#ദിനസരികള്‍ 286
മാറുമറയ്ക്കാനായുള്ള അവകാശത്തിന് വേണ്ടി നടത്തിയ സമരങ്ങളെക്കുറിച്ച് ‘ചരിത്രത്തില്‍ വിലയം പ്രാപിച്ച വികാരങ്ങള്‍’ എന്ന പുസ്തകത്തില്‍ ആണ്ടലാട്ട് വിശദമായി ചൂണ്ടിക്കാണിക്കുന്നുണ്ട്.എങ്ങനെയാണ് ഒരു ജനത തങ്ങളുടെ ഇരുണ്ടകാലങ്ങളെ അതിജീവിച്ചതെന്നും മനുഷ്യനായി ജീവിക്കുക എന്ന പ്രാഥമിക അവകാശം നേടിയെടുത്തതെന്നും അറിഞ്ഞു കഴിയുമ്പോള്‍ മാത്രമേ ഇപ്പോള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന് കൂടുതല്‍ ആന്തരാര്‍ഥങ്ങള്‍ കണ്ടെത്തുവാനും സ്വാതന്ത്ര്യം എന്ന സവിശേഷത അനുവദിക്കുന്നതിന്റെ പരമാവധി അനുഭവിക്കാനും കഴിയൂ എന്ന കാര്യം വസ്തുതയാണ്.സാമൂഹികമുന്നേറ്റങ്ങളുടെ ഗുണഫലം അനുഭവിക്കുന്ന ഒരു വര്‍ത്തമാനകാല തലമുറ , ഈ നേട്ടമുണ്ടായത് കഠിനമായ പോരാട്ടങ്ങളുടെ കനല്‍വഴികള്‍ താണ്ടിയാണെന്ന് തിരിച്ചറിയുന്നതും നല്ലതുതന്നെ.അതല്ലെങ്കില്‍ ജാത്യാചാരങ്ങളുടെ നെടുങ്കോട്ടകളെ തച്ചുതകര്‍ക്കാന്‍ തുനിഞ്ഞിറങ്ങി ജീവിതം ഹോമിച്ച നിരവധി സമരനായകന്മാരുടെ പട്ടടയുടെ മുകളില്‍ കയറി നിന്ന് നിങ്ങളെന്തു ചെയ്തു എന്ന് ചോദിച്ചുപോകും.നെറികെട്ട അത്തരം ചോദ്യങ്ങളുയരാതിരിക്കുവാനും നേടിയ സ്വാതന്ത്ര്യം ആരുടെയെങ്കിലും കാല്‍ക്കീഴില്‍ കൊണ്ടുവെച്ച് കീഴടങ്ങാതിരിക്കാനും ചരിത്രത്തിന്റെ താളുകളിലൂടെ ഇടക്കിടക്ക് ഒരു യാത്ര പോകുന്നതും ഓര്‍മകള്‍ ഇടക്കിടക്ക് തുടച്ചു വെക്കുന്നതും ഉചിതമായിരിക്കും.ഭൂതകാലത്തിന്റെ ചോരപുരണ്ട വരമ്പുകളിലൂടെയുള്ള അത്തരമൊരു ഓര്‍ മ്മപ്പെടുത്തലിന്റെ യാത്രയാണ് ആണ്ടലാട്ടിന്റെ ചരിത്രത്തില്‍ വിലയം പ്രാപിച്ച വികാരങ്ങള്‍ എന്ന പുസ്തകം.
