Saturday, June 17, 2017

#ദിനസരികള്‍ 66


            വിവാദങ്ങളല്ല , കേരളത്തിന് വികസനമാണ് വേണ്ടതെന്ന നിലപാടു പ്രഖ്യാപിച്ചു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ , പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് സമര്‍പ്പിച്ച നിവേദനത്തിലെ ആവശ്യങ്ങള്‍ സത്വരശ്രദ്ധ ആവശ്യപ്പെടുന്നവയാണ്. നാളിതുവരെ കേന്ദ്രം പുലര്‍ത്തിപ്പോന്ന നിലപാടുകളെ ശ്ലാഘിച്ച മുഖ്യമന്ത്രി , ഇനിയും നമ്മുടെ ഫെഡറല്‍ സ്വഭാവത്തെ ശക്തിപ്പെടുത്തുന്ന തരത്തിലുള്ള ഭരണഘടനാപരമായ ഉത്തരവാദിത്തം കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടതാണെന്നും ഓര്‍മപ്പെടുത്തുന്നു. കേരളത്തിന്റെ മുഖം മാറ്റിമറിക്കാന്‍ പോന്ന ആ നിര്‍‌ദ്ദേശങ്ങള്‍ ജനങ്ങളുടെ സ്വപ്നങ്ങള്‍ കൂടിയാണ്. കേന്ദ്രത്തിന് കേരളം നല്കിയ പതിനെട്ട് ആവശ്യങ്ങളുടെ പട്ടിക ചുവടെ ചേര്‍ക്കുന്നു.
1.  അന്താരാഷ്ട്ര ആയുര്വേദ ഇന്സ്റ്റിറ്റ്യൂട്ട്:  സാമ്പത്തിക സഹായത്തിന് വേണ്ടി പദ്ധതി സമര്പ്പിച്ചിട്ടുണ്ട്. വേഗത്തില്അംഗീകാരം ലഭിക്കാന്പ്രധാനമന്ത്രി ഇടപെടണം.
2. കേരളത്തിന് ആള്ഇന്ത്യാ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്സയന്സസ് (എയിംസ്) അനുവദിക്കണം.  കോഴിക്കോട് ജില്ലയില്200 ഏക്ര സ്ഥലം ഇതിനായി കണ്ടെത്തിയിട്ടുണ്ട്.
3. ചെന്നൈ-ബംഗ്ളൂരു വ്യവസായ ഇടനാഴി കോയമ്പത്തൂര്വഴി കൊച്ചിയിലേക്ക് നീട്ടണം.
4. ഫാക്ടില്പ്രകൃതിവാതകം അടിസ്ഥാനമാക്കിയുള്ള യൂറിയ പ്ളാന്റ്:  വളം മന്ത്രാലയം ഫാക്ടിന്റെ 600 ഏക്ര സ്ഥലം 1200 കോടി രൂപ വിലയ്ക്ക് കേരളത്തിന് നല്കാമെന്ന് സമ്മതിച്ചിട്ടുണ്ട്.  8 ലക്ഷം ടണ്ശേഷിയുള്ള പ്ളാന്റ് സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. ഈ പദ്ധതിക്ക് വളം മന്ത്രാലയത്തിന്റെ ഫണ്ട് ലഭിക്കണം.
5. കൊച്ചിയില്പെട്രോ കെമിക്കല്കോംപ്ളക്സ്:  കൊച്ചി റിഫൈനറിയുടെ വികസനം പൂര്ത്തിയാകുമ്പോള്ആവശ്യത്തിന് പ്രൊപ്പിലീന്ലഭ്യമാകും.  അതുപയോഗിച്ച് ഫാക്ടിന്റെ ഉപയോഗിക്കപ്പെടാതെ കിടക്കുന്ന ഭൂമിയില്കോംപ്ളക്സ് സ്ഥാപിക്കാനുള്ള പദ്ധതിക്ക് വേഗം അംഗീകാരം ലഭിക്കണം.
6. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്സ്വകാര്യവല്ക്കരിക്കരുത്. ഇന്സ്ട്രുമെന്റേഷന്ലിമിറ്റഡ്, ഹിന്ദുസ്ഥാന്ഓര്ഗാനിക്സ്, ഹിന്ദുസ്ഥാന്ന്യൂസ് പ്രിന്റ്, എച്ച്എല്എല്തുടങ്ങിയവ കേരളത്തിലെ പ്രധാന കേന്ദ്ര പൊതുമേഖലാ കമ്പനികളാണ്.  ഇന്സ്ട്രുമെന്റേഷന്ഏറ്റെടുക്കാന്കേരളം തയാറാണ്.  മറ്റുള്ളവ സ്വകാര്യവല്ക്കരിക്കരുത്.
7.  കൊച്ചി സ്പെഷ്യല്ഇക്കണോമിക് സോണ്വികസിപ്പിക്കണം: 100 ഏക്ര സ്ഥലം പൂര്ണ്ണമായും ഉപയോഗിച്ചുകഴിഞ്ഞു. 200 ഏക്ര സ്ഥലം കൂടി അനുവദിച്ച് സോണ്വികസിപ്പിക്കണം.
8.  കേരള റെയില്ഡവലപ്പ്മെന്റ് കോര്പ്പറേഷന്റയില്മന്ത്രാലയത്തിന് സമര്പ്പിച്ച പദ്ധതികള്അംഗീകരിക്കണം. 1) സബര്ബന്റെയില്പ്രൊജക്ട് 2) തലശ്ശേരി മൈസൂര്റെയില്വെ ലൈന്എന്നിവ.
9.  അങ്കമാലി  ശബരി റെയില്വെ ലൈന്‍. ശബരിമല സന്ദര്ശിക്കുന്ന തീര്ത്ഥാടകരുടെ സൌകര്യങ്ങള്ക്കു വേണ്ടിയുളള പദ്ധതി റെയില്വെയുടെ 100 ശതമാനം മുതല്മുടക്കില്നടപ്പാക്കണം.
10. കൊച്ചി മെട്രോ രണ്ടാം ഘട്ടം: 2577  കോടി രൂപ ചെലവ് വരുന്ന പദ്ധതി നഗരവികസന മന്ത്രാലയത്തിന്റെ പരിഗണനയിലാണ്.
11. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ: 2015ല്നഗരവികസന മന്ത്രാലയത്തിന് സമര്പ്പിച്ചതാണ്. എത്രയും വേഗം അംഗീകാരം ലഭിക്കണം.
12. നവകേരളം കര്മ്മ പദ്ധതിയും നാലു മിഷനുകളും: ഈ പദ്ധതികള്ക്ക് കേന്ദ്ര സഹായം ലഭ്യമാക്കണം.
13. എല്ലാ വീടുകളിലും ഇന്റര്നെറ്റ് കണക്റ്റിവിറ്റി ലഭ്യമാക്കുന്ന കെ.ഫോണ്പദ്ധതി: ഈ പദ്ധതിക്ക് കേന്ദ്രം പണം അനുവദിക്കണം.
14. കോവളം-കാസര്കോട് ജലപാതക്ക് അമ്പതുശതമാനം കേന്ദ്രസഹായം ലഭ്യമാക്കണം.
15. തൊഴിലുറപ്പു പദ്ധതിയില്ഗ്രാമവികസന മന്ത്രാലയത്തില്നിന്ന് കേരളത്തിന് 636 കോടി രൂപ കുടിശ്ശികയുണ്ട് . ഈ തുക പെട്ടെന്ന് ലഭ്യമാക്കണം.
16. കണ്ണൂര്അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിര്മാണം പൂര്ത്തിയാവുകയാണ്. അവിടേക്ക് വിദേശ വിമാന കമ്പനികളെ അനുവദിക്കണം.
17.  ദേശീയ ഗ്രാമീണവികസന കുടിവെളള പരിപാടി പൂര്ത്തിയാക്കുന്നതിന് 500 കോടി രൂപ ഒറ്റത്തവണ സഹായമായി അനുവദിക്കണം.
18.അലങ്കാര മത്സ്യ കൃഷിയേയും വില്പനയെയും പ്രദര്ശനത്തെയും ബാധിക്കുന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനം മരവിപ്പിക്കണം. ലക്ഷക്കണക്കിനാളുകളുടെ തൊഴില്നഷ്ടപ്പെടുത്തുന്നതാണ് വിജ്ഞാപനം. ഇതു സംബന്ധിച്ച് സംസ്ഥാന ഫിഷറീസ് മന്ത്രിമാരുമായും കേന്ദ്രം ചര്ച്ച നടത്തണം.


