#ദിനസരികള്‍ 470 - നൂറു ദിവസം നൂറു പുസ്തകം – നാല്പത്തിരണ്ടു ദിവസം.‌






||പ്രണയ കവിതകള്‍ - വിഷ്ണുനാരായണന്‍ നമ്പൂതിരി||
            കുറച്ചു സൌഭാഗ്യങ്ങളെയാണ് വിഷ്ണു നമ്മുടെ മുമ്പില്‍ നിരത്തിവെക്കുന്നത്. ചില മങ്ങാത്ത മണങ്ങള്‍ , വില പിടിച്ച  ദുഖങ്ങള്‍ , ആനന്ദ സ്വപ്നങ്ങള്‍ , അപൂര്‍വ്വ നിമിഷങ്ങള്‍ .. ഇന്ന് സാഹിത്യത്തിന്റെ രാജപാതയിലൂടെ തിരക്കിട്ടു നടന്നുപോകുന്ന ഇക്കവി ഇത്തിരിനേരം തിരിഞ്ഞു നില്ക്കുകയാണ്.തന്റെ ഓര്‍മയുടെ താളുകള്‍ക്കിടയില്‍ നിന്ന് ഇളംകിനാവുകളെ തിരഞ്ഞെടുത്തു നോക്കിക്കൊണ്ട് ,ഒരു ധുഖം നിറഞ്ഞ ചിരിയോടെ അവയെ നമ്മുടെ നേര്‍ക്കു നീട്ടിക്കൊണ്ട്.നമുക്കും നോക്കുക ഈ കൊച്ചു കിനാക്കളില്‍ തുമ്പിച്ചറികുപോലെ നേര്‍ത്ത ഓര്‍മകളില്‍ ,പൊയ്‌പ്പോയ പുണ്യകൌമാരത്തിന്റെ പൂര്‍ണസംഗീതത്തില്‍ മണം മാറാത്ത പഴയ കൈതപ്പൂംപാളികളില്‍ ഒരു നിമിഷം മനസ്സു പതിക്കുക എത്ര ആര്‍ദ്രമായാണ് ഈ പുസ്തകത്തിന്റെ അവതാരികയില്‍ സുഗതകുമാരി ഈ വരികള്‍ എഴുതിവെച്ചിരിക്കുന്നത്? പ്രണയം എത്രത്തോളം മനോഹരമാണോ അത്രയും തന്നെ ഹൃദയാവര്‍ജ്ജകമായ വരികള്‍!അഭൌമികമായ മാസ്മരികതയെ വെച്ചുനീട്ടിക്കൊണ്ട് ഓരോ മനുഷ്യനേയും സ്വപ്നസദൃശ്യമായ ഒരു മായികലോകത്തേക്ക് ആനയിക്കാന്‍ പ്രണയിത്തിനുള്ള കരുത്തു മറ്റേതൊന്നിനുണ്ട് ? മനുഷ്യരുടെ ഇടയില്‍ മരണവും പ്രണയവും മാത്രമാണ് തുല്യതയോടെ വിതരണം ചെയ്യപ്പെടുന്നുള്ളുവെന്നു പോലും ഞാന്‍ പറയും. അതുകൊണ്ടാണ് പരസ്പരം പര്യായങ്ങളാകത്തക്കവണ്ണമുള്ള ഇഴുകിച്ചേരല്‍ ഇവ തമ്മില്‍ നടക്കുന്നത്. പ്രണയിക്കുക എന്നു വെച്ചാല്‍ മരിക്കുക എന്നുതന്നെയാണര്‍ത്ഥം. ഒരാള്‍ മരിച്ച് മറ്റൊരാളില്‍ ജീവിക്കുന്നു.രണ്ടുപേരും ഒന്നായിത്തീരുന്നു.അവസാനിക്കാത്ത ഒന്നാകല്‍ . ഓരോ പ്രണയത്തിന്റേയും ലക്ഷ്യം വേര്‍പിരിയലുകളുണ്ടാകാത്ത ഈ വിളക്കിച്ചേര്‍ക്കലുകളാണ്.അതിനപ്പുറമുള്ളതെല്ലാം വ്യര്‍ത്ഥം, അര്‍ത്ഥശൂന്യം, പ്രണയേതരം. ജി ശങ്കരക്കുറിപ്പിന്റെ വേളി എന്ന കവിത മരണത്തേയും പ്രണയത്തേയും വേര്‍പിരിക്കാനാവാത്ത വിധം വിരിഞ്ഞുണരുന്നതിന്റെ നിദര്‍ശനമാണെന്നു കൂടി സന്ദര്‍ഭവശാല്‍ സൂചിപ്പിക്കട്ടെ.
            ഈയിടെ ഞാന്‍ അവിചാരിതമായ ഒരു മതപ്രഭാഷകന്റെ പ്രസംഗം കേള്‍ക്കാനിടയായി. സംഗീതത്തെപ്പറ്റിയാണ്. സംഗീതം മനുഷ്യനെ നശിപ്പിക്കുന്നു.ജീവിതത്തില്‍ ഒരിക്കലെങ്കിലും സംഗീതമെന്ന കുഴിയില്‍ ചാടാത്തവന് സുഖമായി ജീവിക്കാം. അതിനു പിന്നാലെ പോകുന്നവനെക്കൊണ്ട് ഒരുപകാരമില്ല.കൂടാതെ സംഗീതം നമ്മെ ദൈവത്തില്‍ നിന്നും അകറ്റുന്നു എന്നൊക്കെ ഘോരഘോരം പ്രസംഗിക്കുന്ന ആ മനുഷ്യനെ കേട്ടിരുന്നപ്പോള്‍ എന്റെ മനസ്സിലൂടെ കടന്നുപോയ വികാരവിചാരങ്ങള്‍ എന്തൊക്കെയാണ് പറയുക വയ്യ.