Saturday, June 18, 2011

ഇന്നത്തെ പുസ്തകം - യേശുവിന്‍റെ മനുഷ്യദര്‍ശനവും മാര്‍ക്സിസവും - കെ.പി. പോള്‍ .

പീഢാനുഭവത്തിന്‍റെ സമസ്തഭാവങ്ങളും സ്വജീവിതത്തിലേക്ക് ആവാഹിച്ച ജീസസിന്‍റെ ജീവിതദര്‍ശനത്തെ മാര്‍ക്സിയന്‍ ജീവിതമൂല്യങ്ങളുമായി ചേര്‍ത്തുവെച്ച് ചര്‍ച്ച ചെയ്യുകയാണ് കെ.പി. പോള്‍ , യേശുവിന്‍റെ മനുഷ്യദര്‍ശനവും മാര്‍ക്സിസവും എന്ന പുസ്തകത്തിലൂടെ. യേശുവിന്‍റെ ദാര്‍ശനികവീക്ഷണങ്ങളെ സഹനഭാവം , സമരഭാവം എന്നിങ്ങനെ രണ്ടായി വേര്‍തിരിച്ച് , അവ ഏതൊക്കെ തലങ്ങളിലാണ് അദ്ദേഹം പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചത് എന്ന ചര്‍ച്ച ഈ പുസ്തകത്തില്‍ നമുക്ക് കാണാനാവും.പ്രത്യക്ഷത്തില്‍ തന്നെ വൈരുദ്ധ്യാത്മകം എന്ന് തോന്നിയേക്കാവുന്ന ഈ രണ്ടു ഭാവങ്ങളേയും സമഞ്ജസമായി സമ്മേളിപ്പിക്കുന്നതില്‍ യേശു കാണിച്ച വൈദഗ്ധ്യത്തെ എട്ട് ലേഖനങ്ങളിലൂടെ വരച്ചു കാണിക്കുന്നു.സഹനഭാവത്തിന് കാല്‍വരിയിലെ ക്രൂശീകരണം ഉദാഹരണമാകുമ്പോള്‍ , 'ഞാന്‍ സമാധാനമല്ല  , വാള്‍ അത്രേ വരുത്തുവാന്‍ വന്നു ' 'വസ്ത്രം വിറ്റും വാള്‍കൊള്‍ക ' എന്നീ വചനങ്ങളിലൂടെ പ്രഥമദര്‍ശനത്തിന് കടകവിരുദ്ധമായ മറ്റൊരുവീക്ഷണകോണ്‍ യേശു അവതരിപ്പിക്കുന്നതായി ലേഖകന്‍ വാദിക്കുന്നു.
മാര്‍ക്സിയന്‍ ചിന്തകളും ദൈവരാജ്യമര്‍മ്മങ്ങളും എന്ന ഒന്നാമത്തെ ലേഖനം സ്ഥിതിസമത്വാധിഷ്ടിതമായ ദൈവരാജ്യം പരലോകത്താണെന്ന് സമകാലപൌരോഹിത്യമേധാവിത്തം പുലമ്പുന്നതിനെ
നിശിതമായി നിഷേധിക്കുന്നു. മനുഷ്യത്വപരമായ ജീവിതചിന്തകളെ പരലോകത്തല്ല നടപ്പിലാക്കേണ്ടതെന്നും അത് ദുരിതമനുഭവിക്കുന്ന ഇവിടുത്തെ മനുഷ്യരുടെ ഇടയിലാണ് സ്ഥാപിച്ചെടുക്കേണ്ടതെന്നും ബൈബിളിനെത്തന്നെ അടിസ്ഥാനമാക്കി ലേഖകന്‍ സമര്‍ത്ഥിച്ചെടുക്കുന്നു.ഒരു സാധാതച്ചന്‍റെ മകനായി ജനിച്ച യേശൂ എങ്ങനെയാണ് അന്നത്തെ അധികാരഘടനകള്‍ക്കെതിരെ പൊരുതിയതെന്നും അടിമകളുടേയും സാധാരണമനഷ്യനരുടേയും കഷ്ടപ്പാടുകള്‍ക്കെതിരെ എങ്ങനെയാണ് പ്രതികരിച്ചതെന്നും ഈ ലേഖനം വിശദീകരിക്കുന്നു.'തൊഴിലാളിയെന്നും ബൂര്‍ഷ്വാസിയെന്നും'
മനുഷ്യനെ രണ്ടുവര്‍ഗ്ഗമായി മാര്‍ക്സ് വിഭജിക്കുന്നതിന് നൂറ്റാണ്ടുകള്‍ മുമ്പുതന്നെ ബൈബിള്‍ ഉള്ളവനെന്നും ഇല്ലാത്തവനെന്നും ദരിദ്രനെന്നും ധനവാനെന്നും വിഭജിച്ചു.സ്ഥിതിസമത്വം , തൊഴിലാളിവര്‍ഗ്ഗസര്‍വ്വാധിപത്യം വര്‍ഗസമരം മതനിഷേധം തുടങ്ങിയ മാര്‍ക്സിയന്‍ പരികല്പനകള്‍ക്ക് ബൈബിള്‍ എതിരല്ല.ഈ ലോകത്തുതന്നെ സാധിതമാകേണ്ട സങ്കല്പമാണ് ദൈവരാജ്യം എന്ന
ചിന്ത യേശുവിന്‍റെ സന്തതസഹചാരിയായിരുന്നു. എന്നാല‍ ഇതിനു വിരുദ്ധമായ നിലപാടിലേക്കാണ് മതപൌരോഹിത്യം യേശുവിന്‍റെ സാമൂഹ്യചിന്തകളെ എത്തിച്ചത് എന്നതാണ് വസ്തുത.
തൊഴിലാളിവര്‍ഗസര്‍വാധിപത്യവും ബൈബിളും എന്ന രണ്ടാമത്തെ ലേഖനത്തിലാവട്ടെ മാര്‍ക്സ് വിഭാവനം ചെയ്ത തൊഴിലാളിവര്‍ഗസര്‍വ്വാധിപത്യത്തില്‍ ഭരണചക്രം തിരിക്കുന്ന അധ്വാനിക്കുന്ന ജനതതികളേയും ദൈവരാജ്യത്തിലെ ജനങ്ങളേയും താരതമ്യം ചെയ്യുന്നു.ഏദന്‍ പറുദീസയില്‍ ദൈവം പോറ്റിപ്പുലര്‍ത്തിപ്പോന്നവരാകെത്തന്നെ വേലക്കാരായിരുന്നു.തന്മൂലം തൊഴിലാളികളുടേതായ ഒരു സാമ്രാജ്യമാണ് ദൈവം സങ്കല്പിച്ചിരുന്നത് എന്ന് വ്യക്തമാവുന്നു.ഏദന്‍തോട്ടത്തില്‍ വേലചെയ്യാനും കാപ്പാനുമായാണ് ദൈവം അവിടെ ആളുകളെ വിനിയോഗിച്ചത് . ആകയാല്‍ അധ്വാനിക്കുന്ന ജനവര്‍ഗമാകണം ഭൂലോകത്തിന്റെ അധിപരാകേണ്ടത് എന്നാണ് ദൈവസങ്കല്പം. എന്നാല്‍ മനുഷ്യന്റെ കൂട്ടിവെക്കാനുള്ള ത്വര അവനെ ദൈവം നിശ്ചയിച്ച മാര്‍ഗത്തില്‍ നിന്നും വിടര്‍ത്തിയകറ്റി. ബി.സി 1205 ല്‍ ദൈവം സ്ഥാപിച്ച യഹൂദസാമ്രാജ്യത്തിലെ രണ്ടാമത്തെ രാജാവ് ദാവീദായിരുന്നു. ആട്ടിടയനായ അദ്ദേഹത്തിന്റെ പിന്‍തലമുറയില്‍പ്പെട്ടവനായിരുന്നു യേശു. യേശുവാകട്ടെ തൊഴിലാളികളുടെ ആധിപത്യത്തിനായി അവതീര്‍ണനായവനാണ് എന്ന് മാലാഖമാര്‍ ആട്ടിടയരോട് പറയുന്ന , "നിങ്ങള്‍ക്കുവേണ്ടി ബത്‌ലഹേമില്‍ യേശു എന്ന രക്ഷകന്‍ പിറന്നിരിക്കുന്നു" എന്ന വചനത്തില്‍ നിന്നും നമുക്ക് മനസ്സിലാക്കാം .ആ യേശു പിന്നീട് പ്രഖ്യാപിച്ചതാകട്ടെ അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായുള്ളോരേ എല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍ , ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കും എന്നായിരുന്നു. കൂടാതെ ദരിദ്രരായ നിങ്ങള്‍ ഭാഗ്യവാന്മാര്‍ , കാരണം ദൈവരാജ്യം നിങ്ങള്‍ക്കുള്ളതാകുന്നു. ഇപ്പോള്‍ വിശക്കുന്നവരായ നിങ്ങള്‍ ഭാഗ്യവാന്മാര്‍ നിങ്ങള്‍ക്ക് തൃപ്തി വരും ഇപ്പോള്‍ കരയുന്നവരായ നിങ്ങള്‍ ഭാഗ്യവാന്മാര്‍ കാരണം നിങ്ങള്‍ ചിരിക്കും എന്നാല്‍ സമ്പന്നരായ നിങ്ങള്‍ക്ക് അയ്യോ കഷ്ടം എന്നുമായിരുന്നു. എന്നാല്‍ കൂദാശകള്‍ സ്വീകരിച്ചും ദാനധര്‍മാദികള്‍ ചെയ്തും ജീവിച്ചു മരിക്കുന്നവര്‍ക്കാണ് ദൈവരാജ്യത്തിന്റെ അസുലഭത ലഭിക്കുന്നത് എന്നൊരു ചിന്താഗതിയുണ്ട്. എന്നാല്‍ ബൈബിള്‍ പരിശോധിച്ചാല്‍ ദൈവം നടപ്പിലാക്കാനുദ്ദേശിക്കുന്നത് തൊഴില്‍പരവും സാമ്പത്തികവും നീതിനിര്‍വഹണാത്മകവും രാഷ്ട്രീയവുമായ ഒരു വ്യവസ്ഥിതിയാണ് ദൈവരാജ്യം എന്ന് മനസ്സിലാകും.