Friday, June 16, 2017

#ദിനസരികള്‍ 65


            എത്രയൊക്കെ ജനക്ഷേമകരമായ പദ്ധതികള്‍ ആവിഷ്കരിച്ചാലും അത് വേണ്ടവിധം ജനങ്ങളിലേക്ക് എത്തിക്കുകയും നടപ്പിലാക്കുകയും ചെയ്യേണ്ടത് വിവിധ തലങ്ങളിലുള്ള സര്‍ക്കാര്‍ ജീവനക്കാരാണ്. ഉയര്‍ന്ന തലിത്തിലുള്ളവരെക്കാള്‍ ജനങ്ങളുമായി നേരിട്ടിടപെടുന്ന ഉദ്യോഗസ്ഥവൃന്ദം സര്‍ക്കാറിന്റെ മുഖമാണെന്ന് തന്നെ പറയാം. ജനങ്ങളോടുള്ള സമീപനത്തിന്റെ അടിസ്ഥാനത്തില്‍ എല്ലാവിധ ശോഭകളേയും കെടുത്താനും ജനങ്ങളുടെ കണ്ണില്‍ നിറം മങ്ങിയ ഒരു സര്‍ക്കാരാണ് നിലവിലുള്ളത് എന്ന ധാരണ പടര്‍ത്താനും താഴേത്തട്ടിലുള്ള ഈ ഉദ്യോഗസ്ഥന്മാര്‍ക്ക് കഴിയുമെന്ന് നിസ്സംശയം പറയാം. ദൈനന്ദിന വ്യവഹാരങ്ങള്‍ക്ക് ജനങ്ങള്‍ സമീപിക്കുന്ന ഉദ്യോഗസ്ഥന്മാരുടെ പെരുമാറ്റരീതികളും അപേക്ഷകളോടുള്ള മനുഷ്യത്വപരമായ സമീപനങ്ങളും സര്‍ക്കാരിനോടുള്ള മതിപ്പ് കൂട്ടാനും തിരിച്ചായാല്‍ കുറക്കാനും ഇടയാക്കുമെന്നത് വസ്തുതയാണ്.
            ഇത്രയും പറയാന്‍ കാരണം നമ്മുടെ ചില ഓഫീസുകളിലേക്ക് ചെന്നു കയറുന്ന ആളുകളോട് അവിടെയുള്ള ഉദ്യോഗസ്ഥരുടെ സമീപനങ്ങള്‍ കണ്ടതുകൊണ്ടാണ്. എനിക്ക് തന്നെ ഈ കഴിഞ്ഞ ദിവസം ഒരു അനുഭവമുണ്ടായി. സാംസ്കാരികവകുപ്പിന് കീഴിലുള്ള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തിരുവനന്തപുരത്തെ പുസ്തക വില്പന കേന്ദ്രമായ സംസ്കാരയില്‍ ചെന്നു കയറി. എപ്പോള്‍ തിരുവനന്തപുരത്ത് പോയാലും മുടക്കം കൂടാതെ സന്ദര്‍ശിക്കുന്ന സ്ഥാപനങ്ങളില്‍ ഒന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഈ പുസ്തകവില്പന കേന്ദ്രം.ഒരാള്‍ വന്നു കയറിയിരിക്കുന്നു എന്ന കാര്യം ശ്രദ്ധിക്കുക പോലും ചെയ്യാതെ രണ്ടു ജീവനക്കാര്‍ സംഭാഷണത്തില്‍ മുഴുകിയിരിക്കുന്നു. അവരിലൊരാളുടെ ശ്രദ്ധ ആകര്‍ഷിച്ചുകൊണ്ട് അയ്യപ്പപ്പണിക്കരുടെ കവിദര്‍ശനം എന്ന പുസ്തകം ഉണ്ടോ എന്ന് ചോദിച്ചു.