മാറു മറക്കുന്നത് ധിക്കാരമാണെന്ന് വിധിക്കപ്പെട്ടിരുന്ന ഒരു കാലത്ത് " നായന്മാരുടെ ദേശീയ ഉടുപ്പ് ഒരു കഷണം തുണിയാണ്. സ്ത്രീകള്‍ മേന്മകൂടിയ വെള്ളമുണ്ട് അരയ്ക്കുചുറ്റും കെട്ടി മുട്ടറ്റം എത്തുംവരെ ഉടുക്കുന്നു.ചിലപ്പോള്‍ ദൂരയാത്ര പോകുമ്പോള്‍ മറ്റൊരു മുണ്ട് മാറുമറച്ച് തോളത്തിടുന്നു.ജാത്യാചാരപ്രകാരം നായര്‍ സ്ത്രീക്ക് മാറു മറയ്ക്കാന്‍ പാടില്ല.മേല്‍മുണ്ട് ഇടുന്നത് താണജാതിയെ സൂചിപ്പിക്കുന്നു”വെന്ന് വില്യം ലോഗനെ ഉദ്ധരിച്ചുകൊണ്ട് ആണ്ടലാട്ട് എഴുതുന്നു.അമ്പലങ്ങളില്‍ ഭഗവാന്റെ മുന്നിലക്കെത്തുമ്പോള്‍ മാറില്‍ നിന്നും തുണിയെടുത്തുമാറ്റുക എന്നതൊരു കീഴ്‌വഴക്കമായിരുന്നു.”തൃപ്പൂണിത്തുറ അമ്പലത്തിലെ ഉത്സവകാലത്ത് ഉത്സവം കാണുവാനായി വന്ന സ്ത്രീകളോട് അമ്പലത്തില്‍ കടക്കണമെങ്കില്‍ റൌക്ക അഴിക്കണമെന്ന് ആവശ്യപ്പെടുന്നത് പതിവായിരുന്നു.ചിലര്‍ നാണിച്ച് മടങ്ങിപ്പോകുന്നതും ചിലര്‍ മതിലിനരികിലും മുക്കിലും മൂലയിലും നിന്ന് നാണിച്ചു പരുങ്ങി റൌക്ക അഴിക്കുന്നതും എന്റെ കണ്ണുകൊണ്ട് കണ്ടിട്ടുള്ളതാ”ണെന്ന് കാണിപ്പയ്യൂര്‍ എന്റെ സ്മരണകളില്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
പുരുഷാധിപത്യത്തിന്റേതായ ഒരു കാലം വിധിച്ച നിയമങ്ങളെ അതിലംഘിക്കുവാന്‍ സ്ത്രീകള്‍ കരുത്താര്‍ജ്ജിച്ചത് കൃസ്ത്യന്‍ മിഷണറിമാരുടെ ഇടപെടല്‍ കൊണ്ടു കൂടിയാണ്.ഇംഗ്ലീഷ് ഭാഷയില്‍ പരിജ്ഞാനം നേടുന്നതിനും അതുവഴി ലോകാന്തരങ്ങളിലെ ജീവിതങ്ങളെക്കുറിച്ച് അറിയാനും കഴിഞ്ഞത് സമൂഹത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കി.മതം മാറ്റപ്പെട്ട ചാന്നാര്‍ സ്ത്രീകള്‍ മേല്‍മുണ്ടു ധരിക്കാനുള്ള അവകാശത്തിനുവേണ്ടി വലിയ സമരങ്ങള്‍ നടത്തിയിട്ടുള്ളത് ഇത്തരം മിഷണറിമാരുടെ കൂടെ പിന്‍ബലത്തിലാണെന്നതു വിസ്മരിച്ചുകൂട. മാറുമറച്ചു നടക്കുന്നവര്‍ “തേവിടിശ്ശി”കളാണെന്ന പൊതുബോധമുണ്ടായിരുന്ന ഒരു കാലഘട്ടത്തില്‍ നിന്നാണ് മാറുമറയ്ക്കുന്നത് അവകാശമാണെന്ന ബോധ്യത്തിലേക്ക് നാം ഉണര്‍ന്നത്.അത് സാമൂഹ്യമായ മുന്നേറ്റങ്ങളുടെ വിശാലമായ ചരിത്രത്തിലെ വിലമതിക്കാനാവാത്ത നാഴികക്കല്ലുതന്നെയാണ്. ഇത്തരം ചെറുമുന്നേറ്റങ്ങള്‍ കൂടിച്ചേര്‍ന്നുണ്ടായ നവോത്ഥാനമെന്ന മഹാപ്രവാഹത്തിന്റെ അനിതരസാധാരണമായ ഗുണഫലങ്ങള്‍ അനുഭവിക്കുന്നവര്‍ അതിന്റെ കാരണക്കാരായവരെ ഇകഴ്ത്തുന്നത് നന്ദികേടാണെന്നുമാത്രം സൂചിപ്പിക്കട്ടെ.
Comments