#ദിനസരികള്‍ 288 || സരതുഷ്ട്ര സംസാരിക്കുന്നു||

            വനത്തിന് സമീപമുള്ള നഗരത്തിലേക്ക് സരതുഷ്ട്ര എത്തുമ്പോള്‍ ഒരുപാടു ജനങ്ങള്‍ അവിടെ കൂടി നില്ക്കുന്നതായി അദ്ദേഹം കണ്ടു.ഒരഭ്യാസി കയറിനുമുകളിലൂടെ നടക്കുന്നത് കാണുന്നതിനായിരുന്നു ജനങ്ങള്‍ തടിച്ചുകൂടിയത്.ആ ജനങ്ങളോട് സരതുഷ്ട്ര ഇങ്ങനെ പറഞ്ഞു.
ഞാന്‍ നിങ്ങള്‍ക്ക് അതിമാനുഷനെപ്പറ്റി പറഞ്ഞുതരാം.മനുഷ്യന്‍ അതിജീവിക്കപ്പെടുന്നവനാണ്.അതിനുവേണ്ടി നിങ്ങള്‍ എന്താണ് ചെയ്തിട്ടുള്ളത്?
            എല്ലാ ജീവികളും അവക്കപ്പുറമുള്ള അടുത്ത ഒരു തലമുറയെ സൃഷ്ടിച്ചിട്ടുണ്ട്.ആ പ്രവാഹത്തിന് നിങ്ങള്‍ തടസ്സമാകുകയാണോ?അതിമാനുഷനിലേക്ക് പുരോഗമിക്കേണ്ടതിനു പകരം മൃഗപ്രായത്തിലേക്ക് മടങ്ങിപ്പോകുകയാണോ?
            ആള്‍‌ക്കുരങ്ങ് മനുഷ്യനെ സംബന്ധിച്ച് എന്താണ്? ചിരിക്കാനും പരിഹസിക്കാനുമുള്ള എന്തോ ഒന്ന്.അതുപോലെയായിരിക്കും അതിമാനുഷന് മനുഷ്യരും : ചിരിക്കാനും പരിഹസിക്കാനുമുള്ള എന്തോ ഒന്ന്.
            നീ പാഴ് ജീവികളില്‍ നിന്ന് മനുഷ്യനായതാണ്.നിന്നില്‍ ഇപ്പോഴും അത്തരമൊരു ജീവിയുണ്ട്.നീയൊരു ആള്‍ക്കുരങ്ങായിരുന്നു.ഇപ്പോഴാകട്ടെ ഏതൊരു ആള്‍ക്കുരങ്ങിനെക്കാളും അതായിരിക്കുന്നത് നീയാണ്.
            നിങ്ങളില്‍ ഏറ്റവും വിലമതിക്കുന്നവന്‍ പോലും ഈ സസ്യപ്രകൃതിയുടേയും ഒരത്ഭൂതജീവിയുടേയും സവിശേഷമായ ഒരു സങ്കരം മാത്രമാണ്.അത്തരമൊരു സസ്യമോ അത്ഭുതജീവിയോ ആയിമാറുന്നതിനല്ല നിങ്ങളോട് ഞാനാവശ്യപ്പെടുന്നത്.
            ഞാന്‍ നിങ്ങളെ പഠിപ്പിക്കുന്നത് അതിമാനുഷനെക്കുറിച്ചാണ്.
            അതിമാനുഷന്‍ എന്നു പറയുന്നത് ഭൂമിയുടെ അര്‍ത്ഥമാണ്. നിങ്ങളുടെ ആത്മാവ് പറയട്ടെ : അതിമാനുഷന്‍ ഭൂമിയുടെ അര്‍ത്ഥംതന്നെയാണ്.
            സഹോദരന്മാരെ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കട്ടെ ഭൂമിയില്‍ വിശ്വസിക്കുക. അതീതപ്രതീക്ഷകളെക്കുറിച്ച് നിങ്ങളെ ഉദ്ബോധിപ്പിക്കുന്നവരെ നിങ്ങള്‍ അവിശ്വസിക്കുക.അവര്‍ക്കു സ്വയം മനസ്സിലായാലും ഇല്ലെങ്കിലും അവര്‍ ദുഷ്ടമനസ്സുള്ളവരാണ്.
            അവര്‍ ജീവിതത്തോട് മമതയില്ലാത്തവരാണ്.സ്വയം വിഷപാകമായിരിക്കുന്ന അവര്‍ നശിച്ചുകൊണ്ടേയിരിക്കുന്നു.അവര്‍ ഭുമിയെ രോഗാതുരമാക്കുന്നു.അവരെ എന്നന്നേക്കുമായി ത്യജിച്ചേക്കുക
            ദൈവനിന്ദയായിരുന്നു ചില കാലങ്ങളില്‍ ഏറ്റവും വലിയ പാപം.എന്നാല്‍ ദൈവം മരിച്ചിരിക്കുന്നു.അതോടൊപ്പം ഈ പാപികളും മരിച്ചിരിക്കുന്നു.ഇപ്പോള്‍ ഏറ്റവും വലിയ പാപം എന്നു പറയുന്നത് ഭൂമിക്കെതിരെ ചെയ്യുന്നവയാണ്.ഭൂമിയുടെ അര്‍ത്ഥങ്ങളെക്കാള്‍ ദുര്‍വിജ്ഞേയങ്ങളെ പരിഗണിക്കുകയെന്നതാണ്.
            ഒരിക്കല്‍ പുച്ഛത്തോടെ ആത്മാവ് ശരീരത്തെ വീക്ഷിച്ചു.അക്കാലത്ത് പുച്ഛമായിരുന്നു സര്‍വതിന്റേയും മുകളില്‍ പരിഗണിക്കപ്പെട്ടിരുന്നത്.ശരീരത്തെ പട്ടിണിക്കിട്ടും ബുദ്ധിമുട്ടിച്ചും ഈ ഭൂമിയില്‍ നിന്നും ശരീരത്തില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയുമെന്ന് ആത്മാവ് ചിന്തിച്ചു.ആ ആത്മാവ് തന്നെ ക്രൂരതയുടെ പര്യായമായിരുന്നു.
            എന്റെ പ്രിയപ്പെട്ടവരേ , എന്നാല്‍ നിങ്ങളുടെ ശരീരം ആത്മാവിനെക്കുറിച്ച് പറയുന്നതെന്താണ്? അസംതൃപ്തിയാര്‍ന്ന വരണ്ട ,മുഷിഞ്ഞ ഒന്നല്ലേ നിങ്ങളുടെ ആത്മാവ്?
സത്യം പറഞ്ഞാല്‍ മനുഷ്യന്‍ അഴുക്കിന്റെ ഒരൊഴുക്കാണ്.ആ ഒഴുക്കിനെ വിമലീകരിക്കണമെങ്കില്‍ നാം ഒരു മഹാസമുദ്രമായിരിക്കണം.അഴുക്കു ബാധിക്കാത്ത മഹാസമുദ്രം
            പ്രിയപ്പെട്ടവരേ , ഞാന്‍ നിങ്ങളെ പഠിപ്പിക്കുന്നത് അതിമാനുഷനെപ്പറ്റിയാണ്. നിങ്ങളുടെ മലിനവാസനകളെ കഴുകിശുദ്ധീകരിക്കുന്ന അവന്‍ ആ സമുദ്രത്തെപ്പോലെ നിങ്ങളുടെ അഴുക്കുകളെ സ്വീകരിച്ചുകൊണ്ട് നിങ്ങളെ വിമലീകരിക്കുന്നു.



Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1