ഒന്നു നോക്കുക പോലും ചെയ്യാതെ അതിവിടെയില്ലല്ല് എന്നായിരുന്നു ഉത്തരം . വീണ്ടും അദ്ദേഹത്തിന്റെ ഏതെങ്കിലും പുസ്തകമുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്ന് ഒറ്റവാക്കിലുത്തരം. ഒന്ന് നോക്കിക്കോട്ടെ എന്ന ചോദ്യത്തിന് ഓ എന്ന ഉത്തരത്തില്‍ ലോകത്തിലെ സമസ്ത പുച്ഛങ്ങളേയും കൂട്ടിയരച്ച് ഒന്നാക്കിയ ഒരു രസമായിരുന്നു.പണിക്കര്‍ സാറിന്റെ അന്തസ്സന്നിവേശം എന്ന പുസ്തകം എടുത്ത് വിലയും കൊടുത്ത് അവിടെ നിന്നും ഇറങ്ങുമ്പോള്‍ ഈ സ്ഥാപനത്തെക്കുറിച്ച് വ്യഥയായിരുന്നു മനസ്സില്‍. ഒരു സാംസ്കാരിക സ്ഥാപനത്തിലേക്കെത്തുന്ന ആളുകളോടുള്ള സമീപനം ഇതാണെങ്കില്‍ നിരന്തരം വിവിധ ആവശ്യങ്ങള്‍ക്ക് വേണ്ടി ജനങ്ങള്‍ കയറിയിറങ്ങുന്ന മറ്റ് ഓഫീസുകളുടെ അവസ്ഥ എന്തായിരിക്കും എന്നാണ് ഞാന്‍ ചിന്തിച്ചത്.
            അതുകൊണ്ട് താഴെത്തട്ടിലെ ഉദ്യോഗസ്ഥരുടെ സമീപനങ്ങളില്‍ അത്യാവശ്യമായ മാറ്റം ഉടനുണ്ടാക്കിയില്ലെങ്കില്‍ ഇടതുപക്ഷ സര്‍ക്കാറിനെക്കുറിച്ച് തെറ്റായ ധാരണയായിരിക്കും ജനങ്ങളിലുണ്ടാകുക. നിരസിക്കപ്പെടുന്ന അപേക്ഷകള്‍ക്കും ഉദ്യോഗസ്ഥരുടെ മോശമായ പെരുമാറ്റത്തിനും സാധാരണക്കാരായ ജനങ്ങള്‍ സര്‍ക്കാറിനെ പഴിക്കുന്ന അവസ്ഥ ഇവിടെ ഉണ്ടാകുന്നുണ്ട്. പ്രതിപക്ഷസ്വഭാവമുള്ള ഉദ്യോഗസ്ഥര്‍ അത് ബോധപൂര്‍വ്വം തന്നെ സര്‍ക്കാറിലേക്ക് ചാര്‍ത്തിക്കൊടുക്കാനും ശ്രമിക്കാറുണ്ട്. സര്‍ക്കാറിന്റെ പ്രതിച്ഛായയെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലുണ്ടാകുന്ന ഇത്തരം രീതികളെക്കുറിച്ച് അന്വേഷിക്കാന്‍ ഉടന്‍ തീരുമാനമെടുക്കാനുള്ള അധികാരത്തോടെ പരിശോധകസംഘത്തെ നിയമിക്കുകയും അവര്‍ നമ്മുടെ താഴെത്തട്ടിലുള്ള വിവിധങ്ങളായ ഓഫീസുകളില്‍ പരിശോധനകള്‍ നടത്തുകയും വേണം. ഓരോ ഫയലുകളും ഓരോ ജീവിതമാണ് എന്ന് മുഖ്യമന്ത്രി ആദ്യമായി സെക്രട്ടറിയേറ്റിനെ അഭിവാദ്യം ചെയ്തുകൊണ്ട് പറഞ്ഞത് ഞാനിവിടെ സ്മരിച്ചുകൊള്ളട്ടെ !

            

Thursday, June 15, 2017

#ദിനസരികള്‍ 64


            നമ്മുടെ പ്രിയപ്പെട്ട കവി ബാലചന്ദ്രന്‍ ചുള്ളിക്കാടും മനോഹരമായ ശ്ലോകങ്ങള്‍ എഴുതിയിട്ടുണ്ട്.അവയിലൊന്ന്
                        കത്തിപ്പൊട്ടിപ്പൊരിഞ്ഞപൊരികനല്‍ച്ചിതറും പട്ടടത്തീയ്യിലമ്പോ
                        നൃത്തം തത്തിത്തകര്‍‌ക്കേ പടകലി കയറി പ്രോഗ്രഹാസം മുഴക്കേ
                        ഞെട്ടിത്തൊട്ടിക്കകത്തിങ്ങലമുറയിടുമിപ്പേടി മാറാത്ത പാവം
                        കുട്ടിക്കമ്മിഞ്ഞയേകാന്‍ വരിക പെരും കാളിയമ്മേ ചുള്ളിക്കാടിന്റെ കൈവഴക്കം നമ്മുടെ ഇതരകവികള്‍ കണ്ടുപഠിക്കേണ്ടതുതന്നെയാണ്. (പദപ്രയോഗത്തില്‍  ചുള്ളിക്കാട് പുലര്‍ത്തുന്ന സൂക്ഷ്മത അറിയണമെങ്കില്‍ അദ്ദേഹത്തിന്റെ താതവാക്യം എന്ന കവിതയിലെ കൈപ്പട പ്രയോഗം പരിശോധിച്ചു നോക്കിയാല്‍ മതി )
ഭോഗേ രോഗഭയം, കുലേ ച്യുതിഭയം വിത്തേ നൃപാലാല്‍ ഭയം
മാനേ ദൈന്യഭയം ബലേ രിപുഭയം രൂപേ ജരായാ ഭയം
ശസ്ത്രേ വാദിഭയം, ഗുണേ ഖല ഭയം, കായേ കൃതാന്താദ്ഭയം
സര്വം വസ്തു ഭയാന്വിതം ഭുവി നൃണാം വൈരാഗ്യമേവാഭയം.
ഭര്‍ത്തൃഹരിയുടേതാണ് ഈ ശ്ലോകം. ജീവിതമാകെ ഭയന്ന് ജീവീതം എന്തെന്ന റിയാതെ ജീവിച്ചു മരിക്കുന്ന അവസ്ഥ അദ്ദേഹം വിവരിക്കുന്നു.ഭൌതികസുഖങ്ങള്‍ മനുഷ്യര്‍ക്ക് ദുഖങ്ങളേ നല്കുന്നുള്ളുവെന്ന് സൂചിപ്പിക്കുന്നു.
            ഉറുമ്പ് ആനയെ പ്രസവിക്കുന്നു എന്ന് കേട്ടാല്‍ അന്ധാളിച്ചു പോകില്ലേ ? എങ്കില്‍ കേട്ടോളൂ
                        കാ ഖാദതേ ഭൂമി ഗതാന്‍ മനുഷ്യാന്‍ ?
                        കം ഹന്തി സിംഹ പ്രകടപ്രഭാവ
                        കരോതി കിം വാ പരിപൂര്‍ണഗര്‍ഭാ
                        പിപീലികാ ദന്തിവരം പ്രസൂതേ
ഉറുമ്പ് ആനയെ പ്രസവിക്കുന്നു എന്നാണ് അവസാന വരി അര്‍ത്ഥമാക്കുന്നത്.
പാടത്തുംകര നീളെ നീലനിറമായ്വേലിയ്ക്കൊരാഘോഷമാ--
യാടി,ത്തൂങ്ങി,യല,ഞ്ഞുലഞ്ഞു സുകൃതം കൈക്കൊണ്ടിരിയ്ക്കും വിധൌ
പാരാതെ വരികെന്റെ കയ്യിലധുനാ പീയൂഷഡംഭത്തെയും
ഭേദിച്ചന്പൊടു കയ്പവല്ലി തരസാ പെറ്റുള്ള പൈതങ്ങളേ!
ചേലപ്പറമ്പു നമ്പൂതിരിയുടെ വക സുന്ദരമായ ഒരു ശ്ലോകം.അന്യാധീനമായാല്‍ തിരിച്ചു കിട്ടാത്ത മൂന്നു സാധനങ്ങളെക്കുറിച്ചുള്ള ഈ പ്രസിദ്ധമായ ശ്ലോകം കേള്‍ക്കത്തവര്‍ വിരളമായിരിക്കും
                        പുസ്തകം സ്ത്രീ ധനാശ്ചൈവ
                        പരഹസ്ത ഗതം ഗതം
                        അഥവാ പുനരായാതി
                        നഷ്ടം ഭ്രഷ്ടാ ച ഖണ്ഡശ
അഥവാ തിരിച്ചു വന്നാലോ ? അതു കൊടുത്ത സമയത്തെപ്പോലെ പരിപൂര്‍ണമായിരിക്കില്ലെന്ന് സൂചന

            ഇങ്ങനെ രസകരമായ എത്രയോ വിശിഷ്ട ശ്ലോകങ്ങള്‍ നമ്മുടെ സാഹിത്യലോകത്ത് ഒളിമങ്ങാതെ വിലസുന്നു? അവയുടെ മനോഹാരിത അടുത്ത തലമുറകള്‍ക്കും പകര്‍ന്നുകൊടുക്കാന്‍ നാം പ്രതിജ്ഞാബദ്ധരാണ്.വൃത്തത്തിലും കവിത എഴുതാമെന്ന് നമ്മുടെ കുട്ടികള്‍ മനസ്സിലാക്കുകയെങ്കിലും ചെയ്യട്ടെ .

Wednesday, June 14, 2017

#ദിനസരികള്‍ 63


ശ്ലോകങ്ങള്‍ കാണാതെ പഠിക്കുന്നത് ഭാഷാപരിചയത്തിനും കാവ്യാനുശീലനത്തിനും വളരെ ഫലപ്രദമായ ഒരു വഴിയാണ്. നമ്മുടെ ഭാഷയില്‍ സുന്ദരമായ ശ്ലോകങ്ങളുടെ വലിയ നിരതന്നെയുണ്ട്. ഭാഷ വഴങ്ങിക്കിട്ടുന്നതിന് പഠിച്ച  ശ്ലോകങ്ങള്‍ ഉച്ചത്തില്‍ ചൊല്ലുന്നത് നല്ലതാണ്.അക്ഷരശ്ലോകമത്സരം ഇങ്ങനെ കാണാതെ പഠിച്ചു ചൊല്ലുന്നവരുടെ മാറ്റുരക്കുന്ന സാഹിത്യവിനോദമാണ്. ഈ മത്സരത്തില്‍ പ്രഗല്ഭരും പ്രശസ്തരുമായ നിരവധി പണ്ഡിതന്മാര്‍ നമുക്കുണ്ടായിരുന്നു.ശ്ലോകത്തിന്റെ മൂന്നാമത്തെ വരിയിലെ ആദ്യ അക്ഷരം കൊണ്ടുവേണം അടുത്ത ശ്ലോകം ആരംഭിക്കാന്‍ .പ്രസ്തുത അക്ഷരം കൊണ്ട് പഠിച്ചു വെച്ചിരിക്കുന്ന ശ്ലോകമില്ലെങ്കില്‍ വളരെ പെട്ടെന്ന് വേദിയില്‍ വെച്ചുതന്നെ പുതുതായി ചമച്ചുചൊല്ലുന്ന ക്ഷിപ്രകവികളുടെ നാടുകൂടിയായിരുന്നു കേരളം.
ചില സുന്ദരമായ ശ്ലോകങ്ങളെ പരിചയപ്പെടുക.
നോവിപ്പിക്കാതെ, ശസ്ത്രക്രിയകളുടെ സഹായങ്ങളില്ലാതെ, തിക്തം
സേവിപ്പിക്കാതെ, പൂര്‍വ്വാര്‍ജ്ജിതകവനകലാബോധബീജാങ്കുരത്തെ
ഭാവം നോക്കിത്തുടിപ്പി, ച്ചകമലര്‍ വികസിപ്പിച്ചു സംജാതമാക്കും
പ്രാവീണ്യത്തിന്നു കേള്‍വിപ്പെടുമൊരു സുധിയാണക്ഷരശ്ലോകവൈദ്യന്‍
അക്ഷരശ്ലോകം എന്താണെന്നും എന്തായിരിക്കണമെന്നും  ഈ ശ്ലോകത്തിലുണ്ട്. മനോഹരമായ ഇത്തരം നിരവധി ശ്ലോകങ്ങളുടെ കര്‍ത്താവാണ് ഇതെഴുതയ വി കെ ജി.
മറ്റൊന്ന്
അന്നൊത്തപോക്കീ, കുയിലൊത്ത പാട്ടീ,
തേനൊത്ത വാക്കീ, തിലപുഷ്പമൂക്കീ,
ദരിദ്രയില്ലത്തെ യവാഗുപോലെ
നീണ്ടിട്ടിരിക്കും നയനദ്വയത്തീ –
രസകരമാണ് തോലന്റെ ഈ ശ്ലോകത്തിന്റെ കഥ. അര്‍ത്ഥസമ്പുഷ്ടിയേറുന്ന ഈ ശ്ലോകം നായികക്ക് ഇഷ്ടപ്പെട്ടില്ല. ചുമ്മാ നാടന്‍ ഭാഷയില്‍ എന്തോ ഒന്നെഴുതി എന്നാണ് മൂപ്പത്തി വിചാരിച്ചത്. മാറ്റിയെഴുതണമെന്നായി ശാഠ്യം.തോലനുണ്ടോ മടക്കം ? ഉടന്‍ തന്നെ മാറ്റിയെഴുതിക്കൊടുത്തു. ഇങ്ങനെ
അര്‍ക്കശുഷ്ക്കഫലകോമളസ്തനീ
തിന്ത്രിണീദലവിശാലലോചനേ
നിംബപല്ലവസമാനകേശിനീ
കീകസാത്മജമുഖീ വിരാജസേ –
കെട്ടിലമ്മക്ക് തൃപ്തിയായി എന്നും സമ്മാനങ്ങള്‍ കൊടുത്ത് തോലനേയും സന്തോഷിപ്പിച്ചു എന്നും കഥ . കഥയറിയാതെ പുറംപൂച്ചുകളില്‍ മയങ്ങുന്നവരെ കണക്കറ്റു കളിയാക്കുന്ന ഇക്കഥ നമുക്കൊരു പാഠമാകട്ടെ

