Tuesday, December 9, 2008

യുദ്ധം?

യുദ്ധം?

ഇന്ത്യയുടെ സ്വയംഭരണശേഷിയേയും സുരക്ഷാക്രമീകരണങ്ങളേയും വെല്ലുവിളിച്ചുകൊണ്ട് ലഷ്കര്‍-ഇ- ത്വയ്ബയോ അല്‍-ഖ്വൈയദയോ നടത്തിയ “വിജയകരമായ” ആക്രമണത്തില്‍ ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീല്‍ ഒന്നാം പ്രതിയായി പുറത്തുപോയി. മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും യു.പി.എ ഗവണ്മെന്റിന്റെ മുഖം രക്ഷിക്കല്‍ നടപടിയുടെ ഭാഗമായി രാജി സമര്‍പ്പിച്ചു. ചോദ്യം ഇതാണ്: ആഭ്യന്തരതലത്തില്‍ കുറച്ചു നേതാക്കളുടെ രാജിയും ഇന്ത്യന്‍ പ്രധാനമന്ത്രിയുടേയും യു.പി. എ അദ്ധ്യക്ഷയുടേയും പാകിസ്ഥാനെ പ്രതിസ്ഥാനത്തു നിര്‍ത്തിക്കൊണ്ടുള്ള പ്രസ്താവനകളും ഗവണ്മെന്റിന്റെ മുഖം രക്ഷിക്കാന്‍ സഹായിക്കുമോ? പ്രത്യേകിച്ചും ലോകസഭ തെരഞ്ഞെടുപ്പ് ആസന്നമായ ഇന്ത്യന്‍ സാഹചര്യത്തില്‍? ഇല്ല എന്നു തന്നെയാണ് ഉത്തരം. എങ്കില്‍ എന്തായിരിക്കും ഇന്ത്യയുടെ അനന്തര നടപടികള്‍?
സാധ്യതകള്‍ വിരല്‍ ചൂണ്ടുന്നത് ആസന്നമായ ഒരു സൈനിക നടപടിയിലേക്ക് തന്നെയാണ്.
അതിര്‍ത്തികടന്നൊരു നടപടിയെക്കുറിച്ച് ആലോചിക്കുന്നതിന് മുമ്പ് അമേരിക്കയുടെ നിലപാടുകള്‍ പരിശോധിക്കേണ്ടത് ആവശ്യമാണ്. മുംബേ ആക്രമണങ്ങളോട് പ്രതികരിച്ചുകൊണ്ട് അക്രമികളെ പിന്തുടര്‍ന്ന് പിടിക്കുന്നതടക്കം ഇന്ത്യ ആലോചിക്കുന്ന ഏതുനടപടിക്കും അമേരിക്കയുടെ സഹകരണമുണ്ടാകും എന്നാണ് പ്രസിഡണ്ട് ബുഷ് പറഞ്ഞത്. അമേരിക്കയുടെ പിന്തുടര്‍ന്ന് പിടിക്കല്‍ എന്താണ് എന്ന് സെപ്തംബര്‍ 11 ലെ ആക്രമണത്തോടെ ലോകം കണ്ടതാണ്. നിയുക്തപ്രസിഡന്റ് ഒബാമ “The United States must continue to strengthen our partnerships with India and nations around the world to root out and destroy terrorist networks. We stand with the people of India, whose democracy will prove far more resilient than the hateful ideology that led to these attacks” എന്നാണ് വാഷിംഗ്ടണ്‍ പോസ്റ്റിനോട് പറഞ്ഞത് (to root out and destroy terrorist networks വേരുമാന്തണമെങ്കില്‍ അതിര്‍ത്തികടക്കണം) .വ്യക്തമായും ഈ പ്രസ്താവനകള്‍ സൈനികനടപടിയിലേക്കുള്ള സാധ്യത തുറക്കുന്നതാണ്. അതോടൊപ്പം തന്നെ പാകിസ്ഥാനിലെ ദ നേഷന്‍ പത്രത്തോട് യു.എസ്സ് മിലിട്ടറി കമാന്റര്‍ അഡ്മിറല്‍ മൈക്ക് മുല്ലന്‍ പറഞ്ഞത് കൂട്ടിവായിക്കണം:- “രാജ്യത്തിലെ ആഭ്യന്തര സൌകര്യങ്ങള്‍ ഉപയോഗിച്ചുകൊണ്ട് ഇന്ത്യക്കെതിരെ തീവ്രവാദികള്‍ പാകിസ്ഥാന്‍ കേന്ദ്രമാക്കുന്നു എന്ന വസ്തുത നിര്‍വിവാദമാണ്. മുംബൈ ആക്രമണത്തിന്റെ പശ്ചാത്തലത്തിലെങ്കിലും ഇതിനെതിരെ പാകിസ്ഥാന്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ സ്ഥിതി നിയന്ത്രണാതീതമാകാന്‍ സാധ്യതകള്‍ ഏറെയാണ്. “ പാര്‍ലമെന്റ് അക്രമണത്തില്‍പ്പോലും പ്രതികരണം വെറും നയതന്ത്രപരമായ അനുശോചനത്തില്‍ ഒതുക്കിയ യു.എസ്സ് ഭരണകൂടം ഇവിടെ പാകിസ്ഥാനെ പ്രത്യക്ഷത്തില്‍ തന്നെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുകയാമണ്. ഇന്ത്യ സന്ദര്‍ശിച്ച യു.എസ് സ്റ്റേറ്റ് സെക്രട്ടറി കോണ്ടലീസ റൈസ് മുംബേ ആക്രമണത്തെ സെപ്തംബര്‍ 11 ലെ ആക്രമണവുമായാണ് ബന്ധപ്പെടുത്തിയതെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടുചെയ്യുന്നു. സൂചനകള്‍ പറയുന്നത് ഇന്ത്യ ഒരു സൈനികനടപടിക്കു മുതിര്‍ന്നാല്‍ അമേരിക്കന്‍ നിലപാട് പ്രതികൂലമാകില്ല എന്നുതന്നെയാണ്.
ഇതോടൊപ്പം പാകിസ്ഥാന്‍ സര്‍ക്കാറിനോട് ഇന്ത്യ വിട്ടുതരാന്‍ ആവശ്യപ്പെട്ട കുറ്റവാളിപ്പട്ടിക ഒന്നു പരിശോധിക്കുക. ഹഫീസ് മുഹമ്മത് സെയ്ദ് (ലഷ്കര്‍-ഇ- ത്വയ്ബ), മൌലാന മസൂദ് അസ്ഗര്‍ (ജെയ്ഷെ മുഹമ്മദ്), ദാവൂദ് ഇബ്രാഹിം, ടൈഗര്‍ മേമന്‍, തുടങ്ങിയ ഇരുപത് കുറ്റവാളികളെയാണ് ഇന്ത്യ ആവശ്യപ്പെട്ടത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ബാലാപാഠങ്ങള്‍ മാത്രം അറിയാവുന്ന ഒരാള്‍ പോലും ഇന്ത്യയുടെ ഈ ആവശ്യങ്ങള്‍ പാകിസ്ഥാന്‍ അംഗീകരിക്കുമെന്ന് കരുതുന്നില്ല. അപ്പോള്‍ അംഗീകരിക്കില്ല എന്നറിഞ്ഞുകൊണ്ട് തന്നെ ഇന്ത്യ ഇത്തരം ഒരാവശ്യം ഉന്നയിച്ചതുതന്നെ നയതന്ത്രതലത്തില്‍ ലോകരാജ്യങ്ങളുടെയിടയില്‍ പാകിസ്ഥാനെ കൂടുതല്‍ ഒറ്റപ്പെടുത്തുക എന്ന ഉദ്ദേശം മാത്രം മുന്‍ നിര്‍ത്തിയാണ്. വിട്ടുതരില്ല എന്ന് പാക് പ്രസിഡന്റ് പറഞ്ഞതോടെ ഇന്ത്യ ആലക്ഷ്യം നേടിക്കഴിഞ്ഞു
ഇനിയും, യു.പി.എ ക്കുമുന്നില്‍ ആഭ്യന്തരമായി നിലനില്ക്കുന്ന ലോകസഭ തെരഞ്ഞെടുപ്പ് എന്ന പ്രതിസന്ധി കൂടി പരിശോധിക്കണം. ഏറെ വിവാദമുയര്‍ത്തിയ ആണവകരാറില്‍ ഒപ്പിട്ടതോടെ സ്വന്തം ജനതക്കുമുന്നില്‍ ഗവണ്മെന്റ് തികച്ചും ഒറ്റപ്പെട്ടു എങ്കിലും അമേരിക്കയുടെ നല്ല കുട്ടിപ്പട്ടികയില്‍ മോശമല്ലാത്ത സ്ഥാനം നേടാന്‍ കഴിഞ്ഞിട്ടുണ്ട്. അമേരിക്കയുടെ ഏഷ്യന്‍ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഈ സര്ക്കാറിനെ നിലനിര്‍‍ത്തേണ്ടത് അത്യാവശ്യമാണ്. ആഭ്യന്തരപ്രതിസന്ധികളാല്‍ തീര്‍ത്തും പരിതാപകരമായ നിലയിലെത്തിയ ഈ ഗവണ്മെന്റ് ഒരു പൊതുതെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ എന്തുസംഭവിക്കുമെന്ന് മറ്റാരേക്കാളും അമേരിക്കക്കറിയാം. തീവ്രവാദത്തിന് പാക്കിസ്ഥാന്‍ വളക്കൂറുള്ള മണ്ണാണെന്ന് അമേരിക്ക മുമ്പേതന്നെ വ്യക്തമാക്കിയിട്ടുള്ളതുമാണ്. അതിന്റെയര്‍ത്ഥം പാകിസ്ഥാനെ അമേരിക്ക വിശ്വസിക്കുന്നില്ല എന്നാണ്. അതുകൊണ്ട് തന്നെ ഒരു തീവ്രവാദവിരുദ്ധപോരാട്ടം ഏഷ്യന്‍ മേഖലയില്‍ വിജയിക്കണമെങ്കില്‍ ഇന്ത്യ കൂടെ നില്ക്കുകയും തങ്ങളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുകയും വേണം. അതിനായി അമേരിക്കക്ക് നിയന്ത്രണമുള്ള ഒരു ഗവണ്‍മെന്റ് അധികാരത്തില്‍ വരണം. മന്‍മോഹന്‍സിംഗിന്റെ ഗവണ്‍മെന്റ് അതിന് പര്യാപ്തമാണെന്ന് അവര്‍ക്കറിയാം. ആയതിനാല്‍ ഒരു യുദ്ധം ഒരുക്കിക്കൊടുക്കുന്ന ദേശാഭിമാനപ്രചോദിതമായ രാഷ്ട്രീയാന്തരീക്ഷത്തില്‍ തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ വിജയസാധ്യത പതിന്മടങ്ങ് വര്ദ്ധിക്കും എന്ന സാധ്യതയും അവര്‍ പരിഗണിക്കുന്നു.
സാധ്യതകള്‍ വിരല്‍ ചൂണ്ടുന്നത് ആസന്നമായ ഒരു സൈനിക നടപടിയിലേക്ക് തന്നെയാണ്.
Post a Comment