#ദിനസരികള്‍ 60
സമകാലിക നിയമവ്യവസ്ഥയില്‍
കോളിളക്കമുണ്ടാക്കിയ ജസ്റ്റീസ് കര്‍ണന്‍ ഇന്ന് വിരമിക്കുകയാണ്. ഈ വിഷയത്തില്‍ എ ജി
നൂറാനിയുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടാണ് പ്രമുഖ അഭിഭാഷകനായ അഡ്വ. കാളീശ്വരം രാജ്
, ഇന്നത്തെ മാതൃഭൂമി ദിനപത്രത്തില്‍ ചില സന്ദേഹങ്ങള്‍ ഉന്നയിക്കുന്നത്. നൂറാനി
പറയുന്നു “ചീഫ്
ജസ്റ്റീസ് ജെ എസ് ഖേകര്‍ വിരമിക്കുന്നത് വളരെ നിര്‍ഭാഗ്യകരമായ ഒരു പാരമ്പര്യം
അവശേഷിപ്പിച്ചുകൊണ്ടായിരിക്കും. കര്‍ണന്‍ കേസ് കെടുകാര്യസ്ഥതയോടെ കൈകാര്യം
ചെയ്തപ്പോള്‍ അദ്ദേഹം സ്റ്റേറ്റ്സ് മാന്‍ഷിപ്പു പോയിട്ട് നീതിന്യായവിവേചനത്തിന്റെ
കണിക പോലും കാണിക്കുകയുണ്ടായില്ല. പ്രകോപനം കൂടുമ്പോഴാണ് ന്യായാധിപര്‍
സന്തുലിതത്ത്വവും ശാന്തതയും പുലര്‍ത്തേണ്ടത്.” സുപ്രിംകോടതി ചീഫ് ജസ്റ്റീസിനെതിരെ കഠിനമായ
ആക്ഷേപങ്ങളാണ് മുതിര്‍ന്ന അഭിഭാഷകനായ നൂറാനിയുടെ വാക്കുകളില്‍ ഉള്ളത്.ആ വാക്കുകളെ
ന്യായീകരിക്കുന്ന വിധത്തിലാണ് കാളീശ്വരം രാജും പ്രസ്തുതവിഷയത്തില്‍ ഇടപെടുന്നത്.
നീതിന്യായവ്യവസ്ഥയുടെ സുസ്ഥിരത ജനാധിപത്യ ഭരണക്രമത്തില്‍
നിര്‍ണായകമാണ്. അഴിമതിയില്ലാത്തും പക്ഷപാതരഹിതവുമായ ഒരു നിയമസംവിധാനത്തിന് മാത്രമേ
ജനങ്ങളുടെ മനസ്സില്‍ വിശ്വാസ്യത ഉണ്ടാക്കിയെടുക്കാന്‍ കഴിയുകയുള്ളു.ആ വിശ്വാസ്യതയെ
നിലനിറുത്തുന്ന കാലത്തോളം ജനങ്ങള്‍ നിയമവാഴ്ചയെ അംഗീകരിക്കുകയും അനുസരിക്കുകയും
ചെയ്യും. അല്ലാത്തപക്ഷം നിയമം ജനം കൈയ്യിലെടുക്കുകയും രാജ്യമാകെ
അരാജകത്വത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്യും. ജനങ്ങളുടെ മനസ്സിലുള്ള ഈ
വിശ്വാസത്തിന് ഇടിച്ചിലുണ്ടാക്കുന്ന തരത്തിലാണ് ജസ്റ്റീസ് കര്‍ണന്‍ നിയമവ്യവസ്ഥയെ
വെല്ലുവിളിച്ചത്.ആ രീതിയെ അംഗീകരിക്കുവാന്‍ ആര്‍ക്കും കഴിയുമായിരുന്നില്ല.
അതിവൈകാരികമായിരുന്ന ആ പ്രകടനത്തെ പക്ഷേ അതിലും വൈകാരികമായാണ് സുപ്രിംകോടതി
നേരിട്ടത് എന്ന കാര്യത്തിലാണ് അങ്കലാപ്പുണ്ടാകുന്നത്. ജസ്റ്റീസ് കര്‍ണനെ
നിയന്ത്രിക്കണമെന്ന ആവശ്യത്തിന് ഭൂരപക്ഷം ജനങ്ങളുടേയും പിന്തുണ ഉണ്ടായിരുന്നു.
പക്ഷേ അതിന് സുപ്രിംകോടതി സ്വീകരിച്ച വഴി വ്യാപകമായ എതിര്‍പ്പുകള്‍ക്ക്
കാരണമാകുകയും ജൂഡീഷ്യറിയുടെ ഏകാധിപത്യപ്രവണതക്ക് ഉദാഹരണമാകുകയും ചെയ്തു.
കോടതിയലക്ഷ്യക്കേസില്‍ ശിക്ഷിക്കപ്പെട്ട കര്‍ണന്
പറയാനുള്ളത് കേള്‍ക്കാനും നിയമപരമായ വഴികളിലൂടെത്തന്നെ മുന്നേറാനും സുപ്രിംകോടതി
ശ്രമിച്ചില്ല. അദ്ദേഹം ഉന്നയിച്ച ആക്ഷേപങ്ങളെ ചര്‍ച്ചക്കെടുക്കുവാനും
പരിശോധിക്കുവാനും തയ്യാറായില്ല.എന്നുമാത്രമല്ല , കര്‍ണനെ പ്രസിദ്ധീകരിക്കുന്നതില്‍നിന്ന്
മാധ്യമങ്ങളെ വിലക്കുക കൂടി ചെയ്തതോടെ ഒരു പൌരന്റെ ജനാധിപത്യപരമായ അവകാശങ്ങളെക്കൂടി
നിഹനിക്കുകയാണ് സുപ്രിംകോടതി ചെയ്തത്. അതോടെ കര്‍ണനെപ്പോലെത്തന്നെ തെറ്റായ
വഴക്കങ്ങള്‍ക്ക് സുപ്രിംകോടതിയും വശഗതരായി.”ശിക്ഷയുടെ കാഠിന്യം മാത്രമല്ല ,
ശിക്ഷിച്ച രീതിയും ഒരുപോലെ നിയമങ്ങളുടേയും നീതിയുടേയും നടപടിക്രമങ്ങളുടേയും നിഷേധമായിത്തീര്‍ന്നു
“എന്ന്
കാളീശ്വരം രാജിനെക്കൊണ്ട് എഴുതിപ്പിച്ചത് സുപ്രിംകോടതിയുടെ ഈ നിലപാടുകളാണ്.ജസ്റ്റീസ്
കര്‍ണനെക്കുറിച്ച് ചിന്തിക്കാതെ പശുവിന് വേണ്ടി ഭരണഘടനയെ ദുര്‍വ്യാഖ്യാനം ചെയ്ത ജൂഡീഷ്യറിയെ
കണക്കറ്റ് കളിയാക്കിക്കൊണ്ടാണ് പ്രസ്തുതലേഖനം കാളീശ്വരം രാജ് അവസാനിപ്പിക്കുന്നത്.
ഒരു വ്യക്തിയുടെ ഇളക്കങ്ങള്‍ക്ക് പിന്നാലെ മനസ്സാന്നിധ്യം
നഷ്ടപ്പെട്ട് ആകെ ആടിയുലഞ്ഞുപോകുന്ന ഇന്ത്യന്‍ ജൂഡീഷ്യല്‍ സംവിധാനത്തെക്കുറിച്ച് ,
ഈ ജനാധിപത്യരാജ്യത്ത് ആശങ്കപ്പെടുക എന്നല്ലാതെ ഒരു പൌരന് എന്തുചെയ്യാന്‍ കഴിയും ? ഖിന്നനാവുക
. അത്രമാത്രം.
Comments