Tuesday, June 13, 2017

#ദിനസരികള്‍ 62


സന്തോഷ് പണ്ഡിറ്റ്. കേരളം ഒട്ടൊരു ആകാംക്ഷയോടെയും ഒട്ടേറെ തമാശയോടെയും നോക്കിക്കാണുന്ന ഒരാള്‍. അയാള്‍ക്ക് അയാളുടേതായ ശരികളുണ്ട്. നിലപാടുകളുണ്ട്. സങ്കല്പങ്ങളുണ്ട്. ആ നിലപാടുകളെ നിങ്ങള്‍ക്ക് വേണമെങ്കില്‍ തള്ളിക്കളയാം അല്ലെങ്കില്‍ സ്വീകരിക്കാം.അതൊന്നും സന്തോഷിനെ ബാധിക്കാറേയില്ല. ആരൊക്കെ എന്തൊക്കെപ്പറഞ്ഞാലും തന്റേതായ ശരികളിലൂടെ അദ്ദേഹം മുന്നോട്ടുപോകുന്നു; വാര്‍ത്തകള്‍ക്ക് കാരണമാകുന്നു.
            ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് തന്നാല്‍ കഴിയുന്ന സഹായങ്ങള്‍ ചെയ്തുകൊടുക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി പാലക്കാട് ജില്ലയിലെ ഗോവിന്ദാപുരം കോളനിയിലേക്ക് സന്തോഷ് പണ്ഡിറ്റ് എത്തിയതാണ് ഇത്തവണ മാധ്യമങ്ങളില്‍ ചര്‍ച്ചയായത്. ഇവിടുത്തെയാളുകള്‍ വളരെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നു. ചോര്‍ച്ചയുള്ള വീടുകളില്‍ ജീവിക്കുന്നു. എനിക്കു കൂടുതലായ് ഒന്നും ചെയ്യുവാന്‍ പറ്റിയില്ല. കുറച്ചു ദിവസത്തക്കുള്ള ആഹാര സാധനങ്ങളും സ്‌കൂള്‍ കുട്ടികള്‍ക്ക് പുസ്തകവും ഫീസും നല്‍കാന്‍ സാധിച്ചു. പ്ലസ്ടുവിന് ശേഷം ഇവിടുത്തെ കുട്ടികള്‍ക്ക് പഠിക്കണമെന്ന് ആഗ്രഹമുണ്ട്. പക്ഷെ പണമില്ലാത്തതിനാല്‍ പറ്റുന്നില്ല. ഞാന്‍ അംബാനിയുടെ മകനൊന്നുമല്ല. പക്ഷെ എന്തെങ്കിലും ചെയ്യാന്‍ സാധിക്കും. നിങ്ങളും മുന്നോട്ട് വരണം.” – എന്ന വാക്കുകളില്‍ കാണുന്ന ആര്‍ജ്ജവം അദ്ദേഹത്തിന് നിലനിര്‍ത്താനും നടപ്പിലാക്കാനും കഴിയുമെങ്കില്‍ അത് അഭിനന്ദനീയമാണ്.
            സന്തോഷ് പണ്ഡിറ്റിന്റെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് കോളനിയിലെത്തിയ മാധ്യമങ്ങളെ കണ്ടപ്പോള്‍ ഇതും മറ്റൊരു നാടകമാണോ എന്ന് സന്ദേഹിച്ചവരുമുണ്ട്.അത് സ്വാഭാവികവുമാണ്. അതിനുമപ്പുറം സന്തോഷ് പ്രഖ്യാപിച്ച കാര്യങ്ങള്‍ നടപ്പിലാക്കുന്നുണ്ടോയെന്ന് പരിശോധിക്കേണ്ട ഒരു ഉത്തരവാദിത്തം , അറിഞ്ഞോ അറിയാതെയോ മാധ്യമങ്ങളില്‍ എത്തിച്ചേരുന്നു എന്നത് നല്ലതുതന്നെ എന്ന് ഞാന്‍ കരുതുന്നു. അതുമാത്രവുമല്ല ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഒട്ടൊക്കെ പ്രചാരണം കിട്ടേണ്ടതാണ്. കാരണം സമാനമനസ്കരായവര്‍ക്കുകൂടി അവിടെയെത്തിച്ചേരാനും സഹായിക്കാനും കഴിയുമല്ലോ. എന്നുമാത്രമല്ല ധാരാളമായി കള്ളനാണയങ്ങളുള്ള ഇക്കാലത്ത് ഇടതുകൈ കൊടുക്കുന്നത് വലതുകൈ അറിഞ്ഞാകുന്നതുതന്നെയാണ് നല്ലത്.
            ഒരിക്കല്‍ക്കൂടി , സന്തോഷിന്റെ നീക്കങ്ങള്‍ക്ക് സര്‍വ്വാത്മനാ പിന്തുണ പ്രഖ്യാപിക്കുന്നു.ധാരാളിത്തങ്ങളുടെ ഭോഷ്ക്കുകള്‍ മുഖമുദ്രയായിരിക്കുന്ന ഇക്കാലത്ത് അയല്‍വാസിയുടെ അടുക്കളയില്‍ എന്താണ് പുകയുന്നത് എന്നന്വേഷിക്കുന്നതിനെക്കാള്‍ , അവന്റെ കുപ്പായത്തിലെ ഒടിവുകളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന ഇക്കാലത്ത്  ഇത്തരം നീക്കങ്ങള്‍ക്ക് പിന്തുണ നല്കുക എന്ന ഉത്തരവാദിത്തമെങ്കിലും നാം ഏറ്റെടുക്കേണ്ടതല്ലേ ?

  

Monday, June 12, 2017

#ദിനസരികള്‍ 61


            ഭാരതീയ സാഹിത്യദര്‍ശനങ്ങളുടെ വെളിച്ചത്തില്‍ ആധുനികകൃതികളെ അപഗ്രഥിക്കുവാനും ആസ്വദിക്കുവാനും കഴിയുമോ എന്ന രസകരമായ ചോദ്യം അയ്യപ്പപ്പണിക്കര്‍ ഉന്നയിക്കുന്നുണ്ട്.കഴിയും എന്നുതന്നെയാണ് അദ്ദേഹത്തിന്റെ സുചിന്തിതമായ അഭിപ്രായം.ഡികണ്‍സ്ട്രക്ഷനെ അപോദ്ഗ്രഥനം എന്ന് ഭാഷാന്തരപ്പെടുത്തിക്കൊണ്ട് അദ്ദേഹം ഇങ്ങനെ എഴുതുന്നു. പണിഞ്ഞു വെച്ചിരിക്കുന്ന ഒരു മനുഷ്യനിര്‍മ്മിതവസ്തു കൃതി , പാഠ, നിര്‍മ്മിതി , സ്വരൂപം- അതിന്റെ ഘടകങ്ങള്‍ അഴിച്ചു് പരസ്പരം വേര്‍പെടുത്തി ആന്തരാര്‍ത്ഥം കണ്ടെത്തി വീണ്ടും കൂട്ടിച്ചേര്‍ത്ത് പുതിയരീതിയില്‍ രൂപം നല്കി , ആദ്യനിര്‍മ്മാതാവല്ലാത്ത  ഒരാള്‍ നിര്‍മ്മിച്ച് മറ്റ് ഉപഭോക്താക്കള്‍ക്ക് വിതരണം പ്രക്രിയയാണ് അപോദ്ഗ്രഥനം “.കൃതിയുടെ ഈ തലത്തിലുള്ള പഠനത്തിന് ഭാഷ്യം നമ്മെ സഹായിക്കുന്നു.അദ്ദേഹം തുടരുന്നു സൂത്രരൂപത്തിലുള്ള മൂലത്തെ ഭാഷ്യത്തിലൂടെ പുനസൃഷ്ടിക്കുമ്പോള്‍ നടക്കുന്ന പ്രക്രിയയാണ് അപോദ്ഗ്രഥനം.സൂത്രം,കാരിക, വ്യാഖ്യാ,ഭാഷ്യം, വാര്‍ത്തികം എന്നിങ്ങനെയുള്ളവയില്‍ ഭാഷ്യവാര്‍ത്തികങ്ങളോടായിരിക്കും അപോദ്ഗ്രഥനത്തിന് സാധര്‍മ്യം
            വിനിര്‍മിതി എന്ന് ഡോക്ടര്‍ സി രാജേന്ദ്രന്‍ വിളിക്കുന്ന ഈ ചിന്താപദ്ധതിക്ക് ആനന്ദവര്‍ദ്ധനന്റെ ധ്വനി സിദ്ധാന്തവുമായുള്ള സാധര്‍മ്യം കാണാതിരുന്നുകൂട. മൌലികരചനയുടെ വസ്തുനിഷ്ഠതക്കും വ്യാഖ്യാനങ്ങളുടെ സര്‍ഗാത്മകതയ്ക്കും തുല്യപ്രാധാന്യം നല്കുന്ന ധ്വനിദര്‍ശനം ആരോഗ്യകരമായ ഒരു സമന്വയം സാധ്യമാക്കുന്നുണ്ട് എന്ന് ഡോ. രാജേന്ദ്രന്‍ എഴുതുന്നുണ്ട്.
            ശോഷിച്ചു പോയ , അഥവാ നിലച്ചുപോയ നമ്മുടേതായ സാഹിത്യസിദ്ധാന്തസരണികളെ പുനര്‍വായനക്കു വിധേയമാക്കുന്നതിനും ആധുനികകാലത്തെ കൃതികളുമായി ബന്ധിപ്പിക്കുന്നതിനും , അവയെ ഫലപ്രദമായി വ്യാഖ്യാനിക്കുന്നതിനും നമുക്കു കഴിയുമോ എന്ന ചോദ്യം ഉന്നയിക്കപ്പെടേണ്ടതുണ്ട്.പാരമ്പര്യത്തിന്റെ ഗരിമയില്‍ അന്ധാളിച്ചു നില്ക്കാതെ അവയെ സമകാലികതയിലേക്ക് എങ്ങനെ ആനയിച്ചെത്തിക്കാം എന്ന ചിന്തക്ക് നമ്മുടെ പണ്ഡിതന്മാരായ വിമര്‍ശകന്മാര്‍ ഉത്തരം നല്കാന്‍ തയ്യാറാകണം. ചില ലേഖനങ്ങളിലൂടേയും പ്രസ്ഥാവനകളിലൂടേയും അലക്ഷ്യമായ പറഞ്ഞുപോകലുകള്‍ക്കു പകരം ആധുനികപാഠങ്ങളെ ഉദാഹരണമാക്കി നമ്മുടെ സാഹിത്യസിദ്ധാന്തങ്ങളെ പ്രയോഗിച്ചു കാണിക്കണം. അതിനു കഴിയാത്ത തരത്തില്‍ കാലത്തിലും ബോധത്തിലും നാം വേറിട്ടു നില്ക്കുകയാണെങ്കില്‍ ഭാരതീയ സാഹിത്യദര്‍ശനങ്ങള്‍ വെറുമൊരു മിഥ്യയാണെന്ന് പ്രഖ്യാപിക്കാനെങ്കിലും നമുക്കു കഴിയുമല്ലോ.