#ദിനസരികള്‍ 420
||ചോദ്യോത്തരങ്ങള്‍||
ചോദ്യം :
ഇന്ത്യയുടെ പ്രസിഡന്റ് നടത്തുന്ന
ഇഫ്താര്‍ ഉപേക്ഷിച്ചത് നല്ലതു തന്നെയല്ലേ ?
മതപരമായ ആഘോഷങ്ങള്‍ ഭരണഘടനാ സ്ഥാപനങ്ങളില്‍
നിന്നൊഴിവാക്കുകയല്ലേ ഉചിതം ? ഒരു കമ്യൂണിസ്റ്റുകാരനായി നിങ്ങള്‍ മതപരമായ ചടങ്ങുകള്‍ വേണമെന്ന്
വാദിക്കുന്നത് കാപട്യമല്ലേ ?
ഉത്തരം : നിരവധി ചോദ്യങ്ങളാണ്.രണ്ടാമത്തെ ചോദ്യത്തെ ആദ്യം
പരിഗണിക്കുക.മതപരമായ ആഘോഷങ്ങള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും
ഒഴിവാക്കേണ്ടതല്ലേ എന്ന ചോദ്യത്തിന് ആണ് എന്നു തന്നെയാണുത്തരം.അക്കാര്യത്തില്‍
എനിക്കു സംശയമൊന്നുമില്ല.എന്നാല്‍ ആരാണ് ഒഴിവാക്കുന്നത് എന്ന ചോദ്യം വളരെ
പ്രസക്തമാണ്.രാം നാഥ് കോവിന്ദ് എന്ന ഇന്ത്യയുടെ രാഷ്ട്രപതി ആ സ്ഥാനത്തേക്ക്
എത്തിയതിന്റെ രാഷ്ട്രീയ സാഹചര്യം നമുക്ക് അറിയാമല്ലോ. മതപരമായ സാധ്യതകളെ ചൂഷണം
ചെയ്തുകൊണ്ട് വളര്‍ന്ന് ഒരു പ്രസ്ഥാനത്തിന്റെ പ്രതിനിധിയാണ് അദ്ദേഹം.എന്നുവെച്ചാല്‍
അദ്ദേഹത്തെ ഇന്ത്യയുടെ പ്രഥമപൌരനാക്കിത്തീര്‍ത്തത് മതാത്മക വിശ്വാസങ്ങളെ ചൂഷണം
ചെയ്തുകൊണ്ട് സൃഷ്ടിച്ചെടുത്ത ഒരന്തരീക്ഷത്തിന്റെ സഹായത്തോടെയാണ്. അങ്ങനെയുള്ള
അദ്ദേഹം മറ്റൊരു മതത്തിന്റെ വിശ്വാസങ്ങളുടെ അടിസ്ഥാനത്തിലുള്ള ആഘോഷങ്ങളെ
നിയന്ത്രിക്കുകയും നിരോധിക്കുകയും ചെയ്യുന്നതിനു വേണ്ടി പറയുന്ന ന്യായങ്ങള്‍
എത്രമാത്രം സത്യസന്ധമാണെങ്കിലും സംശയാസ്പദമാണ്.മതേതരമായ ഭരണഘടനയുടെ തണലില്‍
നില്ക്കുന്ന സ്ഥാപനങ്ങളില്‍ മതാത്മകമായ ആഘോഷങ്ങള്‍ അനുവദിക്കുരത് എന്ന
ജനാധിപത്യബോധത്തെ തികഞ്ഞ കുശാഗ്ര ബുദ്ധിയോടെ ദുരുപയോഗം ചെയ്യുകയാണ്.ഒന്നു കൂടി
പറയട്ടെ , ഒരു മതതത്തിലും വിശ്വാസമില്ലാത്ത , അല്ലെങ്കില്‍ ഒരു മതത്തിന്റെ
സഹായത്തോടെയല്ലാതെ വന്ന ഒരാളാണിത് ചെയ്തതെങ്കില്‍ ഞാനതിനെ സ്വാഗതം ചെയ്യും. എന്നാല്‍
മതത്തിന്റെ പേരില്‍ അധികാരത്തിലെത്തിയ ഒരാള്‍ ഇത്തരത്തിലുള്ള നീക്കങ്ങള്‍
നടത്തുന്നതിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടേണ്ടതുതന്നെയാണ്. അവസാന
ചോദ്യത്തിനുള്ള ഉത്തരം കമ്യൂണിസ്റ്റുകാരനായതുകൊണ്ടുതന്നെയാണ് ഇങ്ങനെയൊരു നിലപാടു
സ്വീകരിച്ചത് എന്നാണ്.അത് ഏതെങ്കിലും മതത്തെ തഴുകുന്നതിനു വേണ്ടിയല്ല , മറിച്ച്
മതേതരത്വത്തെ നിലനിറുത്തുന്നതിന് വേണ്ടിതന്നെയാണ്.
ചോദ്യം :- പ്രണാബ് മുഖര്‍ജിയുടെ നാഗ്പൂര്‍ സന്ദര്‍ശനത്തെക്കുറിച്ച് ?
ഉത്തരം :- പ്രണാബ് മുഖര്‍ജി എന്നയാള്‍ കള്ളക്കമ്മട്ടത്തിലടിച്ച ഒരു
കള്ളനാണയമായിരുന്നു എന്ന് ജനത തിരിച്ചറിയുന്നു.അത്രമാത്രം.അയാള്‍ കോണ്‍ഗ്രസ് എന്ന
രാഷ്ട്രീയ കക്ഷിക്ക് ഉണ്ടാക്കുന്ന കോട്ടം നിസ്സാരമല്ല.ഇതുകൊണ്ടുതന്നെയാണ്
ഇന്ത്യയിലെ ഇടതുപക്ഷം , വര്‍ഗ്ഗീയതയെ നേരിടാന്‍ വലതുപക്ഷത്തിനോ കോണ്‍ഗ്രസിനോ
കഴിയില്ല എന്ന് പറയുന്നത്.
Comments