#ദിനസരികള് 1304 വിശക്കാതിരിക്കുക എന്ന അവകാശം
വികസന നേട്ടങ്ങളുടെ പട്ടികയില്‍
ഏറ്റവും സംതൃപ്തിയോടെ ചൂണ്ടിക്കാണിക്കാന്‍ ആഗ്രഹിക്കുന്നത് ഏതാണ് എന്നൊരു
ചോദ്യത്തിന് കേരളത്തിന്റെ മുഖ്യമന്ത്രി സഖാവ് പിണറായി വിജയന്‍ ഇങ്ങനെ ഉത്തരം
പറഞ്ഞു :- " ഒരു
പദ്ധതി മാത്രമല്ല ചൂണ്ടിക്കാണിക്കാന്‍ കഴിയുക.നവകേരള കര്‍മ്മപദ്ധതിയുടെ ഭാഗമായ
നാലുമിഷനുകള്‍ ഉള്‍പ്പെടെ അനേകം പദ്ധതികളാണ് സംതൃപ്തി നല്കിയിട്ടുള്ളത്.
കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റാന്‍ കഴിയുന്ന വിധത്തിലുള്ള നാലു മിഷനുകള്‍ക്കാണ്
അധികാരത്തില്‍ വന്ന ഘട്ടത്തില്‍ തന്നെ ആരംഭം കുറിച്ചത്.ഹരിതകേരളം
മിഷന്റെ ഭാഗമായി പുഴകളും തോടുകളും കിണറുകളും വൃത്തിയാക്കാനും തരിശുനിലങ്ങള്‍ വീണ്ടെടുക്കാനും
കൃഷിയിടങ്ങള്‍ വിപുലപ്പെടുത്താനും കഴിഞ്ഞിട്ടുണ്ട്. ഇത് കാര്‍ഷിക മേഖലയില്‍ നാം
നടത്താന്‍ പോകുന്ന കുതിച്ചു ചാട്ടത്തിന് ശക്തമായ അടിത്തറ പാകുകയാണ് ചെയ്തത്" തുടര്‍ന്ന് കേരള സര്‍ക്കാറിന്റെ അഭിമാന
സ്തംഭങ്ങളായ നാലുമിഷനുകളെക്കുറിച്ചും അവയിലൂടെ നടപ്പിലാക്കിയ
നേട്ടങ്ങളെക്കുറിച്ചും സംസാരിക്കുന്നു.പൊതുവിദ്യാഭ്യാസ യജ്ഞത്തിലൂടെ
നാല്പത്തിയയ്യായിരം ഹൈടെക് ക്ലാസുമുറികളും അവയ്ക്ക് ആവശ്യമായ മറ്റു അനുബന്ധ
സാമഗ്രികളും ഒരുക്കുവാന്‍ സാധിച്ചു.ഒരു കോടിമുതല്‍ അഞ്ചുകോടി വരെ മുടക്കി
സംസ്ഥാനത്താകമാനമുള്ള വിദ്യാലയങ്ങള്‍ പുതുക്കിപ്പണിയാന്‍ സാധിച്ചു.
ആരോഗ്യസംവിധാനമാകെ ഉടച്ചുവാര്‍ത്തുകൊണ്ട് ഒരു പുതിയ മാതൃക സൃഷ്ടിക്കാന്‍ കഴിഞ്ഞു.
ലൈഫ് മിഷനാകട്ടെ അത്യത്ഭുകരമായ പ്രവര്‍ത്തന മികവാണ് കാഴ്ചവെച്ചത്.
വീടുകളില്ലാത്തവര്‍ ഉണ്ടാകരുത് എന്ന ഉദ്ദേശത്തോടെ പ്രവര്‍ത്തിക്കുന്ന പ്രസ്തുത
മിഷനെ എത്രപ്രശംസിച്ചാലും അധിപ്പറ്റാവില്ല. നാലര വര്‍ഷംകൊണ്ട് ഏകദേശം
അറുപതിനായിരത്തിലധികം കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കാനായി എന്ന കാര്യവും
അദ്ദേഹം എടുത്തു പറഞ്ഞു.
മുഖ്യമന്ത്രി ഊന്നിപ്പറഞ്ഞവ കൂടാതെ
നാടിനെ മുന്നോട്ടു നയിക്കാന്‍ ഈ സര്‍ക്കാര്‍ കാലാവധിക്കുള്ളില്‍ ചെയ്തു
തീര്‍ത്തത് കേരളത്തിന്റെ ചരിത്രത്തില്‍ നാളിതുവരെ നാം അനുഭവിക്കാത്തതാണ്. ഒരു
മേഖലയിലും സര്‍ക്കാറിന്റെ കൈകള്‍ എത്താതിരുന്നിട്ടില്ല. ഓഖിയും നിപയും പ്രളയവും
കൊവീഡുമൊക്കെ തകര്‍ത്തു കളഞ്ഞ കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെ പിടിച്ചു
നിറുത്താനും വികസനത്തിന്റെ പാതയില്‍ ഇത്രയൊക്കെ നടത്തിക്കാനും കഴിഞ്ഞത്
ഇച്ഛാശക്തിയും കരുതലുമുള്ള ഒരു സര്‍ക്കാറിന്റെ ശക്തമായ ഇടപെടലിന്റെ ഫലമാണ്.
എന്നാല്‍ ഈ വികസന പ്രവര്‍ത്തനങ്ങളേയും
അവയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ച കര്‍മ്മനിരതരായ മനസ്സുകളേയും പ്രകീര്‍ത്തിക്കുമ്പോള്‍
തന്നെ ഒരു വ്യക്തി എന്ന നിലയില്‍ എന്നെ ഏറ്റവും അധികം സ്വാധീനിച്ച ഒരു പ്രവര്‍ത്തനം
ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണമാണ്. വെറുതെ കിറ്റുകള്‍ നല്കുക എന്നതു
മാത്രമായിരുന്നില്ല ആ പ്രവര്‍ത്തിക്കു പിന്നില്‍ ഞാന്‍ കണ്ടെടുത്ത ആശയം,
മറിച്ച് ഈ നാട്ടിലെ ജനങ്ങള്‍ക്ക് വിശക്കാതിരിക്കുക എന്നത് അവരുടെ അവകാശമാണ് എന്ന്
ബോധ്യപ്പെടുത്തല്‍ കൂടി ആ പ്രവര്‍ത്തിക്കു പിന്നിലുണ്ടായിരുന്നു എന്നതാണ്. ഒരു സര്‍ക്കാര്‍ ,
തങ്ങളുടെ പൌരന്മാര്‍ക്ക് വിശക്കാതിരിക്കുക എന്നതൊരു അവകാശമാണെന്ന്
പഠിപ്പിച്ചുകൊടുക്കുന്നതാണ് നാം ഭക്ഷ്യകിറ്റു വിതരണത്തിലൂടെ കണ്ടത്.
മനോജ് പട്ടേട്ട്
17-02-2021
Comments