ഹിന്ദുമതവും ചില വസ്തുതകളും സംഘപരിവാറും

വര്‍ഗീയരാഷ്ടീയത്തിന്റെ പാഞ്ചജന്യം മുഴക്കി സംഘപരിവാര്‍ സംഘടനകള്‍ കൊളുത്തിവിട്ട അഗ്നിശലാകകളില്‍ കത്തിയെരിഞ്ഞത് ഇന്ത്യയിലെ രണ്ട് സംസ്ഥാനങ്ങളാണ്. രാജ്യമൊട്ടാകെ ഇതിന്റെ അലയൊലികള്‍ മുഴങ്ങിക്കഴിഞ്ഞിരിക്കുന്നു.ഗുജറാത്തില്‍, അയോദ്ധ്യയില്‍ ബാബറിമസ്ജിദിനുപകരം ക്ഷേത്രം നിര്‍മിച്ചുകൊണ്ടിരുന്ന “നിരപരാധികളായ” കര്‍സേവകര്‍ മടങ്ങിവന്ന ട്രെയിനിനു തീവച്ചു എന്നായിരുന്നു സംഘപരിവാര്‍ ആരോപിച്ചിരുന്നതെങ്കില്‍ ഒറീസയിലാകട്ടെ മതപരിവര്‍ത്തനമാണ് കൃസ്ത്യാനികളെ ആക്രമിക്കുവാന്‍ അവര്‍ കാരണമായിപറഞ്ഞത്. ഈ അക്രമണങ്ങളും അവയുടെ കാരണങ്ങളും സംഘപരിവാറിന്റെ വിശദീകരണത്തില്‍ വ്യത്യസ്തമാണെങ്കിലും മതസംരക്ഷണമാണ് തങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യബോധമെന്ന ആശയമാണ് അവര്‍ അനുയായികള്‍ക്ക് നല്കുന്നത്. വംശീയവിദ്വേഷത്തിലൂടെ ചരിത്രത്തില്‍ സ്ഥാനം തേടുന്ന ഏതൊരു ഫാസിസ്റ്റ് സംഘടനയും പറയുന്നത് തന്നെയാണ് ഇത്.

ഹിന്ദുമതത്തിനുവേണ്ടി എന്ന വാദം ഉയര്‍ത്തി സാധാരണവിശ്വാസികളെ തങ്ങളുടെ കൊടിക്കീഴില്‍ അണിനിരത്തുവാനാണ് ഈ വര്‍ഗീയ സംഘടനകള്‍ ലക്ഷ്യം വക്കുന്നത്. അതിനായി കൃസ്തുമതം, മുസ്ലീംമതം, തുടങ്ങിയ സെമിറ്റിക് മതങ്ങള്‍ ഒഴിച്ചുള്ള മുഴുവന്‍ മതവിഭാഗങ്ങളും ഹിന്ദുമതത്തിലെ ആശയാദര്‍ശങ്ങള്‍ സ്വീകരിച്ച് പ്രവര്‍ത്തിക്കുന്നവയാണെന്നുള്ള തെറ്റായ ആശയമാണ് സംഘ് പ്രചരിപ്പിക്കുന്നത്. അതായത് ഹിന്ദുമതത്തിലെ നിയമസംഹിതകളേയും സൈദ്ധാന്തികവും പ്രായോഗികവുമായ അനുഷ്ഠാനക്രമങ്ങളേയും പിന്‍പറ്റിക്കൊണ്ടാണ് ഇന്ത്യയില്‍ ഇതരമതങ്ങള്‍ ഉരുവം കൊണ്ടതെന്നാണ് അവര്‍ വാദിക്കുന്നത്. ഈ ചിന്താരീതി ഒട്ടൊക്കെ നമ്മുടെ ജനങ്ങള്‍ക്കിടയിലും ബുദ്ധിജീവികളുടെയിടയിലും സ്ഥാപിച്ചെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്നതാണ് വസ്തുത.

