#ദിനസരികള്‍ 61
ഭാരതീയ സാഹിത്യദര്‍ശനങ്ങളുടെ വെളിച്ചത്തില്‍ ആധുനികകൃതികളെ അപഗ്രഥിക്കുവാനും
ആസ്വദിക്കുവാനും കഴിയുമോ എന്ന രസകരമായ ചോദ്യം അയ്യപ്പപ്പണിക്കര്‍
ഉന്നയിക്കുന്നുണ്ട്.കഴിയും എന്നുതന്നെയാണ് അദ്ദേഹത്തിന്റെ സുചിന്തിതമായ അഭിപ്രായം.ഡികണ്‍സ്ട്രക്ഷനെ
അപോദ്ഗ്രഥനം എന്ന് ഭാഷാന്തരപ്പെടുത്തിക്കൊണ്ട് അദ്ദേഹം ഇങ്ങനെ എഴുതുന്നു. ”പണിഞ്ഞു
വെച്ചിരിക്കുന്ന ഒരു മനുഷ്യനിര്‍മ്മിതവസ്തു – കൃതി , പാഠ, നിര്‍മ്മിതി , സ്വരൂപം-
അതിന്റെ ഘടകങ്ങള്‍ അഴിച്ചു് പരസ്പരം വേര്‍പെടുത്തി ആന്തരാര്‍ത്ഥം കണ്ടെത്തി
വീണ്ടും കൂട്ടിച്ചേര്‍ത്ത് പുതിയരീതിയില്‍ രൂപം നല്കി , ആദ്യനിര്‍മ്മാതാവല്ലാത്ത ഒരാള്‍ നിര്‍മ്മിച്ച് മറ്റ് ഉപഭോക്താക്കള്‍ക്ക്
വിതരണം പ്രക്രിയയാണ് അപോദ്ഗ്രഥനം “.കൃതിയുടെ
ഈ തലത്തിലുള്ള പഠനത്തിന് ഭാഷ്യം നമ്മെ സഹായിക്കുന്നു.അദ്ദേഹം തുടരുന്നു “ സൂത്രരൂപത്തിലുള്ള
മൂലത്തെ ഭാഷ്യത്തിലൂടെ പുനസൃഷ്ടിക്കുമ്പോള്‍ നടക്കുന്ന പ്രക്രിയയാണ് അപോദ്ഗ്രഥനം.സൂത്രം,കാരിക,
വ്യാഖ്യാ,ഭാഷ്യം, വാര്‍ത്തികം എന്നിങ്ങനെയുള്ളവയില്‍
ഭാഷ്യവാര്‍ത്തികങ്ങളോടായിരിക്കും അപോദ്ഗ്രഥനത്തിന് സാധര്‍മ്യം”
വിനിര്‍മിതി
എന്ന് ഡോക്ടര്‍ സി രാജേന്ദ്രന്‍ വിളിക്കുന്ന ഈ ചിന്താപദ്ധതിക്ക് ആനന്ദവര്‍ദ്ധനന്റെ
ധ്വനി സിദ്ധാന്തവുമായുള്ള സാധര്‍മ്യം കാണാതിരുന്നുകൂട. “മൌലികരചനയുടെ
വസ്തുനിഷ്ഠതക്കും വ്യാഖ്യാനങ്ങളുടെ സര്‍ഗാത്മകതയ്ക്കും തുല്യപ്രാധാന്യം നല്കുന്ന
ധ്വനിദര്‍ശനം ആരോഗ്യകരമായ ഒരു സമന്വയം സാധ്യമാക്കുന്നുണ്ട് “ എന്ന്
ഡോ. രാജേന്ദ്രന്‍ എഴുതുന്നുണ്ട്.
ശോഷിച്ചു പോയ , അഥവാ നിലച്ചുപോയ നമ്മുടേതായ
സാഹിത്യസിദ്ധാന്തസരണികളെ പുനര്‍വായനക്കു വിധേയമാക്കുന്നതിനും ആധുനികകാലത്തെ
കൃതികളുമായി ബന്ധിപ്പിക്കുന്നതിനും , അവയെ ഫലപ്രദമായി വ്യാഖ്യാനിക്കുന്നതിനും നമുക്കു
കഴിയുമോ എന്ന ചോദ്യം ഉന്നയിക്കപ്പെടേണ്ടതുണ്ട്.പാരമ്പര്യത്തിന്റെ ഗരിമയില്‍
അന്ധാളിച്ചു നില്ക്കാതെ അവയെ സമകാലികതയിലേക്ക് എങ്ങനെ ആനയിച്ചെത്തിക്കാം എന്ന
ചിന്തക്ക് നമ്മുടെ പണ്ഡിതന്മാരായ വിമര്‍ശകന്മാര്‍ ഉത്തരം നല്കാന്‍ തയ്യാറാകണം. ചില
ലേഖനങ്ങളിലൂടേയും പ്രസ്ഥാവനകളിലൂടേയും അലക്ഷ്യമായ പറഞ്ഞുപോകലുകള്‍ക്കു പകരം
ആധുനികപാഠങ്ങളെ ഉദാഹരണമാക്കി നമ്മുടെ സാഹിത്യസിദ്ധാന്തങ്ങളെ പ്രയോഗിച്ചു കാണിക്കണം.
അതിനു കഴിയാത്ത തരത്തില്‍ കാലത്തിലും ബോധത്തിലും നാം വേറിട്ടു നില്ക്കുകയാണെങ്കില്‍
ഭാരതീയ സാഹിത്യദര്‍ശനങ്ങള്‍ വെറുമൊരു മിഥ്യയാണെന്ന് പ്രഖ്യാപിക്കാനെങ്കിലും
നമുക്കു കഴിയുമല്ലോ.
Comments