Monday, September 25, 2017

#ദിനസരികള്‍ 166

അല്‍പമെങ്കിലും വെളിച്ചത്തിന് വേണ്ടിയുള്ള കവിയുടെ ആന്തരികസമരത്തിന്റെ സത്യസന്ധമായ രേഖയാണ് കവിത ഡൈലന്‍ തോമസിന്റെ പ്രസ്തുത കാവ്യനിര്‍വചനത്തിന്നു സാധാരണനിര്‍വചനങ്ങളില്‍ക്കവിഞ്ഞ അര്‍ത്ഥവും വ്യാപ്തിയുമുണ്ടെന്ന് ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്നെ പഠിപ്പിക്കുന്നുവെന്ന് അക്കിത്തത്തിന്റെ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്ന പുസ്തകത്തെക്കുറിച്ചെഴുതിയ ഒരു ലേഖനത്തില്‍ എന്‍ പി മുഹമ്മദ് പറയുന്നുണ്ട്. ഇരുട്ടിന്റെ ഗുഹാമുഖങ്ങളില്‍ നിന്ന് വെളിച്ചത്തിന്റെ നവസ്ഥലികളിലേക്കുള്ള പ്രയാണമാകണം കവിത എന്നുറച്ചു വിശ്വസിക്കുന്ന അക്കിത്തത്തെക്കുറിച്ചാകുമ്പോള്‍ മറിച്ചൊരു അഭിപ്രായത്തിന് സാംഗത്യവുമില്ല.കവിത , വെളിച്ചത്തിനു വേണ്ടിയുള്ള തേടലാണെന്നും അതുകണ്ടെത്തുകയാണ് കവിജന്മത്തിന്റെ വിധി എന്നുമുള്ള ബോധ്യത്തില്‍ നിന്നാണ് പഴമൊഴിയോളം പാടിപ്പതിഞ്ഞ വെളിച്ചം ദുഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം എന്ന ഉണര്‍‌ന്നെഴുന്നേല്പിന്റെ ആണിക്കല്ലിരിക്കുന്നത്. വ്യത്യസ്ത ആശയങ്ങളുണ്ടാക്കുന്ന ഏറ്റക്കുറച്ചിലുകളെ തള്ളിനീക്കിക്കൊണ്ട് ആകെയുള്ള മാനവവര്‍ഗ്ഗത്തെ ഒറ്റയൂണിറ്റായി കാണുന്ന ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം , ആയതുകൊണ്ടുതന്നെ മലയാള സാഹിത്യത്തില്‍ വേറിട്ടൊരിടം നേടിയിട്ടുണ്ട്.
            സാഹിത്യത്തിന്റെ മൂല്യമിരിക്കുന്നത് സഹാനുഭൂതിയിലാണെന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാകുമെന്ന് കരുതുന്നില്ല. സാങ്കേതികമായി ഏതൊരു രീതിയെ പിന്തുടര്‍ന്നാലും പ്രപഞ്ചമാകെപ്പടര്‍ന്നു നില്ക്കുന്ന സഹാനുഭൂതിയെ അനുധാവനം ചെയ്യുന്നില്ലെങ്കില്‍ കവിതയുടെ ഔന്നത്യങ്ങളെ സ്പര്‍ശിക്കാതെ പോവുകതന്നെ ചെയ്യുമെന്ന കാര്യത്തില്‍ അക്കിത്തത്തിന് സംശയമില്ല. അതുകൊണ്ടാണ്
            ഒരു കണ്ണീര്‍ക്കണം മറ്റു
ള്ളവര്‍ക്കായ് ഞാന്‍ പൊഴിക്കവേ
ഉദിക്കയാണെന്നാത്മാവി
ലായിരം സൌരമണ്ഡലം
ഒരു പുഞ്ചിരി ഞാന്‍ മറ്റു
ള്ളവര്‍ക്കായ് ചെലവാക്കവേ
ഹൃദയത്തിലുലാവുന്നു
നിത്യനിര്‍മല പൌര്‍ണമി എന്ന ദര്‍ശനത്തിന് കവി തന്നെത്തന്നെ സമര്‍പ്പിക്കുന്നത്.ഈ സഹാനുഭൂതി മനുഷ്യനെന്ന ചിന്തിക്കുന്ന മൃഗത്തിലേക്ക് മാത്രം  ചുരുങ്ങാതെ സര്‍വചരാചരങ്ങളിലേക്കും വ്യാപരിക്കുമ്പോഴാണ് കവി പറഞ്ഞ നിത്യനിര്‍മല പൌര്‍ണമിയുടെ എഴുന്നള്ളത്തുണ്ടാവുക.ഭൂമിയുടെ അവകാശികളായവരുടെ ഈ കൂട്ടായ്മക്കുവേണ്ടിയാകണം കവിത കൂകിപ്പായേണ്ടത്.സങ്കുചിതത്വങ്ങളുടെ സമകാലികതയോട് സംവദിക്കേണ്ടത് ഏറ്റക്കുറച്ചിലുകളില്ലാത്ത സഹാനുഭൂതിയുടെ സമാനലോകം സൃഷ്ടിച്ചുകൊണ്ടായിരിക്കണം എന്നത് ചരിത്രപരമായ ഒരു ആവശ്യകൂടിയാണ്.അങ്ങനെയാകുമ്പോള്‍
            നിരുപാധികമാം സ്നേഹം

            ബലമായി വരും ക്രമാല്‍ എന്ന കവിവചനം സാര്‍ത്ഥകമാവും.

Sunday, September 24, 2017

#ദിനസരികള്‍ 165


മാനന്തവാടി ശ്രീ വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രത്തില്‍ നടക്കുന്ന നവരാത്രി സംഗീതോത്സവം വയനാട്ടിലെ സംഗീതപ്രേമികള്‍ക്ക് ഹൃദ്യമായ അനുഭവമായി മാറിയിരിക്കുന്നു.സംഗീതം മാത്രമല്ല , മറ്റു കലകളും ആസ്വദിക്കാനുള്ള അവസരം പൊതുവേ കുറവായ സാഹചര്യത്തില്‍ ഈ സംഗീതോത്സവത്തിന് വയനാടിന്റെ സാംസ്കാരിക ചരിത്രത്തില്‍ പ്രധാനപ്പെട്ടെ സ്ഥാനമുണ്ട്. ഈ കൊല്ലംമുതലാരംഭിച്ച ഒമ്പതു ദിവസം നീണ്ടു നില്ക്കുന്ന സംഗീതോത്സവത്തില്‍ ജില്ലക്കകത്തും പുറത്തുമുള്ള നിരവധി പ്രശസ്തരായ സംഗീതജ്ഞര്‍ പങ്കെടുക്കുന്നു.പരിപാടിക്ക് മിഴിവു കൂട്ടുന്നതിനായി എല്ലാ ദിവസവും നൃത്തോത്സവവും സംഘടിപ്പിച്ചിട്ടുണ്ട്.  കൂടാതെ പ്രത്യേക ദിവസങ്ങളില്‍ അക്ഷരശ്ലോക സദസ്സ് , ശാസ്ത്രീയ സംഗീത മത്സരം എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. ഓരോ ദിവസവും കേഴ്‍വിക്കാരായി എത്തുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു എന്നത് ക്ലാസിക് കലകളെ കഴിയുന്നത്ര ജനങ്ങളിലെത്തിക്കുക എന്ന ഉദ്ദേശത്തിന് ഒരു പരിധി വരെ സഹായമാകുവാന്‍ വള്ളിയൂര്‍ക്കാവ് സംഗീതോത്സവത്തിന് കഴിയുന്നുണ്ട് എന്നതിന്റെ തെളിവാണ്.കൂടുതല്‍ പങ്കാളിത്തത്തോടെ വരും വര്‍ഷങ്ങളില്‍ കേരളത്തിലെ പ്രശസ്തരും പ്രഗല്ഭരുമായ ഗായകരെ പങ്കെടുപ്പിക്കാന്‍ സംഘാടകസമിതിക്ക് കഴിയട്ടെ എന്നാശംസിക്കുക.
            സെപ്തംബര്‍ ഇരുപത്തിയൊന്നുമുതലാണ് സംഗീതോത്സവം ആരംഭിച്ചത്.വയനാട്ടിലെ മറ്റൊരിടത്തും ഒമ്പതു ദിവസം നീണ്ടു നില്ക്കുന്ന തരത്തില്‍ സംഗീതപരിപാടി സംഘടിപ്പിക്കുന്നില്ല എന്നത് സംഘാടകസമിതി ഏറ്റെടുത്ത വെല്ലുവിളി എത്ര വലുതാണെന്ന് വ്യക്തമാക്കുന്നതാണ്.ഒന്നാം ദിവസം ശ്രീ മോഹനന്‍ മാസ്റ്ററുടെ വായ്പാട്ടോടുകൂടിയാണ് തുടക്കം കുറിച്ചത്. മാനന്തവാടിക്കാര്‍ക്ക് സുപരിചിതനായ മാസ്റ്ററുടെ കച്ചേരി , ആസ്വാദകര്‍ക്ക് അസാധ്യമായ അനുഭൂതി പകര്‍ന്നു നല്കിയെന്ന് പലരുടേയും പ്രതികരണത്തില്‍ നിന്ന് മനസ്സിലാക്കാമായിരുന്നു. മൃദംഗത്തില്‍ സതീഷ് വരദൂറും , വയലിനില്‍ സുനില്‍ മാസ്റ്ററും ഘടത്തില്‍ അശ്വിന്‍ വിശ്വനാഥും മാസ്റ്ററോടൊപ്പം ചേര്‍ന്നു. രണ്ടാം ദിവസം സുനില്‍ മാസ്റ്ററുടെ വയലിന്‍ കച്ചേരി ശരിക്കും പറഞ്ഞാല്‍ വിസ്മയങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു. തൃപ്പൂണിത്തുറ സംഗീതകോളേജില്‍ നിന്ന് മാസ്റ്റര്‍ ബിരുദം നേടിയ ശ്രീ സുനിലിന്റെ അന്യാദൃശമായ കഴിവ് വേദിയില്‍ പ്രകടിപ്പിക്കപ്പെട്ടു.മൂന്നാംദിവസം ശ്രീമതി ഷീബ ബൈജുവും മജിഷ അരുണും വേദി കീഴടക്കി.വയലിനില്‍ മുരളിമാസ്റ്റര്‍ കൊയിലാണ്ടിയും മൃദംഗത്തില്‍ കെ എന്‍ മുരളി കാക്കയങ്ങാടും അകമ്പടിക്കാരായി.നാലാംദിവസമായ ഇന്നലെ വയലിന്‍ കച്ചേരിയിലൂടെ വിസ്മയം തീര്‍ത്തത് ശ്രീമതി ബിന്‍സിന്‍ സജിത്തായിരുന്നു.ആസ്വാദകരുടെ മുക്തകണ്ഠമായ പ്രശംസ പിടിച്ചു പറ്റാന്‍ അവര്‍ക്കു കഴിഞ്ഞു.ഒപ്പം അവരുടെ ശിഷ്യ കൂടിയായ ഒമ്പതുവയസ്സുകാരി ഹിമയുടെ പ്രകടനം അസൂയാവഹമായിരുന്നു എന്നു പറയാതെ വയ്യ.മൃദംഗത്തില്‍ ശ്രീ ഡോ. വി ആര്‍ നാരായണപ്രകാശും ഘടത്തില്‍ നാരായണന്‍ നമ്പൂതിരിയും അവര്‍ക്കൊപ്പം ചേര്‍ന്നു.അഞ്ചാംദിവസമായ ഇന്ന് ശ്രീ സുഹാസിനി തിരുവനന്തപുരം വായ്പാട്ടും ആറാംദിവസം ശ്രീ ജയരാജ് മാസ്റ്റര്‍ പുല്ലാങ്കുഴല്‍ കച്ചേരിയും ഏഴാംദിവസം കുമാരി ശ്രുതി , കുമാരി കാര്‍ത്തിക , ശ്രീമതി ജിഷ മോഹന്‍ , കുമാരി ശ്രീലക്ഷ്മി എന്നിവരുടെ കച്ചേരിയും എട്ടാംദിവസം ആശ വി നായരും ഒമ്പതാം ദിവസം ശ്രീ വിജയന്‍ മാസ്റ്ററും കച്ചേരികള്‍ നടത്തും. വൈകുന്നേരം 6.30 ന് ആരംഭിച്ച് 8.30 ന് അവസാനിക്കുന്ന തരത്തിലാണ് പരിപാടികളെന്നത് സൌകര്യപ്രദമാണ്. സംഗീതാസ്വാദകര്‍ക്ക് അവിസ്മരണീയമായ അനുഭവമായി മാറുന്ന ഈ പരിപാടി അടുത്ത വര്‍ഷവും തുടരുമെന്ന് പ്രത്യാശിക്കാം.

            

Saturday, September 23, 2017

#ദിനസരികള്‍ 164


ഭ്രാന്ത് സുഖമുള്ള അവസ്ഥയാണോ? ഭ്രാന്തിനു പുറത്തു ജീവിക്കുന്നവര്‍ക്ക് എന്തായാലും അതത്ര സുഖമുള്ള കാര്യമല്ല.അകത്തുള്ളവര്‍ക്കാണെങ്കില്‍ അതില്പരം സുഖമുള്ള മറ്റൊന്നില്ല എന്ന് പറയുന്നവരുണ്ട്. കണ്ടും കേട്ടും അറിഞ്ഞതില്‍ നിന്ന് ഭ്രാന്ത് അഥവാ ഉന്മാദം മറ്റു രോഗങ്ങളെപ്പോലെയല്ല എന്ന കാര്യം നമുക്കു തീര്‍ച്ചയാണ്. ഭ്രാന്തിനോടുള്ള സമീപനം തന്നെ വ്യത്യസ്ഥമാണ്. കെട്ടിയിടുകയും ഒറ്റക്കു താമസിപ്പിക്കുകയും തല്ലിശരിയാക്കുകയും കല്യാണം കഴിപ്പിക്കുകയുമൊക്കെ ഭ്രാന്തിനുള്ള മരുന്നുകളാണെന്ന് നാം പലപ്പോഴായി കരുതിയിരുന്നു.ഭ്രാന്തിന്റെ പേരില്‍ സമൂഹത്തില്‍ നിന്നുതന്നെ ഒറ്റപ്പെടുത്തി മാറ്റിനിറുത്തുന്നത് ഏതായാലും ഇപ്പോഴും ഒരു പൊതുസ്വഭാവമാണ്. ഉന്മാദികള്‍ ചെയ്യുന്ന പ്രവര്‍ത്തികളുടെ അപ്രവചനീയതയാണ് ഭ്രാന്തില്ലാത്തവരില്‍ ഭയപ്പാടുണ്ടാക്കുന്നതിന് പ്രധാന കാരണമാകുന്നത്.അതുകൊണ്ടാണ് അത്തരക്കാരെ പരമാവധി മാറ്റിനിറുത്തുക എന്നത് സ്വാഭാവികമായിരിക്കുന്നത്.
            ഇത് സാധാരണ ഭ്രാന്തന്മാരുടെ കാര്യമാണ്.എന്നാല്‍ അസാധാരണന്മാരായ ചില ഉന്മാദികളുണ്ട്. നാം അവരെ വിളിക്കുക കലാകാരന്മാരെന്നും സാഹിത്യകാരന്മാരെന്നുമൊക്കെയാണ്. സമൂഹം അവര്‍ക്ക് പ്രത്യേക പരിഗണനയും ലാളനയുമൊക്കെ നല്കുന്നുമുണ്ട്. എന്നാല്‍ എല്ലാ കലാകാരന്മാരും ഭ്രാന്തന്മാരാണ് എന്നൊരു ഏകീകരണത്തിനിവിടെ ശ്രമിക്കുന്നില്ല. പ്രതിഭയുള്ളവര്‍ക്കൊക്കെ ഭ്രാന്തുണ്ടാകും എന്ന് പൊതുവായൊരു സങ്കല്പമുണ്ട്.  അരിസ്റ്റോട്ടില്‍ , ഭ്രാന്തും പ്രതിഭയും കൈകോര്‍ത്തുപിടിച്ച് നടക്കുകയാണ് ചെയ്യുന്നതെന്നു പറഞ്ഞുകൊണ്ട് അതിനെ ശരിവെക്കുന്നുമുണ്ട്.വായിച്ച് വായിച്ച് വട്ടായിപ്പോയതാണ് എന്ന് നമ്മളും ഗ്രാമ്യം പ്രയോഗിക്കാറുണ്ടല്ലോ.നമ്മുടെ ആത്മീയത പലപ്പോഴും ഭ്രാന്തോളമെത്താറുണ്ടെന്ന കാര്യം കൂടി സൂചിപ്പിക്കട്ടെ.
കലാകാരന്മാരായ ഉന്മാദികളെന്ന് പേരെടുത്ത എത്രയോ പേര്‍ നമുക്കുണ്ടായിട്ടുണ്ട്.ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തിലുള്ള ഭ്രാന്ത് അവരെ കീഴ്പ്പെടുത്തിയിരുന്നു.ഉന്മാദികളായ അത്തരം കലാകാരന്മാരെപ്പറ്റി ചിന്തിക്കുമ്പോള്‍ ആദ്യം ഓര്‍മയിലേക്കെത്തുക വാന്‍ഗോഘായിരിക്കും.തന്റെ പ്രണയിനിയായ റേയ്ച്ചലിന് സ്വന്തം ചെവി മുറിച്ചു കൊടുത്തതടക്കം ഭ്രാന്തുകളുടെ ഒരു മുന്നേറ്റമായിരുന്നല്ലോ ആ ജീവിതമാകെത്തന്നെയും.മറ്റൊരാള്‍ ദാലിയാണ്. തന്റെ കലയേയും ജീവിതത്തേയും ഉന്മാദത്തിന്റെ രണ്ടു ചിറകുകളാക്കിയ മഹാനായ സര്‍റിയലിസ്റ്റ്.ഇനിയും എത്രയോ പേര്‍.നീഷേ , ടെന്നസ്സി വില്യംസ് , ഹെമിംഗ് വേ, ഡോം മൊറൈയ്സ് ,സോമര്‍ സെറ്റ് മോം , യൂകിയോ മിഷിമ തുടങ്ങി ഉന്മാദികളായ പ്രതിഭകളുടെ ഒരു നീണ്ട പട്ടികതന്നെ നമുക്ക് തയ്യാറാക്കാം.ആ ഭ്രാന്ത് ഇല്ലായിരുന്നെങ്കില്‍ ഇന്ന് അറിയപ്പെടുന്ന തലത്തില്‍ അവരെത്തുമായിരുന്നോ? സംശയമാണ്. അതുകൊണ്ട് ഭ്രാന്തിനെ വെറും ഭ്രാന്തെന്നു പറഞ്ഞു തള്ളിക്കളയണ്ട. ചിലപ്പോള്‍ ലോകത്തിന്റെ ഗതിവിഗതികളെ പുതുക്കിപ്പണിയുന്നതിന് കെല്പുള്ള ഊര്‍സ്രോതസ്സുകളെയാവും നാം ആട്ടിക്കളയുക.അതുകൊണ്ട് ഭ്രാന്തിനെ ആരാധിക്കുവാനും അനുസരിക്കുവാനും നാം ശീലിക്കേണ്ടിയിരിക്കുന്നു.