സ്വാതന്ത്ര്യുപൂര്‍വ്വഭാരതത്തിലാണ് നാം ഹിന്ദുമതത്തിലെ ഈ സവര്‍ണചിന്തയുടെ വേരുകള്‍ തേടേണ്ടത്. അക്കാലത്ത് ഇതര മതവിഭാഗങ്ങളെ മ്ലേച്ഛമെന്നധിക്ഷേപിക്കുന്ന ഒരു വര്‍ണവ്യവസ്ഥയായിരുന്നു നിലനിന്നിരുന്നത്. ഹിന്ദുമതത്തോടൊപ്പം തന്നെ തലയെടുപ്പുള്ള മറ്റേതെങ്കിലും ഭാരതീയ മതങ്ങള്‍ ഉണ്ട് എങ്കില്‍ അവയെ തങ്ങളുടെ ഭാഗമാക്കിമാറ്റുക അല്ലെങ്കില്‍ അങ്ങനെയാണെന്ന് വരുത്തിത്തീര്‍ക്കുക എന്ന തന്ത്രവും അക്കാലത്തെ സവര്‍ണചിന്ത സ്വീകരിച്ചിരുന്നു.

സ്വാതന്ത്ര്യാനന്തരഭാരതത്തിലാകട്ടെ ഇതരമതങ്ങളെ ഹിന്ദുമതത്തിലെ ഉപജാതികളാക്കി മാറ്റിക്കൊണ്ട് ഈ സവര്‍ണചിന്താരീതികള്‍ക്ക് നിയമപരമായ സാധുത നല്കുകയാണ് നമ്മുടെ രാഷ്ടീയനേതൃത്വം ചെയ്തത്. അതോടെ വിശ്വാസപരമായോ സൈദ്ധാന്തികമായോ ആശയപരമായോ ഹിന്ദുമതവുമായി യാതൊരു ബന്ധവും പുലര്‍ത്താതിരുന്ന നിരവധി പ്രാദേശികമതങ്ങള്‍ ഹിന്ദുമതത്തില്‍പ്പെട്ട ഉപവര്‍ഗ്ഗങ്ങള്‍ മാത്രമായി മാറി.അതോടൊപ്പം തന്നെ അവരുടെ ദൈവസങ്കല്പങ്ങളിലേക്ക് ആടയാഭരണവിഭൂഷണങ്ങളണിഞ്ഞ് സവര്‍ണദൈവങ്ങള്‍ കയറിക്കൂടുകയും അതാതുമതങ്ങളുടെ തനതുദൈവങ്ങള്‍ പുറന്തള്ളപ്പെടുകയും ചെയ്തു. ഇന്നും ഹിന്ദുമതവിഭാഗങ്ങളെന്ന് നാം കരുതിപ്പോരുന്ന ഈ പ്രാദേശികമതങ്ങളില്‍ അല്പമെങ്കിലും അവശേഷിക്കുന്ന വിശ്വാസസംഹിതകളെക്കുറിച്ച് മനസ്സിലാക്കിയാല്‍ അവ ഹിന്ദുമതത്തിന്റെ ഭാഗമല്ലെന്നും സര്‍വ്വാത്മനാ സ്വതന്ത്രമതങ്ങളാണെന്നും നമുക്ക് മനസ്സിലാക്കാം.അതിനുമുമ്പ് ഹിന്ദുമതത്തെക്കുറിച്ച് ഒരു സാമാന്യധാരണ ഉണ്ടാകണം.

ഒരു ചെറിയ ലേഖനത്തില്‍ ഹിന്ദുമതത്തെക്കുറിച്ച് വിശദമായി എഴുതുക അസാധ്യമാണ്. ആര്യവൈദികമതത്തിന്റെ ദാര്‍ശനിക ആശയങ്ങളെ പിന്‍പറ്റിയാണ് ഹിന്ദുമതത്തിലെ അടിസ്ഥാനസങ്കല്പങ്ങള്‍ ഉരുവം കൊണ്ടത്. വേദങ്ങളുടെ അപ്രമാദിത്വത്തെ അംഗീകരിക്കുന്നുവെങ്കിലും വേദാന്തമായ ഉപനിഷത്തുകളോടാണ് ചിന്താപരമായി ഹിന്ദുമതത്തിന് കൂടുതല്‍ കടപ്പാടുള്ളത്. വൈദികമതത്തെപ്പോലെ തന്നെ സകാരനായ , പ്രപഞ്ചനിയന്താവായ ഒരു ഈശ്വരസങ്കല്പം ഹിന്ദുമതത്തിനും ഉണ്ടായിരുന്നില്ല. അടിസ്ഥാനഗ്രന്ഥങ്ങളായ പ്രസ്ഥാനത്രയത്തില്‍-ബ്രഹ്മസൂത്രം, ഉപനിഷത്തുകള്‍, ഭഗവത്ഗീത- പ്രപഞ്ചസൃഷ്ടാവായ ഒരു ഈശ്വരനെ മാനിച്ചിരുന്നില്ല. താന്‍ തന്നെ പ്രപഞ്ചനിയന്താവായി, നിയാമകനായി മാറുന്ന “അത്ഭുതകരമായ” തത്ത്വചിന്തയാണ് അവര്‍ രൂപപ്പെടുത്തിയെടുത്തത്. “സര്‍വ്വം ഖല്വിദം ബ്രഹ്മ” എന്ന പൊതുബോധത്തില്‍ നിന്ന് “അഹം ബ്രഹ്മാസ്മി” എന്ന സാക്ഷാത്കാരത്തിലേക്കുള്ള ഒരു പ്രയാണമായിരുന്നു അവര്‍ക്ക് മതം.സൃഷ്ടിയും സൃഷ്ടാവും താന്‍തന്നെയാണ് എന്ന ബോധം ഉദിക്കുന്നതോടെ ഒരു വ്യക്തി സ്വയംപൂര്‍ണനാവുന്നു.അദ്വൈതചിന്തയായിരുന്നു ഹിന്ദുമതത്തിന്റെ കാതല്‍. ശങ്കരാചാര്യരാണ് ഹിന്ദുമതത്തിന് ശക്തമായ യുക്തിബോധം നല്കി ആശയക്രോഡീകരണം നടത്തി അദ്വൈതചിന്ത സ്ഥാപിച്ചെടുത്തത്.