ഇതൊക്കെയും അയാള്‍ പറയുന്നത് വിശ്വാസത്തെക്കൂടി കൂട്ടുപിടിച്ചുകൊണ്ടാണെന്നതാണ് എന്റെ സന്ദേഹത്തെ വര്‍ദ്ധിപ്പിച്ചത്. ഇയാള്‍ പറയുന്ന വിഡ്ഢിത്തരങ്ങള്‍ വിശ്വാസത്തിന്റെ പേരിലായതുകൊണ്ടുതന്നെ നാളെ ഒരു പക്ഷേ മറ്റൊരു വേദിയില്‍ ആവര്‍ത്തിക്കപ്പെട്ടേക്കാം.അതുകേള്‍ക്കുന്ന മറ്റൊരു മതഭ്രാന്തന്‍ മറ്റൊരു വേദിയിലേക്ക് ഈ ആശയത്തെ കൊണ്ടുപോയേക്കാം. പ്രണയവും അത്തരമൊരു നിരോധനത്തിന്റെ വക്കിലാണ് . ഏറെക്കുറെ മതത്തിന്റേയും വിശ്വാസത്തിന്റേയും അടിസ്ഥാനത്തില്‍ പ്രണയിനിയെ കണ്ടെത്തുക എന്ന രീതിയിലേക്ക് നാം മാറിക്കഴിഞ്ഞു , അവിടേയുമിവിടേയുമായി ചിലരൊക്കെ ഇപ്പോഴും വെല്ലുവിളി ഉയര്‍ത്താറുണ്ടെങ്കിലും ! ആ വെല്ലുവിളികള്‍ ഇനിയുമെത്ര കാലത്തേക്കെന്ന് പറയുക വയ്യ.പ്രണയിനികളെ തെരുവില്‍ തല്ലിക്കൊല്ലുന്നതിനുവരെ നാം സാക്ഷികളായിക്കഴിഞ്ഞു. നാട്ടില്‍‌പ്പോലും പ്രണയിച്ചു വിവാഹം കഴിച്ചവരെ സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുത്തി ഭ്രഷ്ടുകല്പിക്കുന്നതിനുപോലും തയ്യാറാകുന്ന സങ്കുചിതചിന്താഗതിക്കാര്‍ വര്‍ദ്ധിക്കുന്നു.
            സംഗീതവും പ്രണയവുമൊക്കെ മനുഷ്യ ജീവിതങ്ങളെ മഹത്ത്വപ്പെടുത്തുന്ന അടിസ്ഥാനഭാവങ്ങളാണെന്ന് സൂചിപ്പിക്കുവാനാണ് ഒരു പുസ്തകത്തെ പ്രതി ഇത്രയും എഴുതിപ്പോയത്.അതുകൊണ്ടുതന്നെ ഇവകളെ ലംഘിച്ചുകൊണ്ടു പോകുക എന്നതിനര്‍ത്ഥം നിങ്ങള്‍ (ഞാനും ) ജീവിക്കുന്നില്ല എന്നുതുതന്നെയാണ്.അതുകൊണ്ട് സംഗീതാത്മകമായി പ്രണയിക്കുക.കവി വിഷ്ണുനാരായണന്‍ ആവിഷ്കരിക്കാനും അനുഭവപ്പെടുത്താനും ശ്രമിക്കുന്നത് ഈ പ്രണയത്തേയും പ്രണയത്തിന്റെ കാതരമായ ഇതര ഭാവങ്ങളേയുമാണ്.
            ഉറ്റുനോക്കി നിന്മുഖം പുരികക്കൊടി
            തെറ്റുന്നൂ ; മാരിവില്ലോ ചുടുമിന്നലോ?
            എന്തുമാട്ടേ , നിന്‍ വലങ്കൈയ്യുയര്‍ത്തി ഞാ
            നൊന്നാ ചെറു വിരല്‍ ത്തുമ്പില്‍ തലോടവേ
            ചെങ്കനല്‍ മൈലാഞ്ചിയല്ല രാഗാരക്ത
            ചന്ദനച്ചാറിന്‍ തണുപ്പെഴും മാധുരി ( നിശ്ചയം ) പ്രണയം വെച്ചു നീട്ടുന്നതു ഇത്തരം മധുരങ്ങളേയാണ്. ഒരിക്കല്‍ രുചിച്ചാല്‍ എക്കാലത്തേക്കും നീണ്ടുനില്ക്കുന്ന മധുരങ്ങള്‍ !
            കവിതയെക്കുറിച്ചു തന്നെ എഴുതുക എന്നു പറഞ്ഞാല്‍ മനസ്സിലൊരു വിറ പടരും , പ്രണയകവിതയെക്കുറിച്ചാണെങ്കില്‍ പ്രത്യേകിച്ചും. കവിതയെ അനുഭവിക്കുകയാണ് വേണ്ടതു , വ്യാഖ്യാനങ്ങളല്ല.അല്ലെങ്കില്‍ത്തനെ മദഭരിതവസന്തരാവുകളിലെ ചുംബനങ്ങളുടെ ചൂടിനെ ഏതു ഭാഷയിലേക്കാണ് പകര്‍ത്തിയെടുക്കാന്‍ കഴിയുക?
     

പ്രസാധകര്‍- എസ് പി സി എസ് , വില 80 രൂപ, മൂന്നാം പതിപ്പ് ഏപ്രില്‍ 2013

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം