#ദിനസരികള്‍ 469 - നൂറു ദിവസം നൂറു പുസ്തകം – നാല്പത്തിരണ്ടു ദിവസം.‌




||നാറാണത്തു ഭ്രാന്തന്‍ - വി മധുസൂദനന്‍ നായര്‍||

അറിവായ് സ്നേഹമുണ്ടെങ്കില്‍
അടയാളങ്ങള്‍ വേണമോ ? എന്ന ചോദ്യത്തിന് അപാരമായ തിളക്കമുണ്ട്. മുദ്രാംഗുലീയങ്ങളുടെ സഹായത്താല്‍ വീണ്ടെടുക്കേണ്ടതല്ല നിരുപാധികമായ സ്നേഹം എന്ന സങ്കല്പനത്തിന് തിളക്കമുണ്ടായില്ലെങ്കിലല്ലേ അത്ഭുതം? വി മധുസൂദനന്‍ നായരുടെ കവിതയില്‍ സ്നേഹത്തിന്റേതായ ഇത്തരമൊരു ചരട് ഉടനീളം കോര്‍ത്തു കിടക്കുന്നതുകാണാം.സ്നേഹരഹിതമായ കാര്‍ക്കശ്യങ്ങളല്ല, സ്നേഹഭരിതമായ ഇഴകോര്‍ക്കലുകളാണ് മനുഷ്യനെ മുന്നോട്ടു നയിക്കേണ്ടതെന്നാണ് ഈ കവി പ്രഖ്യാപിക്കുന്നത്.അതുകൊണ്ടാണ് കല്പതപമാര്‍ന്ന ചൂടില്‍ നിന്നുയിര്‍ക്കുന്ന മാനവന്‍ നിരങ്കുശമായ സ്നേഹത്തിന്റെ വക്താവും പ്രയോക്താവുമായിരിക്കും എന്ന പ്രതീക്ഷ ഈ കവി നിരന്തരം പങ്കുവെക്കുന്നത്.’അരികില്‍‌പ്പോന്നിരുന്നാലും താങ്കള്‍ ദൂരസ്ഥനാകൊലാ’ എന്ന് ആരേയും അരികിലേക്ക് അടുപ്പിക്കുന്ന അര്‍ത്ഥനയാണ് ഈ കവിതകളില്‍ മുഴങ്ങുന്നതും.

ഒരല്പം വാചാലമായിപ്പോയ മേഘങ്ങളേ കീഴങ്ങുവിന്‍ എന്ന കവിതയിലെ പല വരികളേയും വെട്ടിക്കളഞ്ഞാലും അതുയര്‍ത്തിപ്പിടിക്കുന്ന ആശയപ്രപഞ്ചത്തിന് ഒരല്പം പോലും ഉലച്ചിലുണ്ടാകുന്നില്ലെന്നതു വസ്തുതയാണ്.മധുസൂദനന്‍ നായര്‍ എന്ന കവിയുടെ ദര്‍ശനത്തെ ഏറ്റവും ഏറ്റവും സമര്‍ത്ഥമായി ആവിഷ്കരിക്കുന്നതില്‍ ഈ കവിത ഒന്നാം സ്ഥാനത്താണ്. പ്രചണ്ഡമായ എല്ലാ പ്രതികൂലനിരകളേയും ഭേദിച്ചു കൊണ്ട് നമുക്ക് മുന്നേറുക എന്നുതന്നെയാണ് ഇവിടേയും കവി ഉച്ചൈസ്തരം ഘോഷിക്കുന്നത്.ഒറ്റയാകുക എന്ന അവസ്ഥ തുലോം ഭീതിദമാണെന്നും ഒറ്റ പലപ്പോഴും മരണം തന്നെയാണെന്നും അദ്ദേഹം കരുതുന്നു.അതുകൊണ്ടാണ് നിര്‍ദ്ദയമായ ഏതൊലിച്ചുപോകലിലും വേര്‍‌പെട്ടുപോകാതെ നാം പരസ്പരം കോര്‍ത്തുനില്ക്കുക എന്ന് കവി പാടുന്നത്. ഈ കോര്‍ക്കല്‍ കേവലരായ രണ്ടു മനുഷ്യര്‍ തമ്മിലാണെന്നു മാത്രം കണ്ടുകൂട.അത് ജൈവികവും അജൈവികവുമായ സമസ്ത പ്രപഞ്ചഭാവങ്ങളേയും ഉള്‍‌പ്പെടുത്തിക്കൊണ്ട് വിശ്വത്തോളും പടര്‍ന്നു ലാലസിക്കുന്ന ഒന്നാണെന്ന് മനസ്സിലാക്കുക തന്നെ വേണം.

കൂട്ടുകാരീ ! നമ്മള്‍ കോര്‍ത്ത കൈയഴിയാതെ
ചേര്‍ന്ന ഹൃത്താളഗതിയൂര്‍ന്നു പോകാതെ
മിഴിവഴുതി വീഴാതിരുക്കയം ചൂഴാതെ
പാര്‍ത്തിരിക്കേണ, മിനി നാം തനിച്ചല്ലോ .
ഈ ‘നാം’ എവിടെയുമുള്ള നാമാണ്.പ്രാദേശികമായ അതിര്‍വരമ്പുകളാല്‍ അതു വിഭജിക്കപ്പെടുന്നില്ല.പാരസ്പര്യത്തോടെ കോര്‍ത്തുകോര്‍ത്തു പോകുക. മേഘങ്ങള്‍ കീഴടങ്ങുകതന്നെ ചെയ്യും.

