# ദിനസരികൾ 388
സുനില്‍ പി ഇളയിടം ഒരു പ്രഭാഷണത്തില്‍ ഗാന്ധിയും ഗോഡ്സേയും ഗീതയെ അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും അവര്‍ രണ്ടു പേരും പ്രസ്തുത ഗ്രന്ഥത്തെ രണ്ടുതലത്തില്‍ കണ്ടുകൊണ്ട് തങ്ങള്‍ക്ക് വേണ്ട രീതിയില്‍ വ്യാഖ്യാനിക്കുകയായിരുന്നുവെന്നും പറയുന്നുണ്ട്. ഒരേ ഗ്രന്ഥത്തെ അവര്‍ രണ്ടുതരത്തില്‍ വ്യാഖ്യാനിച്ചെടുക്കുമ്പോള്‍ നാം ആരുടെ കൂടെ നില്ക്കും എന്നൊരു ചോദ്യം തന്നെ പിന്‍പറ്റുന്നവരിലേക്ക് സുനില്‍ എറിഞ്ഞിടുന്നുണ്ട്. ഗോഡ്സേയുടെ ആക്രമണോത്സുകമായ വ്യാഖ്യാനങ്ങളെയാണോ ഗാന്ധിയുടെ അഹിംസാമാത്രമായ നിലപാടുകളേയാണോ നാം ഭഗവത്ഗീതയില്‍ പിന്‍പറ്റുക ? സുനിലിയന്‍ ഭാഷാ ശൈലിയുടെ മനോഹാരിതയില്‍ നിന്നു കൊണ്ട് അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ചിരിയുടെ അകമ്പടിയോടെ ഈ ചോദ്യം നമ്മിലേക്ക് എത്തിച്ചേരുമ്പോള്‍ സ്വാഭാവികമായും ഗാന്ധിയുടെ ഗീതയെയാണ് നമുക്കു പഥ്യമായിരിക്കുന്നത് എന്ന പക്ഷത്തിനുവേണ്ടി കൈയ്യുയര്‍ത്തുവാനാണ് നാം ഇഷ്ടപ്പെടുക. തിരിച്ചും കൈകള്‍ ഉയര്‍ത്തപ്പെടാമെന്ന സാധ്യത തള്ളിക്കളയേണ്ടതുമില്ല. എത്ര നിഷ്കളങ്...