#ദിനസരികള്‍ 63
ശ്ലോകങ്ങള്‍ കാണാതെ പഠിക്കുന്നത് ഭാഷാപരിചയത്തിനും കാവ്യാനുശീലനത്തിനും വളരെ ഫലപ്രദമായ ഒരു വഴിയാണ്. നമ്മുടെ ഭാഷയില്‍ സുന്ദരമായ ശ്ലോകങ്ങളുടെ വലിയ നിരതന്നെയുണ്ട്. ഭാഷ വഴങ്ങിക്കിട്ടുന്നതിന് പഠിച്ച ശ്ലോകങ്ങള്‍ ഉച്ചത്തില്‍ ചൊല്ലുന്നത് നല്ലതാണ്.അക്ഷരശ്ലോകമത്സരം ഇങ്ങനെ കാണാതെ പഠിച്ചു ചൊല്ലുന്നവരുടെ മാറ്റുരക്കുന്ന സാഹിത്യവിനോദമാണ്. ഈ മത്സരത്തില്‍ പ്രഗല്ഭരും പ്രശസ്തരുമായ നിരവധി പണ്ഡിതന്മാര്‍ നമുക്കുണ്ടായിരുന്നു.ശ്ലോകത്തിന്റെ മൂന്നാമത്തെ വരിയിലെ ആദ്യ അക്ഷരം കൊണ്ടുവേണം അടുത്ത ശ്ലോകം ആരംഭിക്കാന്‍ .പ്രസ്തുത അക്ഷരം കൊണ്ട് പഠിച്ചു വെച്ചിരിക്കുന്ന ശ്ലോകമില്ലെങ്കില്‍ വളരെ പെട്ടെന്ന് വേദിയില്‍ വെച്ചുതന്നെ പുതുതായി ചമച്ചുചൊല്ലുന്ന ക്ഷിപ്രകവികളുടെ നാടുകൂടിയായിരുന്നു കേരളം.
ചില സുന്ദരമായ ശ്ലോകങ്ങളെ പരിചയപ്പെടുക.
നോവിപ്പിക്കാതെ, ശസ്ത്രക്രിയകളുടെ സഹായങ്ങളില്ലാതെ, തിക്തം
സേവിപ്പിക്കാതെ, പൂര്‍വ്വാര്‍ജ്ജിതകവനകലാബോധബീജാങ്കുരത്തെ
ഭാവം നോക്കിത്തുടിപ്പി, ച്ചകമലര്‍ വികസിപ്പിച്ചു സംജാതമാക്കും
പ്രാവീണ്യത്തിന്നു കേള്‍വിപ്പെടുമൊരു സുധിയാണക്ഷരശ്ലോകവൈദ്യന്‍
അക്ഷരശ്ലോകം എന്താണെന്നും എന്തായിരിക്കണമെന്നും ഈ ശ്ലോകത്തിലുണ്ട്. മനോഹരമായ ഇത്തരം നിരവധി ശ്ലോകങ്ങളുടെ കര്‍ത്താവാണ് ഇതെഴുതയ വി കെ ജി.
മറ്റൊന്ന്
അന്നൊത്തപോക്കീ, കുയിലൊത്ത പാട്ടീ,
തേനൊത്ത വാക്കീ, തിലപുഷ്പമൂക്കീ,
ദരിദ്രയില്ലത്തെ യവാഗുപോലെ
നീണ്ടിട്ടിരിക്കും നയനദ്വയത്തീ –
രസകരമാണ് തോലന്റെ ഈ ശ്ലോകത്തിന്റെ കഥ. അര്‍ത്ഥസമ്പുഷ്ടിയേറുന്ന ഈ ശ്ലോകം നായികക്ക് ഇഷ്ടപ്പെട്ടില്ല. ചുമ്മാ നാടന്‍ ഭാഷയില്‍ എന്തോ ഒന്നെഴുതി എന്നാണ് മൂപ്പത്തി വിചാരിച്ചത്. മാറ്റിയെഴുതണമെന്നായി ശാഠ്യം.തോലനുണ്ടോ മടക്കം ? ഉടന്‍ തന്നെ മാറ്റിയെഴുതിക്കൊടുത്തു. ഇങ്ങനെ
അര്‍ക്കശുഷ്ക്കഫലകോമളസ്തനീ
തിന്ത്രിണീദലവിശാലലോചനേ
നിംബപല്ലവസമാനകേശിനീ
കീകസാത്മജമുഖീ വിരാജസേ –
കെട്ടിലമ്മക്ക് തൃപ്തിയായി എന്നും സമ്മാനങ്ങള്‍ കൊടുത്ത് തോലനേയും സന്തോഷിപ്പിച്ചു എന്നും കഥ . കഥയറിയാതെ പുറംപൂച്ചുകളില്‍ മയങ്ങുന്നവരെ കണക്കറ്റു കളിയാക്കുന്ന ഇക്കഥ നമുക്കൊരു പാഠമാകട്ടെ
Comments