             

Friday, September 22, 2017

#ദിനസരികള്‍ 163


എന്താണ് മാര്‍ക്സിസം എന്ന ചോദ്യം ആഴ്ചയില്‍ ഒരിക്കലെങ്കിലും ആരെങ്കിലും ഉന്നയിച്ചു കേള്‍ക്കാറുണ്ട്. എന്താണ് ഫാസിസമെന്നത് അതിനോടൊപ്പം തന്നെ വരുന്ന മറ്റൊരു ചോദ്യമാണ്.ഫാസിസത്തിന് പ്രതിയോഗി മാര്‍ക്സിസമാണ് എന്നൊരു ചിന്ത വ്യാപകമായിട്ടുണ്ടെന്നതില്‍ നിന്നാണ് രണ്ടാമത്തെ ചോദ്യം രൂപം കൊള്ളുന്നത്.ഫാസിസത്തിന്റെ അപകടകരമായ വ്യാപനത്തെ തടയാന്‍ മാര്‍ക്സിസം എങ്ങനെയെല്ലാം സഹായിക്കുമെന്ന് അറിയുന്നതുതന്നെ ഇക്കാലങ്ങളില്‍ നല്ലൊരു പ്രതിരോധമാണ്.ആഴങ്ങളിലേക്ക് കടക്കുവാന്‍ സാഹചര്യങ്ങള്‍ അനുവദിക്കാത്തവര്‍ക്കുപോലും മാര്‍ക്സിസത്തെക്കുറിച്ച് ഒരു ധാരണയുണ്ടാക്കാന്‍ കഴിയുമെങ്കില്‍ വളരെ നന്നായിരിക്കും.അത്തരക്കാര്‍ക്കുവേണ്ടി മാര്‍ക്സിസത്തെക്കുറിച്ച് മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ചില ചെറിയ പുസ്തകങ്ങളെ പരിചയപ്പെടുത്തട്ടെ. ചെറുത് എന്നുദ്ദേശിച്ചത് അവയുടെ പേജുകളുടെ എണ്ണം കണക്കാക്കിയാണ് എന്ന് എടുത്തുപറയേണ്ടതില്ലല്ലോ.
            1968 ല്‍ ഇ എം എസ് ജയിലില്‍ വെച്ചെടുത്ത ക്ലാസുകളുടെ ക്രോഡീകരണമാണ് പിന്നീട് മാര്‍ക്സിസത്തിന്റെ ബാലപാഠം എന്ന പേരില്‍ പ്രസിദ്ധീകരിച്ച ലഘുലേഖ.മാര്‍ക്സിസം എന്താണെന്നും സമൂഹത്തില്‍ അത് എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നുമുള്ള അടിസ്ഥാനസങ്കല്പനങ്ങള്‍ അദ്ദേഹം ഈ പുസ്തകത്തില്‍ വിശദീകരിക്കുന്നു.പ്രൊഫസര്‍ കെ എന്‍ ഗംഗാധരന്‍ മാര്‍ക്സിസം ഒരു കൈപ്പുസ്തകം ഈ മേഖലയിലെ നല്ലൊരു പഠനമാണ്.മാര്‍ക്സിസത്തിന്റെ പ്രവര്‍ത്തനങ്ങളുടെ രീതിയെ സൂക്ഷ്മമായും വ്യക്തമായും ഇദ്ദേഹം ഈ പുസ്തകത്തില്‍ കൈകാര്യം ചെയ്യുന്നുണ്ട്. അദ്ദേഹത്തിന്റെ തന്നെ മറ്റൊരു പ്രധാനപ്പെട്ട പ്രയത്നമാണ് മാര്‍ക്സിസ്റ്റ് പദാവലി എന്ന പേരില്‍ പ്രസിദ്ധീകരിച്ച മാര്‍ക്സിസ്റ്റ് സംജ്ഞകളെ വിശദമാക്കുന്ന പുസ്തകം.തൊഴിലാളിവര്‍ഗ്ഗത്തിന്റെ ലോകവീക്ഷണവും വിപ്ലവശാസ്ത്രവുമായ മാര്‍ക്സിസത്തെക്കുറിച്ചു എഴുതപ്പെട്ട പ്രാധാന്യമുള്ള ഒന്നാണ് പദാവലി എന്ന കാര്യത്തില്‍ സംശയമില്ല.
            ബൈബിളിന്റെ വെളിച്ചത്തില്‍ മാര്‍ക്സിസത്തെ പഠിക്കാന്‍ ശ്രമിച്ച ഫാദര്‍ എസ് കാപ്പന്റെ മാര്‍ക്സിയന്‍ ദര്‍ശനത്തിന് ഒരാമുഖം എന്ന പുസ്തകം സവിശേഷമായ ഒരു മാതൃകയാണ്.അധ്വാനം സ്നേഹത്തിന്റെ കണ്ണികള്‍ തീര്‍ക്കും എന്ന ഉറച്ച വിശ്വാസത്തില്‍ നിന്നുകൊണ്ടാണ് ഈ പുസ്തകം രചിക്കപ്പെട്ടിരിക്കുന്നത്.മാര്‍ക്സിസത്തിന്റെ അടിസ്ഥാന പ്രമാണങ്ങളെപ്പറ്റി കൃത്യമായ ഒരു ധാരണയുണ്ടാക്കാന്‍ ഈ പുസ്തകം ഉപകരിക്കും.ഇ രാമചന്ദ്രന്റെ മാര്‍ക്സിസം തുടക്കക്കാര്‍ക്ക് എന്ന പുസ്തകം പേരു സൂചിപ്പിക്കുന്നതുപോലെത്തന്നെ തുടക്കക്കാരെ മാര്‍ക്സിസത്തിലേക്ക് ആകര്‍ഷിക്കുന്ന തരത്തില്‍ എഴുതപ്പെട്ടിരിക്കുന്നു.പ്രാകൃത കമ്മ്യൂണിസത്തില്‍ നിന്ന് മാര്‍ക്സിസം ഉപയോഗിച്ച് വിപ്ലവപ്രവര്‍ത്തനം സംഘടിപ്പിക്കുന്നതെങ്ങനെ എന്നുവരെയുള്ള വിവരങ്ങള്‍ ഈ പുസ്തകത്തില്‍ സമന്വയിപ്പിച്ചിരിക്കുന്നു.

            ഇനിയും മാര്‍ക്സിസത്തെക്കുറിച്ച് പഠിക്കാന്‍ തുടക്കക്കാരെ സഹായിക്കുന്ന നിരവധി പുസ്തകങ്ങളുണ്ട്. പെട്ടന്ന് മനസ്സില്‍ വന്നതു സൂചിപ്പിച്ചു എന്നേയുള്ളു. എമില്‍ ബേണ്‍സിന്റെ വിഖ്യാതമായ എന്താണ് മാര്‍ക്സിസം എന്ന പുസ്തകം മറക്കാന്‍ കഴിയുന്നതല്ല.ആ പുസ്തകത്തെ ഉപജീവിച്ച് മാര്‍ക്സിസത്തിന്റെ പഠനത്തിന് ശ്രമിക്കുന്നത് വളരെ നന്നായിരിക്കുമെന്നു തോന്നുന്നു.

Thursday, September 21, 2017

#ദിനസരികള്‍ 162


ആദിവാസികളുടെ സംസ്കാരത്തേയും ജീവിതരീതികളേയും അവയുടെ തനതുഭാവത്തോടെ നിലനിറുത്തണമെന്ന് ആവശ്യപ്പെടുന്നവരുടെ എണ്ണത്തിന് മുന്‍തൂക്കമുണ്ട്. അന്യം നിന്നു പോകുന്നു അവരുടെ കലകളേയും വായ്മൊഴികളേയും നമ്മുടെ പാരമ്പര്യ സാംസ്കാരികസമ്പത്തായി കണ്ടുകൊണ്ടു സംരക്ഷിച്ചുപോകണമെന്നാണ് അവരുടെ വാദം.നൂറ്റാണ്ടുകളായി അടിമവേലക്കു വിനിയോഗിച്ച് ചൂഷണം ചെയ്യപ്പെട്ട ആ വര്‍ഗ്ഗത്തോട് നമുക്കുള്ള സ്നേഹവും കടപ്പാടും പ്രശംസനീയവും അനുപേക്ഷണീയവുമാണ് എന്ന കാര്യത്തില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസമുണ്ടാകാനിടയില്ല.പക്ഷേ അവരുടെ സംസ്കാരത്തേയും ജീവിതരീതികളേയും അതേപോലെ സംരക്ഷിച്ചു നിലനിറുത്തിക്കൊണ്ടു പോകണമെന്നും അവയെ ഇതരസംസ്കാരങ്ങളുമായി കൂടിക്കുഴയാതെ അറകളായി കണക്കാക്കണമെന്നുമുള്ള വാദത്തോട് അഭിപ്രായ വ്യത്യാസമുണ്ട്. ‍
            സാമൂഹ്യപരിണാമത്തിന്റേതായ എത്രയോ ഘട്ടങ്ങള്‍ മനുഷ്യന്‍ പിന്നിട്ടുണ്ട്. ഇരതേടി വേട്ടയാടി നടന്ന കാലംമുതല്‍ ഇക്കാലംവരെയുള്ള മുന്നേറ്റങ്ങള്‍ മനുഷ്യപുരോഗതിയെ സാരമായി ബാധിക്കുകയും പുരോഗമനത്തിന്റേതായ പടവുകളിലേക്ക് നയിക്കുകയും ചെയ്തിട്ടുണ്ട്.മരവാസികളായും ഗുഹാ ജീവികളായും ഒറ്റക്കും കൂട്ടായും കോളനിയായുമൊക്കെ നാം ജീവിച്ചിട്ടുണ്ട്.അന്നന്നത്തെ അപ്പത്തിനുവേണ്ടിയുള്ള ഓട്ടത്തില്‍ നിന്ന് കരുതലിന്റെ ഘട്ടത്തിലേക്കുള്ള മാറ്റത്തിനുതന്നെ കാലങ്ങളെടുത്തു.ഇങ്ങനെ പ്രാകൃതജീവിതത്തിന്റേതായ മുഴുവന്‍ ഘട്ടങ്ങളേയും തള്ളുകയും ചിലതിനെയൊക്കെ സ്വീകരിക്കുകയും ചെയ്തുകൊണ്ടാണ് നാം നാഗരികജീവിതത്തിന്റെ വിവിധ വശങ്ങളെ പിന്നിട്ടത്.ഒന്നില്‍ നിന്ന് ഒന്നിലേക്ക്. അവയെ പുരോഗമനം എന്നാണ് നാം വിളിച്ചത്.ആ പുരോഗമനത്തിന്റെ പാതയില്‍ ഒരിക്കല്‍ നാം ഇന്നത്തെ ആദിവാസികളുടെ ജീവിതവും നയിച്ചിട്ടുണ്ട്. അവര്‍ ഇന്നുപാടുന്ന പാട്ടുകള്‍ , അവരുടെ ആട്ടം , വേഷം, ഭാഷ , രീതി , ശൈലി എന്നിവയൊക്കെ നമ്മളും ഒരിക്കല്‍ കടന്നുപോന്നിട്ടുണ്ട്.ആ കടന്നുപോരലിനെ നാം പുരോഗമനം എന്നാണ് വിളിച്ചത്.
            ഒരിക്കല്‍ നാം ഉപേക്ഷിച്ചു പോന്ന ജീവിതരീതിയില്‍ തുടരുന്ന ഒരു വിഭാഗത്തെ എന്തുകൊണ്ടാണ് അതായിത്തന്നെ നിലനിറുത്തണമെന്ന് നാം വാദിക്കുന്നത് ? നമ്മുടെ രാഷ്ട്രീയവും സാംസ്കാരികവുമായ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്ന ഒരു കൂട്ടമായി അവര്‍ നിലനില്ക്കണമെന്ന ശാഠ്യം ഏതുതരത്തിലാണ് അവരെ സഹായിക്കുക?അതുകൊണ്ട് സാംസ്കാരികമായ ഒരു പരിച്ഛേദത്തിന്റെ ഈടുവെപ്പായി ആദിവാസിവിഭാഗത്തെ സംരക്ഷിച്ചു മാറ്റിനിറുത്തുന്നതിന് പകരം അവരെ സ്വതന്ത്രരാക്കുകയാണ് വേണ്ടത്. കോളനിവത്കരണം അവസാനിപ്പിച്ചുകൊണ്ട് അവരെ പൊതുധാരയിലെ ജീവിതത്തിലേക്ക് പറിച്ചു നടുക.(കോളനിയായി ജീവിക്കുവാനാണ് അവര്‍ ഇഷ്ടപ്പെടുന്നതെന്നും        ഒറ്റതിരിഞ്ഞുള്ള ജീവിതം അവരെ നശിപ്പിക്കുകയേയുള്ളു എന്ന വാദവുമൊക്കെ എന്റെ ചുറ്റും അലയടിക്കുന്നത് എനിക്കു കേള്‍ക്കാം.) ഈ പറിച്ചുനടലിന്റെ വിഷമം ഒരു തലമുറ അനുഭവിച്ചേക്കാം. എന്നാല്‍ അടുത്ത തലമുറ മുതല്‍ പൊതുധാരയിലെ ജീവിതം പരിചയിക്കുകയും ഇണങ്ങിച്ചേരുകയും ചെയ്യും എന്നതില്‍ തര്‍ക്കമില്ല.ഇനി വരാന്‍ പോകുന്ന മുഴുവന്‍ തലമുറകളും അനുഭവിക്കാനിരിക്കുന്ന ദുരിതത്തില്‍ നിന്ന് മോചനം കിട്ടാന്‍ ഒരു തലമുറ അല്പം വിഷമിക്കുന്നത് ഗുണമേ ചെയ്യൂ എന്നുതന്നെയാണ് എന്റെ നിലപാട്.അതിന് പക്ഷേ ഇച്ഛാശക്തിയുള്ള ഒരു പൊതുസമൂഹം ഉണ്ടാകണം എന്നുമാത്രം.
           


