#ദിനസരികള്‍ 290

 
 
||കഥ തുടരുന്നു||
 
ഒരു കാല്‍ നിലത്തുകുത്തി സൈക്കിള്‍ ബാലന്‍സ് ചെയ്തതിനുശേഷം പത്രം നാലായി മടക്കി വീടിന്റെ ഉമ്മറപ്പടി ലക്ഷ്യമാക്കി കറക്കിയെറിഞ്ഞുകഴിഞ്ഞപ്പോഴാണ് തലേദിവസത്തെ പത്രവും അതേ സ്ഥലത്തു കിടക്കുന്നത് അജേഷ് കണ്ടത്.എന്നു മാത്രവുമല്ല വീടിന്റെ അരമതിലില്‍ പാലു നിറച്ച മൂന്നു കുപ്പികളുമുണ്ടായിരുന്നു. എന്തുകൊണ്ടാണ് പാല്‍ക്കാരന്‍ അതു ശ്രദ്ധിക്കാതെ വീണ്ടും പാലുവെച്ചിട്ടു പോയതെന്ന് ആലോചിച്ചുകൊണ്ട് അജേഷ് മുറ്റത്തേക്ക് നടന്നു. കഴിഞ്ഞ രണ്ടുദിവസത്തെ പത്രവും മുറ്റത്ത് കിടക്കുന്നുണ്ടായിരുന്നു.”എന്നുവെച്ചാല്‍ മൂന്നു ദിവസമായി ഇവിടെ ആരുമില്ല എന്നാണര്‍ത്ഥം. സാധാരണയായി എവിടെയെങ്കിലും യാത്ര പോകുകയാണെങ്കില്‍ രഘുവേട്ടന്‍ പറയുന്നതാണ്. നാലഞ്ചുദിവസം മുന്നേ കണ്ടതുമാണ്. ഇത്തവണ , പക്ഷേ ഒന്നും പറഞ്ഞില്ലല്ലോ. വളരെ അത്യാവശ്യമായ എന്തെങ്കിലും കാര്യങ്ങളുണ്ടായിരിക്കണം. എന്നാലുമൊന്ന് വിളിക്കുകയെങ്കിലും ചെയ്തുകൂടേ” അവന്‍ തന്നോടുതന്നെ പിറുപിറുത്തുകൊണ്ട് പത്രങ്ങള്‍ അടുക്കി അരമതിലിനു പുറത്തുവെച്ചു.പിന്നെ കീശയില്‍ നിന്ന് തന്റെ മൊബൈല്‍ ഫോണെടുത്ത് അവന്‍ രഘുവേട്ടനെന്നു വിളിക്കുന്ന രഘുനന്ദനന്റെ ഫോണിലേക്ക് വിളിച്ചു
രഘുനന്ദനന്‍.അതായിരുന്നു അദ്ദേഹത്തിന്റെ പേര്. കുറേകൊല്ലങ്ങള്‍ക്കുമുമ്പേ ഈ വീടും സ്ഥലവും വിലക്കു വാങ്ങി താമസം തുടങ്ങിയതാണ്. അധികമാരോടും അടുപ്പമില്ല.തെക്കെവിടെയോ ആണ് സ്വന്തം സ്ഥലം.ആദ്യമാദ്യം നാട്ടുകാര്‍ അയാളെക്കുറിച്ച് ഓരോ കഥകള്‍ പറയുമായിരുന്നു. ഭാര്യയുമായി പിണങ്ങി നില്ക്കുകയാണ്, അതല്ല ജോലിയില്‍ കള്ളത്തരംകാണിച്ചിട്ട് പിരിച്ചു വിട്ടതാണ് എന്നിങ്ങനെയൊക്കെയായിരുന്നു കഥകള്‍.അയാള്‍ ഒന്നിനോടും പ്രതികരിക്കാന്‍ പോയില്ല. ആരോടും വലിയ ചങ്ങാത്തത്തിനും നിന്നില്ല. തങ്ങളുടെ അതിര്‍ത്തിയിലേക്ക് ഒരിക്കലും അതിക്രമിച്ചു കടക്കാത്ത ഒരാളാണെന്ന തിരിച്ചറിവിന്റെ ഫലമായിട്ടാണെന്നു തോന്നുന്നു ശരിക്കും ഒറ്റയാനായി ഉള്‍വലിഞ്ഞു ജീവിച്ചുപോന്ന അദ്ദേഹത്തെക്കുറിച്ച് നാട്ടുകാര്‍ പിന്നീട് പിന്നീട് ഒന്നും പറയാതെയായി.അഥവാ അവര്‍ അദ്ദേഹത്തെ മറന്നു എന്നുപറയാം. പാല്‍വിതരണം ചെയ്യുന്ന ആഗസ്തിച്ചേട്ടനും , പത്രക്കാരന്‍ അജേഷിനും പിന്നെ വീട്ടിലേക്ക് സാധനമെത്തിച്ചുകൊടുക്കുന്ന കുട്ടാപ്പിക്കും അദ്ദേഹം പ്രിയപ്പെട്ടവനായിരുന്നു.ഈ പ്രദേശത്ത് ഇവരുമായി മാത്രമായിരുന്നു അദ്ദേഹത്തിന് എന്തെങ്കിലുമൊരു ബന്ധമുണ്ടായിരുന്നത് എന്നു പറയുന്നതായിരിക്കും ശരി.
“ഹലോ ആരാണ്” ഫോണെടുത്തത് ഒരു സ്ത്രീയാണെന്നറിഞ്ഞ അജേഷ് ഒന്നു പകച്ചുവെങ്കിലും ചോദിച്ചു “ ഞാന്‍ രഘുവേട്ടന്റെ വീട്ടില്‍ പത്രമിടുന്നയാളാണ്. പേര് അജേഷ്. രഘുവേട്ടന്‍ എവിടെ ? ഒന്നു കൊടുക്കാമോ?”
”രഘുരാമന്‍ ഫോണെടുക്കാതെയാണ് പുറത്തുപോയത്. വരുമ്പോള്‍ എന്തെങ്കിലും പറയണോ?”
“ഞാന്‍ വിളിച്ചിരുന്നുവെന്ന് പറയണേ” – അജേഷ് പറഞ്ഞു
“പേര് ഒരിക്കല്‍കൂടി പറയാമോ?” സ്ത്രീ ചോദിച്ചു
“അജേഷ്.. വീട്ടില്‍ പത്രമിടുന്ന......... “
“ശരി ... പറയാം” അവര്‍ ഫോണ്‍ കട്ടു ചെയ്തു. രഘുവേട്ടന്റെ ആരാണെന്ന് ചോദിക്കണമെന്നുണ്ടായിരുന്നു അജേഷിന്. എന്നാല്‍ അവരുടെ വാക്കുകളിലെ സൌഹൃദമില്ലായ്മ കൂടുതല്‍ ചോദ്യങ്ങളില്‍ നിന്നും അവനെ വിലക്കി.
 