കൃസ്ത്യന്‍ കമ്യൂണിനെക്കുറിച്ച് ബൈബിള്‍ പറഞ്ഞിരിക്കുന്നതുകൂടി ശ്രദ്ധിക്കുക " വിശ്വസിച്ചവരുടെ കൂട്ടം ഏകമനസ്സും ഏകഹൃദയവുമായി ഉള്ളവരായി . തനിക്കുള്ളതൊന്നും സ്വന്തമെന്ന് ആരും പറഞ്ഞില്ല. സകലവും അവര്‍ക്ക് പൊതുവായിരുന്നു. മുട്ടുള്ളവര്‍ ആരും അവരില്‍ ഉണ്ടായിരുന്നില്ല. ഇതില്‍ നിന്നും തൊഴിലാളിവര്‍ഗസര്‍വ്വാധിപത്യവും സ്ഥിതിസമത്വവും സുവിശേഷത്തിന് അനുകൂലമാണ് എന്ന് വ്യക്തമാണല്ലോ .
പിന്നീടുള്ള ദൈവരാജ്യം ലോകരാഷ്ട്രങ്ങളില്‍ , മതനിഷേധിയായ കൃസ്തു, ദൈവരാജ്യനീതി , കൃസ്തുമാര്‍ഗവും കൃസ്തുമതവും ,കൃസ്തുമതത്തില്‍ നിന്ന് കൃസ്തുമാര്‍ഗത്തിലേക്ക് ,  സാര്‍വത്രികമാനസാന്തരം എന്നീലേഖനങ്ങളിലൂടെ യഥാര്‍ത്ഥ കൃസ്തുമതാദര്‍ശങ്ങളെ മതനേതൃത്വം തങ്ങളുടെ സങ്കുചിതമായ വീക്ഷണത്തിലേക്ക് ഇടിച്ചിറക്കിക്കൊണ്ടുവന്നത് എങ്ങനെ എന്ന് വിശദീകരിക്കുകയും മാര്‍ക്സിയന്‍ കാഴ്ചപ്പാടുകള്‍ എങ്ങനെ യേശുവിന്റെ ദര്‍ശനങ്ങളുമായി ഇഴുകിച്ചേര്‍ന്നിരിക്കുന്നു എന്ന് വിശദീകരിക്കുകയും ചെയ്യുന്നു. യേശവിന്റെ മനുഷ്യദര്‍ശനവും ദൈവരാജ്യത്തിന്റെ ജനകീയസ്വഭാവവും കണ്ടെത്താന്‍ കമ്മ്യൂണിസത്തിന്റെ മുന്നേറ്റം സഹായിക്കും എന്നത് തികച്ചും യാഥാര്‍ത്ഥ്യം മാത്രമാണ്. തന്മുലം മാര്‍ക്സിസത്തില്‍ ചുവടുറപ്പിച്ചുകൊണ്ട് അനുദിനം അനുനിമിഷം പോരാടുന്ന വിപ്ലവപ്രസ്ഥാനങ്ങളുമായി വിശ്വാസി ഐക്യദാര്‍ഡ്യം പുലര്‍ത്തേണ്ടിയിരിക്കുന്നു എന്ന് ഈ പുസ്തകം ഉദ്ബോധിപ്പിക്കുന്നു.യഥാര്‍ത്ഥ വിശ്വാസികള്‍ തുറന്ന മനസ്സോടെ വായനക്കെടുക്കണ്ട ഈ പുസ്തകം പുറത്തിറിക്കിയിരിക്കുന്നത് ചിന്തയാണ് . ഈ പുസ്തകത്തിന്റെ പാരായണം കൃസ്തുദര്‍ശനങ്ങളെ അടുത്തറിയാനും അതുവഴി ആ ദര്‍ശനങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന മാനവികമൂല്യങ്ങളെ എങ്ങനെ നമ്മുടെ സമൂഹത്തില്‍ പ്രാവര്‍ത്തികമാക്കാം എന്നുമുള്ള വിഷയത്തില്‍ കൂടുതല്‍ ഉള്‍ക്കാഴ്ച നമുക്ക് തരുന്നുണ്ട് എന്നത് വസ്തുതയാണ് .