#ദിനസരികള്‍ 471 - നൂറു ദിവസം നൂറു പുസ്തകം – നാല്പത്തിമൂന്നാം ദിവസം.
|| പുതിയ വര്‍ത്തമാനങ്ങള്‍ - എം എന്‍ വിജയന്‍ || എം എന്‍ വിജയന്റേതായി ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറ്റിയഞ്ചില്‍ പ്രസിദ്ധീകരിച്ച പുതിയ വര്‍ത്തമാനങ്ങള്‍ എന്ന പുസ്തകത്തിലെ ഇന്ത്യന്‍ സംസ്കാരത്തിന്റെ രാഷ്ട്രീയ ഘടകങ്ങള്‍ എന്ന ലേഖനത്തില്‍ നാം ഇങ്ങനെ വായിക്കുന്നു “ നാം ഉപയോഗിക്കുന്ന ഭാഷയേയും ഭക്ഷിക്കുന്ന ഭക്ഷണത്തേയും നാം തൊടുന്ന തൊടുകുറികളേയും നാം ധരിക്കുന്ന വസ്ത്രത്തേയും നാം ഉപയോഗിക്കുന്ന നിറങ്ങളേയും എല്ലാം തന്നെ രാഷ്ട്രീയ നാണയങ്ങളാക്കി പരിവര്‍ത്തനം ചെയ്യിക്കാനുള്ള ശ്രമങ്ങളാണ് ഇന്ത്യയിലെ ദേശീയ ഫാസിസ്റ്റു ശക്തികള്‍ നടത്തുന്നത്.ഇതു വളരെ സൂക്ഷ്മമായി സര്‍വ്വങ്കഷമായി നടന്നുകൊണ്ടിരിക്കുന്ന ശ്രമമാണെന്ന് ഇന്നു നാം തിരിച്ചറിയുന്നു ; ഒരു പക്ഷേ വൈകിയാണെങ്കിലും.ഇങ്ങനെ സാംസ്കാരികമായ ആയുധങ്ങള്‍ രാഷ്ട്രീയമായ ആയുധങ്ങളാക്കി മാറ്റിത്തീര്‍ക്കുകയും രാഷ്ട്രീയാധികാരം പിടിച്ചെടുക്കാനുള്ള ശക്തിയായി രൂപാന്തരപ്പെടുത്തുകയും ചെയ്യാം എന്ന ഈ പരീക്ഷണത്തെ നേരിടുക എന്നത് നമ്മുടെ ഒരു പ്രധാനപ്പെട്ട കടമയായിത്തീരുന്നുണ്ട്. ” പ്രവചനാത്മകമായ ചൂണ...