#ദിനസരികള്‍ 287
രാത്രി.കിടക്കാന്‍ ഏറെ വൈകിയതിന്റെ
ക്ഷീണത്തില്‍ നന്നായി ഉറങ്ങിപ്പോയി. എന്തോ ഒരു ശബ്ദം കേട്ടാണ് ഉണരുന്നത്. മൊബൈലില്‍
സമയം നോക്കി.വെളുപ്പിന് രണ്ടേ നാല്പത്.പുറത്തു കനത്ത മഞ്ഞ് പുകപോലെ തളം
കെട്ടിനില്ക്കുന്നു.ഗാഢമായ നിശ്ശബ്ദത. പൊടുന്നനെ ഭയപ്പെട്ടിട്ടെന്ന പോലെ
അടുത്തെവിടെയോ നിന്ന് ഒരു നായ വികൃതമായ എന്തോ ശബ്ദമുണ്ടാക്കി.വീണ്ടും നിശ്ശബ്ദത
പരന്നു.പുതപ്പിന്റെ സുഖകരമായ ചൂടിലേക്ക് തല വലിക്കുവാന്‍ തുടങ്ങുമ്പോഴേക്കും എന്റെ
ജനല്‍ച്ചില്ലുകളില്‍ സവിശേഷമായ ഒരു വെളിച്ചം വന്നു പതിച്ചതുപോലെ തോന്നി. പാതി
മൂടിക്കഴിഞ്ഞിരുന്ന പുതപ്പിനെ ഒരല്പം മാറ്റിപ്പിടിച്ച് ഞാനൊന്നു കൂടി ശ്രദ്ധിച്ചു.
അതെ . ജനല്‍ച്ചില്ലുകളില്‍ അസാധാരണമായ ഒരു വെളിച്ചം വീണുകിടക്കുന്നുണ്ട്.അവ
മുറിക്കുള്ളിലേക്കും പടര്‍ന്നിരിക്കുന്നു.അവിടെ എങ്ങനെയാണ് ആ
വെളിച്ചമുണ്ടായിരിക്കുന്നതെന്ന് എത്ര ആലോചിച്ചിട്ടും എനിക്കു മനസ്സിലായില്ല.
അങ്ങനെയൊന്ന് സംഭവിക്കാന്‍ ഒരു സാധ്യതയുമില്ല.പുറത്തെ ലൈറ്റ് ഞാനിട്ടിട്ടില്ല.
വാഹനങ്ങളുടെ വെളിച്ചമല്ല.മറ്റൊരു തരത്തിലും ആ ജനലില്‍ അത്തരമൊരു പ്രകാശം പരക്കാന്‍
ഒരു വഴിയുമില്ല എന്താണ് സംഭവം എന്നറിയാതെ ഞാന്‍ കട്ടിലില്‍ എഴുന്നേറ്റിരുന്നു.
അടുത്ത
നിമിഷം ജനലില്‍ വീണു കിടന്നിരുന്ന വെളിച്ചം അപ്രത്യക്ഷമായി.വീണ്ടും എനിക്കു
ചുറ്റും കനത്ത ഇരുള്‍ക്കെട്ടുകള്‍ വന്നുവീണു.അസ്വാഭാവികമായി ഒന്നുമില്ല.ഇലകളില്‍
നിന്നു മഞ്ഞു തുള്ളികള്‍ നിലത്തേക്ക് ഇറ്റിവീഴുന്ന ശബ്ദം മാത്രം.തണുപ്പു
കുറവാണെങ്കിലും നല്ല മഞ്ഞുണ്ട്.പുലര്‍ച്ചെ നാലരമണിക്ക് എഴുന്നേല്ക്കുന്ന
ശീലമുള്ളതിനാല്‍ ഞാന്‍ വീണ്ടും കിടക്കയിലേക്ക് മലര്‍ന്നു. ആ നിമിഷം, ഞാന്‍
കിടക്കിയലേക്ക് മറിഞ്ഞ അതേ നിമിഷം വീണ്ടും ജനല്‍ച്ചില്ലുകളില്‍ അതേ വെളിച്ചം വന്നു
വീണു. പക്ഷേ ഇത്തവണ ആ വെളിച്ചം മിന്നിമറയുകയാണുണ്ടായതെങ്കിലും ജന്നലിനപ്പുറത്ത്
ആരോ ഉണ്ടെന്ന് എനിക്ക് തോന്നി. എന്റെ ഉള്ളില്‍ നിന്നും ഒരാന്തലുയര്‍ന്നു. എന്റെ
ചെവികളുടെ പിന്‍ഭാഗം ചൂടാകാന്‍ തുടങ്ങി. ഭയമുണ്ടാകുമ്പോള്‍ എനിക്ക് അങ്ങനെയാണ്.
