#ദിനസരികള്‍ 285

രണ്ടായിരത്തിയൊമ്പതില്‍ എം മുകുന്ദനെഴുതിയ എഴുത്തിന്റെ ധാരാളിത്തം എന്ന കുറിപ്പില്‍ ഞാനിങ്ങനെ വായിക്കുന്നു.”ഇന്ന് എല്ലാവര്‍ക്കും എഴുത്തുകാരാകണം.കവികളും കഥാകൃത്തുക്കളും നോവലിസ്റ്റുകളുമാകണം.അങ്ങനെ എല്ലാവരും മോഹിക്കുന്നു.അതില്‍ അവരെ കുറ്റം പറയരുത്.എഴുത്തുകാരാകാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്.ആ അവകാശം ആരുടേയും കുത്തകയല്ല.അതുകൊണ്ട് അവര്‍ എഴുതട്ടെ.എഴുതുവാന്‍ കഴിവില്ലെങ്കില്‍ കാശുകൊടുത്തു എഴുതിത്തരാന്‍ കൂലിയെഴുത്തുകാര്‍ നമ്മുടെ നാട്ടില്‍ ധാരാളമുണ്ട്.അമേരിക്കയും ഓസ്ട്രേലിയയും പോലെയുള്ള സമ്പന്നരാജ്യങ്ങളിലെ പല മലയാളി എഴുത്തുകാരും അങ്ങനെ എഴുതിക്കുന്നവരാണ്.അവര്‍ കൂലികൊടുത്ത് എഴുതിക്കുകയും പ്രസിദ്ധീകരിക്കുകയും മാത്രമല്ല സ്വന്തം പണമുപയോഗിച്ച് പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുകയും സ്വയം സമ്മാനിതരാകുകയും ചെയ്യുന്നു.ഇവിടേയും അത്തരം എഴുത്തുകാര്‍ ഉണ്ട് കൂലിക്ക് ആളെ വച്ചെഴുതിച്ച് എഴുത്തുകാരായി സ്വയം മേനി നടിക്കുന്നവരുടെ എണ്ണം വളരെയേറെ വര്‍ദ്ധിച്ചിരിക്കുന്നു. പണം കൈയ്യിലുള്ളവര്‍ക്ക് പേരും പ്രശസ്തിയുമുണ്ടാക്കിയെടുക്കാനുള്ള എളുപ്പവഴിയാണ് ഇക്കാലത്ത് എഴുത്ത്. സമൂഹത്തില്‍ സാഹിത്യകൃതികള്‍ ചെലുത്തുന്ന നിസ്സീമമായ സ്വാധീനങ്ങളെ തള്ളിപ്പറയുവാന്‍ ആര്‍ക്കും കഴിയില്ല. അതുകൊണ്ടുതന്നെ ധാരാളം പുസ്തകങ്ങള്‍ വിവിധ മേഖലകളിലായി പ്രസിദ്ധീകരിക്കപ്പെടുന്നതും ചര്‍ച്ച ചെയ്യുന്നതുമൊക്കെ സമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണങ്ങളെ ത്വരിതപ്പെടുത്തുക തന്നെ ചെയ്യുമെന്ന കാര്യത്തില്‍ ഭിന്നമായ അഭിപ്രായത്തിന് സാധുതയില്ല.പക്ഷേ സാഹിത്യംതന്നെ മോഷണമായാലോ?
            പുസ്തക പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട മറ്റൊരു രീതി നിലവിലുണ്ട്. എങ്ങനെയെങ്കിലും ഒരു പുസ്തകം പ്രസിദ്ധീകരിക്കുക എന്നത് ജന്മലക്ഷ്യമായി കൊണ്ടുനടക്കുന്ന ചിലരുണ്ട് ഈ പുസ്തകങ്ങള്‍ എഴുതുന്നവരെല്ലാം ഒട്ടും അറിയപ്പെടാത്തവരാണ്.അവരുടെ പുസ്തകങ്ങളാകട്ടെ ഒട്ടും വായിക്കാന്‍‌ കൊള്ളാത്തവയും.എല്ലാം ഭംഗിയായി അച്ചടിച്ച് ആകര്‍ഷകമായ കവറുകളോടെ ഇറങ്ങുന്നവയാണ്.കവിതകളാണ് ഏറെ.അതുകഴിഞ്ഞാല്‍ കഥകള്‍.നോവലിന് മൂന്നാം സ്ഥാനമേയുള്ളു.ഒട്ടും പ്രതിഭയില്ലാത്ത എഴുതുവാന്‍ അറിയാത്ത ആളുകളുടെ പാരായണയോഗ്യമല്ലാത്ത പക്ഷേ ആകര്‍ഷകമായി അച്ചടിച്ചിറക്കുന്ന പുസ്തകങ്ങളാണ് ഇതെല്ലാം മുകുന്ദനെഴുതുന്നു. പുസ്തകം പ്രസിദ്ധീകരിക്കുക എന്നത് ലാഭകരമായ ഒരു കച്ചവടമായി മാറിയിട്ടുണ്ട്. ഇതിലൂടെ സമ്പന്നരായിത്തീരുന്ന പ്രസാധകരുണ്ട്. കൈയ്യില്‍ പണമുള്ള , എഴുത്തുകാരാകാന്‍ ആഗ്രഹിച്ചു നടക്കുന്ന നിരവധിയാളുകള്‍ പുസ്തകം പ്രസിദ്ധീകരിക്കുവാന്‍ തയ്യാറാണ്. അവരെ കണ്ടെത്തുകയേ വേണ്ടു.വിറ്റാലും വിറ്റില്ലെങ്കിലും അവര്‍ ആവശ്യപ്പെട്ട എണ്ണം പുസ്തകം അടിച്ചുകൊടുക്കുക , പണം എണ്ണിവാങ്ങുക. ആകെപ്പാടെ ആവശ്യം സമയത്തിന് അച്ചടിച്ചു തരുമെന്നുറപ്പുള്ള ഒരു പ്രസു വേണമെന്നതുമാത്രമാണ്.എന്നുവെച്ചാല്‍ പത്തോ പതിനായിരമോ കൈയ്യിലുണ്ടെങ്കില്‍ എഴുതാനറിയില്ലെങ്കിലും നമ്മുടെ പേരില്‍ ഒരു പുസ്തകം ഇറക്കാന്‍ കഴിയും എന്ന നിലയിലേക്ക് കാര്യങ്ങളെത്തിയിരിക്കുന്നു.
            ഇങ്ങനെ പുസ്തകം അച്ചടിച്ചു കൂട്ടിയിട്ട് സമൂഹത്തിന് എന്താണ് കാര്യം? പ്രസാധകന് ജീവിച്ചുപോകാം എന്നതുതന്നെ കാര്യം. അതിനപ്പുറത്തേക്ക് സാംസ്കാരികമായ ,സാമൂഹ്യമായ ഒരു ഉയര്‍ച്ചക്കും ഇതു നമ്മെ സഹായിക്കില്ല. അതേസമയം കഴിവുള്ള എന്നാല്‍ കൈയ്യില്‍ കാശില്ലാത്ത എഴുത്തുകാര്‍ സ്വന്തം പുസ്തകം ഒരിക്കലും പുറുത്തുവരാത്ത സ്വപ്നമായി ഹൃദയത്തിലേറ്റി ജീവിക്കുന്നുമുണ്ട്.അര്‍ഹതയുള്ളവര്‍ അതിര്‍ത്തിക്കുമപ്പുറത്തേക്ക് തള്ളിമാറ്റപ്പെടുകയും അല്പന്‍ നാടുഭരിക്കുകയും ചെയ്യുക എന്ന ദുസ്ഥിതി ഇനിയും തുടരേണ്ടതല്ലെന്ന് എഴുത്തുകാരായി അഭിനയിക്കുന്നവര്‍ മനസ്സിലാക്കുന്ന ഒരു കാലം എന്നുവരുമോ ആവോ?

            

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1