ഫോണ്‍ കട്ടുചെയ്ത് റോഡിലേക്ക് തിരിഞ്ഞു നടക്കുമ്പോഴാണ് അസാധാരണമായ ഒരു ഗന്ധം അവന് അനുഭവപ്പെട്ടത്.ഏതോ ഒരു ജീവി ചത്തു ചീഞ്ഞു മണക്കുന്നതുപോലെ. വീടിന്റെ വടക്കുഭാഗത്തുനിന്നാണ് മണം വരുന്നത്.കിണറും ആ ഭാഗത്താണ്. ഇനി വല്ല പൂച്ചയും വീണു ചത്തുവോയെന്ന് ചിന്തിച്ചുകൊണ്ട് അവന്‍ കിണറിനടുത്തേക്ക് നടന്നു.കിണറിന്റെ ഉള്ളിലേക്ക് വളരെ ശ്രദ്ധയോടെ അവന്‍ നോക്കി. ഒന്നും കാണാനുണ്ടായിരുന്നില്ലെന്നുമാത്രവുമല്ല , മണമുയരുന്നതു കിണറ്റില്‍ നിന്നുമല്ല എന്ന കാര്യവും അവനു മനസ്സിലായി.അവന്റെ കണ്ണുകള്‍ ചുറ്റുവട്ടമാകെയും പരതാന്‍ തുടങ്ങി. പെട്ടെന്നാണ് വീടിന്റെ വടക്കുവശത്തുള്ള ഒരു മുറിയുടെ ജന്നല്‍ച്ചില്ലുകള്‍ പൊട്ടിപ്പോയിരിക്കുന്നതു അവന്‍ കണ്ടത്. അത് രഘുവേട്ടന്റെ മുറിയുടേതാണല്ലോയെന്ന് ചിന്തിച്ചുകൊണ്ട് അവന്‍ ജനലിനടുത്തേക്ക് നടന്നു.മുറിയുടെ അടുത്തേക്ക് നടന്നടുക്കുന്തോറും മണം അസഹ്യമായിത്തീരുന്നത് അവന്‍ അറിഞ്ഞു.ജനല്‍ പടിയിലൂടെ ഭിത്തിയിലേക്ക് എന്തോ ഒന്ന് കറുത്ത നിറത്തില്‍ ഒലിച്ചിറങ്ങിയിരിക്കുന്നത് അജേഷ് ശ്രദ്ധിച്ചു.
 
ഉടുത്തിരിക്കുന്ന മുണ്ടിന്റെ കോന്തലകൊണ്ട് മൂക്കുപൊത്തിപ്പിടിച്ച് അവന്‍ ജനലിനടുത്തേക്ക് നടന്നു.മണമുയരുന്നത് മുറിക്കുള്ളില്‍ നിന്നുതന്നെയാണ്. ജനലിനുള്ളിലൂടെ അജേഷ് അകത്തേക്കുനോക്കി.അസ്വാഭാവികമായി ഒന്നുമില്ല. കട്ടിലില്‍ മടക്കിവെക്കാത്ത പുതപ്പ് കിടക്കുന്നുണ്ട്. ഫാന്‍ കറങ്ങുന്നുണ്ട്.കട്ടിലിനടുത്തുള്ള മേശയുടെ മുകളില്‍ കുറച്ച് പുസ്തകങ്ങള്‍ അടുക്കിവെച്ചിട്ടുണ്ട്.തൊട്ടടുത്തുതന്നെ ഒരു കറുത്ത പൊതിക്കെട്ടുമുണ്ട്.അതിനുമപ്പുറം ഹാംഗറില്‍ ഒരു ഷര്‍ട്ടുതൂക്കിയിട്ടിരിക്കുന്നു. മുറിയില്‍ നിന്നുതന്നെയാണ് മണമുണ്ടാകുന്നതെന്ന കാര്യത്തില്‍ അജേഷിന് സംശയമൊന്നുമില്ലായിരുന്നുവെങ്കിലും അസ്വഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.ആ മുറിയില്‍ നിന്നും പുറത്തെ ഹാളിലേക്കുള്ള വാതില്‍ പകുതി തുറന്നു കിടന്നിരുന്നു.ജനലിനുള്ളില്‍ക്കൂടി ഏന്തിവലിഞ്ഞ് ഹാളിലേക്കുള്ള വാതിലില്‍ക്കൂടി നോക്കാന്‍ ശ്രമിക്കുമ്പോള്‍ അവന്റെ കൈ തട്ടി എവിടെ നിന്നോ ഒരു ഗ്ലാസുകഷണം തറയില്‍ വീണു ശബ്ദമുണ്ടാക്കി .
 
പെട്ടെന്ന് ഒരാരവത്തോടെ ഈച്ചകള്‍ പറന്നുയര്‍ന്നു.മേശപ്പുറത്തെ കറുത്ത പൊതിയില്‍ നിന്നായിരുന്നു ഈച്ചകള്‍ പറന്നത്. അത് കറുത്ത നിറത്തിലുള്ള പൊതിയായിരുന്നില്ല. ഈച്ചകള്‍ പൊതിഞ്ഞ ഒരു തലയായിരുന്നു. വെട്ടിയെടുത്ത് മേശപ്പുറത്തു വെച്ച ഒരു തല. ||തുടരും||
 
 

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1