#ദിനസരികള് 1307 ഇന്‍വിക്ടസിനെക്കുറിച്ച്
വര്‍ണവിവേചനത്തിന്റെ നേര്‍പര്യായമായി ദക്ഷിണാഫ്രിക്കയിലെ ജനങ്ങള്‍ കണക്കാക്കിപ്പോന്നിരുന്ന റഗ്ബി ടീമിനെ പിരിച്ചു വിടണമെന്ന് ദേശീയ സ്പോര്‍ട്സ് കൌണ്‍സില്‍ തീരുമാനമെടുക്കുന്ന ഒരു രംഗമുണ്ട് ക്ലിന്റ് ഈസ്റ്റ്‌വുഡിന്റെ ഇന്‍വിക്ടസ് എന്ന ചലച്ചിത്രകാവ്യത്തില്‍. കൌണ്‍സില്‍ അങ്ങനെയൊരു തീരുമാനമെടുക്കുന്നു എന്നറിഞ്ഞ മണ്ടേല അതു തടയുന്നതിന് വേണ്ടി വളരെ തിരക്കിട്ട് സ്പോര്‍ട്സ് കൌണ്‍സിലിന്റെ ആസ്ഥാനത്തേക്ക് തിരിക്കുന്നു. അദ്ദേഹത്തിന്റെ ഓഫീസ് മേധാവിയും പിന്നീട് അമേരിക്കയുടെ അംബാസിഡറുമായി മാറിയ ബാര്‍ബറ അദ്ദേഹത്തെ നിരുത്സാഹപ്പെടുത്തുവാന്‍ ശ്രമിക്കുന്നുണ്ട്. കുറഞ്ഞ പക്ഷം നാഷണല്‍ സ്പോര്‍ട്സ് കൌണ്‍സിലുമായി ചര്‍ച്ച ചെയ്യാന്‍ പോകുന്നതിന് കായികമന്ത്രിയെയെങ്കിലും കൂടെ കൂട്ടേണ്ടതാണെന്നും അവര്‍ ഓര്‍മ്മപ്പെടുത്തുന്നു. എന്നാല്‍ അവരുടെ നിര്‍ദ്ദേശങ്ങളെല്ലാം വളരെ തന്മയത്വത്തോടെ പ്രസിഡന്റ് നിരാകരിക്കുന്നു.
എന്നാല്‍ ബാര്‍ബറ വീണ്ടും വീണ്ടും അദ്ദേഹത്തെ നിരുത്സാഹപ്പെടുത്താന്‍ ശ്രമിക്കുന്നു. ജനങ്ങള്‍ക്ക് സ്പ്രിംഗ് ബോക്കിനെ ഇഷ്ടമല്ലെന്നും അത് പിരിച്ചു വിടുന്നതില്‍ അവര്‍ക്ക് സന്തോഷമേയുണ്ടാകൂ എന്നും ബാര്‍ബറ പ്രസിഡന്റിനോട് പറയുന്നു (തൊട്ടുമുന്നേയൊരു സീനില്‍ റഗ്ബി ടീമിന്റെ ജഴ്സി ഒരു കുട്ടിയ്ക്ക് സമ്മാനമായി കൊടുക്കുമ്പോള്‍ അവന്‍ അത് വെറുപ്പോടെ നിഷേധിക്കുന്നുണ്ട് എന്നതുകൂടി ഓര്‍ക്കുക. റഗ്ബി ടീമിനോട് അന്നാട്ടുകാര്‍ക്കുള്ള സമീപനമെന്തായിരുന്നുവെന്ന് ഈ ദൃശ്യം കണ്ടവര്‍ക്ക് എളുപ്പത്തില്‍ മനസ്സിലാകുന്നതാണ്.) ജനതയുടെ എല്ലാ വിധ സന്തോഷങ്ങളും അട്ടിമറിച്ച ഒരു ടീമുമായി മുന്നോട്ടു പോകുന്നത് ഒട്ടുംതന്നെ ശരിയല്ലെന്ന് അവര്‍ പ്രസിഡന്റിനോട് തുറന്നു പറയുന്നു. എന്നാല്‍ പ്രസിഡന്റിന്റെ നീക്കത്തെ തടയാനുള്ള ബാര്‍ബറയുടെ എല്ലാ ശ്രമങ്ങളേയും നേരിട്ടുകൊണ്ട് അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്. ഒരു പക്ഷേ ഭൂരിപക്ഷം ആളുകളും ഇത്തരമൊരു പിരിച്ചു വിടല്‍ ആഗ്രഹിക്കുന്നുണ്ടാകാം. ടീം അത് അര്‍ഹിക്കുന്നുമുണ്ടാകാം. എന്നാലും അവരാണ് ശരിയെന്ന് എനിക്ക് സമ്മതിച്ചു തരാനാകില്ല.അതുകൊണ്ട് അവര്‍ തിരഞ്ഞെടുത്ത അവരുടെ നേതാവ് എന്ന നിലയില്‍ ഞാന്‍ അവരെ തിരുത്തുവാന്‍ ശ്രമിച്ചേ മതിയാകൂ.അതു ചെയ്യാന്‍ ഭയപ്പെടുന്ന ഒരു കാലം വന്നാല്‍ ഞാന്‍ അവരുടെ നേതാവായിരിക്കാന്‍ യോഗ്യനല്ല എന്നാണ് അര്‍ത്ഥം (The day I am afraid to do that is the day I am no longer fit to lead )
നാഷണല്‍ സ്പോര്‍ട്സ് കൌണ്‍സിലിനെ അഭിവാദ്യം ചെയ്തുകൊണ്ട് കാര്യകാരണ സഹിതം അവരുടെ തീരുമാനത്തെ തിരുത്തിക്കാന്‍ പ്രസിഡന്റ് മണ്ടേല ശ്രമിക്കുന്നുണ്ടെങ്കിലും കേവലം പന്ത്രണ്ട് വോട്ടുമാത്രമാണ് അദ്ദേഹത്തിന്റെ അഭിപ്രായത്തിന് അനുകൂലമായി കിട്ടുന്നത്. ഏകപക്ഷീയമായി എടുത്ത ഒരു തീരുമാനമായിരുന്നുവെങ്കിലും മണ്ടേലയുടെ ഇടപെടല്‍ കാരണം അത്രയും വോട്ടുകള്‍ ആ തീരുമാനത്തിനെതിരെയുണ്ടാക്കാന്‍ കഴിഞ്ഞു എന്നതാണ് ഇടപെടല്‍ കൊണ്ടുണ്ടായ ഒരു കാര്യം. ഇന്‍വിക്ടസ് അതിന്റെ മുഴുവന്‍ ഭംഗിയേയും ആവാഹിച്ചെടുക്കുന്ന ഒരു രംഗമാണ് ഇതെന്ന് നിസ്സംശയം പറയാം.
മനോജ് പട്ടേട്ട്
20-02-2021
Comments