Wednesday, September 20, 2017

#ദിനസരികള്‍ 161


വിട നല്കുക രാജ്യം വി
ട്ടിറങ്ങേണ്ടുന്ന നേരമായ്
പടവാള്‍ താഴെ വെച്ചിന്നു
കമണ്ഡലു , വെടുപ്പു ഞാന്‍
സുവര്‍ണ വസ്ത്രമെന്തിനായ്
മരത്തോലുകള്‍ പോരുമേ
ഇനിയും യാത്ര! ദൂരത്തു
വനഭൂമി വിളിക്കയായ്
കണ്‍കളോ കൈകളോ വാക്കോ
വാളു വീശാത്ത ഭൂമിക
കാറ്റിനും പൂനിലാവിന്നും
കോട്ടയില്ലാത്ത ശുദ്ധത
            നഖരം നീട്ടിയെത്തുന്ന
            നിനവില്ലാത്ത ശാന്തത
            ചതിയില്‍ക്കൊന്നു വെല്ലുന്ന
            നരരില്ലാത്ത സ്വച്ഛത
വെണ്‍ശിലാ തല്പവും വെഞ്ചാ
മരവും നല്‍കിടാത്തതാം
കുളിരുള്ളിലുണര്‍ത്തുന്ന
വനം നീര്‍ത്തുന്നിതാര്‍ദ്രത
            അവിടേക്കല്ലി പോകുന്നു
            കൃഷ്ണ ! നീ വിട നല്കുക
            ഇല്ല പാരുഷ്യമാരോടും
            കാലുഷ്യം , നിന്നിലാരിലും പ്രഭാവര്‍മ്മയുടെ ശ്യാമമാധവത്തിലെ എനിക്കേറ്റവും ഇഷ്ടമായ വരികളാണ് മേല്‍ക്കുറിച്ചത്.വനവാസത്തിനായി വിടവാങ്ങിയിറങ്ങുന്ന ധൃതരാഷ്ട്രമഹാരാജാവിന്റെ വാക്കുകള്‍ തീത്തുള്ളികളെന്ന പോലെ ആത്മാവിനെ പൊള്ളിക്കുന്നു.ചിന്താവിഷ്ടയായ സീതയില്‍ ഇനി യാത്ര പറഞ്ഞിടട്ടെ ഹാ ദിനസാമ്രാജ്യപതേ ദിവസ്പതേ എന്ന ഭാഗം ഓര്‍മിപ്പിക്കുന്നില്ലേ? സമകാലിക കാവ്യനഭസ്സിലെ തിളങ്ങുന്ന നക്ഷത്രമാണ് ശ്യാമമാധവം എന്ന ഖണ്ഡകാവ്യം.മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചുവന്ന ഈ കാവ്യം എഡിറ്ററായിരുന്ന എസ് ജയചന്ദ്രന്‍ നായരുടെ എകാധിപത്യസമീപനത്താല്‍ നിറുത്തുന്ന സാഹചര്യമുണ്ടായത് കൂടി ഓര്‍മിപ്പിക്കട്ടെ.


Tuesday, September 19, 2017

#ദിനസരികള്‍ 160


റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ തിരിച്ചയക്കുവാനുള്ള കേന്ദ്രസര്‍‍ക്കാറിന്റെ നീക്കം മനുഷ്യത്വരഹിതവും അന്താരാഷ്ട്രനിയമങ്ങളെ വെല്ലുവിളിക്കുന്നതുമാണെന്ന് വ്യക്തമാക്കി മാതൃഭൂമിയില്‍ സുപ്രീംകോടതി അഭിഭാഷകനും ഭരണഘടനാവിദഗ്ധനുമായ എം ആര്‍ അഭിലാഷ് എഴുതിയ നിരാകരിക്കാനാവില്ല അവരെ എന്ന ലേഖനം ശ്രദ്ധയില്‍ പെടുത്തട്ടെ. The Rohingya people are a Muslim minority group residing in the Rakhine state, formerly known as Arakan.The Rohingya people are considered “stateless entities”, as the Myanmar government has been refusing to recognise them as one of the ethnic groups of the country. For this reason, the Rohingya people lack legal protection from the Government of Myanmar, are regarded as mere refugees from Bangladesh, and face strong hostility in the country—often described as one of the most persecuted people on earth.To escape the dire situation in Myanmar, the Rohingya try to illegally enter Southeast Asian states, begging for humanitarian support from potential host countries. എന്നാണ് ഇവരുടെ ജീവിതത്തെക്കുറിച്ച് വിക്കിപ്പീഡിയപറയുന്നത്. ഈ ജനവിഭാഗം കടുത്ത മനുഷ്യാവകാശലംഘനം അനുഭവിക്കുന്നുണ്ടെന്ന് ഹ്യൂമന്‍ റൈറ്റ് വാച്ച് പറയുന്നു. ഏകദേശം 214 ഗ്രാമങ്ങള്‍ പരിപൂര്‍ണമായും നശിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും സൈന്യം നടത്തുന്ന വംശീയ ഹത്യ അവസാനിപ്പിക്കാന്‍ ലോകമനസ്സാക്ഷി ഉണരണമെന്നും HRW ആവശ്യപ്പെടുന്നു.നൊബേല്‍ സമ്മാനജേത്രിയും മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളുകയും ചെയ്യുന്ന ഭരണാധികാരി ആങ് സാന്‍ സ്യൂചി ഈ വിഷയത്തിലെടുത്ത നീണ്ട മൌനം ഇപ്പോഴും ഭരണം നിയന്ത്രിക്കുന്ന പട്ടാളത്തെ ഭയന്നിട്ടാണെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. സഞ്ചാരസ്വാതന്ത്ര്യവും പൌരത്വവുമൊന്നുമില്ലാത്ത റോഹിങ്ക്യകള്‍ സമകാലിക അഭയാര്‍ത്ഥികളില്‍ ഏറ്റവും കൂടുതല്‍ പിഢീപ്പിക്കപ്പെടുന്ന വിഭാഗമാണെന്ന് കരുതപ്പെടുന്നു.

            ജീവനും മുറുകെപ്പിടിച്ച് അഭയം തേടി അലഞ്ഞ അത്തരം നാല്പതിനായിരത്തോളം റോഹിങ്ക്യകളാണ് ഇപ്പോള്‍ ഇന്ത്യയിലുള്ളത്. അവരെ അനധികൃത കുടിയേറ്റക്കാരായി കണ്ടുകൊണ്ട് നാടുകടത്തണമെന്നാണ് സര്‍ക്കാറിന്റെ നിലപാടെന്നാണ് കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു പറയുന്നത്.എന്നാല്‍ ഇതു തെറ്റിദ്ധരിപ്പിക്കുന്ന വാദമാണെന്നും പൌരത്വമല്ല , അഭയമാണ് റോഹിങ്ക്യകള്‍ ആവശ്യപ്പെടുന്നതെന്നും വ്യക്തമാണ്. മനുഷ്യനെന്ന നിലയില്‍ ജീവിക്കുവാനുള്ള അവകാശം ലഭിക്കണമെന്ന ആവശ്യത്തിന് നേരെ ഇന്ത്യയെപോലെയുള്ള ഒരു രാജ്യത്തിന് കണ്ണടക്കാന്‍ കഴിയില്ല. മ്യാന്മാർ പ്രശ്നത്തിന്റെ ചൂടാറുമ്പോൾ ഉഭയകക്ഷി ചർച്ചകളിലൂടെയും അന്താരാഷ്ട്ര സമ്മർദത്തിലൂടെയും മ്യാന്മാറിനെക്കൊണ്ട് അഭയാർഥികളെ തിരിച്ചെടുപ്പിക്കാൻ ഇന്ത്യക്കാകും. ജമ്മുവിലും ഹരിയാണയിലുമൊക്കെയുള്ള ക്യാമ്പുകളിലുംമറ്റും അധിവസിക്കുന്ന റോഹിംഗ്യൻ അഭയാർഥികളുടെ മുകളിൽ ഒരു നിരീക്ഷണമാവശ്യമാണ്. പക്ഷേ, അവരുടെ പക്ഷേ, അവരുടെ ജീവിക്കാനുള്ള അവകാശം ഇന്ത്യയിൽ നിരാകരിക്കപ്പെടരുത് എന്ന ലേഖകന്റെ വാദത്തിന് മനുഷ്യരെന്ന നിലയില്‍ നാം ചെവി കൊടുത്തേ തീരൂ.

Monday, September 18, 2017

#ദിനസരികള്‍ 159


പ്രണയത്തിന് കാള്‍ മാര്‍ക്സെന്നോ കമ്യൂണിസ്റ്റെന്നോ വല്ല വേര്‍തിരവുമുണ്ടോ ? അത് എപ്പോള്‍ ആരെ എങ്ങനെയൊക്കെ തന്റെ വലയില്‍ വീഴ്ത്തും എന്നു മുന്‍കൂട്ടി നിശ്ചയിക്കാന്‍ വയ്യ. അപ്രവചനീയമായ ഈ അകസ്മികത തന്നെയാണ് പ്രണയത്തിന്റെ  മനോഹാരിതക്ക് കാരണമാകുന്നത്.പ്രണയവും വിരഹവും ജീവിതത്തില്‍ അനുഭവിക്കേണ്ടതായ പ്രധാനപ്പെട്ട വികാരങ്ങളില്‍ പ്രധാനപ്പെട്ടതാണെന്ന് ഞാന്‍ പറയും. കാരണം അത് ജീവിതത്തെ അതിന്റെ ശരാശരികളില്‍ നിന്ന് ഒരു പടി മുകളിലേക്ക് ഉയര്‍ത്തുന്നു.ഉപാധിരഹിതമായ പ്രണയത്തിന്റെ കുത്തൊഴുക്കില്‍ കൊട്ടാരങ്ങളും കൊച്ചുകുടിലുകളുംവരെ ഒലിച്ചുപോയ കഥ ചരിത്രത്തില്‍ ധാരാളമുണ്ട്.സ്നേഹിക്കുവാനും സ്നേഹിക്കപ്പെടുവാനുമുള്ള വികാരം മനുഷ്യനില്‍ നിലനില്ക്കുന്ന കാലത്തോളം പ്രണയം അതിമനോഹരമായ ഒരനുഭൂതിയായി തുടരും.
            നിനക്കായ് മാത്രം ദ്രുതമെന്‍ നാഡിമിടിക്കവേ
            നിനക്കായെന്‍ ഗീതങ്ങള്‍ നൈരാശ്യമാര്‍ന്നീടവേ
            നീ മാത്രമവയ്ക്കന്തശ്ചോദനമെന്നാകവേ
            ഓരോ വര്‍ണ്ണവും നിന്റെ പേരേറ്റു പറയവേ
            ഓരോരോ സ്വരത്തിനും മാധുരി നീയേകവേ
            ഓരോരോ നിശ്വാസവും ഭദ്രേ നിന്‍ നേര്‍ക്കാകവേ പല്ലവലോലമായ ഈ പ്രണയഗാനം എഴുതിയത് മറ്റാരുമാല്ല, സാക്ഷാല്‍ കാള്‍ മാര്‍ക്സാണ്.തന്റെ പ്രണയിനിയായ ജെന്നിയുടെ ഓര്‍മകള്‍ ഓരോ വരിയിലും ഓരോ വാക്കിലും എന്തിന് ഓരോ അക്ഷരത്തില്‍‌പ്പോലും തുടിച്ചുനില്ക്കുന്ന ഈ വരികള്‍ തന്റെ ജീവിതം മുഴുവന്‍ നിസ്വവര്‍ഗ്ഗത്തിനു വേണ്ടി ഉഴിഞ്ഞുവെച്ച മാര്‍ക്സ് എഴുതിയതാണെന്നു വന്നാല്‍ അതുതന്നെയല്ലേ പ്രണയത്തിന്റെ മാസ്മരികതക്ക് നല്കാവുന്ന നിസ്തുലമായ ഉദാഹരണം ? പ്രണയികളുടെ മുന്നില്‍ ലോകം അപ്രത്യക്ഷമാകുകയാണ്.രണ്ടുപേര്‍ മാത്രമവശേഷിക്കുന്ന പാരസ്പര്യത്തിന്റെ ഊര്‍ജ്ജപ്രവാഹത്തില്‍ ബാക്കിയെല്ലാം അപ്രത്യക്ഷമാകുന്നു. കാമുകി ജന്നിയാണെങ്കില്‍ കാണുന്നതും കേള്‍ക്കുന്നതും പറയുന്നതും സ്പര്‍ശിക്കുന്നതുമെല്ലാം ജന്നി മാത്രമാകുന്നു. ജന്നി എങ്ങും നിറഞ്ഞു നില്ക്കുന്നു.
            സ്വന്തം പിതാവിനെ തന്റെ പ്രണയത്തെക്കുറിച്ച് കാള്‍ മാര്‍ക്സ് എഴുതി അറിയിച്ചിരിക്കുന്നത് ഇങ്ങനെയാണ്. ഞാനങ്ങയെ വിട്ടുപോന്നപ്പോള്‍ ഒരു പുതിയ ലോകം എന്റെ മുമ്പില്‍ തുറക്കപ്പെടുകയായിരുന്നു.പ്രേമത്തിന്റെ ലോകം. ആദ്യമതൊരു വിഭ്രാന്തി മാത്രമായിരുന്നു.സാക്ഷാത്കരിക്കുമെന്ന പ്രതീക്ഷക്കൊന്നും വകയില്ലാത്ത വിഭ്രാന്തി.എന്നെ വളരെ ആഹ്ളാദിപ്പിക്കുമായിരുന്ന ആ യാത്ര പ്രകൃതിയുടെ മഹിമാതിരേകത്തെക്കുറിച്ച് പ്രചോദനം കൊള്ളുവാന്‍ പോരുമായിരുന്ന യാത്ര.ജീവിതാനന്ദം ഉത്തേജിപ്പിക്കുവാന്‍ ഉതകുമായിരുന്ന ആ യാത്ര യഥാര്‍ത്ഥത്തില്‍ എന്നെ ഒട്ടുംതന്നെ ഉന്മേഷവാനാക്കിയില്ല.എന്തുകൊണ്ടെന്നാല്‍ വഴി നീളെ കണ്ട പാറക്കൂട്ടങ്ങള്‍ എന്റെ ഉള്ളിലെ വികാരങ്ങളെക്കാള്‍ കഠിനമോ പരുക്കനോ ആയിരുന്നില്ല.വന്‍നഗരങ്ങള്‍ എന്റെ രക്തത്തോളം തിളച്ചുമറിയുന്നതായിരുന്നില്ല. എന്റെ ഭാവനയിലെ വിഭവങ്ങളെക്കാള്‍ അധികമോ ദഹിക്കാനാവാത്തതോ ആയിരുന്നില്ല സത്രങ്ങളിലെ തീന്മേശകളില്‍ നിരന്ന വിഭവങ്ങള്‍.ഉപസംഹാരമായി പറയട്ടെ കല ജന്നിയോളം സുന്ദരമായി തോന്നിയില്ല(പി ഗോവിന്ദപ്പിള്ള, മാര്‍ക്സിന്റെ കവിത)
            ഉപാധികളില്ലാത്ത പ്രണയത്തിന് പ്രായം തടസ്സമാകില്ലെന്നു എടുത്തുപറയേണ്ടതില്ലല്ലോ. അത്തരമൊരു പ്രണയത്തിന്റെ സ്വപ്നതുല്യമായ മേഘമാര്‍ഗ്ഗങ്ങളില്‍ ഒരിക്കലെങ്കിലും കേറി നില്ക്കാത്തവര്‍ ജീവിതം അനുഭവിക്കുന്നില്ലെന്നുവരാം. അതുകൊണ്ട് പ്രണയത്തെ കരുതിയിരിക്കുക.

            

Sunday, September 17, 2017

#ദിനസരികള്‍ 158


സര്‍ക്കസ്സ് കൂടാരങ്ങളിലെ പ്രദര്‍ശനങ്ങളുടെ ഇടവേളകളില്‍ സദസ്സു മുഷിയാതിരിക്കാന്‍ ഫലിതം വിതറി പാഞ്ഞുനടക്കുന്ന കോമാളിയെപ്പോലെ ഒരു കേന്ദ്രമന്ത്രി ഇവിടെ നമുക്കിടയിലുണ്ട്. ഇന്ത്യയിലെ കൃസ്ത്യന്‍ സമുദായത്തെ ബി ജെ പിയിലേക്ക് അടുപ്പിക്കാനായി നരേന്ദ്രമോഡിയും അമിത് ഷായും കൂടി നിയോഗിച്ച സാക്ഷാല്‍ അല്‍‌ഫോണ്‍സ് കണ്ണന്താനം.വിഡ്ഢിത്തത്തിന്റേയും വിടുവായത്തത്തിന്റേയും ആള്‍രൂപമായ ഇദ്ദേഹത്തെയാണ് ഈ ദൌത്യത്തിന് തിരഞ്ഞെടുത്ത് നിയോഗിച്ചത് എന്നത് ജനാധിപത്യമനസ്സുകള്‍ക്ക് ആശ്വാസമാണ്. ഇത്തിരി കാര്യവിവരമുള്ള ആരെയെങ്കിലും ബി ജെ പിയുടെ കേന്ദ്രനേതൃത്വം കണ്ടെത്തിയിരുന്നെങ്കില്‍ ഒരു പക്ഷേ മതരഹിത മനസ്സുകള്‍ക്ക് അതൊരു തലവേദനയാകുമായിരുന്നു.
            മന്ത്രിപ്രതിജ്ഞ ചെയ്യുന്നതിനുമുമ്പേ തുടങ്ങിയതാണ് വീരസ്യം. അത് ഉത്തരോത്തരം മേല്‍ഗതി നേടുന്നുവെന്നല്ലാതെ അവസാനിക്കുന്ന മട്ടുകാണിക്കുന്നില്ല.ഇന്നലെ പറയുന്നതല്ല ഇന്നു പറയുന്നത്.അനുദിനം അഭിപ്രായങ്ങള്‍ മാറ്റിമറിക്കുന്നു.ബീഫ് കഴിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് പറഞ്ഞ് കൈയ്യടി നേടിയതിന്റെ പിറ്റേദിവസം തന്നെ അതു തിരുത്തി. ഇന്ത്യയിലേക്ക് വരുന്നവര്‍ അതാതുരാജ്യങ്ങളില്‍ നിന്ന് ബീഫ് കഴിച്ചിട്ട് വരട്ടെ എന്നായി പിറ്റേന്ന്.എന്നാല്‍ അങ്ങനെ പറഞ്ഞപ്പോള്‍ അതും വിവാദമായി. ഉടനെ വന്നു വിശദീകരണം. താനങ്ങനെ പറഞ്ഞത് , ഇന്ത്യയിലെ പശുക്കളും പോത്തുകളും മൂരികളുമൊക്കെ മെലിഞ്ഞിരിക്കുകയാണെന്നും നല്ല ബീഫ് രാജ്യത്തിന് പുറത്തുകിട്ടുമ്പോള്‍ ഇവിടെ വന്ന് മോശം ബീഫ് കഴിക്കുന്നതെന്തിന് എന്നാണ് ചോദിച്ചതെന്നുമായി വ്യാഖ്യാനം.ഇന്ത്യയിലെ പശുക്കളേയും അവയെ അമ്മയായി കാണുന്ന പശുമക്കളേയും അപമാനിക്കുന്ന ഈ പ്രസ്ഥാവനക്ക് ഇനിയെന്തു വിശദീകരണം വരും എന്നാണ് കാത്തിരിക്കുന്നത്.ബീഫുവിഷയത്തില്‍ സംഘപരിവാരം ഉയര്‍ത്തിപ്പിടിക്കുന്ന വങ്കത്തരങ്ങള്‍ക്കപ്പുറമൊന്നും ഈ അഭിനവസംഘപ്രചാരകനും ഉണ്ടാകാനിടയില്ല എന്ന കാര്യം വ്യക്തമാണ്.

            പെട്രോള്‍ - ഡീസല്‍ വിലവര്‍ദ്ധനവിനെപ്പറ്റി ഈ മഹാന്റെ പേച്ചുകള്‍ എക്കാലത്തേക്കും സൂക്ഷിച്ചുവെക്കേണ്ടതാണ്. ജനങ്ങളോടുളള ബി ജെ പിയുടെ നയമെന്തെന്ന് വ്യക്തമാക്കുന്നതാണ് അവ.ദിവസേന വില പുതുക്കുന്ന ഏര്‍പ്പാട് കൊണ്ടുവന്നിട്ട് ഇപ്പോള്‍ ഏകദേശം മൂന്നുമാസമായിരുക്കുന്നു. കൂടുക എന്നല്ലാതെ കുറയുക എന്നൊരവസ്ഥ ഇതുവരെ ഉണ്ടായിട്ടില്ല.അന്താരാഷ്ട്ര കമ്പോളത്തില്‍ അസംസ്കൃത എണ്ണയുടെ വില കുറഞ്ഞിരിക്കുന്ന സന്ദര്‍ഭത്തിലാണ് നമ്മുടെ രാജ്യത്ത് അടിക്കടി വിലവര്‍ദ്ധനവുണ്ടാകുന്നതെന്നോര്‍ക്കണം.കേന്ദ്രസര്‍ക്കാറില്‍ സാമ്പത്തികമായി നിലനില്ക്കുന്ന പ്രതിസന്ധികളെ അതിജീവിക്കാനുള്ള പോംവഴികളിലൊന്നായി ഈ എണ്ണവില വര്‍ദ്ധനവില്‍ നിന്നുകിട്ടുന്ന ലാഭത്തെ ഉപയോഗിക്കുന്നു എന്നതാണ് വസ്തുത.എന്നാല്‍ ഈ വര്‍ദ്ധനവില്‍ നിന്നുകിട്ടുന്ന ലാഭംകൊണ്ട് പാവപ്പട്ടവരെ സംരക്ഷിക്കുവാനും ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തുവാനുമാണ് ലക്ഷ്യമിടുന്നതെന്ന മന്ത്രിയുടെ വാദം വിചിത്രമാണ്.വാഹനമുള്ളവരൊക്കെ പണക്കാരാണത്രേ! ഏതായാലും ഈ മന്ത്രിയും അദ്ദേഹത്തിന്റെ നിലപാടുകളും ഒരു വലിയ തമാശയാണ്.സംഘപരിവാരം ഉണ്ടാക്കിയെടുത്തിരിക്കുന്ന കോമാളികളിലൊരാള്‍ എന്നതിനപ്പുറമുള്ള പ്രതീക്ഷയൊന്നും ജനങ്ങള്‍ക്ക് വിശിഷ്യാ കൃസ്ത്യാനികള്‍ക്ക് വേണ്ട എന്നിദ്ദേഹം തെളിയിച്ചു കഴിഞ്ഞു.

Saturday, September 16, 2017

#ദിനസരികള്‍ 157


കമ്യൂണിസത്തിന് മതാത്മകതയുടെ പരിവേഷം ചാര്‍ത്തിക്കൊടുക്കുന്നതില്‍ സമകാലികരായ എതിരാളികള്‍ ആത്മരതിയുടേതായ സുഖം അനുഭവിക്കുന്നുണ്ട് എന്ന് തോന്നാറുണ്ട്.കടുത്ത വിമര്‍ശനമാണെന്ന തെറ്റിദ്ധരിച്ചുകൊണ്ട് പല ലളിതബുദ്ധികളും ആക്ഷേപകരമായ ആ പരാമര്‍ശത്തെ വീണ്ടും വീണ്ടും ഉന്നയിക്കാറുമുണ്ട്. മതവും കമ്യൂണിസവും സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന രീതികളെക്കുറിച്ചും അങ്ങനെ പ്രവര്‍ത്തിക്കുവാന്‍‌ അടിസ്ഥാനമാക്കുന്ന സങ്കല്പനങ്ങളെക്കുറിച്ചും വേണ്ടത്ര മനസ്സിലാക്കാതെ താല്കാലികമായ ആശ്വാസത്തിന് ഒരു തെറി തുപ്പുന്ന ലാഘവത്തോടെയാണ് പലരും ഈ ആക്ഷേപം പുറത്തെടുക്കാറുള്ളത്. പക്ഷേ പരിണതപ്രജ്ഞനെന്ന് കരുതപ്പെടുന്ന ആനന്ദിനെപ്പോലെയുളള ഒരാള്‍ അത്തരമൊരു ആക്ഷേപത്തെ ആവര്‍ത്തിക്കുമ്പോള്‍ ഗര്‍ഹണീയമെന്നല്ലാതെ മറ്റെന്താണ് പറയുക? മതാധിഷ്ടിതകൌടില്യങ്ങളുടെ കെട്ടിയേറ്റങ്ങള്‍ക്കും വെല്ലുവിളികള്‍ക്കുമെതിരെ ജാഗ്രത പാലിക്കേണ്ട ഘട്ടത്തില്‍ മതേതരത്വമെന്ന മൂല്യത്തെ ഉയര്‍ത്തിപ്പിടിക്കുന്ന സാമുഹികപ്രസ്ഥാനങ്ങളെ , എന്തൊക്കെ വീഴ്ചകളുണ്ടെങ്കിലും സംശയത്തിന്റെ കള്ളികളിലേക്ക് വലിച്ചിടുക എന്നത് ഫാസിസത്തിന്റെ തേരോട്ടങ്ങള്‍ക്ക് ശക്തിപകരുവാനല്ലേ സഹായിക്കുക ?
            പ്രോട്ടോഫാസിസത്തിന്റെ കാലത്ത് മതരഹിതമൂല്യങ്ങളെ ആകമാനം സംശയത്തിന്റെ കണ്ണുകളില്‍ പെടുത്തി ഒറ്റപ്പെടുത്തിയെടുക്കുവാനുള്ള സംഘടിതശ്രമങ്ങള്‍ ഇന്ത്യയൊട്ടാകെ നടന്നിരുന്നു.അതിന്റെ ഫലമായി എല്ലാം കണക്കാണ് എന്ന ഒരു ചിന്ത സമുഹത്തിലാകമാനം വ്യാപരിപ്പിക്കുവാന്‍ തല്പരകക്ഷികള്‍ക്ക് കഴിഞ്ഞു.എല്ലാം കണക്കാണെങ്കില്‍പ്പിന്നെ ഞങ്ങളായാലെന്ത് ? എന്ന ചോദ്യമുയര്‍ത്തുകയാണ് ഈ പ്രചണ്ഡമായ പ്രചാരണഘോഷങ്ങളുടെ രണ്ടാംഘട്ടം. ആ രണ്ടാംഘട്ടം പ്രോട്ടോഫാസിസത്തിന്റെ അഥവാ ഉര്‍ - ഫാസിസത്തിന്റെ അവസാനവും ഫാസിസത്തിന്റെ തുടക്കവുമാണ്.ഇവിടെനിന്നാണ് ഫാസിസം അതിന്റെ തനതായ വലകള്‍ നെയ്തുതുടങ്ങുന്നത്.സ്വച്ഛവും സ്വതന്ത്രവുമായ ഒരു സമൂഹത്തില്‍ സംശയങ്ങള്‍ ഉണ്ടാക്കുകയും ആ സംശയങ്ങളെപ്രതി ചേരിതിരിക്കുകയും ചെയ്തുകൊണ്ടാണ് ഫാസിസം ഞങ്ങളാണ് കൂട്ടത്തില്‍ കേമന്‍ എന്നു സ്ഥാപിക്കുന്നത്.അങ്ങനെ സ്ഥാപിച്ചെടുക്കാന്‍ അവര്‍ ശ്രമിക്കുന്നത് എന്തൊക്കെ ഘടകങ്ങളെ കൂട്ടുപിടിച്ചാണെന്ന് ഉമ്പര്‍‌ട്ടോ എക്കോ വ്യക്തമായി ചൂണ്ടിക്കാണിക്കുന്നുണ്ട്.ഇതൊന്നും ആനന്ദിന് അറിയാതിരിക്കില്ല എന്നു ഞാന്‍ പ്രതീക്ഷിക്കുന്നു.

            അതുകൊണ്ട് സംശയങ്ങളെ സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് ഫാസിസ്റ്റ് പ്രവണതകളുടെ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുകയേയുള്ളു എന്ന് ആക്ഷേപങ്ങളെ അന്ധമായി ഉന്നയിക്കുന്നവര്‍ മനസ്സിലാക്കണം.അടിത്തറയുള്ള വിമര്‍ശനങ്ങളെ നേരിടുന്നതിന് ഇടതുപക്ഷത്തിന് ശേഷിയും ശേമുഷിയുമുണ്ട്. വിമര്‍ശനങ്ങളെന്നു തെറ്റിദ്ധരിച്ചുകൊണ്ടു ഉന്നയിക്കുന്ന ആക്ഷേപങ്ങളെന്ന അടുക്കളക്കുശുമ്പുകളെ തള്ളിക്കളയാതിരിക്കുന്നതെങ്ങനെ ?”ജയ് ശ്രീറാം എന്നോ അല്ലാഹു അക്ബര്‍ എന്നോ സത് ശ്രീ അകാല്‍ എന്നോ ഹല്ലേലുയോ എന്നോ ഒക്കെപ്പോലെയുള്ള ഒരു മുദ്രാവാക്യമല്ല ഈങ്കുലാബ് സിന്ദാബാദ് എന്ന് ആനന്ദ് മനസ്സിലാക്കണം.അതിനു കഴിഞ്ഞില്ലെങ്കില്‍ അറിഞ്ഞുകൊണ്ടുതന്നെ ഫാസിസംവിരിച്ച വലയില്‍ ചെന്നു വീണുകൊടുക്കുന്നതിന് തുല്യമാകും. (ലേഖനം മലയാളം വാരികയില്‍, സെപ്തം 18 2017 )

Friday, September 15, 2017

#ദിനസരികള്‍ 156


തങ്ങള്‍ സമാധാനമല്ല യുദ്ധമാണ് ആഗ്രഹിക്കുന്നതെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഉത്തരകൊറിയ നടത്തുന്ന പരീക്ഷണങ്ങള്‍ ലോകരാഷ്ട്രങ്ങളെ ആശങ്കപ്പെടുത്തുകയും മറ്റൊരു മഹായുദ്ധത്തിനുള്ള സാധ്യതയെ ക്ഷണിച്ചുവരുത്തുകയും ചെയ്യുന്നതാണ്.കഴിഞ്ഞ ദിവസം പെസഫിക്ക് സമുദ്രത്തിലേക്ക് വിക്ഷേപിക്കപ്പെട്ട കൊറിയന്‍ മിസൈല്‍ 700 കിമി ഉയരത്തില്‍ പറന്ന് 1200 കിമി സഞ്ചരിച്ചാണ് ലക്ഷ്യത്തിലേക്ക് എത്തിയത്. സുനാന്‍ വിമാനത്താവളത്തില്‍ നിന്ന് തൊടുത്തുവിട്ട മിസൈല്‍ കേവലമൊരു പരീക്ഷണം എന്നതിലുപരി ലോകത്തോടുള്ള വെല്ലുവിളിയായിരുന്നു. കൊറിയയുടെ സഖ്യകക്ഷിയായ ചൈന പോലും ശക്തമായ ഭാഷയിലാണ് ഈ നീക്കത്തിനെതിരെ പ്രതികരിച്ചത്.ഒരു ആണവ ശക്തി എന്ന നിലയില്‍ ലോകജനതയോടു കാണിക്കേണ്ടുന്ന ഉത്തരവാദിത്തത്തിന്റെ നഗ്നമായ ഈ ലംഘനം ഒരു കാരണവശാലും ന്യായീകരിക്കപ്പെടേണ്ടതല്ല.
            ഉത്തരകൊറിയയുടെ നേതാക്കളുടെ ചിന്താഗതി വിചിത്രമാണ്. പ്രകോപനപരവും ഇതരരാജ്യങ്ങളുടെ പരമാധികാരത്തിനുമുകളിലുള്ള കടന്നുകയറ്റവും എത്രനാള്‍ തുടര്‍ന്നുപോകുവാന്‍ അനുവദിക്കപ്പെടുമെന്ന് നിശ്ചയമില്ല. ഇനി കാത്തിരിക്കില്ല എന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ പ്രഖ്യാപിച്ചുകഴിഞ്ഞു.കൊറിയയുമായി ഒരു യുദ്ധം ആസന്നമാണെന്നാണ് അമേരിക്കയുടെ നിലപാട്. ആ രാജ്യമാകെത്തന്നെയും ഉ.കൊറിയയുടെ മിസൈല്‍ പരിധിയില്‍ വന്നു കഴിഞ്ഞു.തങ്ങളുടെ സ്വസ്ഥത നശിപ്പിക്കുന്ന സജീവമായ ഈ ഭീഷണി അവസാനിപ്പിക്കാന്‍ അമേരിക്ക തീരുമാനിച്ചുകഴിഞ്ഞാല്‍ നാം കാണാന്‍ പോകുന്നത് മൂന്നാംലോകമഹായുദ്ധമായിരിക്കും.പക്ഷേ ആരു വിജയിക്കും എന്നു എന്ന പ്രവചനം ശരിയായിരിക്കുമോയെന്ന് പരിശോധിക്കാന്‍ മനുഷ്യകുലം ഇവിടെ അവശേഷിക്കയില്ലെന്നു മാത്രം.

             ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സും സ്വയം നിയന്ത്രിത ആയുധങ്ങളുമായിരിക്കും ഇനിയുള്ള യുദ്ധത്തിന്റെ ഗതിവിഗതികളെ നിര്‍ണയിക്കുകയെന്ന കാര്യം സുവ്യക്തമാണ്.ആദ്യം ആര് എത്ര വേഗതയോടെ ആയുധങ്ങളെ ഉപയോഗിക്കുന്നുവോ അവര്‍ മേല്‍ക്കൈ നേടുന്ന ഒരു സാഹചര്യമാണ് നിലവിലുള്ളത്. അതുകൊണ്ടുതന്നെ പഴയകാലയുദ്ധങ്ങളുടെ മുറകളൊന്നും തന്നെ പാലിക്കപ്പെടില്ല. അവസാനത്തേക്കു കരുതിവെച്ച ആയുധങ്ങള്‍ ആദ്യമേതന്നെ ഉപയോഗിക്കപ്പെട്ടേക്കാം.ആണവായുധം ആദ്യം ഉപയോഗിക്കില്ല എന്ന ഭംഗിവാക്കൊക്കെ ഒരു യുദ്ധസാഹചര്യത്തില്‍ അവഗണിക്കപ്പെടും എന്ന കാര്യം തീര്‍ച്ച.ഉ.കൊറിയ അത്തരമൊരു ആണവരാഷ്ട്രമാണെന്നതുകൊണ്ടാണ് കാര്യങ്ങള്‍ ഇപ്പോഴും ഒരു യുദ്ധത്തിലേക്ക് കലാശിക്കാതെ പോകുന്നത്. അത് പക്ഷേ ഇതരരാഷ്ട്രങ്ങളുടെ ദൌര്‍ബല്യമാണെന്ന് തെറ്റിദ്ധരിച്ച് കൂടുതല്‍ പ്രകോപനം ഉണ്ടാക്കുന്നതില്‍ നിന്ന് പിന്തിരിയുന്നില്ലെങ്കില്‍ ലോകമഹായുദ്ധത്തിന്റെ കാരണക്കാര്‍  ഉ.കൊറിയയായിമാറും.യുദ്ധമുണ്ടാക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നതില്‍ നിന്ന് ഉ.കൊറിയ പിന്മാറുകതന്നെ വേണം.

Thursday, September 14, 2017

#ദിനസരികള്‍ 155


പുലരിത്തൂമഞ്ഞുതുള്ളിയില്‍ പുഞ്ചിരിയിട്ടു പ്രപഞ്ചം” എന്നെഴുതിയപ്പോള്‍ കല്പനാവൈഭവമെന്ന വിസ്മയത്തിന്റെ ഏതേതു വിതാനങ്ങളിലായിരിക്കും കവിയുടെ തൂലിക തൊട്ടുനിന്നിട്ടുണ്ടാകുക എന്നോര്‍ത്ത് നിങ്ങള്‍ അത്ഭുതപ്പെട്ടിട്ടുണ്ടോ? വാക്കുകള്‍ കൊണ്ട് വിവരിക്കാനാവാത്ത പ്രകര്‍ഷത്തിന്റെ പ്രവാഹങ്ങളിലേക്ക് തന്നെ പിന്‍പറ്റുന്നവരെ നയിക്കുന്ന, സൃഷ്ടിയുടെ മാസ്മരികമായ നിമിഷങ്ങളുടെ  അസാമാന്യശോഭയിലാണ് കവിയും കവിതയും അനശ്വരതയിലേക്ക് ഉയരുന്നത്. ലോകമാകെ പ്രസരിച്ചിരിക്കുന്ന പ്രഭാപടലങ്ങള്‍തന്നെയാണ് ഒരു തുള്ളിയേയും തിളക്കമുറ്റതാക്കുന്നത് എന്ന ബോധം സഹജീവികളോടും പ്രകൃതിയോടുതന്നെയും സൌമനസ്യത്തോടെ ഇടപെടുന്നതിന് നമ്മെ പ്രേരിപ്പിക്കുന്നു.സഹാനുഭൂതി എന്ന വികാരം ഔദാര്യമല്ലെന്നും കൊടുക്കുകയും കൊള്ളുകയും ചെയ്യേണ്ട ഒരു പാരസ്പര്യമാണെന്നുമുള്ള ബോധത്തിന്റെ രൂപീകരണത്തിന് കവി സൃഷ്ടിക്കുന്ന ഇത്തരം നിമിഷങ്ങള്‍ കാരണമാകുമെങ്കില്‍ അത്തരമൊരു   നിമിഷത്തെയാണ് പൂര്‍‌ണം എന്ന കവിതയിലൂടെ സച്ചിദാനന്ദന്‍ നമുക്ക് സൃഷ്ടിച്ചുതന്നിരിക്കുന്നത്.(മാതൃഭൂമി ആഴ്ചപ്പതിപ്പ് , 2017 സെപ്‌റ്റംബര്‍ 16)
            ഉള്ളുലയ്ക്കുന്ന ഒരന്തരീക്ഷത്തെ ഇക്കവിതയിലെ ആദ്യവരികളിലേക്കുതന്നെ  ആവാഹിച്ചെടുക്കാന്‍ സച്ചിദാനന്ദന്‍ കാണിച്ച വൈഭവം അസാമാന്യമാണെന്ന് പറയാത വയ്യ.വിശ്വത്തോളം വ്യാപിച്ചു നില്ക്കുന്ന സൌമനസ്യത്തിന്റെ അസാധാരണമായ ഒരു ബോധത്തില്‍ നിന്നുകൊണ്ടായിരിക്കണം സച്ചിദാനന്ദന്‍ ഈ കവിത എഴുതിയത്.നോക്കുക
            പൂര്‍ണമാക്കരുതൊരു
            ചുവരും വിടവുകള്‍
            വേണമേയുറുമ്പിനും
            പാറ്റക്കും ചിതലിനും
            പൂര്‍ണമാക്കരുതൊരു
കതകും , കടക്കണം
ഗൌളികള്‍ , കിളികളും
പൂക്കള്‍ തന്‍ മണങ്ങളും
ഭൂമിയുടെ അവകാശികളായി ബഷീര്‍ പ്രഖ്യാപിച്ച പാറ്റയും പഴുതാരയുമടക്കമുള്ള ജീവിവര്‍ഗങ്ങള്‍ ഇവിടെ നമുക്കൊപ്പം ജീവിക്കുന്നതിനെ ചോദ്യം ചെയ്തുകൂട എന്നും സംസ്കാരമുള്ള ഇരുകാലിമൃഗങ്ങള്‍ അവയെ സൌമനസ്യത്തോടെ ഉള്‍‍ക്കൊള്ളണമെന്നുമുളള ചിന്ത മാത്രമല്ല ഈ കവിതയെ വ്യത്യസ്തമാക്കുന്നത്. മറിച്ച് സ്വയം പൂര്‍ണമല്ലാത്ത ഓരോന്നിനും മറ്റൊന്നിനോട് കൂടിച്ചേരുമ്പോഴാണ് പൂര്‍ണത കൈവരുന്നത് എന്ന് ഈ കവിത നമ്മെ ബോധിപ്പിക്കുന്നു. അതുകൊണ്ടാണ്
            പൂര്‍ണമല്ലൊരു പൂവും
            പുഴയും കുരുവിയും
            ചേര്‍ത്തിടാമൊരിതള്‍
            ഒരല്പം നീര്‍ ഒരു തൂവല്‍ - എന്ന് കവി പറഞ്ഞുവെക്കുന്നത്.സ്വയംപൂര്‍ണമായിട്ട് ഒന്നുമില്ലെന്നും ഒന്നിനോടൊന്നുകൂടി ചേരുക എന്നത് പ്രകൃതിസഹജമാണെന്നും അതുനിഷേധിക്കുക വഴി നാം കിരാതത്വത്തെ പൂണുകയാണെന്നുമുള്ള ഈ കവിദര്‍ശനത്തെ മനുഷ്യകുലം പിന്‍പറ്റേണ്ടത് സമകാലികമായ അനിവാര്യതയാണ്.

Wednesday, September 13, 2017

#ദിനസരികള്‍ 154


ഞാനൊരു കമ്യൂണിസ്റ്റാണോ ? അല്ല. മാര്‍ക്സിസ്റ്റാണോ ? അല്ല.സോഷ്യലിസ്റ്റ് ? അതുമല്ല.ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു എന്നുള്ളതുകൊണ്ട് മേല്‍പ്രസ്ഥാവിച്ച മഹത്തായ തത്വചിന്തകള്‍ മുന്നോട്ടുവക്കുന്ന ഗുണങ്ങളില്‍ ഭൂരിപക്ഷവും എന്നില്‍ കണ്ടെത്താന്‍ കഴിയില്ല.ആ ചിന്തകള്‍ വിഭാവനം ചെയ്യുന്ന മാനവികതയില്‍ നിന്ന് , സാമൂഹിക സാമ്പത്തിക സാംസ്കാരിക സരണികളില്‍ നിന്ന് ഏറെ ദൂരെയാണ് എന്റെ കാലടികള്‍ കുത്തിനില്ക്കുന്നത്.മനുഷ്യദുഖത്തിന്റെ മൂലകാരണങ്ങളെ തേടിപ്പിടിച്ച് ഉന്മൂലനം ചെയ്യുന്നതിനും വര്‍ഗ്ഗരഹിത സമൂഹത്തിന്റെ പക്ഷപാതരഹിതമായ മുദ്രാവാക്യങ്ങളെ അര്‍ഹിക്കുന്ന വിധത്തില്‍ നെഞ്ചോടു ചേര്‍ത്തുപിടിക്കുന്നതിനും  സ്വജീവിതത്തെ നിരാകരിച്ച് അപരജീവിതങ്ങളുടെ സന്തോഷങ്ങളില്‍ അഭിരമിക്കുന്നതിനും എനിക്ക്  കഴിയാറുണ്ടോ? അങ്ങനെ ജീവിക്കുകയും പരസുഖത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞുവെക്കുകയും ചെയ്ത മനുഷ്യപ്രേമികളായ മഹാരഥന്മാരുണ്ടാക്കിവെച്ച വഴിത്താരകളിലൂടെ സസുഖം നടന്നുപോകുക എന്നതല്ലാതെ വഴിവെട്ടിയവന്റെ കഷ്ടനഷ്ടങ്ങളെക്കുറിച്ചോ ഈ വഴി വരാന്‍ പോകുന്ന തലമുറക്കുകൂടി അവകാശപ്പെട്ടതാണ് എന്നല്ല, മുഴുവന്‍ മനുഷ്യകുലത്തിനും അവകാശപ്പെട്ടതാണ് എന്നോ ഞാന്‍ ആലോചിക്കാറേയില്ല. എന്നുവെച്ചാല്‍ ഞാന്‍ എന്നെ എന്നിലേക്ക് എത്രമാത്രം വലിച്ചടുപ്പിക്കാന്‍ കഴിയുമോ അത്രത്തോളം അടുപ്പിച്ചുവെച്ചിരിക്കുന്നു.എന്റെ ശബ്ദത്തോളം സുഖദമായ മറ്റൊരു ശബ്ദം ഇനിയും കണ്ടെത്തിയിട്ടില്ല എന്നാണെന്റെ വിചാരം!
            ആനന്ദ് ഏതോ ലേഖനത്തില്‍ പറഞ്ഞതുപോലെ ചായപ്പണികളുടേയും നൃത്തസംഗീതങ്ങളുടേയും സന്ധ്യ അവസാനമില്ലാതെ നീണ്ടുപോകണമെന്നില്ല. മിനുക്കുകള്‍ മാത്രമല്ല , കത്തിയും കരിയും അരങ്ങത്തുവരാനുണ്ട്.സുഖങ്ങളുടെ ശീതളച്ഛായകളില്‍ നിന്ന് മിന്നുന്ന വെയിലിലേക്ക് ഉണര്‍‌ന്നെഴുന്നേല്ക്കുമ്പോള്‍ മാത്രമായിരിക്കും എനിക്കു കൂടെ വന്നവരൊക്കെ വഴിപിരിഞ്ഞുകഴിഞ്ഞു എന്ന് ഞാന്‍ മനസ്സിലാക്കുക.അപ്പോഴേക്കും നമുക്കുള്ള അവസാനകാഹളം മുഴങ്ങിക്കഴിഞ്ഞിട്ടുണ്ടാകും.

            പറഞ്ഞുവരുന്നത് , വീഴ്ചകളില്‍ നിന്ന് പാഠങ്ങള്‍ പഠിക്കുകയും സ്വയം നവീകരിക്കപ്പെടുകയും ചെയ്യേണ്ടുന്നതിന്റെ ആവശ്യകത മറ്റേതുകാലത്തേക്കാളും ഇക്കാലങ്ങളില്‍ അനുപേക്ഷണീയമായ അനിവാര്യതയാണ് എന്ന തിരിച്ചറിവുണ്ടാകേണ്ടതുണ്ട് എന്നാണ്.പറയുന്ന ഇസത്തിന്റെ പരിപൂര്‍ണമായ ആവിഷ്കാരം അസാധ്യമാണെങ്കിലും അല്പസ്വല്പം നീതിപുലര്‍ത്തിപ്പോകുക എന്നത് മാതൃകകളുടെ അസാന്നിധ്യത്താല്‍ അതിപ്രധാനമായ ഒരു വസ്തുതയാണ്. വഴി ഒന്നേയുള്ളു. നവീകരിക്കുക. പിന്നേയും പിന്നേയും നവീകരിക്കുക.നടക്കാന്‍ പഠിക്കുന്ന കുഞ്ഞുങ്ങളെന്ന പോലെ വീഴുക എഴുന്നേല്ക്കുക നടക്കുക. വീണ്ടും വീണ്ടും വീഴട്ടെ. ആത്യന്തികമായി നടക്കുക എന്ന ലക്ഷ്യത്തിലേക്ക് എത്തുന്നതിനാണ് വീഴ്ചകള്‍ ഉപകരിക്കുന്നതെങ്കില്‍ എത്രതവണ വീണാലെന്ത് ? ചോര പൊടിഞ്ഞാലെന്ത് ?അനുദിനം സ്വയം നവീകരിക്കപ്പെടുകയും വീഴ്ചകള്‍ പറ്റിയാലും മാര്‍ക്സിസവും കമ്യൂണിസവുമൊക്കെ ഉയര്‍ത്തിപ്പിടിക്കുന്ന മാനവികതയുടെ മഹാവീഥിയിലേക്ക് ചെന്നെത്തിപ്പെടുക എന്ന ആത്യന്തികലക്ഷ്യം സാധിക്കപ്പെടുകയും ചെയ്യുമെങ്കില്‍ വേറെന്തു ധന്യത ?അതുതന്നെയാകട്ടെ ലക്ഷ്യവും.