ഹിന്ദുമതത്തെ പിന്തുടര്‍ന്ന് വന്ന ബ്രാഹ്മണികമതമാവട്ടെ നിരാകാരനായ ഈശ്വരന് പകരം സകാരനായ നിരവധി ഈശ്വരന്മാരെ പ്രതിഷ്ഠിച്ചുകൊണ്ടാണ് മുന്നോട്ട് വന്നത്. അതേസമയം ഹിന്ദുമതം യുക്തിഭദ്രമാണെന്ന ബോധം സമൂഹത്തില്‍ ശക്തമായി നിലനിന്നിരുന്നതിനാല്‍ അവയുടെ ആശയങ്ങളെ പൂര്‍ണമായും തള്ളിക്കളഞ്ഞുമില്ല. ഒരേ സമയം വൈരുദ്ധ്യത്തില്‍ അധിഷ്ഠിതമായ രണ്ട് സങ്കല്പങ്ങളെ സമവായത്തിലെത്തിച്ചുകൊണ്ടാണ് ബ്രാഹ്മണികമതം നിലനിന്നത്. ക്രമേണ പ്രായോഗികമായി പിന്തുടരാന്‍ വിഷമമുള്ള ഹിന്ദുമത ആശയങ്ങള്‍ ലുപ്തപ്രതിഷ്ഠമാവുകയും, വിശേഷാധികാരാവകാശങ്ങള്‍ കൈവശം വയ്ക്കുന്ന ഒരുപറ്റം സവര്‍ണദൈവങ്ങളുടെ കൈകളിലേക്ക് ബ്രാഹ്മണികമതം പൂര്‍ണമായും എത്തിച്ചേരുകയും ചെയ്തു. അതോടെ ഹിന്ദുമതം അതിന്റെ അടിസ്ഥാന ആശയങ്ങള്‍ക്കൊപ്പം മണ്ണടിയുകയും ചെയ്തു.

അതേസമയം തന്നെ സവര്‍ണ മതങ്ങള്‍ക്ക് സമാന്തരമായി നിരവധി മതങ്ങള്‍ നിരവധി തലത്തിലുള്ള ആരാധനാരീതികളുമായി ഉദയം ചെയ്തിട്ടുണ്ടായിരുന്നു. ഹിന്ദുമതത്തില്‍ നിന്ന് വിഭിന്നമായ വിശ്വാസസംഹിതകള്‍ ആവിഷ്കരിച്ച സെമിറ്റിക് മതങ്ങളെപ്പോലെ തന്നെ ഈ മതവിഭാഗങ്ങളും സവിശേഷമായ രീതിവിശേഷങ്ങളുമായാണ് നിലനിന്നിരുന്നത്. വൈദികമതത്തിനുതന്നെ സമാന്തരമായി നിലവിലുണ്ടായിരുന്ന ചാര്‍വ്വാകം ഇത്തരത്തില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന മതമാണ്. അവര്‍ പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവിനെയോ വേദങ്ങളുടെ അപ്രമാദിത്ത്വത്തെയോ അംഗീകരിച്ചിരുന്നില്ല.എങ്കിലും പിന്നീട് വന്ന ഓരോ ഹിന്ദുമതവ്യാഖ്യാതാക്കളും -അഥവാ വിമര്‍ശകര്‍ പോലും – ചാര്‍വ്വാകമതത്തെ ഹിന്ദുമതവിശ്വാസങ്ങളുടെ ഭാഗമായോ അഭിപ്രായഭേദമായോ മാത്രമാണ് പരിഗണിച്ചത്. പക്ഷപാതജന്യമായ അത്തരം സങ്കല്പങ്ങള്‍ തന്നെയാണ് ഇന്നും നമ്മെ നയിക്കുന്നത്. അതുകൊണ്ടുതന്നെയാണ് ഈ മതങ്ങളൊക്കെയും ഹിന്ദുമതത്തിന്റെ ഭാഗമാണെന്ന് കേള്‍ക്കുമ്പോള്‍ നാം പ്രതികരിക്കാത്തതും.

ഹിന്ദുമതത്തിലെ ഉപവര്‍ഗങ്ങളായി കണക്കാക്കിപ്പോരുന്ന ന്യൂനപക്ഷമതവിഭാഗങ്ങള്‍ എണ്ണത്തില്‍ തന്നെ ഏറെയുണ്ട്. ചാര്‍വ്വാകരെപ്പോലെ തന്നെ ഹിന്ദുമതത്തില്‍ നിന്നും വ്യതിരിക്തമായ വിശ്വാസപ്രമാണങ്ങളാണ് ഇവരും വച്ചുപുലര്‍ത്തുന്നത്. മറ്റു സംഘടിതമതങ്ങളെപോലെ കേന്ദ്രീകൃതമായ ഒരു ആരാധനരീതിയല്ല ഇവര്‍ അനുവര്‍ത്തിക്കുന്നത്. പ്രാദേശികമായി തങ്ങള്‍ ജീവിക്കുന്ന സമൂഹത്തിലെ തൊഴില്‍മേഖലയുമായി ഇഴചേര്‍ന്നുകിടക്കുന്നതാണ് ഇവരുടെ വിശ്വാസങ്ങള്‍. അദ്വൈതചിന്തയിലെ പ്രപഞ്ചനിരാസമോ നീതിബോധമോ അല്ല, ഇഹലോകത്തില്‍ തങ്ങളെ വെല്ലുവിളിക്കുന്ന യാഥാര്‍ത്ഥ്യങ്ങളാണ് ഈ “അവര്‍ണമത”വിഭാഗങ്ങളിലെ ആരാധനക്രമത്തെ പരുവപ്പെടുത്തിയത്.

