#ദിനസരികള്‍ 386
||സ്വാതന്ത്ര്യങ്ങള്‍||
മിണ്ടാതിരിക്കുക
എന്നതുമൊരു
സ്വതന്ത്ര്യമാണ്.
വലിച്ചെറിഞ്ഞുകിട്ടിയ
ഒരെല്ലിന്‍ക്കഷണത്തിനു
ചുറ്റും
നാക്കുഴറ്റി
പല്ലുകൊരുത്ത്
തലകുനിച്ച്
രുചി പിടിച്ച്
മിണ്ടാതിരിക്കുക
എന്നതും ഒരു
സ്വാതന്ത്ര്യമാണ്.
അരുമകളുടെ
മൃദുലതകളില്‍
ദണ്ഡകളുടെ കഠിനത
തുളച്ചുയരുമ്പോള്‍
ദേശീയതയില്‍പ്പൊതിഞ്ഞ്
കാല്‍ച്ചുവട്ടിലേക്കെറിഞ്ഞു
കിട്ടിയ
മിട്ടായിപ്പൊതിയുടെ
മിനുസ്സമാര്‍ന്ന കടലാസു
ഭംഗിയില്‍
മനസ്സു നട്ടു
മിണ്ടാതിരിക്കുക
എന്നതും ഒരു
സ്വാതന്ത്ര്യമാണ്.
റാം റാം ജപിച്ച്
അഹിംസ ഭൂജിച്ച്
നാടുതെണ്ടിയ
ഒരു ക്ഷീണിതനിലൂടെ
കടന്നുപോയ തീയുണ്ടയേയും
ഒരു ഡിസംബര്‍ ആറിന്
നാടിന്റെ
വേരു കുലുക്കി
പറിച്ചെടുത്ത ഒരു
ദേവാലയത്തേയും
കണ്ടില്ലെന്നു
നടിച്ചു
മിണ്ടാതിരിക്കുക
എന്നതും ഒരു
സ്വാതന്ത്ര്യമാണ്.
അപ്പോള്‍പ്പിന്നെ
സുഹൃത്തേ
ഇപ്പോള്‍
നിന്റെ കഴുത്ത് പിളര്‍ന്ന്
കടന്നുപോയ ആ മൂര്‍ച്ചയെ
ഞാന്‍ കാണുന്നതെങ്ങനെയാണ്
?
കാണാതിരിക്കുക
എന്നതും ഒരു
സ്വാതന്ത്ര്യമാണ്.
Comments