# ദിനസരികൾ 381
ഗുജറാത്തില്‍ നിന്നും മടങ്ങുമ്പോള്‍
കൊച്ചിയില്‍ കച്ചവടത്തിനു പോകുന്ന
ഗുജറാത്തിയുമായി ട്രെയിനില്‍ വെച്ച് ഞാന്‍ പരിചയപ്പെട്ടു
‘താങ്കളുടെ ശുഭനാമമെന്താകുന്നു?’ അയാള്‍ ചോദിച്ചു
രാമകൃഷ്ണന്‍ ഞാന്‍ പറഞ്ഞു
“റാം കിശന്‍! റാം കിശന്‍! റാം റാം”
എന്നഭിനന്ദിച്ചു കൊണ്ട് അയാള്‍
എന്നിലേക്ക് ഏറെ അടുത്തിരുന്നു
“താങ്കള്‍ മാംസഭുക്കാണോ?” അയാള്‍ ചോദിച്ചു
“അങ്ങിനെയൊന്നുമില്ല” ഞാന്‍ പറഞ്ഞു
“താങ്കളോ?” ഞാന്‍ ചോദിച്ചു
“ഞങ്ങള്‍ വൈഷ്ണവ ജനത ശുദ്ധ സസ്യഭുക്കുകളാണ്”-
തെല്ലഭിമാനത്തോടെ അയാള്‍ പറഞ്ഞു
“നിങ്ങളില്‍ ചില പുല്ലുതീനികള്‍ പൂര്‍ണ്ണഗര്‍ഭിണിയുടെ
വയറു കീറി കുട്ടിയെ വെളിയിലെടുത്തു തിന്നതോ?
തള്ളയേയും?”- ഞാന്‍ പെട്ടെന്ന് ചോദിച്ചു പോയി
ഒരു വികൃത ജന്തുവായി രൂപം മാറിയ അയാള്‍
കോമ്പല്ലുകള്‍ കാട്ടി പുരികത്തില്‍ വില്ലു കുലച്ചുകൊണ്ട്
എന്റെ നേരെ മുരണ്ടു “ക്യാ?”
കവി കടമ്മനിട്ട രാമകൃഷ്ണനാണ്.ക്യാ എന്നാണ് കവിതയുടെ പേര്. ഇതിനപ്പുറം എങ്ങനെയാണ് ഫാസിസത്തിലേക്കുള്ള രൂപാന്തരങ്ങളെ ഒരു കവി വരച്ചിടുക? നമ്മെ ചകിതരാക്കിക്കൊണ്ട് , സൌമ്യമെന്ന് കരുതി നാം അടുത്തുവെച്ചതൊക്കെയും ഒരു നിമിഷത്തില്‍ തങ്ങളുടെ ആസൂരിയമായ യഥാര്‍ത്ഥ പടുതകളെ എടുത്തണിയുമ്പോള്‍ മാത്രമായിരിക്കും നാം ഒരു വലയത്തിനകത്തു പെട്ടിരിക്കുകയാണെന്ന ബോധം പോലും നമുക്ക് ഉണ്ടാകുന്നത്. അതുവരെ നാം ആരേയും സംശയിക്കാതെ എല്ലാവരിലും നന്മ മാത്രം കണ്ട് മുന്നോട്ടു പോകുന്നു.
ഈ മറച്ചു വെക്കല്‍ സമകാലത്തിന്റെ സ്വഭാവമാകുന്നു.യാഥാര്‍ഥ്യങ്ങളെ തിരിച്ചറിയുന്നതിന് ഈക്കാണായ കണ്ണൊന്നും മതിയാകാതെ വരുന്നു.ചില ചോദ്യങ്ങള്‍ ഉന്നയിക്കപ്പെടുമ്പോഴും അവിചാരിതമായി മര്‍മസ്ഥാനങ്ങളില്‍ ഓരോ മുനകള്‍ വന്നു വീഴുമ്പോഴും മാത്രമാണ് അവരുടെ തനിനിറം എന്താണെന്ന് നമുക്കു മനസ്സിലാകുക. അപ്പോഴേക്കും നാം അകപ്പെട്ടിട്ടുണ്ടാകും.രഥചക്രത്തിന്റെ അവസാന കഷണവും ആയുധമാക്കി നാം അടരാടിയെന്നും വരാം. പക്ഷേ വളഞ്ഞുനിന്ന് നമ്മെ ആക്രമിക്കുന്ന സംഘത്തിനോടേല്‍ക്കാന്‍ അതൊന്നും പോരാതെ വരും.വീണുമരിക്കുക എന്ന വഴി മാത്രമായിരിക്കും നമുക്കു മുന്നില്‍ അവശേഷിക്കുന്നുണ്ടാകുക. നാം വഴങ്ങിയേ തീരൂ
ഒളിപ്പിച്ചു വെച്ച ഈ മറുമുഖങ്ങളെ തിരിച്ചറിയാന്‍ നാം എത്ര കണ്ട് സമര്‍ത്ഥരാണ് എന്നതാണ് ചോദ്യം.താനേ പുറത്തു വരുന്നതുവരെ കാത്തിരിക്കുക എന്നതല്ലാതെ മറ്റെന്തെങ്കിലും മാര്‍ഗ്ഗങ്ങള്‍? ചരിത്രത്തിനോടും വര്‍ത്തമാനകാലത്തോടും നിരന്തരം സംവദിക്കുന്ന മേധകളെ കണ്ടെത്തുകയും സൃഷ്ടിച്ചെടുക്കുകയും ചെയ്യുക എന്നതല്ലാതെ മറ്റു പോംവഴികളില്ല.പ്രതിരോധത്തിന്റെ മാര്‍ഗ്ഗങ്ങളിലെ പ്രധാനപ്പെട്ടെ ചോദ്യം ചരിത്രത്തില്‍ നിന്നും നാം എന്തു പഠിച്ചുവെന്നു തന്നെയാണ്.സോവിയറ്റു യൂണിയനും ബംഗാളും ത്രിപുരയും നമ്മെ എന്തെങ്കിലുമൊക്കെ പഠിപ്പിച്ചിട്ടുണ്ടാകണമെന്ന് പ്രത്യാശിക്കുക.
Comments