#ദിനസരികള് 1305 - ആര്‍ രാമചന്ദ്രന്റെ 'ഒന്നുമില്ലൊന്നുമില്ല'

 

ചില കവിതകള്‍ അല്ലെങ്കില്‍ പാട്ടുകള്‍ അങ്ങനെയാണ്. രാവിലെ എഴുന്നേല്ക്കുമ്പോഴേ കൂടെ എഴുന്നേല്ക്കും. പിന്നെ രാവിരുട്ടും വരെ പിന്നാലെ കൂടും. ചിലപ്പോള്‍ മനസ്സു നിറഞ്ഞ് , ചിലപ്പോഴൊക്കെ ബോധപൂര്‍വ്വം രസം ആസ്വദിച്ചു കൊണ്ട് , ചിലപ്പോഴൊക്കെ താനെന്താണ് പാടുന്നതെന്നോ പറയുന്നതെന്നോ ആലോചിക്കാന്‍ അനുവദിക്കാതെ നാവിന്‍ തുമ്പത്ത് അങ്ങനെ ഊയലാടിക്കൊണ്ടേയിരിക്കും. അന്നത്തെ ദിവസത്തിന്റെ ഗതിവിഗതികള്‍ പലപ്പോഴും ആ കവിതയെ അടിസ്ഥാനമാക്കിയായിരിക്കും എന്ന് എനിക്ക് അനുഭവമുണ്ട്. ഇന്നാകട്ടെ വിളിക്കാതെ കൂടെപ്പോന്നത് ആര്‍ രാമചന്ദ്രന്റെ ഒന്നുമില്ല എന്ന കവിതയാണ്.

            മനുഷ്യനെ അന്ധാളിപ്പിന്റെ പരമാവധിയിലേക്ക് ആനയിക്കാന്‍ ഇക്കവിതയോളം മിടുക്കുള്ള മറ്റൊരെണ്ണം മലയാളത്തില്‍ ഞാന്‍ കണ്ടിട്ടില്ല. നാം ഏറെ കൊട്ടിഘോഷിക്കുന്ന ജീവിതം തന്നെ കേവലമൊരു പകപ്പുമാത്രമാണെന്ന് എത്ര വിദഗ്ദനായ പുളകാന്വേഷകനേയും പിന്‍വിളി വിളിക്കുവാന്‍‌ അസാമാന്യ സാമര്‍ത്ഥ്യമുണ്ട് ഈ കവിതയ്ക്ക് എന്ന് നിസ്സംശയം പറയാം. ആ കവിതയും കൊണ്ടാണ് ഇന്ന് രാവിലെ മുതല്‍ ഈ വൈകുന്നേരസമയം വരെ നിരാശയുടെ ഇരുട്ടോരം ചേര്‍ന്ന് ഞാന്‍ നടന്നത്. ഇനി രാപ്പാതിയോളം ഈ നിശ്ശൂന്യതയുടെ കവിത എന്നോടൊത്ത് ഉണ്ടാകുകയും ചെയ്യുമെന്നുകൂടി പറയട്ടെ.

            പ്രിയപ്പെട്ട എം കൃഷ്ണന്‍ നായര്‍ ജന്മനാ കവി എന്നാണ് രാമചന്ദ്രന്‍മാഷിനെ വിശേഷിപ്പിക്കുന്നത്.എനിക്കാകട്ടെ ഈ കവി മൃത്യുവിന്റെ മറ്റൊരു പേരുതന്നെയാകുന്നു. എന്നാലോ ഭയപ്പെടുത്തുകയല്ല , മറ്റൊരു കവി വേദന വേദന ലഹരി പിടിക്കും വേദന , ഞാനിതില്‍ മുഴുകട്ടെ എന്നു പാടിയതുപോലെ സുഖകരമായ ഒരു വേദനയാണ് അദ്ദേഹം എന്നെ അനുഭവപ്പെടുത്തുന്നത്.

            അതുകൊണ്ട് ഈ കവിത ഒരിക്കല്‍ കൂടി വായിക്കുക :-

            ഒന്നുമില്ലൊന്നുമില്ല

            മീതെ

            പകച്ചു നില്ക്കുമംബരം മാത്രം

            താഴെ

            കരളുറഞ്ഞുപോകും പാരിടം മാത്രം

            ഒന്നുമി,ല്ലൊന്നുമില്ല

            വഴിയറിയാതണയും

            പൊൻകതിരമാത്രം

            കൊതിപൂണ്ടുയരും

            പച്ചിലകൂമ്പുമാത്രം

            ഒന്നുമി,ല്ലൊന്നുമില്ല

            ഒരു ചുംബനം മാത്രം

            ഒരു നിര്വൃതിമാത്രം

            ഒന്നുമി,ല്ലൊന്നുമില്ല

            അടരുമലര്മാത്രം

            പടരുമിരുള്മാത്രം

            ഒന്നുമില്ലൊന്നുമില്ല

 


മനോജ് പട്ടേട്ട്

18-02-2021

 

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം