#ദിനസരികള്‍ 421





 സ്കൂളിനു പുറത്ത് കപ്പലണ്ടി വിറ്റു നടന്നിരുന്ന
കൃഷ്ണേട്ടനെ അവിടെ നിന്ന്
ഹെഡ് മാസ്റ്റര്‍ ഓടിച്ചു
അയാള്‍‌ അങ്ങാടിയില്‍ ചെന്നു പറഞ്ഞു
സ്കൂളിപ്പോള്‍ പഴയ പോലെയല്ല
ഭയങ്കര അച്ചടക്കമാണ്  സ്കൂളിപ്പോള്‍ പഴയ പോലെയല്ല. ഭയങ്കര അച്ചടക്കമാണ് എന്ന് കേള്‍ക്കുമ്പോള്‍ നമുക്കെന്താണ് തോന്നുക? സ്വാഭാവികമായും നാമതിനെ സ്വാഗതം ചെയ്യും. അച്ചടക്കമുള്ള കുട്ടികളെ പരുവപ്പെടുത്തിയെടുക്കുന്നതില്‍ മിടുക്കുകാണിക്കുന്ന അധ്യാപകരെ നാം അഭിനന്ദിക്കുകയും ചെയ്യും.നമ്മുടെ കുഞ്ഞുങ്ങള്‍ അച്ചടക്കത്തോടെ , അനുസരണയോടെ ഉത്തരവാദിത്തബോധത്തോടെ വളര്‍ന്നു വരുന്നതിന് നാം എന്തിനാണ് മറ്റൊരര്‍ത്ഥത്തില്‍ വ്യാഖ്യാനിച്ചെടുക്കുന്നത് ? ഈ ചോദ്യം കവി റഫീക്ക് അഹമ്മദിനോടാണ് ചോദിക്കുന്നതെങ്കില്‍ അയാള്‍ ഇങ്ങനെ മറുപടി പറയും : -
പുതിയ അധ്യയന വര്‍ഷത്തില്‍
മത്തായി മാഷ് ഉണ്ടായിരുന്നില്ല
മുറിമീശയും കോട്ടും സൂട്ടുമിട്ട
പുതിയ മാഷാണ്
കണക്കു പഠിപ്പിക്കാന്‍ വന്നത്
ജര്‍മ്മന്‍ ഭാഷയിലായിരുന്നു
മനസ്സിലാവുന്നില്ലെന്ന് പറയാന്‍
ആര്‍ക്കും ധൈര്യമുണ്ടായില്ല
ഇറ്റലിക്കാരനായ ഒരു തടിയനാണ്
പുതിയ ഹെഡ് മാസ്റ്റര്‍
അയാള്‍ നിറച്ച റിവോള്‍വറുമായി
വരാന്തയില്‍ ഉലാത്തിക്കൊണ്ടിരുന്നു” – ഈ നിമിഷം , കവിയുടെ വാക്കുകള്‍ കേള്‍ക്കുന്ന ഈ നിമിഷം,  ചരിത്രത്തില്‍ നിന്ന് തെറിച്ചു വന്ന ഒരു കോടാലി  നിങ്ങളുടെ തലമണ്ട പിളര്‍ക്കുന്നതായി അനുഭവപ്പെടുന്നുണ്ടോ ? നിങ്ങള്‍ മനസ്സിലാക്കിയ അച്ചടക്കങ്ങളുടെ നടപ്പുരീതികളെയൊക്കെ അസാധുവാക്കിക്കൊണ്ട് ഏകതാനമായ പുതിയൊരു വ്യാഖ്യാനം നിങ്ങളിലേക്ക് വന്നുവീഴുന്നുണ്ടോ? അച്ചടക്കത്തിന്റെ മൃദുലവും ഗ്രാമീണവുമായ സങ്കല്പങ്ങളെ നിഷ്കാസനം ചെയ്യുന്ന അര്‍ത്ഥതലങ്ങള്‍ നമ്മെ വലയംചെയ്യുന്നത് നിങ്ങള്‍ അറിയുന്നുണ്ടോ ? എങ്കില്‍ ഇനിയൊരിക്കലും അച്ചടക്കമെന്ന് സാധാരണ അര്‍ത്ഥത്തില്‍ നിങ്ങള്‍ക്ക് ഉപയോഗിച്ചു പോകാന്‍ കഴിയില്ല.കാരണം തോക്കിന്റെ മുനകളാല്‍ നിങ്ങളുടെ അച്ചടക്കങ്ങള്‍ നിയന്ത്രിക്കപ്പെട്ടിരിക്കുന്നു.
            അധ്യാപകര്‍ മാറിയിരിക്കുന്നു.മനുഷ്യനെ സൃഷ്ടിച്ചെടുക്കാന്‍ മിനക്കെട്ടിരുന്നവര്‍‌ ഇന്ന് യന്ത്രങ്ങള്‍ക്കു വേണ്ടിയായണ് സിലബസ്സുകളുണ്ടാക്കുന്നത്. ജൈവികമായ എല്ലാവിധ ചോദനകളേയും അതിന്റെ ഉറവിടങ്ങളില്‍ നിന്നും അടര്‍ത്തിമാറ്റി യാന്ത്രികമാക്കിത്തീര്‍ത്തിരിക്കുന്നു.
പി ടി മാഷക്കു പകരം വന്നത്
ഒരു ജപ്പാന്‍കാരന്‍
അയാള്‍ ഞങ്ങളെ മുട്ടിലിഴയാനും
കണ്ണുകെട്ടി നടക്കാനും പരിശീലിപ്പിച്ചു
മേല്‍പ്പുരയില്‍ ഓടിന്റെ വിളമ്പുകളില്‍
കൂടുകൂട്ടിയിരുന്ന പ്രാവുകളെല്ലാം പോയിരുന്നു
മുറ്റത്തെ പടര്‍ന്നു പന്തലിച്ച മാവാ മുറിച്ചു മാറ്റി
നിലം മുഴുവന്‍ ടൈലിട്ടു
ഉറുമ്പുകളോട് സംസാരിച്ചതിന്
അഞ്ചിലെ അപ്പുവിന്റെ തല മൊട്ടയടിച്ചു അച്ചടക്കത്തോടെ ജീവിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന ഒരു ജനതയെ സൃഷ്ടിച്ചെടുക്കുന്നത് ഇങ്ങനെയാണ്. വിധേയത്വങ്ങളെ നിര്‍മിച്ചെടുക്കുകയും അച്ചടക്കങ്ങളെ അടിച്ചേല്പിക്കുകയും അതുവഴി അടിമകളെ സൃഷ്ടിക്കുകയും ചെയ്യുന്ന ഈ രീതിയെയാണ് നാം ഫാസിസം എന്നു വിളിക്കുന്നത്.റഫീക്ക് അഹമ്മദിന്റെ പുതിയ മാഷന്മാര്‍  എന്ന കവിത ഫാസിസം കടന്നുവരുന്ന വഴികളെ തൊട്ടുകാണിക്കുന്നു.


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1