#ദിനസരികള്‍ 290
||കഥ തുടരുന്നു|| ഒരു കാല്‍ നിലത്തുകുത്തി സൈക്കിള്‍ ബാലന്‍സ് ചെയ്തതിനുശേഷം പത്രം നാലായി മടക്കി വീടിന്റെ ഉമ്മറപ്പടി ലക്ഷ്യമാക്കി കറക്കിയെറിഞ്ഞുകഴിഞ്ഞപ്പോഴാണ് തലേദിവസത്തെ പത്രവും അതേ സ്ഥലത്തു കിടക്കുന്നത് അജേഷ് കണ്ടത്.എന്നു മാത്രവുമല്ല വീടിന്റെ അരമതിലില്‍ പാലു നിറച്ച മൂന്നു കുപ്പികളുമുണ്ടായിരുന്നു. എന്തുകൊണ്ടാണ് പാല്‍ക്കാരന്‍ അതു ശ്രദ്ധിക്കാതെ വീണ്ടും പാലുവെച്ചിട്ടു പോയതെന്ന് ആലോചിച്ചുകൊണ്ട് അജേഷ് മുറ്റത്തേക്ക് നടന്നു. കഴിഞ്ഞ രണ്ടുദിവസത്തെ പത്രവും മുറ്റത്ത് കിടക്കുന്നുണ്ടായിരുന്നു.”എന്നുവെച്ചാല്‍ മൂന്നു ദിവസമായി ഇവിടെ ആരുമില്ല എന്നാണര്‍ത്ഥം. സാധാരണയായി എവിടെയെങ്കിലും യാത്ര പോകുകയാണെങ്കില്‍ രഘുവേട്ടന്‍ പറയുന്നതാണ്. നാലഞ്ചുദിവസം മുന്നേ കണ്ടതുമാണ്. ഇത്തവണ , പക്ഷേ ഒന്നും പറഞ്ഞില്ലല്ലോ. വളരെ അത്യാവശ്യമായ എന്തെങ്കിലും കാര്യങ്ങളുണ്ടായിരിക്കണം. എന്നാലുമൊന്ന് വിളിക്കുകയെങ്കിലും ചെയ്തുകൂടേ” അവന്‍ തന്നോടുതന്നെ പിറുപിറുത്തുകൊണ്ട് പത്രങ്ങള്‍ അടുക്കി അരമതിലിനു പുറത്തുവെച്ചു.പിന്നെ കീശയില്‍ നിന്ന് തന്റെ മൊബൈല്‍ ഫോണെടുത്ത് അവന്‍ രഘുവേട്ടനെന്നു വിളിക്കുന്ന രഘുനന്ദനന...