ഒരു കിളിയും അഞ്ചു വേടന്മാരും എന്ന കവിത വര്‍ത്തമാനകാലത്തിനു നേരെ പിടിച്ച കണ്ണാടിയാണ്. തിളക്കങ്ങള്‍ക്കു പിന്നാലെ എല്ലാ മുന്നറിയിപ്പുകളേയും ധിക്കരിച്ചുകൊണ്ടു പാഞ്ഞുചെല്ലുന്ന വിപണിമൂല്യങ്ങള്‍ക്കു പരമപ്രാധാന്യം നല്കുന്ന മൃഗയാവിനോദത്തിനെ ഈ കവിത അവതരിപ്പിക്കുന്നു.കാടിന്റെ നേരും നെറിയും തേടിയിറങ്ങിയ കിളി ശരിയായ വഴി ഉപേക്ഷിച്ചുകൊണ്ട് വേടന്മാരൊരുക്കിവെച്ച വലയിലേക്ക് നിപതിക്കുന്നതിന്റെ ദയനീയത ഇവിടെ ആവിഷ്കരിക്കപ്പെടുന്നു.

ഒന്നാം വേടന്‍ കണ്‍നിറയും നിറ
മായിരമവളെ കാണിച്ചു
രണ്ടാം വേടന്‍ മധുരം മുറ്റിയ
മുന്തിരിനീരു കുടിപ്പിച്ചു
മൂന്നാമത്തവനെരിമണമേറ്റിയ
പൂവുകളനവധി മണപ്പിച്ചു
പൊയ്യിലവിന്‍ തുണികൊണ്ടൊരു പട്ടാല്‍
പിന്നൊരു വേടനുടുപ്പിച്ചു
അഞ്ചാം വേടന്‍ കാതിനെയിക്കിളി
തഞ്ചും പാട്ടുകള്‍ കേള്‍പ്പിച്ചു
“എന്തൊരു കേമമിതെന്തൊരു കേമം”
പൈങ്കിളി തന്നെ മറന്നേ പോയ് - ആ മറവി എല്ലാം ഒഴുക്കിക്കൊണ്ടുപോകുന്ന മറവിയായിരുന്നു.തിരിച്ചറിവിന്റെ ശലാകകള്‍ ബോധകേന്ദ്രങ്ങളിലേക്ക് മടങ്ങിയെത്തുമ്പോഴേക്കും സൂര്യനസ്തമിക്കുകയും ഇരുളിന്റെ സാമ്രാജ്യങ്ങള്‍ ഉദയംകൊള്ളുകയും ചെയ്തിരുന്നു.

ഓരോ ശിശുരോദനത്തിലും കേള്‍പ്പു ഞാന്‍
ഒരു കോടിയീശ്വര വിലാപം
ഓരോ കരിന്തിരിക്കണ്ണിലും കാണ്മൂ ഞാന്‍
ഒരു കോടി ദേവനൈരാശ്യം – എന്നെഴുതിയ ഇക്കവിക്ക് മനുഷ്യനെ കേന്ദ്രബിന്ദുവായി സങ്കല്പങ്ങള്‍ നെയ്തെടക്കുവാനാണ് താല്പര്യം.ഈശ്വരീയമായ പരിവേഷങ്ങള്‍ക്കു പിന്നാലെയല്ല, മണ്ണിനെ ചവിട്ടി നില്ക്കുന്ന മണ്ണിനെ തൊട്ടറിയുന്ന മാനുഷ്യകത്തെ പ്രതിയാണ് കവി കുതികൊള്ളുന്നത്.

വിണ്ണിന്‍ തിര നീന്താമെന്നും
വിണ്ണവനായ്‌ച്ചമയാമെന്നും
ഊറ്റത്താലിവരുടെ കണ്ണില്‍
ഊഴിത്തരി ചെറുതായത്രേ ! എന്നെഴുതിപ്പോകുന്നത് ഈ അര്‍ത്ഥത്തിലാണ്. ( കവിത : സീതായനം )
ഈ സമാഹാരത്തിലെ ഏറ്റവും പ്രൌഢമായതു വാക്ക് എന്ന കവിതയാണ്.
വാക്കിലുദിച്ചുലസിച്ചു ലയിക്കുമീ
വിശ്വത്തില്‍ ഞാനാകുമിച്ഛാപ്രകാശവു
സര്‍വ്വമര്‍പ്പിക്കുന്നു, ബോധവും കര്‍മവും
വാക്കായ് ജ്വലിക്കുന്നു, വാക്കു ഞാനാകുന്നു എന്നവസാനിക്കുന്ന ഈ കവിതയെക്കുറിച്ച് ഒ എന്‍ വി ആമുഖത്തില്‍ ഇങ്ങനെ എഴുതുന്നു- “വാക്കിന്റെ ആഴമറിയാത്ത അക്ഷയഖനികളിലേക്കിറങ്ങിച്ചെല്ലുന്നവര്‍ക്ക് കൈവിളക്കും , വാഗ്രൂപദര്‍ശനത്തില്‍ കവി അഹം മറന്നാലപിക്കുന്ന സ്ത്രോത്രവും ഒടുവില്‍ വാക്ക് ഞാനാണെന്നറിയുന്ന വെളിപാടുമാണ് ഈ കവിത”


പ്രസാധകര്‍- ഡി സി ബുക്സ് , വില 75 രൂപ, മുപ്പത്തിമൂന്നാം പതിപ്പ് മാര്‍ച്ച് 2010



Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1