ഹിന്ദുമതവും ചില വസ്തുതകളും സംഘപരിവാറും
വര്‍ഗീയരാഷ്ടീയത്തിന്റെ പാഞ്ചജന്യം മുഴക്കി സംഘപരിവാര്‍ സംഘടനകള്‍ കൊളുത്തിവിട്ട അഗ്നിശലാകകളില്‍ കത്തിയെരിഞ്ഞത് ഇന്ത്യയിലെ രണ്ട് സംസ്ഥാനങ്ങളാണ്. രാജ്യമൊട്ടാകെ ഇതിന്റെ അലയൊലികള്‍ മുഴങ്ങിക്കഴിഞ്ഞിരിക്കുന്നു.ഗുജറാത്തില്‍, അയോദ്ധ്യയില്‍ ബാബറിമസ്ജിദിനുപകരം ക്ഷേത്രം നിര്‍മിച്ചുകൊണ്ടിരുന്ന “നിരപരാധികളായ” കര്‍സേവകര്‍ മടങ്ങിവന്ന ട്രെയിനിനു തീവച്ചു എന്നായിരുന്നു സംഘപരിവാര്‍ ആരോപിച്ചിരുന്നതെങ്കില്‍ ഒറീസയിലാകട്ടെ മതപരിവര്‍ത്തനമാണ് കൃസ്ത്യാനികളെ ആക്രമിക്കുവാന്‍ അവര്‍ കാരണമായിപറഞ്ഞത്. ഈ അക്രമണങ്ങളും അവയുടെ കാരണങ്ങളും സംഘപരിവാറിന്റെ വിശദീകരണത്തില്‍ വ്യത്യസ്തമാണെങ്കിലും മതസംരക്ഷണമാണ് തങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യബോധമെന്ന ആശയമാണ് അവര്‍ അനുയായികള്‍ക്ക് നല്കുന്നത്. വംശീയവിദ്വേഷത്തിലൂടെ ചരിത്രത്തില്‍ സ്ഥാനം തേടുന്ന ഏതൊരു ഫാസിസ്റ്റ് സംഘടനയും പറയുന്നത് തന്നെയാണ് ഇത്. ഹിന്ദുമതത്തിനുവേണ്ടി എന്ന വാദം ഉയര്‍ത്തി സാധാരണവിശ്വാസികളെ തങ്ങളുടെ കൊടിക്കീഴില്‍ അണിനിരത്തുവാനാണ് ഈ വര്‍ഗീയ സംഘടനകള്‍ ലക്ഷ്യം വക്കുന്നത്. അതിനായി കൃസ്തുമതം, മുസ്ലീംമതം, തുടങ്ങിയ സെമിറ്റിക് മതങ്ങള്‍ ഒഴിച്ചുള്ള മുഴുവന്‍ മതവിഭാഗങ്ങളും ഹിന്ദുമ...