനെ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ നമുക്ക് ബാധ്യതയുണ്ട്. യഥാര്‍ത്ഥ പ്രതികളെയല്ല അറസ്റ്റു ചെയ്തതെങ്കില്‍ അതു ചെയ്തവരെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതുവരെ കേരളത്തിന് മനസാക്ഷിക്കു മുന്നില്‍ ആര്‍ത്തലച്ചു പെയ്തുകൊണ്ടിരിക്കുന്ന രണ്ടു പെണ്‍കുഞ്ഞുങ്ങളുടെ വിലാപത്തിന് ശമനമുണ്ടാകുകയില്ല.
          2017 ജനുവരി മാര്‍ച്ച് മാസങ്ങളിലാണ് കേസിന് ആസ്പദമായ സംഭവങ്ങള്‍ നടക്കുന്നത്. പതിനൊന്നു വയസ്സുകാരി ജനുവരിയിലും ഒമ്പതു വയസ്സുകാരി മാര്‍ച്ചിലും തൂങ്ങി മരിച്ചതായി കാണപ്പെട്ടു.തുടക്കം മുതല്‍ തന്നെ പ്രസ്തുത കേസില്‍ പോലീസിനെതിരെ ആക്ഷേപമുയര്‍ന്നിരുന്നു.പ്രതികള്‍ നാലുപേരായിരുന്നു. അതില്‍ പ്രദീപ് കുമാറെന്നയാളെ ആദ്യം തന്നെ കോടതി വിട്ടയച്ചിരുന്നു.ഇന്നലെ  ബന്ധുക്കാളായ എം മധു , എം വിനു, എന്നിവരേയും ഷിബുവിനേയും പ്രോസിക്യൂഷന് കേസ് തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന് പ്രസ്താവിച്ചുകൊണ്ട് കോടതി വെറുതെ വിട്ടതോടെ പെണ്‍കുട്ടികളുടെ അസ്വാഭാവിക മരണത്തിന് ഉത്തരവാദികളില്ലാതെയായി. മൂത്ത കുട്ടിയും ഇളയ കുട്ടിയും ലൈംഗിക പീഢനത്തിന് ഇരയാക്കപ്പെട്ടിട്ടുണ്ടെന്ന് പോസ്റ്റു മോര്‍ട്ടം റിപ്പോര്‍ട്ട് നിലവിലുണ്ട്. ആവശ്യമായ ഫോട്ടോകള്‍ സഹിതമാണ് ഡോക്ടര്‍ തന്റെ റിപ്പോര്‍ട്ട് തയ്യാറാക്കി പോലീസിന് കൈമാറിയിട്ടുള്ളത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് രക്ഷിതാക്കളില്‍ നിന്നും മറച്ചു വെച്ചതായും പരാതിയുണ്ട്. ആദ്യം പോലീസ് ആത്മഹത്യയാണെന്നാണ് നിഗമനത്തിലെത്തി കോസ് അവസാനിപ്പിച്ചു. അത് വിവാദമായതോടെ കൂടുതല്‍ അന്വേഷണം നടത്തിയാണ് പ്രതികളെ അറസ്റ്റു ചെയ്യുന്നത്. ആദ്യഘട്ടത്തില്‍ അന്വേഷണം നടത്തിയ ഓഫീസറെ സസ്പെന്റു ചെയ്തിട്ടുമുണ്ട്. ഏറെ താമസിച്ച് , കേസില്‍ ഹൈക്കോടതിയുടെ ഇടപെടല്‍ ഉണ്ടായതോടെയാണ് വിചാരണ പോലും ആരംഭിക്കുന്നത്. പ്രോസിക്യൂട്ടറും പോലീസുമായുമുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ കേസിനെ ബാധിച്ചിട്ടുണ്ട്. മൂത്തകുട്ടിയോട് പ്രതിയായ മധു മോശമായി പെരുമാറുന്നത് അച്ഛന്‍ നേരിട്ടു കണ്ടതായി പോലീസിനോട് പറഞ്ഞിട്ടുണ്ട്.ബന്ധുകൂടിയായ അയാളെക്കുറിച്ച് കുട്ടിയുടെ അമ്മയ്ക്കും പരാതിയുണ്ട്.മൂത്ത പെണ്‍കുട്ടി കൊല്ലപ്പെട്ട ദിവസം മധു വീട്ടില്‍ നിന്നും പോകുന്നത് താന്‍ കണ്ടുവെന്ന് ഇളയ കുട്ടിയും പോലീസിനോട് പറഞ്ഞിരുന്നു.എന്നാല്‍ മധുവിനെ പോലീസ് അറസ്റ്റു ചെയ്തുവെങ്കിലും മതിയായ അന്വേഷണം നടത്താതെ വിട്ടയക്കുകയായിരുന്നു.
          ഇങ്ങനെ തുടക്കം മുതലേ എല്ലാത്തരത്തിലും അസ്വാഭാവികത പുലര്‍ത്തിയിരുന്ന കേസാണ് പ്രതികള്‍‌ക്കെതിരെയുള്ള കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന പരാമര്‍ശത്തോടെ കോടതി തള്ളിക്കളഞ്ഞത്.
          സൂര്യനെല്ലിയും വിതുരയുമടക്കം ജീവിതം കശക്കിയെറിയപ്പെട്ട , ഇനിയും നീതി കിട്ടാത്ത എത്രയോ പെണ്‍കുട്ടികള്‍ നമ്മുടെ സമൂഹത്തിലുണ്ട്.അക്കൂട്ടത്തിലൊന്നായി ഈ കേസും അവസാനിച്ചു കൂടാ. തുടരന്വേഷണത്തിനും സത്യം പുറത്തുകൊണ്ടുവരാനും നമുക്ക് കഴിയണം.പോലീസിന് വീഴ്ച സംഭവിച്ചുവെന്നും അതുകൊണ്ടാണ് പ്രതികളെ ശിക്ഷിക്കാന്‍ കഴിയാത്തതെന്നും പെണ്‍കുട്ടികളുടെ അമ്മയുടെ വാക്കുകളെ നാം പരിഗണിക്കണം. അവരുടെ മനസ്സിലെ സംശയങ്ങളെയൊക്കെ ദുരീകരിച്ച് സത്യമെന്താണെന്ന് ബോധ്യപ്പെടുത്തേണ്ട ബാധ്യത പോലീസിനും പൊതുസമൂഹത്തിനുമുണ്ട്.അതുകൊണ്ട് ഈ കേസില്‍ അസ്വാഭാവികതകള്‍‌ക്കെല്ലാം ഉത്തരം കിട്ടുന്നതിനും പ്രതികള്‍ ശിക്ഷിക്കപ്പെടുന്നതിനും സത്യസന്ധമായ തുടരന്വേഷണം നടക്കുക തന്നെ വേണം. അത് കേരളത്തിന്റെ ആവശ്യമാണ്.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം