#ദിനസരികള്‍ 65
എത്രയൊക്കെ ജനക്ഷേമകരമായ പദ്ധതികള്‍ ആവിഷ്കരിച്ചാലും അത്
വേണ്ടവിധം ജനങ്ങളിലേക്ക് എത്തിക്കുകയും നടപ്പിലാക്കുകയും ചെയ്യേണ്ടത് വിവിധ
തലങ്ങളിലുള്ള സര്‍ക്കാര്‍ ജീവനക്കാരാണ്. ഉയര്‍ന്ന തലിത്തിലുള്ളവരെക്കാള്‍
ജനങ്ങളുമായി നേരിട്ടിടപെടുന്ന ഉദ്യോഗസ്ഥവൃന്ദം സര്‍ക്കാറിന്റെ മുഖമാണെന്ന് തന്നെ
പറയാം. ജനങ്ങളോടുള്ള സമീപനത്തിന്റെ അടിസ്ഥാനത്തില്‍ എല്ലാവിധ ശോഭകളേയും
കെടുത്താനും ജനങ്ങളുടെ കണ്ണില്‍ നിറം മങ്ങിയ ഒരു സര്‍ക്കാരാണ് നിലവിലുള്ളത് എന്ന
ധാരണ പടര്‍ത്താനും താഴേത്തട്ടിലുള്ള ഈ ഉദ്യോഗസ്ഥന്മാര്‍ക്ക് കഴിയുമെന്ന് നിസ്സംശയം
പറയാം. ദൈനന്ദിന വ്യവഹാരങ്ങള്‍ക്ക് ജനങ്ങള്‍ സമീപിക്കുന്ന ഉദ്യോഗസ്ഥന്മാരുടെ
പെരുമാറ്റരീതികളും അപേക്ഷകളോടുള്ള മനുഷ്യത്വപരമായ സമീപനങ്ങളും സര്‍ക്കാരിനോടുള്ള
മതിപ്പ് കൂട്ടാനും തിരിച്ചായാല്‍ കുറക്കാനും ഇടയാക്കുമെന്നത് വസ്തുതയാണ്.
ഇത്രയും പറയാന്‍ കാരണം നമ്മുടെ ചില ഓഫീസുകളിലേക്ക് ചെന്നു
കയറുന്ന ആളുകളോട് അവിടെയുള്ള ഉദ്യോഗസ്ഥരുടെ സമീപനങ്ങള്‍ കണ്ടതുകൊണ്ടാണ്. എനിക്ക്
തന്നെ ഈ കഴിഞ്ഞ ദിവസം ഒരു അനുഭവമുണ്ടായി. സാംസ്കാരികവകുപ്പിന് കീഴിലുള്ള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ
തിരുവനന്തപുരത്തെ പുസ്തക വില്പന കേന്ദ്രമായ സംസ്കാരയില്‍ ചെന്നു കയറി. എപ്പോള്‍
തിരുവനന്തപുരത്ത് പോയാലും മുടക്കം കൂടാതെ സന്ദര്‍ശിക്കുന്ന സ്ഥാപനങ്ങളില്‍ ഒന്നാണ്
ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഈ പുസ്തകവില്പന കേന്ദ്രം.ഒരാള്‍ വന്നു കയറിയിരിക്കുന്നു
എന്ന കാര്യം ശ്രദ്ധിക്കുക പോലും ചെയ്യാതെ രണ്ടു ജീവനക്കാര്‍ സംഭാഷണത്തില്‍
മുഴുകിയിരിക്കുന്നു. അവരിലൊരാളുടെ ശ്രദ്ധ ആകര്‍ഷിച്ചുകൊണ്ട് അയ്യപ്പപ്പണിക്കരുടെ
കവിദര്‍ശനം എന്ന പുസ്തകം ഉണ്ടോ എന്ന് ചോദിച്ചു.ഒന്നു നോക്കുക പോലും ചെയ്യാതെ “അതിവിടെയില്ലല്ല്
“
എന്നായിരുന്നു ഉത്തരം .
വീണ്ടും അദ്ദേഹത്തിന്റെ ഏതെങ്കിലും പുസ്തകമുണ്ടോ എന്ന ചോദ്യത്തിന് “ഇല്ല “ എന്ന്
ഒറ്റവാക്കിലുത്തരം. ഒന്ന് നോക്കിക്കോട്ടെ എന്ന ചോദ്യത്തിന് ഓ എന്ന ഉത്തരത്തില്‍
ലോകത്തിലെ സമസ്ത പുച്ഛങ്ങളേയും കൂട്ടിയരച്ച് ഒന്നാക്കിയ ഒരു രസമായിരുന്നു.പണിക്കര്‍
സാറിന്റെ അന്തസ്സന്നിവേശം എന്ന പുസ്തകം എടുത്ത് വിലയും കൊടുത്ത് അവിടെ നിന്നും
ഇറങ്ങുമ്പോള്‍ ഈ സ്ഥാപനത്തെക്കുറിച്ച് വ്യഥയായിരുന്നു മനസ്സില്‍. ഒരു സാംസ്കാരിക
സ്ഥാപനത്തിലേക്കെത്തുന്ന ആളുകളോടുള്ള സമീപനം ഇതാണെങ്കില്‍ നിരന്തരം വിവിധ
ആവശ്യങ്ങള്‍ക്ക് വേണ്ടി ജനങ്ങള്‍ കയറിയിറങ്ങുന്ന മറ്റ് ഓഫീസുകളുടെ അവസ്ഥ
എന്തായിരിക്കും എന്നാണ് ഞാന്‍ ചിന്തിച്ചത്.
അതുകൊണ്ട് താഴെത്തട്ടിലെ ഉദ്യോഗസ്ഥരുടെ സമീപനങ്ങളില്‍
അത്യാവശ്യമായ മാറ്റം ഉടനുണ്ടാക്കിയില്ലെങ്കില്‍ ഇടതുപക്ഷ സര്‍ക്കാറിനെക്കുറിച്ച്
തെറ്റായ ധാരണയായിരിക്കും ജനങ്ങളിലുണ്ടാകുക. നിരസിക്കപ്പെടുന്ന അപേക്ഷകള്‍ക്കും
ഉദ്യോഗസ്ഥരുടെ മോശമായ പെരുമാറ്റത്തിനും സാധാരണക്കാരായ ജനങ്ങള്‍ സര്‍ക്കാറിനെ
പഴിക്കുന്ന അവസ്ഥ ഇവിടെ ഉണ്ടാകുന്നുണ്ട്. പ്രതിപക്ഷസ്വഭാവമുള്ള ഉദ്യോഗസ്ഥര്‍ അത്
ബോധപൂര്‍വ്വം തന്നെ സര്‍ക്കാറിലേക്ക് ചാര്‍ത്തിക്കൊടുക്കാനും ശ്രമിക്കാറുണ്ട്. സര്‍ക്കാറിന്റെ
പ്രതിച്ഛായയെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലുണ്ടാകുന്ന ഇത്തരം
രീതികളെക്കുറിച്ച് അന്വേഷിക്കാന്‍ ഉടന്‍ തീരുമാനമെടുക്കാനുള്ള അധികാരത്തോടെ
പരിശോധകസംഘത്തെ നിയമിക്കുകയും അവര്‍ നമ്മുടെ താഴെത്തട്ടിലുള്ള വിവിധങ്ങളായ
ഓഫീസുകളില്‍ പരിശോധനകള്‍ നടത്തുകയും വേണം. ഓരോ ഫയലുകളും ഓരോ ജീവിതമാണ് എന്ന്
മുഖ്യമന്ത്രി ആദ്യമായി സെക്രട്ടറിയേറ്റിനെ അഭിവാദ്യം ചെയ്തുകൊണ്ട് പറഞ്ഞത്
ഞാനിവിടെ സ്മരിച്ചുകൊള്ളട്ടെ !
Comments