# ദിനസരികൾ 382
കേരളത്തിലെ സാംസ്കാരിക രംഗത്ത് ശക്തമായ മാഫിയയായി പുസ്തക
പ്രസാധന-വിപണനക്കാര്‍ മാറിയിരിക്കുന്നുവെന്ന് പറയുന്നത് അത്ര സന്തോഷമുണ്ടാക്കുന്ന
കാര്യമൊന്നുമല്ല. പണ്ടു മുതലേ ഈ രംഗത്ത് പല തരത്തിലുള്ള ആരോപണങ്ങള്‍ ഉയര്‍ന്നു
കേട്ടിരുന്നു. പ്രതിഫലം കൃത്യമായി കൊടുക്കാതെയും അച്ചടിക്കുന്ന പുസ്തകങ്ങളുടെ
എണ്ണം എഴുത്തുകാരനില്‍ നിന്നും മറച്ചു വെച്ചുമൊക്കെ പ്രസധാകര്‍
വിളയാടിയിരുന്നതിന്റെ എത്രയോ കഥകള്‍ കേട്ടിട്ടുണ്ട്.പുസ്തകം പ്രസിദ്ധീകരിക്കുവാനും
വിപണനം ചെയ്യുവാനും മറ്റു മാര്‍ഗ്ഗങ്ങളില്ലാത്ത അക്കാലത്ത് , പക്ഷേ അവര്‍ക്കെതിരെ
അധികമാരും തന്നെ രംഗത്തു വരാന്‍ ധൈര്യപ്പെട്ടില്ല.ആ സാധ്യതയെ മുതലെടുത്തുകൊണ്ട്
എഴുത്തുകാരുടെ ചോരയെ തങ്ങളുടെ ബാങ്കു ബാലന്‍സ് പെരുപ്പിക്കാനുള്ള ഉപാധിയാക്കി
മാറ്റിയവരുമുണ്ട്.അത്തരത്തിലുള്ള കഥകളുടെ ഒരു കൂമ്പാരം തന്നെ നമ്മുടെ
സാഹിത്യമേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അറിയാം.
ഈ കുറിപ്പ് ഊന്നുന്നത് രണ്ടു
കാര്യങ്ങളിലാണ്. ഒന്ന് പുസ്തകത്തിന് ഈടാക്കുന്ന അമിതമായ വില, രണ്ട് സ്വന്തമായി ഒരു
പുസ്തകം അച്ചടിച്ചുകാണാന്‍ ആഗ്രഹിക്കുന്ന സാധാരണക്കാരനെ ചൂഷണം ചെയ്യുന്ന
രീതി.പുസ്തകത്തിന് ഈടാക്കുന്ന വിലയെക്കുറിച്ച് അത് വാങ്ങുന്നവര്‍ക്ക് നന്നായി
അറിയാം.ആവശ്യക്കാരുള്ള നല്ല പുസ്തകങ്ങളാണെന്നു കണ്ടാല്‍പ്പിന്നെ പ്രസാധകന്റെ
ഊഴമായി.തോന്നുന്ന പടി വിലയിട്ട് വായനക്കാരന്റെ കൈയ്യിലുള്ള അവസാന ചില്ലിയേയും
പിടിച്ചു പറിക്കുന്ന തരത്തിലായിരിക്കും ആ പുസ്തകത്തിന് വില നിശ്ചയിക്കുക.നല്ലൊരു
വായനക്കാരനെ സംബന്ധിച്ച് ഒരു പുസ്തകം കണ്ട് ഇഷ്ടപ്പെട്ടിട്ട് അത് സ്വന്തമാക്കാന്‍
കഴിഞ്ഞില്ലെങ്കില്‍ പിന്നെ അത് കിട്ടുന്നവതുവരെ ഒരു തരം അസ്വസ്ഥതതയിരിക്കും.അവന്‍
എന്തു വില കൊടുത്തും അത് വാങ്ങിയിരിക്കും.ഇത് കമ്പനിക്കാരനും അറിയാം.വിലയെ
സംബന്ധിച്ച് മറ്റൊരു പരിപാടി നടക്കുന്നുണ്ട്. അത് പുസ്തകമേളകളെ മുന്നില്‍
കണ്ടുകൊണ്ട് വില നിശ്ചയിക്കുന്ന രീതിയാണ്. അതായത് , നമ്മുടെ വായനശാലകള്‍ക്ക്
മൂന്നിലൊന്ന് വില കുറച്ചു കൊടുക്കണം. കൃത്യമായ ഒരു വിലയില്‍ നിന്നും മൂന്നിലൊന്ന്
കുറച്ച് കൊടുക്കാന്‍ മാന്യമായി കച്ചവടം ചെയ്യുന്ന ഒരു സ്ഥാപനത്തിന് കഴിയുമെന്ന്
കരുതുന്നില്ല. കാരണം, അങ്ങനെ കുറക്കുമ്പോള്‍ അത് അവന്റെ മുതലിലേക്കെത്തും എന്ന
കാര്യത്തില്‍ സംശയമൊന്നുമില്ല. അപ്പോള്‍ വില കൂട്ടിക്കാണിക്കുക എന്നതുതന്നെയാണ്
പോംവഴി.ഈ കൂട്ടുന്നത് , ഒരു പാവപ്പെട്ടവന്‍ പത്തോ അഞ്ഞൂറിനോ പുസ്തകം വാങ്ങിച്ചാലും
കുറച്ചു കൊടുക്കണ്ടേ ? അതു
ചെയ്യാതെ അഞ്ചോ പത്തോ പേരിന് ശതമാനമാണ് കുറക്കുക. ബാക്കി ലാഭം നേരെ കമ്പനിക്ക്.
പുസ്തകം അച്ചടിച്ച് വിതരണം
ചെയ്തുകൊടുക്കാമെന്നു പറഞ്ഞുകൊണ്ട് എഴുത്തുകാരനില്‍ നിന്നും വലിയ തുക
ഈടാക്കിയെടുക്കുന്ന ചില സംഘമുണ്ട്.ആദ്യമായി ഒരു പുസ്തകം ഇറക്കുക എന്ന മോഹത്തോടെ
നടക്കുന്ന എഴുത്തുകാരനെ ചൂഷണം ചെയ്യുന്ന പരിപാടിയാണ് ഇത്.കടം മേടിച്ച് ഇത്തരക്കാരെ
പണം ഏല്പിച്ച എഴുത്തുകാരെ എനിക്കറിയാം.അതും സ്വാഭാവികമായി വരുന്നതിന്റെ
മൂന്നിരട്ടിയോളമാണ് പ്രസാധകന്‍ വാങ്ങിയെടുക്കുക. എന്നുവെച്ചാല്‍ പതിനായിരം രൂപക്ക്
ആയിരം കോപ്പി അടിക്കാമെങ്കില്‍ അതിന് മുപ്പതിനായിരം രൂപ എഴുത്തുകാരനോട്
വാങ്ങും.വിതരണത്തിന്റേയും പരസ്യത്തിന്റേയുമൊക്കെ പേരിലായിരിക്കും വാങ്ങുക.
എഴുത്തുകാരനാകാനുള്ള മോഹത്തില്‍ പ്രസാധകന്റെ കക്ഷത്തില്‍ തലവെച്ചുകൊടുക്കുകയാണ്
ഓരോരുത്തരും ചെയ്യുന്നത്.എഴുത്തുകാര്‍ യോജിച്ചു നിന്നുകൊണ്ട് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിനേയും
എസ് പി സി എസിനേയുമൊക്കെ ശക്തിപ്പെടുത്തുക എന്നൊരു സാധ്യതയുണ്ടെങ്കിലും സര്‍ക്കാര്‍
സ്ഥാപനങ്ങളായതുകൊണ്ടുതന്നെ പരിമിതികള്‍ ഏറെയാണ്.അത് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നന്നായി
അറിയുകയും ചെയ്യാം.
അതുകൊണ്ട് മലയാളത്തിലെ പ്രിയപ്പെട്ട
പ്രസാധകരേ , മേല്‍ പ്രസ്താവിച്ച തരത്തില്‍ നിങ്ങളിലാരെങ്കിലും
പെരുമാറുന്നുവെങ്കില്‍ അത് അവസാനിപ്പിക്കണം. വായനയെ പ്രതികൂലമായി
ബാധിച്ചേക്കാവുന്ന നിരവധി ഘടകങ്ങള്‍ നിലനില്ക്കുന്നു ഒരു സാഹചര്യത്തിലൂടെയാണ്
നിങ്ങളും വായനക്കാരായ ഞങ്ങളും കടന്നു പോകുന്നത്. നിങ്ങളുടെ ഭാഗത്തു
നിന്നുണ്ടാകുന്ന ഇത്തരം നീക്കങ്ങള്‍ ആ ഘടകങ്ങള്‍ക്ക് അനുകൂലമായി വര്‍ത്തിക്കുമെന്നത്
മറക്കാതിരിക്കുക.പുസ്തകം വാങ്ങി വായിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. അതിനു നിങ്ങള്‍
അനുവദിക്കുക എന്നാണപേക്ഷ.
Comments