#ദിനസരികൾ 384



വിശപ്പിന്നു വിഭവങ്ങൾ വെറുപ്പോളമശിച്ചാലും
വിശിഷ്ട ഭോജ്യങ്ങൾ കാൺകിൽ കൊതിയാമാർക്കും -  ഈ കൊതി ശരിയല്ല എന്നാണ് വാസവദത്തയെ മുന്നിൽ നിറുത്തി കരുണയിലൂടെ കുമാരനാശാൻ സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുന്നത്. ആർത്തി എന്നും ആസക്തിയെന്നുമാക്കെ പരിഹാസദ്യോതകമായി ഈ കൊതിയെ വിശേഷിപ്പിച്ചു കൊണ്ട് നാം ആശാ നോട് അരികുപറ്റുന്നു. ഉപഗുപ്പനോടൊപ്പം  ചേർന്ന് നാം അവളോട് താൻ വീണു കിടക്കുന്ന ചെളിക്കുളത്തിൻ നിന്ന് പുറത്തു കടക്കാൻ ഉപദേശിക്കുന്നു. സമൂഹത്തിന്റെ ഉപരിഘടന സ്വഷിച്ചു വെച്ചിരിക്കുന്ന മൂല്യബോധങ്ങളെ പാഠ പുസ്തകമാക്കിക്കൊണ്ട് നാം വാസവദത്തക്ക് നിർലോഭം ഉപദേശങ്ങൾ നല്കുന്നു.
എനിക്കു തോന്നുന്നത്  വാസവദത്ത പ്രകടിപ്പിക്കുന്ന  ഈ തൃഷ്ണയാണ് ജീവിതത്തെ മുന്നോട്ടു നയിക്കുന്ന നിർണായകമായ ചാലക ശക്തി എന്നാണ്.
പണ്ടൊരു മഹാഗുരു - നാം അയാളെ യേശു എന്ന് വിളിക്കുക - വാസവദത്തയെപ്പോലെയുള്ള ഒരുവളെ കല്ലെറിഞ്ഞ്  ശിക്ഷക്കാൻ ജനം തീരുമാനിച്ചപ്പോൾ തടഞ്ഞത് നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്നു പറഞ്ഞു കൊണ്ടായിരുന്നു. സത്യത്തിൽ ആ ഗുരുവിന്റെ  സ്ഥാനത്ത് ഉപഗുപ്തനായി രുന്നുവെങ്കിലെന്ന് സങ്കല്ലിക്കുക .എങ്കിൽ അദ്ദേഹം കല്ലേറുകൊണ്ട് പാതി മരിച്ചു കിടക്കുന്നവളെ സമീപിച്ചു കൊണ്ട് വായനിറച്ചും  തത്വ ചിന്ത വിതറുമായിരുന്നുവോ?.മറിച്ച് യേശു ചെയ്തതുപോലെ നമ്മുടെ അപകർഷങ്ങളുടെ അസ്തിവാരങ്ങളിൽ ആഞ്ഞു തൊഴിച്ചു കൊണ്ട് അവളെപ്പോലെ തന്നെ നീയും പാപി തന്നെ എന്ന് ചാട്ട ചുഴറ്റുമായിരുന്നോ?
ഉപഗുപ്തനെ ഞാൻ കുറ്റക്കാരനെന്ന് വിധിക്കുന്നത് , വാസവദത്തയുടെ മനസ്സിൽ നിർവ്യാജവും നിഷ്കളങ്കവുമായ ഒരു പ്രണയാനുഭൂതി നിലനില്ക്കുന്നുണ്ടെന്നറിഞ്ഞിട്ടും അവളെ അഗണ്യ കോടിയിൽ തള്ളിയതുകൊണ്ടാണ്. യേശുവിനെപ്പോലെ അവളെ ചേർത്തു പിടിക്കാൻ അദ്ദേഹം തയ്യാറായിരുന്നുവെങ്കിൽ കരചരണാദികൾ ഛേദിക്കപ്പെട്ട് ചുടുകാട്ടിൽ മാംസപിണ്ഡമായി നിക്ഷേപിക്കപ്പെടില്ലായിരുന്നു. അനുകൂലമായും പ്രതികൂലമായും. ന്യായവാദങ്ങൾ.നിരവധി നിരത്തപ്പെടാമെങ്കിലും  ഞാൻ യേശുവിന്റെ പക്ഷത്താണ്.
ചിരകാലം അഷ മാർഗ്ഗ ചാരിയായ ഭഗവാന്റെ പരിശുദ്ധ പാദപത്മം തുടച്ച കൈയ്യാൽ ഞാൻ നിന്റെ വാർ നിറുക തലോടി നിന്നെ പരമ പദത്തിലേക്ക് ഉയർത്താമെന്നാണ് ഉപഗുസ്തന്റെ വാഗ്ദാനം. എത്രമാത്രം ഇരുണ്ടതും മനുഷ്യേതരവുമാണ് ആ വാഗ്ദാനത്തിന്റെ  സ്വഭാവം എന്നൊന്ന് ചിന്തിച്ചു നോക്കുക.
വാസവദത്ത തന്റെ മുഴുവൻ ആകാരഭംഗികളോടെയും പരിലസിക്കുന്ന ഒരു ഘട്ടത്തിത്തിൽ ഉപ ഗുസ്തൻ അവളെ സമീപിക്കുകയും അവളാൻ ഉപഗുപ്തൻ നിഷേധിക്കപ്പെടുകയും  ചെയ്തു എന്നിരിക്കട്ടെ .പിന്നീടൊരിക്കലും അദ്ദേഹത്തിനെതിരെ നമുക്ക് കുറ്റപത്രം സമർപ്പിക്കാൻ സാധ്യമാകുകയില്ല. അതു കൊണ്ട് അനി നിശിതമായ ഒരു വായനയിൽ കരുണയിലൂടെ ആശാൻ എന്താണോ ഉദ്ദേശിച്ചത് അതിന് നേർ വിപരീതമായ അവസ്ഥാ വിശേഷം വന്നു ചേരുന്നു.ശാങ്ക് മുനിയുടെ മുഴുവൻ കാരുണ്യവും ചാലിച്ചു കൊണ്ടാണ് ഉപഗുപ തന്നെ ശിഷ്യൻ സ്വഷിക്കപ്പെട്ടത് എന്ന വാദം ബുദ്ധനെക്കൂടി പരിഹാസ്യനാക്കുന്ന ഒന്നാണ്. അതു കൊണ്ട് കരുണ കരുണയുടെ കഥയല്ല.. മറിച്ച് കരുണാ രാഹിത്യത്തിന്റെ കഥയാണ്. എന്നാണ് എന്റെ പക്ഷം.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1