ചെവി ചൂടാകം. നാവു വരളും. വിയര്‍ക്കും.
പെട്ടെന്ന്
എന്നെ ഞെട്ടിച്ചുകൊണ്ട് തൊട്ടടുത്തുനിന്നെന്നപോലെ ഒരു കരച്ചിലുയര്‍ന്നു.സാധാരണനിലയിലുള്ള
കരച്ചിലായിരുന്നില്ല അത്. കഴുത്തു് ശക്തമായി ഞെക്കിപ്പിടിക്കുമ്പോള്‍ ഉണ്ടാകുന്ന
അമര്‍ച്ച പോലെയുള്ള ഒന്നായിരുന്നു അത്.ഭയം എന്നെ ഗ്രസിക്കാന്‍ തുടങ്ങി. ഞാന്‍
അടിമുടി വിയര്‍ത്തിരിക്കുന്നു. പതുക്കെ കട്ടിലില്‍ നിന്നുമെഴുന്നേറ്റ് മേശയുടെ
വലിപ്പിലുള്ള ടോര്‍ച്ച് എടുക്കാന്‍ ശ്രമിച്ചപ്പോള്‍ കൈകളിലെ വിറ ശരിക്കും
അനുഭവപ്പെട്ടു. വല്ലാതെ ഭയന്നിരിക്കുന്നു.തപ്പിയെടുത്ത ടോര്‍ച്ച് ജനലുകള്‍ക്ക്
നേരെ ഞാന്‍ പ്രകാശിപ്പിച്ചു. ആ വെളിച്ചത്തില്‍ ജന്നല്‍ ഗ്ലാസുകളില്‍ മുകളില്‍
നിന്നും താഴേക്ക് ഇറങ്ങി വരുന്ന വിധത്തില്‍ തലകുത്തനെ രണ്ടു കൈപ്പത്തികള്‍
പതിഞ്ഞിരിക്കുന്നത് ഞാന്‍ കണ്ടു . എന്റെ കാലുകളില്‍ നിന്നും ഒരു തരിപ്പുയര്‍ന്നു.ഒച്ചയുണ്ടാക്കാന്‍
പോലും കഴിയാത്ത വിധത്തില്‍ തൊണ്ട വരണ്ടു.ആ കൈകളില്‍ നിന്നും ജനലിന്റെ ഗ്ലാസിലേക്ക്
എന്തോ ഒന്ന് ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു. ഞാന്‍ ഒന്നുകൂടി ശ്രദ്ധിച്ചു നോക്കി.ചോര.ആ
കൈകളില്‍ നിന്നും ചോരയായിരുന്നു ഗ്ലാസിലേക്ക് ഒലിച്ചിറങ്ങിയിരുന്നത്.സംഭവിക്കുന്നത്
എന്റെ വിശ്വാസങ്ങള്‍ക്കും അപ്പുറത്തുള്ള കാര്യങ്ങളായിരുന്നു. ടോര്‍ച്ചിന്റെ
പ്രകാശത്തില്‍ ആ കൈകളിലൊന്ന് താഴേക്ക് ചലിക്കുന്നത് ഞാന്‍ വ്യക്തമായി കണ്ടു. ഉടനെ
ടോര്‍ച്ചിലെ പ്രകാശം അണഞ്ഞു.എത്ര തവണ ശ്രമിച്ചിട്ടും പിന്നീട് അത് കത്തിയില്ല. ആ
ഇരുട്ടില്‍ ഭയന്ന് , സ്തംഭിച്ചുനിന്ന എനിക്ക് ഒരു ശബ്ദത്തോടെ ഗ്ലാസുകള്‍ തകര്‍ന്നു
വീഴുന്നത് അറിയാന്‍ കഴിഞ്ഞു. എന്റെ മുറിയിലേക്ക് ചീഞ്ഞ മാംസത്തിന്റെ നാറ്റം
പ്രവഹിച്ചു.(തുടരും)
Comments