ഹിന്ദുമതത്തില്‍ നിന്നും വ്യത്യസ്തമായ പ്രാദേശികമായ വിശ്വാസ സംഹിതകളുള്ള മതവിഭാഗങ്ങളാണ് ബക്കുഡ, ചക്കിമീയന്‍, ചെറുമര്‍, കവറ, കുഡുംബന്‍, പരവര്‍, പതിയാന്‍, കുറവര്‍, വേട്ടുവന്‍, പുലയന്‍, മോഹര്‍, പടന്ന, കാട്ടുനായ്ക്കന്‍, ഇരുളര്‍, കാടര്‍, കുറിച്യര്‍, കാട്ടുനായ്ക്കര്‍, കുറുമര്‍, പണിയര്‍ തുടങ്ങിവ. ഹിന്ദുമതത്തിലെ സാലങ്കാരസവര്‍ണദൈവങ്ങളല്ല , മറിച്ച് പാടത്ത് കൃഷി സംരക്ഷിക്കുകയും വേട്ടയാടിക്കൊന്ന പന്നിമാംസത്തിന്റെ പങ്കുപറ്റുകയും അതിന് പ്രതിഫലമായി വീടും നാടും കാത്തുപോരികയും ചെയ്യുന്ന പണിയാളരുടെ ദൈവങ്ങളാണ് ഈ വിശ്വാസികളെ രക്ഷിച്ചുപോരുന്നത്. മഹാവിഷ്ണു, ബ്രഹ്മാവ്, സരസ്വതി (ശിവന്‍ എന്ന ദൈവത്തെ ഇവിടെ പരാമര്‍ശിക്കാത്തത് ബോധപൂര്‍വ്വമാണ്.ദ്രാവിഡദൈവമായിരുന്ന ശിവന്‍ എങ്ങനെ സവര്‍ണദൈവമായി എന്നത് മറ്റൊരുവിഷയമാണ്) എന്നൊന്നുമുള്ള ഗംഭീരങ്ങളായ നാമധാരികളല്ല, മറിച്ച് കാളി, കൂളി, വരാളി, പോച്ചമ്മ എന്നൊക്കെയുള്ള സാധാരണപേരുകളാണ് ഇവര്‍ക്കുള്ളത്. ജനനം, വിവാഹം, മരണം, മരണാന്തരജീവിതം തുടങ്ങി ജീവിതത്തിന്റെ സര്‍തലങ്ങളേയും സ്പര്‍ശിക്കുന്ന മുഹൂര്‍ത്തങ്ങള്‍ക്കൊക്കെയും തനതായ ആചാരക്രമങ്ങളാണ് ഇവര്‍ പിന്തുടരുന്നത്. ഇവക്കൊന്നും തന്നെ ഹിന്ദുമതവുമായി യാതൊരു ബന്ധവുമില്ലാതിരുന്നിട്ടും ആ മതത്തിലെ ഉപജാതികളായി മാത്രം പരിഗണിക്കപ്പെട്ടുപോന്നതിനു പിന്നിലെ രാഷ്ട്രീയം കൂടുതല്‍ പഠനം അര്‍ഹിക്കുന്നു. ഹിന്ദുമതവിഭാഗങ്ങളായി നിലനിര്‍ത്തിക്കഴിഞ്ഞാല്‍ മതത്തിന്റേയും ദേശീയതയുടേയും പേരില്‍ വളരെ വേഗം ഇവരെ സംഘടിപ്പിക്കാന്‍ കഴിയും എന്നു കണ്ടറിഞ്ഞ സൂക്ഷ്മബുദ്ധി ആരുടേതാണ്? ഈ ചോദ്യത്തിന് ഉത്തരം തേടേണ്ടത് സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷമുള്ള കുറച്ചു വര്‍ഷങ്ങളിലെ രാഷ്ടീയ- സാംസ്കാരിക നേതൃത്വത്തിലാണ്.ജാതിയുടേയും മതത്തിന്റേയും സംസ്കാരത്തിന്റേയും പേരില്‍ വോട്ടു നേടാന്‍ അവര്‍ വിതച്ചതില്‍ നിന്ന് ഇന്ന് കൊയ്യാന്‍ ശ്രമിക്കുന്നത് സംഘപരിവാറാണെന്ന് മാത്രം.

Comments

ബക്കുഡ, ചക്കിമീയന്‍, ചെറുമര്‍, കവറ, കുഡുംബന്‍, പരവര്‍, പതിയാന്‍, കുറവര്‍, വേട്ടുവന്‍, പുലയന്‍, മോഹര്‍, പടന്ന, കാട്ടുനായ്ക്കന്‍, ഇരുളര്‍, കാടര്‍, കുറിച്യര്‍, കാട്ടുനായ്ക്കര്‍, കുറുമര്‍, പണിയര്‍..ഇവയില്‍ പലതും ആദ്യം കേള്‍ക്കുകയാണ് , ഉള്‍ക്കാമ്പ് ഉള്ള ലേഖനം , നന്നായി.
This comment has been removed by the author.
Jishad Cronic said…
hindumathamaanu vargeeyatha srishtikkunnath.paavapettavare mathaparamaaya visham kuthivechu mattullavarude melu kutirakettunnath hindu vargeeeya vaadhikal aanu. innu indiayil nadakunna pala akramanangalum avarthanne undakkukayum athu muslim alukalude mel chumathukayum cheyunnu. ee pravanatha nirthiyaal indiayil samadana anthareeeksham undakum. eppol avar cheyunnath pennungalilum kuttikalilum vargeeyatha kuthivekkukayaanu. yathaartha vargeeyavaadhikal indiayil vilasumbol pavapettavare jailil adakkukayum vedivechu kolukayum cheyunu
മാഷേ ഇതോടെ നിറുത്തിയോ? കൂടുതല്‍ എഴുതാത്തതെന്ത്..?
ഈ മതങ്ങളെ ഒക്കെ അവരവരുടെ വഴിക്ക് വിട്ടാൽ ഇവയിലോരോന്നും ഓരോ മൈനോരിറ്റി ആയി മാറും എന്നും മുസ്ലീം ക്രിസ്ത്യൻ സമുദായങ്ങൾക്ക് മൈനോരിറ്റി പദവി നഷ്ടമാകും എന്നും ആലോചിച്ചിട്ടുണ്ടോ?

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1