#ദിനസരികള്‍ 423
മഴ. നല്ല ശക്തമായ മഴ. മരങ്ങളൊക്കെ നിന്ന നില്പിലാണ് മറിഞ്ഞു ട്രാന്‍സ്ഫോര്‍മറുകളുടേയും കറന്റ് കമ്പികളുടേയും മുകളിലൂടെ പെയ്തുവീഴുന്നത്. ഇനി അടുത്ത നാളൊന്നും കറന്റുണ്ടാകില്ലത്രേ. ഇന്നലെ വരെ വറ്റിക്കിടന്ന കുളങ്ങളും തോടുകളും പുഴകളുമൊക്കെ നിറഞ്ഞിരിക്കുന്നു. എന്നും രാവിലെ പാലുമേടിക്കാനായി പോകുന്ന വഴിക്ക് എന്റെ കുറുകെ ചാടാറുണ്ടായിരുന്ന കുളക്കോഴിപ്പെണ്ണിനെ കണാനില്ല.എനിക്കു തോന്നുന്നത് അവള്‍ പുഴവക്കിലുണ്ടാക്കിയ കൂട്ടില്‍ വെള്ളം കയറിയിട്ടുണ്ടാകുമെന്നാണ്. അങ്ങനെ സംഭവിക്കാതിരിക്കട്ടെ ! അതുകൊണ്ട് വേറെ കൂടുണ്ടാക്കുന്ന തിരക്കിലായിരിക്കും. ജൂണ്‍മാസമായതുകൊണ്ട് ചിലപ്പോള്‍ കൂട്ടില്‍ മുട്ടയും കണ്ടെന്നു വരാം. അങ്ങനെയാണെങ്കില്‍ മുട്ട നശിക്കാന്‍ സാധ്യതയുണ്ടെന്ന അറിവ് ആ പാവം പെണ്ണിനെ വേദനിപ്പിക്കുന്നുണ്ടാകാം. എങ്ങനേയും തന്റെ കുഞ്ഞുങ്ങളെ സംരക്ഷിക്കണമെന്ന വ്യഗ്രത അവളുടെ ദിനസരികളെ മുടക്കിയുണ്ടാകാം, പാവം. അവള്‍ എവിടെയെങ്കിലും പോയി വംശവൃദ്ധിക്കുതകുന്ന വിധത്തില്‍ ജീവിതം പുതുക്കിപ്പണിയട്ടെ എന്റെ അനുഗ്രഹങ്ങള്‍ എന്നും നിനക്കൊപ്പമുണ്ടാകും , എന്നും. ...